ആ ദുരന്തകാലത്ത് മത്സ്യതൊഴിലാളികള്‍, ഇന്ന് സ്ത്രീകള്‍; അറിയണം കൊവിഡ് കാലത്തെ കുടുംബശ്രീയെ
Kudumbasree
ആ ദുരന്തകാലത്ത് മത്സ്യതൊഴിലാളികള്‍, ഇന്ന് സ്ത്രീകള്‍; അറിയണം കൊവിഡ് കാലത്തെ കുടുംബശ്രീയെ
നിമിഷ ടോം
Sunday, 31st May 2020, 6:29 pm

‘സ്ത്രീകളുടെ നേതൃത്വത്തില്‍ കുടുംബശ്രീയിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കാന്‍ കഴിഞ്ഞത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. കുടുംബശ്രീ മിഷന്റെ സംഘടനാ സംവിധാനവും പദ്ധതികളും ഉപയോഗിച്ചുകൊണ്ട് കൊവിഡ് പ്രതിരോധത്തില്‍ മികച്ച ഇടപെടല്‍ നടത്താന്‍ കഴിഞ്ഞു’, കുടുംബശ്രീ മിഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐ.എ.എസ് ഇത് പറഞ്ഞത് ആത്മവിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും ശബ്ദത്തിലായിരുന്നു.

കാരണം, കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കുടുംബശ്രീ മിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒട്ടും ചെറുതായിരുന്നില്ല.

ലോകത്ത് പൊതു-സാമൂഹ്യ മേഖലകളില്‍ സര്‍ക്കാരുകളും പൊതുജനങ്ങളും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥലങ്ങളിലാണ് കൊറോണ വൈറസിനെ നേരിടാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതിന്റെ ഉദാഹരണങ്ങളാണ് ക്യൂബയും വിയറ്റ്‌നാമും ആഫ്രിക്കന്‍ രാജ്യങ്ങളും കേരളവും. ഇത് ജനകീയ ഇടപെടല്‍ സാധ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലോകത്തിന് പുതിയ കാഴ്ചപ്പാടാണ് നല്‍കുന്നത് എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. കേരളത്തില്‍ ഇത് സാധ്യമായത് മൂന്ന് ലക്ഷത്തോളം വരുന്ന കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ്.

രാജ്യത്ത് ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായിട്ടുപോലും രോഗവ്യാപനത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് കേരളത്തിലെ ആരോഗ്യ രംഗത്തെ വളര്‍ച്ചയും ഉയര്‍ന്ന സാക്ഷരതയുമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിനെയും ആരോഗ്യ പ്രവര്‍ത്തകരെയും കൊവിഡ് വ്യാപനത്തിന്റെ ഘട്ടത്തില്‍ പിന്തുണച്ചത് പ്രാദേശിക ഇടപെടല്‍ തന്നെയായിരുന്നു.

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിക്കാന്‍ മുന്നിട്ട് നിന്ന വിഭാഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സംസ്ഥാനത്തെ സാധാരണക്കാരായ കുടുംബശ്രീകള്‍ അംഗങ്ങള്‍ വഹിച്ച പങ്ക്.

‘കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നത്. സഹായ ഹസ്ത പദ്ധതി പ്രകാരം 2000 കോടി രൂപ പലിശ രഹിത വായ്പയായി കുടുംബശ്രീയിലൂടെ നടപ്പിലാക്കുന്നുണ്ട്. രണ്ടര ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലൂടെ 32 ലക്ഷം കുടുംബത്തിലേക്കാണ് ഈ വായ്പ എത്തുക’, മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതിങ്ങനെ.

അടിത്തട്ടിലുള്ള നെറ്റ്വര്‍ക്കിംഗിന്റെ മറ്റൊരു വിജയകരമായ കേരള മോഡലാണ് കുടുമ്പശ്രീ. സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അറുപത് ലക്ഷം മാസ്‌കുകളും 22,000 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറും നിര്‍മ്മിച്ച് കുടുംബ ശ്രീ നിര്‍ണായക പങ്ക് വഹിച്ചു.

