| Sunday, 4th December 2022, 12:53 pm

'തുല്യസ്വത്തവകാശത്തിനുള്ള പ്രതിജ്ഞ ഇപ്പോള്‍ ചൊല്ലേണ്ട'; മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പിന് പിന്നാലെ കുടുംബശ്രീ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്ത്രീക്കും പുരുഷനും തുല്യസ്വത്തവകാശം എന്ന പ്രതിജ്ഞ പിന്‍വലിച്ച് കുടുംബശ്രീ. ചില മുസ്‌ലിം സംഘടനകള്‍ കഴിഞ്ഞ ദിവസം പ്രതിജ്ഞക്കെതിരെ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് കുടുംബശ്രീ സ്‌റ്റേറ്റ് മിഷന്‍ ഓഫീസില്‍ നിന്നും പ്രതിജ്ഞ പിന്‍വലിച്ചുകൊണ്ടുള്ള അറിയിപ്പ് ജില്ലാ മിഷനുകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ജില്ലാ മിഷനുകള്‍ ഇത് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കൈമാറിയതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിജ്ഞ ഒഴികെയുള്ള മറ്റ് പ്രചരണ പോസ്റ്ററുകള്‍ ഉപയോഗിക്കാമെന്നും പുതുക്കിയ പ്രതിജ്ഞ പിന്നീട് നല്‍കുമെന്നും അറിയിപ്പിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ പ്രതിജ്ഞയിലെ ചില ഭാഗങ്ങള്‍ വിവാദമായ സാഹചര്യവും മുസ്‌ലിം സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നതുംകൂടി പരിഗണിച്ചാണ് പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന തീരുമാനമെടുത്തതെന്നാണ് കോഴിക്കോട് ജില്ല പ്രോഗ്രാം ഓഫീസര്‍ പറഞ്ഞതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം രേഖാമൂലമുള്ള സര്‍ക്കുലറുകളോ ഉത്തരവുകളോ ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടില്ല. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജെന്‍ഡര്‍ ക്യാമ്പെയ്നിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു സ്ത്രീകള്‍ക്കുള്ള പ്രതിജ്ഞ.

സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ നല്‍കിയ സര്‍ക്കുലറിലായിരുന്നു ഇതുള്ളത്. മാസത്തിലെ നാലാമത്തെ ആഴ്ചയില്‍ എല്ലാ കുടുംബശ്രീയിലും ജെന്‍ഡര്‍ റിസോഴ്സ് മീറ്റിലൂടെ പ്രതിജ്ഞ ചൊല്ലണമെന്നായിരുന്നു നിര്‍ദേശം.

പ്രതിജ്ഞയിലെ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കുമെന്ന വാചകത്തിനെതിരെയായാണ് എതിര്‍പ്പുകളുയര്‍ന്നത്. പ്രതിജ്ഞക്കെതിരെ സമസ്ത ഇ.കെ. വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ളവരായിരുന്നു ആദ്യം രംഗത്തെത്തിയത്.

സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശം നല്‍കുന്നത് മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി ഭരണഘടന നല്‍കുന്ന മൗലികാവകാശത്തെ ലംഘിക്കുന്നു. ഖുര്‍ആന്‍ പ്രകാരം ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളതെന്നും സ്ത്രീയുടെ ജീവിതച്ചെലുവകളെല്ലാം വഹിക്കേണ്ടത് പുരുഷനാണ് എന്നുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, മരണാനന്തരചടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങളിലെ സിവില്‍ നിയമങ്ങള്‍ മതപരമായ വിശ്വാസങ്ങളെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഭരണഘടനയില്‍ നിശ്ചയിച്ചിരിക്കുന്നതെന്നും തുല്യസ്വത്തവകാശം എന്ന പ്രതിജ്ഞ ഇതിന്റെ ലംഘനമാണെന്നുമായിരുന്നു എതിര്‍പ്പുന്നയിച്ച മുസ് ലിം സംഘടനകളുടെ വാദം.

‘ഖുര്‍ആന്‍ പറയുന്നത്: ‘ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്’ (അന്നിസാഅ്: 11).സ്ത്രീക്ക് അല്‍പം പോലും സ്വത്തവകാശമില്ലെന്ന് പൗരാണികമായി കരുതി വന്ന ലോകത്തോടാണ് പിതാവിന്റെയും ഭര്‍ത്താവിന്റെയും മകന്റേയും സ്വത്തില്‍ സ്ത്രീക്ക് അനന്തര സ്വത്തവകാശം
ഇസ്ലാംപ്രഖ്യാപിച്ചത്.

എന്നാല്‍ പിതാവിന്റെ സ്വത്തില്‍ അവര്‍ക്ക് പുരുഷന്റെ (സഹോദരന്റെ) പകുതിയാക്കിയത് വിവേചനമല്ല.സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭര്‍ത്താവ് ദരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കില്‍ പോലും അവരുടേയും ഭര്‍ത്താവിന്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്.

ഒരു ചില്ലിക്കാശും ചെലവിനത്തില്‍ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാന്‍ അവകാശം നല്‍കുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലര്‍ ആരോപിച്ച് വന്നത്,’ നാസര്‍ ഫൈസി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലിക അവകാശ ലംഘനമാണിതെന്നും, ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിന്റെയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സര്‍ക്കുലര്‍ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

നാസര്‍ ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിച്ചതിന് സമാനമായ വാദങ്ങളുമായി മറ്റ് ചില നേതാക്കളും രംഗത്തെത്തിയതോടെ പ്രതിജ്ഞ ചര്‍ച്ചാവിഷയമായിരുന്നു.

Content Highlight: Kudumbasree Pledge for equal right in inheritance withdraw after protest raised from some Muslim organisations

We use cookies to give you the best possible experience. Learn more