| Thursday, 20th January 2022, 11:21 am

സ്ത്രീകര്‍മസേന; കേരള പൊലീസില്‍ ഇനി കുടുംബശ്രീ പ്രവര്‍ത്തകരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുടുംബശ്രീ പ്രവര്‍ത്തകരെ കേരള പൊലീസ് സേനയുടെ ഭാഗമാക്കാന്‍ തീരുമാനം.

‘സ്ത്രീകര്‍മസേന’ എന്ന പേരില്‍ തുടങ്ങുന്ന പദ്ധതിയിലൂടെ കുടുംബശ്രീ അംഗങ്ങളെ പൊലീസ് സേനയുടെ ഭാഗമാക്കുകയാണ് ചെയ്യുക.

സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പൊലീസിനും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇവര്‍ക്ക് പ്രത്യേകം യൂണിഫോം നല്‍കുന്നതിനൊപ്പം പ്രത്യേക പരിശീലനവും ഏര്‍പ്പെടുത്തും.

സമൂഹത്തിന്റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവര്‍ത്തിക്കുന്ന സജീവ പ്രവര്‍ത്തകരായതിനാലാണ് കുടുംബശ്രീ അംഗങ്ങളെ ഇത്തരത്തിലൊരു പദ്ധതിയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്.

സ്തീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍, അടിത്തട്ടില്‍ നിന്ന് വരെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നാണ് പദ്ധതിയിലൂടെ കണക്കുകൂട്ടുന്നത്.

ഓരോ സ്‌റ്റേഷന് കീഴിലും, ഒരു പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ അംഗങ്ങള്‍ പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമായിരിക്കണം ഇത്തരത്തില്‍ തെരഞ്ഞെടുക്കേണ്ടത് എന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇവരുടെ സേവനം ഉറപ്പ് വരുത്തണം. തങ്ങളുടെ പരിധിയില്‍ പെടുന്ന പ്രദേശങ്ങളിലെ വീടുകള്‍ സ്‌കൂളുകള്‍ എന്നിവ സന്ദര്‍ശിച്ച് പ്രശ്‌നങ്ങളുണ്ടെങ്കില്‍ പൊലീസില്‍ അറിയിക്കണം- എന്നിങ്ങനെ നിര്‍ദേശങ്ങളും ഉത്തരവില്‍ പറയുന്നുണ്ട്.

നേരത്തെ നിയമസഭാ സമിതിയും സ്ത്രീകര്‍മസേന എന്ന ഈ പദ്ധതി നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു.

പദ്ധതിക്ക് എത്ര പണം ചെലവാകും, എത്ര കുടുംബശ്രീ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യണം- തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ ഡി.ജി.പിയോട് ആഭ്യന്തര സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ നിര്‍ഭയ എന്ന പദ്ധതിയും കേരള പൊലീസ് ഇത്തരത്തില്‍ നടപ്പാക്കിയിരുന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലായിരുന്നു ഈ പദ്ധതി.

എന്നാല്‍ ഈ പദ്ധതി തുടര്‍ന്ന് കൊണ്ടുപോകാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kudumbasree workers ready  to be a part of Kerala Police for Women Protection

We use cookies to give you the best possible experience. Learn more