‘ലോക്ഡൗണിന്റെ സമയത്ത് കമ്യൂണിറ്റി കിച്ചണ്‍, മാസ്‌ക് നിര്‍മ്മാണം, കൗണ്‍സിലിങ്ങുകള്‍ അങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. പൊലീസും ആരോഗ്യപ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുപോലെയായിരുന്നു കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളും. കുടുംബശ്രീയുടെ മൊത്തം സംവിധാനം ഉപയോഗിച്ചുകൊണ്ട് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു’, ഹരികിഷോര്‍ ഐ.എ.എസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കേരളത്തില്‍ ആദ്യമായി കൊവിഡ് വ്യാപനം എന്ന അവസ്ഥയുണ്ടായത് കാസര്‍കോടാണ്. ഉടനെത്തന്നെ സര്‍ക്കാര്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കൊണ്ടുവന്നു. മാസ്‌കുകള്‍ ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയവയായിരുന്നു ആദ്യത്തെ പ്രതിരോധം. മുന്‍ പരിചയമില്ലാത്ത അവസ്ഥയായിരുന്നിട്ടുകൂടിയും കാസര്‍കോട് ജില്ലയില്‍ ഇവക്കൊന്നും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും നേരിട്ടില്ല’, കുടുംബശ്രീ കാസര്‍കോട് ജില്ലാ കോഡിനേറ്റര്‍ സുരേന്ദ്രന്‍ ഡൂള്‍ന്യൂസിനോട് മുഖവുരയായി പറഞ്ഞു. തുടര്‍ന്നങ്ങോട്ട് ജില്ലയില്‍ കുടുംബശ്രീ ചെയ്ത വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചു.

മാസ്‌കും സാനിറ്റൈസറും കടകളില്‍ ലഭ്യമായിത്തുടങ്ങിയിരുന്നില്ല. ഉള്ളതിന് വലിയ വിലയും നല്‍കേണ്ടിവന്നിരുന്നു. ഇതോടെ ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കുക എന്നതായിരുന്നു ആദ്യം ചെയ്തത്. പഞ്ചായത്തുകളിലെ കുടുംബശ്രീയുടെ സ്റ്റിച്ചിങ് യൂണിറ്റുകള്‍ മാസ്‌കുകള്‍ ഉണ്ടാക്കി. ആ മാസ്‌ക് പെട്ടന്നുതന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പൊതുജനങ്ങള്‍ക്കും എത്തിച്ച് നല്‍കി. മാര്‍ച്ച് അവസാന ആഴ്ച ആഴ്ചയായപ്പോഴേക്കും 40,000 മാസ്‌കുകള്‍ ജില്ലയില്‍ത്തന്നെ നിര്‍മ്മിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘ഹാന്‍ഡ് വാഷും സാനിറ്റൈസറും നിര്‍മ്മിക്കാന്‍ ജില്ലയിലെ രണ്ട് കുടുംബശ്രീ യൂണിറ്റുകളെയാണ് ചുമതലപ്പെടുത്തിയത്. ഇതും പ്രാവര്‍ത്തികമാക്കി. ഇതായിരുന്നു തുടക്കം. പിന്നീട് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ സന്ദേശം ജില്ലയിലെ എല്ലാ അയല്‍ക്കൂട്ടങ്ങളിലേക്കും എത്തിച്ചു. കമ്യൂണിറ്റി കിച്ചണും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നല്‍കാനും കുടുംബശ്രീ അംഗങ്ങള്‍ തയ്യാറായി. സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വളണ്ടിയര്‍മാരായി മുഖ്യധാരയിലേക്ക് വരികയും ചെയ്തു’, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ജില്ലയെ ഒരു ഉദാഹരണമായി എടുത്താല്‍, കേരളത്തിലെ മറ്റ് 13 ജില്ലകളിലും കുടുംബശ്രീ ചെയ്ത വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ മനസിലാക്കാന്‍ കഴിയും. അവയില്‍ ചിലത് ഇങ്ങനെയാണ്;

