| Sunday, 6th August 2023, 10:18 pm

ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ കുകി പീപ്പിള്‍സ് അലയന്‍സ് പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുകി പീപ്പിള്‍സ് അലയന്‍സ്. ഗവര്‍ണര്‍ അനുസൂയ യുകെയ്ക്ക് കത്തിലൂടെയാണ് പിന്തുണ പിന്‍വലിക്കുന്ന കാര്യം കുകി പീപ്പിള്‍സ് അലയന്‍സ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പിന്തുണ പിന്‍വലിക്കുന്നത്.

‘സംസ്ഥാനത്തെ നിലവിലെ സ്ഥിതി വിലയിരുത്തി, ബിരേന്‍ സിങ് സര്‍ക്കാരിന് നല്‍കുന്ന പിന്തുണ ഫലവത്തല്ല. ഇതിനാല്‍ ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ കെ.പി.എ പിന്‍വലിക്കുന്നു,’ കെ.പി.എ മേധാവി തോങ്മാങ് ഹയോകിപിന്റെ കത്തില്‍ പറയുന്നു.

60 അംഗ നിയമസഭയില്‍ രണ്ട് കെ.പി.എ എം.എല്‍.എമാരാണ് ഉള്ളത്. സൈകുലില്‍ നിന്നുള്ള കിംനിയോ ഹാക്കിപ് ഹാങ്ഷിംഗും സിംഗാട്ടില്‍ നിന്നുള്ള ചിന്‍ലുന്താഗുമാണ് ഈ എം.എല്‍.എമാര്‍. 32 എല്‍.എ.എമാരുള്ള ബി.ജെ.പിയെ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ നിന്നുള്ള അഞ്ച് എം.എല്‍.എമാരും മൂന്ന് സ്വതന്ത്രരുമാണ് പിന്തുണക്കുന്നുണ്ട്. അതിനാല്‍ കേവല ഭൂരിപക്ഷമുള്ളതിനാല്‍ സര്‍ക്കാര്‍ വീഴില്ല.

അതേസമയം, മണിപ്പൂരില്‍ ശനിയാഴ്ച നടന്ന വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും ഭീകരമായ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച പകല്‍ മുഴുവന്‍ മോര്‍ട്ടാറും ഗ്രനേഡും ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് നടന്നത്. ബിഷ്ണുപുര്‍ ജില്ലയിലെ നരന്‍സീനയിലെ ഇന്ത്യ റിസര്‍വ് ബെറ്റാലിയന്‍ ആസ്ഥാനത്തെ ആയുധപ്പുരയില്‍ നിന്നും ജനക്കൂട്ടം വ്യാഴാഴ്ച കൊള്ളയടിച്ച ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് ആയുധങ്ങളും മോര്‍ട്ടാറുകളും ഉപയോഗിച്ചാണ് ആക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മെയ്തി ആധിപത്യമുള്ള ബിഷ്ണുപുര്‍ ജില്ലയുടെയും കുകി-സോമി ആധിപത്യമുള്ള ചുരാചന്ദ്പുര്‍ ജില്ലയുടെയും അതിര്‍ത്തിയിലാണ് അക്രമം നടന്നത്.

ബിഷ്ണുപുര്‍ ജില്ലയിലെ കാക്വയില്‍ ശനിയാഴ്ച പുലര്‍ച്ചെ മെയ്തി സമുദായത്തില്‍പ്പെട്ട മൂന്ന് പേര്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടിരുന്നു. യംനം ജിതേന്‍ മെയ്തി, യുമ്നം പിഷക് മെയ്തി, യംനം പ്രംകുമാര്‍ മെയ്തി എന്നിവരെയായിരുന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിന്നീട് കുകി-സോമി സമുദായത്തിലെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ്പുരിലെ ഫോര്‍ജാംഗില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ സന്നദ്ധപ്രവര്‍ത്തകരായ ജങ്ഖോമാങ് ഹാവോകിപ്, ജോണി ലാല്‍ഖൊലന്‍ ഗുയെ എന്നിവരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് രൂക്ഷമായ സംഘര്‍ഷത്തില്‍ ജനക്കൂട്ടം ഉഖ്തംപാക്കിലെ കുകി-സോമി സമുദായക്കാരുടെ വീടുകളില്‍ തീയിട്ടു. കേന്ദ്രം ഇന്നലെ 900 സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി ഇംഫാലിലേക്ക് അയച്ചിരുന്നു.

Content Highlights: Kuki peoples alliance withdraw the support from manipur goverment

We use cookies to give you the best possible experience. Learn more