| Sunday, 21st February 2016, 10:40 am

കുടുംബശ്രീ ലോഗോ മാറ്റി താമരയാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കുടുംബശ്രീയുടെ ലോഗോ മാറ്റി താമരയാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. കുടുംബശ്രീ രൂപീകരണ കാലം തൊട്ടുണ്ടായിരുന്ന മൂന്നുപൂക്കളുടെ പശ്ചാത്തലത്തില്‍ കുടുംബശ്രീ എന്നെഴുതിയ ലോഗോ മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വട്ടത്തിനുള്ളിലെ താമരപ്പൂവും, താഴെ കുടുംബശ്രീയും എന്നെഴുതിയ ലോഗോയാണ് പുതിയതായി ഉപയോഗിക്കുവാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ച അങ്കമാലി ആഡക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷച്ചടങ്ങില്‍ മുഖ്യമന്ത്രി പുതിയ ലോഗോ പ്രകാശനം ചെയ്തു. ഇനിമുതല്‍ പുതിയ ലോഗോ ഉപയോഗിച്ചാല്‍ മതിയെന്ന് സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

ബി.ജെ.പിയുടെ ചിഹ്നമായ താമര കുടുംബശ്രീ ലോഗോ ആയി ഉപയോഗിക്കുന്നത് കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.  പല ജില്ലകളും ഇതുവരെ അറിഞ്ഞിട്ടില്ല. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പുതിയ ലോഗോയെന്നാണ് പല ഉദ്യോഗസ്ഥരെയും കുടുംബശ്രീ മിഷന്‍ അറിയിച്ചിരിക്കുന്നത്.

മൂന്നുപൂക്കളുടെ ലോഗോ പുതിയ കാലവുമായി സംവദിക്കുന്നില്ലെന്നും, അതിന്റെ ടൈപ്പ് ഫേസ് ദുര്‍ബലമാണെന്നും, നിറം കാഴ്ചയെ ചിതറിക്കുന്നതാണെന്നുമൊക്കെയാണ് ലോഗോമാറ്റിയതിന്റെ കാരണമായി അധികൃതര്‍ പറയുന്നത്. കാലവും വിപണിയും മാറുമ്പോള്‍ മത്സരരംഗത്ത് അതിനൊത്ത് നില്‍ക്കണമെങ്കില്‍ ലോഗോ പരിഷ്‌ക്കണമെന്ന് കുടുംബശ്രീ മിഷന്‍ വ്യക്തമാകുന്നു. എന്നാല്‍ നിലവിലുണ്ടായിരുന്ന ലോഗോ ഉപയോഗിച്ചാണ് 25,000ത്തിലധികം ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ വിപണിയിലെത്തിച്ചത്.

ലോഗോ മാറ്റത്തിനായി ആറു രൂപകല്‍പ്പനകള്‍ കുടുംബശ്രീ മിഷന്റെ സംസ്ഥാന ഓഫിസില്‍ ലഭിച്ചിരുന്നു. ഇതില്‍ ആരൊക്കെ ചേര്‍ന്നാണ് പുതിയ ലോഗോ തീരുമാനിച്ചതെന്ന് ഗവേണിങ് ബോര്‍ഡ് അംഗങ്ങള്‍ക്ക് പോലും അറിയില്ല. ഡയറക്റ്റര്‍ ബോര്‍ഡിലുളളവര്‍ മുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ അനാച്ഛാദന ദിവസമാണ് ലോഗോ കാണുന്നത് തന്നെ.

We use cookies to give you the best possible experience. Learn more