കമ്മ്യൂണിറ്റി കിച്ചണുകള്‍

കൊറോണ വൈറസ് വ്യാപനത്തിനെതിരേയുള്ള കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഒരു നിര്‍ണ്ണായക ഘടകമാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍. ലോക്ഡൗണ്‍ ആരംഭിച്ച ശേഷം ആദ്യ ദിനങ്ങളില്‍ തന്നെ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ സംയോജനത്തോട് കൂടി കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നു.

ആദ്യ ആഴ്ചയില്‍ തന്നെ 1304 ഓളം കമ്മ്യൂണിറ്റി കിച്ചണുകളാണ് ആരംഭിക്കാനായത്. ഇതില്‍ 1072 കമ്മ്യൂണിറ്റി കിച്ചണുകളും കുടുംബശ്രീയുടെ പങ്കാളിത്തത്തോടെയാണ് നടത്തുന്നത്്. കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ആവശ്യക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതിന്റെ ചെലവ് തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി വഹിക്കുകയാണ്.

’75 ശതമാനം കമ്മ്യൂണിറ്റി കിച്ചണുകള്‍ കുടുംബശ്രീയിലൂടെയാണ് നടത്തുന്നത്. ഇപ്പോഴിത് ജനകീയ ഹോട്ടലുകളായി മാറിക്കൊണ്ടിരിക്കുകയാണ്. അരലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങളാണ് സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്’, മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കുടുംബശ്രീ കോട്ടണ്‍ മാസ്‌കുകള്‍

കേരളത്തിലെ 14 ജില്ലകളിലുമായി ചെറുതും വലുതുമായ കുടുംബശ്രീയുടെ തയ്യല്‍ യൂണിറ്റുകളുണ്ട്. ഇതില്‍ 268 യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഓര്‍ഡറുകള്‍ക്കനുസരിച്ച് കോട്ടണ്‍ മാസ്‌കുകള്‍ തയാറാക്കിയത്. പ്രതിദിനം 1.30 ലക്ഷം മാസ്‌കുകളാണ് ഇപ്പോള്‍ യൂണിറ്റുകളുടെ ആകെ ഉത്പാദന ശേഷി.

ഓര്‍ഡറുകള്‍ ലഭിക്കുന്നത് അനുസരിച്ചും അതാത് ജില്ലയുടെ ഉത്പാദന ക്ഷമത അനുസരിച്ചും മാസ്‌കുകള്‍ തയാറാക്കി നല്‍കുന്നതിനുള്ള നിര്‍ദ്ദേശമാണ് മേലധികാരികള്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കിയത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഓര്‍ഡറുകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നേരിട്ട് ലഭിച്ചതിലേറെയും.

മാസ്‌ക് നിര്‍മ്മാണത്തിന് ഉപയോഗിച്ച തുണി, ഗുണനിലവാരം എന്നിവ അനുസരിച്ചാണ് വില ഈടാക്കുന്നത്. ഓരോ ജില്ലയിലും ലഭിക്കുന്ന ഓര്‍ഡറുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലാണ് സ്വീകരിക്കുന്നതും പൂര്‍ത്തിയാക്കി നല്‍കുന്നതും.

