കോഴിക്കോട്: സ്ത്രീക്കും പുരുഷനും തുല്യസ്വത്തവകാശമെന്ന വരികള്‍ ഉള്‍പ്പെട്ട പ്രതിജ്ഞ പിന്‍വലിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച കുടുംബശ്രീ ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രതിജ്ഞ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി നല്‍കുകയാണ് ചെയ്‌തെന്നും ആ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ലെന്നുമാണ് ഡയറക്ടര്‍ വ്യക്തിമാക്കിയിരിക്കുന്നത്.
‘കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍(NRLM) ‘നയി ചേതന’ എന്ന പേരില്‍ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയല്‍ക്കൂട്ടതലം വരെ വിവിധ പരിപാടികള്‍ നടത്തിവരുന്നു.
ലിംഗാധിഷ്ഠിത അതിക്രമങ്ങളെ തിരിച്ചറിയുക, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക അതിക്രമങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളര്‍ത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പെയ്‌നിന്റെ ലക്ഷ്യം.
കേരളത്തില്‍ ഈ പരിപാടിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.
നയി ചേതന ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിന്‍വലിച്ചു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ല എന്നറിയിക്കുന്നു,’ എന്നാണ് ജാഫര്‍ മാലിക് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുടുംബശ്രീ പ്രതിജ്ഞക്കെതിരെ ചില മുസ്‌ലിം സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതിജ്ഞയിലെ പരാമര്‍ശം ശരീഅത്ത് വിരുദ്ധമെന്നായായിരുന്നു ഇവരുടെ വിമര്‍ശനം.
ഇതേ തുടര്‍ന്ന് പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചുവെന്നായിരുന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസില്‍ നിന്നും പ്രതിജ്ഞ പിന്‍വലിച്ചുകൊണ്ടുള്ള അറിയിപ്പ് ജില്ലാ മിഷനുകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും, ജില്ലാ മിഷനുകള്‍ ഇത് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കൈമാറിയതായും വിവിധ മാധ്യമ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
പ്രതിജ്ഞ ഒഴികെയുള്ള മറ്റ് പ്രചരണ പോസ്റ്ററുകള്‍ ഉപയോഗിക്കാമെന്നും പുതുക്കിയ പ്രതിജ്ഞ പിന്നീട് നല്‍കുമെന്നുമാണ് വാട്‌സ് ആപ്പ് വഴി വന്ന അറിയിപ്പിലുള്ളതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ നിഷേധിച്ച് കുടുംബശ്രീ തന്നെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്. നേരത്തെയും, പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള സര്‍ക്കുലറുകളോ ഉത്തരവുകളോ പുറത്തുവന്നിരുന്നില്ല.
Content Highlight: Kudumbasree Pledge for equal inheritance right is not withdrawn says Kudumbasree Jafar Malik IAS