ബ്രേക്ക് ദ ചെയിന്‍ സന്ദേശം 44 ലക്ഷം കുടുംബങ്ങളിലേക്ക്

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്ന്‍ കേരളത്തിലെ 44 ലക്ഷം കുടുംബങ്ങളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തത് കുടുംബശ്രീയാണ്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ത്തന്നെ അയല്‍ക്കൂട്ടയോഗം കൂടുമ്പോള്‍ ക്യാമ്പെയ്‌ന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശങ്ങളിലടങ്ങിയ ബോധവത്ക്കരണം ജനങ്ങളിലേക്കെത്തിക്കുയാണ് കുടുംബശ്രീ ചെയ്തത്.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കൊറോണയെക്കുറിച്ചുള്ള ബോധവത്ക്കരണം അടങ്ങിയ ലഘുലേഖ അയല്‍ക്കൂട്ടങ്ങളിലേക്ക് നല്‍കുകയും ഇത് ചര്‍ച്ച ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നെന്ന് കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ കുടുംബശ്രീ പ്രവര്‍ത്തക മേരി ജോര്‍ജ്ജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കുടുംബശ്രീ സാനിറ്റൈസറുകള്‍

മാസ്‌കുകള്‍ കൂടാതെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ തയാറാക്കുന്ന സാനിറ്റൈസറുകളും നിര്‍മ്മിച്ച് ബോട്ടില്‍ ചെയ്ത് നല്‍കി. സാനിറ്റൈസറുകള്‍ക്ക് ക്ഷാമം നേരിട്ടതിനെത്തുടര്‍ന്നാണ് കുടുംബശ്രീയ്ക്ക് കീഴിലുള്ള സോപ്പ് ആന്‍ഡ് ലോഷന്‍ നിര്‍മ്മാണ യൂണിറ്റുകളുടെ നേതൃത്വത്തില്‍ സാനിറ്റൈസറുകള്‍ ഉത്പാദിപ്പിച്ചത്.

ഡ്രഗ് ലൈസന്‍സ് ഉള്ള സാനിറ്റൈസറുകള്‍ വില ഈടാക്കിയും ഗവണ്‍മെന്റില്‍നിന്ന് സ്പിരിറ്റ് ലഭ്യമാക്കി നിര്‍മ്മിക്കുന്ന സാനിറ്റൈസറുകള്‍ വില്‍പനയ്ക്കുള്ളതല്ലാതെയും തുക ഈടാക്കാതെയുമാണ് ലഭ്യമാക്കുന്നത്.

അഗതി കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ

കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ഡൗണില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന അഗതികള്‍ക്ക് സഹായമെത്തിക്കുകയായിരുന്നു പിന്നീട് ഏറ്റെടുത്ത ദൗത്യം. അഗതി രഹിത കേരളം എന്ന പേരില്‍ മുമ്പുണ്ടായിരുന്ന പദ്ധതിയുടെ തുടര്‍ച്ചയായിട്ടായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.

കേരളത്തില്‍ 1,57,691 അഗതി കുടുംബങ്ങള്‍ ഉള്ളതില്‍ 1,22,920 കുടുംബങ്ങളില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള അംഗങ്ങളാണുള്ളത്. രോഗ പ്രതിരോധശേഷി കുറഞ്ഞതിനാലും മറ്റ് അസുഖങ്ങളുള്ളതിനാലും വയോജനങ്ങള്‍ക്ക് കൂടുതലായി കൊറോണ വൈറസ് ബാധയേല്‍ക്കാന്‍ സാധ്യത താരതമ്യേന കൂടുതലാണ്. ഇത് പരിഗണിച്ചായിരുന്നു കുടുംബശ്രീയുടെ പ്രവര്‍ത്തനം.

കേരളത്തില്‍ ആകെ 2500 റിസോഴ്‌സ് പേഴ്‌സണ്‍മാരെയാണ് വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍നിന്നായി അഗതികളുടെ പരിചരണം ചുമതലപ്പെടുത്തിയിരിക്കുന്നത്.

ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി

കൊവിഡ് പ്രതിസന്ധിക്കിടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ ലക്ഷ്യമിട്ട് ലോക്ഡൗണ്‍ കാലത്ത് പ്രത്യേക പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടത്തിയത്. ‘കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയോജിച്ച് ഇവര്‍ക്കായി രൂപീകരിച്ചിട്ടുള്ള ബഡ്‌സ് സ്ഥാപനങ്ങള്‍ മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്’, ബഡ്‌സ് സ്‌കൂളിലെ പരിശീലകയായ അനുമോള്‍ കെ പറയുന്നു.

സംസ്ഥാനത്ത് 270 ബഡ്‌സ് സ്ഥാപനങ്ങളിലായി 8521 കുട്ടികളാണ് പഠിക്കുന്നത്. ഓരോ സ്‌കൂളുകളിലെയും അധ്യാപകര്‍ കുട്ടികളുടെ പ്രത്യേകതകള്‍ അറിഞ്ഞ് വ്യക്തിഗത പ്ലാനുകള്‍ തയാറാക്കിയിട്ടുണ്ട്.

ഈ പ്ലാനുകള്‍ ഉപയോഗപ്പെടുത്തി ലോക്ഡൗണ്‍ സമയത്ത് ഓരോ കുട്ടിക്കും വീട്ടിലിരുന്ന് ചെയ്യാനാകുന്ന പ്രവൃത്തികള്‍ തയാറാക്കുകയും അത് രക്ഷിതാക്കള്‍ക്ക് ഫോണ്‍ മുഖേനയോ വാട്‌സ്ആപ്പ് മുഖേനയോ എത്തിക്കുകയും ചെയ്യുന്നു. ഇതില്‍ കുടുംബശ്രീ വഹിക്കുന്ന പങ്ക് ചെറുതല്ല.

കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകള്‍ വീടുകള്‍ക്കുള്ളിലേക്ക് ചുരുങ്ങി. ഈ സമയത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ സര്‍ക്കാര്‍ കുടുംബശ്രീയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം കൗണ്‍സിലര്‍മാര്‍ 14 ജില്ലകളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഓരോ ജില്ലയിലും ജില്ലാ കളക്ടര്‍മാരും ആരോഗ്യവകുപ്പും ചേര്‍ന്നാണ് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തുന്നത്. ജില്ലകളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുടുംബശ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ഇവയാണ്:

1. തിരുവനന്തപുരം – മാനസിക പ്രശ്നമുള്ളവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കല്‍.
2. കൊല്ലം – മരണ വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്ന് സന്ദര്‍ശനം നടത്തി ആവശ്യമായ മാനസിക പിന്തുണ.
3. പത്തനംതിട്ട – ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ഐസോലേഷനിലും ക്വാറന്റീനിലും കഴിയുന്നവര്‍ക്ക് കോള്‍ സെന്ററായി പ്രവര്‍ത്തിച്ച് മാനസിക പിന്തുണ.
4. ആലപ്പുഴ- സ്നേഹിത കോളിങ്ങ് ബെല്‍ പിന്തുണാ സ്വീകര്‍ത്താക്കള്‍ക്ക് പ്രത്യേക മാനസിക പിന്തുണ.
5. കോട്ടയം – വയോജനങ്ങള്‍, കോളിങ്ങ് ബെല്‍ പിന്തുണാ സ്വീകര്‍ത്താക്കള്‍ എന്നിവര്‍ക്ക് മറ്റ് വകുപ്പുകളുടെ സഹകരണത്തോടെയുള്ള പ്രവര്‍ത്തനം
6. ഇടുക്കി – സാമൂഹ്യ വ്യാപനത്തിന് മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് കമ്മ്യൂണിറ്റി കൗണ്‍സിലേഴ്സിന് പ്രത്യേക പരിശീലനം നല്‍കി ടാസ്‌ക് ഫോഴ്സ് രൂപീകരണം.
7. എറണാകുളം- കോളിങ്ങ് ബെല്‍ പിന്തുണാ സ്വീകര്‍ത്താക്കള്‍ക്കായി കോവിഡ് പടരുന്നതിന് മുന്‍കരുതലായുള്ള പ്രതിരോധ ക്യാമ്പയിന്‍
8. തൃശ്ശൂര്‍ – ജനമൈത്രി പോലീസുമായി സഹകരിച്ച് സ്നേഹിത കോളിങ്ങ് ബെല്‍ പിന്തുണാ സ്വീകര്‍ത്താക്കള്‍ക്കായി ഭക്ഷണ കിറ്റ് വിതരണവും ആവശ്യമായ മാനസിക പിന്തുണയും.
9. പാലക്കാട് – ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ്ങ് ഗുണഭോക്താക്കള്‍, ബഡ്സ് / ബിആര്‍സി കുട്ടികളുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മാനസിക പിന്തുണ.
10. മലപ്പുറം – വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായുള്ള മാനസിക പിന്തുണ ഉറപ്പു വരുത്തുന്നതിനോടൊപ്പം മാനസിക ഉല്ലാസത്തിനായി മത്സരങ്ങളും.
11. വയനാട്- മദ്യം, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ ലഭ്യതക്കുറവുമൂലം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുള്ള കൗണ്‍സിലിങ്ങ്.
12.കോഴിക്കോട് – വയോജനങ്ങള്‍ക്കുള്ള മാനസിക പിന്തുണ നല്‍കുന്നു, കൂടാതെ സ്നേഹിത വഴി നല്‍കുന്ന സേവനങ്ങള്‍ തുടരുന്നു.
13. കണ്ണൂര്‍ – കമ്മ്യൂണിറ്റി കൗണ്‍സിലരമാരുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്ററില്‍ കോവിഡ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു.
14. കാസര്‍ഗോഡ് – കോളിങ്ങ് ബെല്‍ പിന്തുണാ സ്വീകര്‍ത്താക്കള്‍ ക്കുള്ള ഭക്ഷണവും മാനസിക പിന്തുണയും ഉറപ്പു വരുത്തുന്നു.

ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഗാര്‍ഹിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഈ മേഖലയിലേക്കും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. കേരളത്തിലെ 14 ജില്ലകളിലുമുള്ള കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് തയ്യാറാക്കുകയും മാനസിക പിന്തുണയും നിയമ സഹായവും നല്‍കുന്നുണ്ട്.

ഫേസ്ഷീല്‍ഡ് നിര്‍മ്മാണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷയെക്കുറിച്ചും പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റിനെ (പി.പി.ഇ) കുറിച്ചുമൊക്കെയുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇവയുടെ ലഭ്യതക്കുറവായിരുന്നു പ്രധാന പ്രതിസന്ധി.

പി.പി.ഇ ധരിക്കുന്നതിന് ഒപ്പം കൂടുതല്‍ സുരക്ഷയ്ക്കായി ഫേസ്ഷീല്‍ഡ് കൂടി ഉപയോഗിക്കുന്നത് ഗുണകരമായിരിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് കുടുംബശ്രീ ഈ മേഖലയിലേക്കും തിരിഞ്ഞത്.

ഫേസ്മാസ്‌ക്, ഗോഗിള്‍സ് എന്നീ സുരക്ഷാകവചങ്ങള്‍ ധരിച്ചാണ് ഡോക്ടര്‍മാര്‍ രോഗികളുമായി ഇടപെടുന്നത്. എന്നാല്‍ ചികിത്സയിലിരിക്കുന്നവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഈ ആവരണങ്ങളില്‍ സ്രവങ്ങള്‍ പറ്റുന്നു. ഫേസ്ഷീല്‍ഡ് ധരിച്ചാല്‍ ഇങ്ങനെ ഫേസ്മാസ്‌കിലേക്കും ഗോഗിള്‍സിലേക്കും അണുപ്രസരണമുണ്ടാകുന്നത് കുറയ്ക്കാനാകുമെന്ന നേട്ടവുമുണ്ട്.

ഡോക്ടര്‍മാര്‍ക്ക് പുറമേ രോഗികളുമായി ഇടപെടുന്ന സുരക്ഷാ ഉദ്യാഗസ്ഥര്‍ക്കും ഈ ഫേസ്ഷീല്‍ഡ് ഉപയോഗിക്കാനാകും. ഫേസ്ഷീല്‍ഡ് നിര്‍മ്മാണത്തിന്റെ സാങ്കേതിക വിദ്യ അവര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പഠിപ്പിച്ച് നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ തിരുവനന്തപുരം കുടുംബശ്രീ യൂണിറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഫേസ്ഷീല്‍ഡുകള്‍ നിര്‍മ്മിച്ചു.

കൊറോണ കാലത്തെ കമ്മ്യൂണിക്കേഷന്‍

കൊവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറ്റവുമധികം ബുദ്ധമുട്ടിലാക്കിയത് രോഗികളുടെ കോണ്‍ടാക്ട് ട്രേസിങിനും റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനുമായിരുന്നു. ഇതിലും പങ്ക് വഹിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു.

1.90 ലക്ഷത്തോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് അതില്‍ 31 ലക്ഷം പേരെ അംഗങ്ങളാക്കിയാണ് കൊവിഡ് കാലത്ത് കമ്മ്യൂണിക്കേഷന്‍ കുടുംബശ്രീ വഴി ശക്തമാക്കിയത്.

എക്‌സിക്യൂട്ടീവ് ഡയറക്ടറില്‍ നിന്നുള്ള സന്ദേശങ്ങള്‍ വളരെപ്പെട്ടെന്നുതന്നെ ഏറ്റവും താഴേത്തട്ടിലുള്ള കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളിലേക്ക് എത്തിച്ചു. വിവിധ ബോധവത്ക്കരണ പരിപാടികള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍, ജില്ലാഭരണകൂടത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍, കുടുംബശ്രീ നടത്തുന്ന പദ്ധതികള്‍ക്ക് വേണ്ടിയുള്ള സംയോജനം തുടങ്ങിയ എല്ലാ ആശയവിനിമയങ്ങളും ഈ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് നടക്കുന്നത്.

ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്കായി പ്രത്യേക പ്രവര്‍ത്തനങ്ങള്‍

ലോക്ഡൗണ്‍ കാലത്ത് ആദിവാസി മേഖലയിലെ കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനും അവരെ സജീവമാക്കുന്നതും വേണ്ടി ബാലസഭകളില്‍ അംഗങ്ങളായ ആദിവാസി കുട്ടികള്‍ക്കായി കുടുംബശ്രീ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു. ഭക്ഷ്യ വസ്തുക്കള്‍ ഊരുകളിലേക്ക് എത്തിക്കുന്നതിന് പദ്ധതി രൂപീകരിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ കാലയളവില്‍ പ്രത്യേക കരുതല്‍ നല്‍കുന്ന ‘ഊരിനൊരു തുണ’ എന്ന പരിപാടി നടപ്പിലാക്കിയെന്ന് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ കവിത പറയുന്നു. ജില്ലയിലെ കുടുംബശ്രീ ട്രൈബല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആനിമേറ്റര്‍മാര്‍ മുഖേന എല്ലാ ആദിവാസി കുടുംബങ്ങളെയും ഫോണ്‍ മുഖേന ബന്ധട്ടുള്ള പ്രവര്‍ത്തനമായിരുന്നു ഇത്.

‘അമൃതം’ മുടക്കാതെ ന്യൂട്രിമിക്‌സ് യൂണിറ്റുകള്‍

കേരളത്തിലെ 33,115 അംഗന്‍വാടികള്‍ വഴി കുട്ടികള്‍ക്ക് അമൃതം ന്യൂട്രിമിക്‌സ് ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ 241 സംരംഭ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ലോക് ഡൗണ്‍ കാലയളവിലും അമൃതം പൊടി ഉത്പാദിപ്പിച്ച് അംഗണ്‍വാടികള്‍ വഴി ലഭ്യമാക്കുന്നതില്‍ മുടക്കം വരുത്തിയിട്ടില്ലെന്ന് വയനാട് ജില്ലയിലെ അംഗണ്‍വാടി അധ്യാപികയായ ജമീല വ്യക്തമാക്കി. അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വീടുകളിലേക്ക് ടീച്ചര്‍മാര്‍ അമൃതം ന്യൂട്രിമിക്‌സ് എത്തിച്ച് നല്‍കുകയാണ് ചെയ്തത്.

‘ന്യൂട്രിമിക്‌സ് ഉത്പാദത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, വീടുകളില്‍ നിന്നും സംരംഭകര്‍ക്ക് ന്യൂട്രിമിക്‌സ് യൂണിറ്റുകളിലേക്കെത്താനുള്ള ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ നേരിട്ടുവെങ്കിലും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പോഷകാഹാരമായതിനാല്‍ അമൃതത്തിന്റെ ഉത്പാദനം നിര്‍ത്താന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ തന്നെ ഉത്പാദനത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ മികച്ച രീതിയിലുള്ള ഒരുക്കങ്ങള്‍ നടത്തുകയും അത് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുകയായിരുന്നു എല്ലാ ജില്ലാ മിഷന്‍ ടീമുകളും സംരംഭകരും’, ഹരികിഷോര്‍ ഐ.എ.എസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നിര്‍ഭയ വളന്റിയര്‍മാര്‍

കേരള പോലീസിന്റെ പ്രത്യേക പരിശീലനം നേടിയ അയല്‍ക്കൂട്ടാംഗങ്ങളായ കൊല്ലം ജില്ലയിലെ നിര്‍ഭയ വളന്റിയര്‍മാര്‍ ലോക്ഡൗണ്‍ കാലത്ത് വിവിധ സേവനങ്ങളാണ് ജില്ലയില്‍ നടത്തിയത്. ലോക്ഡൗണ്‍ മാനദണ്ഡം പാലിച്ച് ബോധവത്ക്കരണം, കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്ന് അഗതികള്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിച്ച് നല്‍കല്‍, വീടുകളിലേക്ക് അവശ്യസാധനങ്ങള്‍ വാങ്ങി നല്‍കല്‍, ഒറ്റപ്പെട്ട് താമസിക്കുന്നവരെ ആശുപത്രിയിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ നിര്‍ഭയ വോളന്റിയര്‍മാര്‍ ചെയ്യുന്നത്.

ഗ്രാമീണ കൗശല്യ യോജന പരിശീലനാര്‍ത്ഥികള്‍ക്ക് പിന്തുണ

94 പരിശീലന കേന്ദ്രങ്ങളിലായി 7790 കുട്ടികള്‍ക്ക് കുടുംബശ്രീ വിവിധ കോഴ്‌സുകളില്‍ പരിശീലനം നല്‍കി. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി മാര്‍ച്ച് 11ന് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് പരിശീലനം നേടിയ കുടുംബശ്രീ പ്രവര്‍ത്തകരും അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലെത്തി ക്ലാസുകള്‍ നടത്തി.

ഇതിന്റെ പരിശീലനാര്‍ത്ഥികള്‍ക്ക് പഠനസാമഗ്രികള്‍ ഓണ്‍ലൈനായി ലഭ്യമാക്കല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കല്‍ തുടങ്ങിയവയിലൂന്നിയ പ്രവര്‍ത്തനങ്ങളും നടത്തി.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്ത് ആവിഷ്‌കരിച്ച സംവിധാനമാണ് കുടുംബശ്രീ. 1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ആണ് ഈ പ്രൊജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

തുടര്‍ന്നിങ്ങോട്ട് സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാദേശിക സാമ്പത്തിക വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി വിവിധ പദ്ധതികള്‍ കുടുംബശ്രീ വഴി നടത്തിവരുന്നുണ്ട്. കൊവിഡ് കാലത്തെ കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക