ചിക്കന്‍ ചീറിപ്പാഞ്ഞതും പൊട്ടിത്തെറിച്ചതും പിന്നെ ഔഷധക്കൂട്ടുകളില്‍ കുളിച്ചിറങ്ങിയ കരിഞ്ചീരക കോഴിയും. കടല്‍ക്കാറ്റും കലാവിരുന്നും രുചി വൈവിധ്യവും ആസ്വദിച്ച് മടങ്ങാം. കോഴിക്കോട് ബീച്ചില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ വനിതാ സംരംഭകര്‍ക്കായി ഒരുക്കിയ എസ്‌കലേറ പ്രദര്‍ശന വിപണന മേളയിലാണ് ഭക്ഷണ വൈവിധ്യത്തിന്റെ കുടുംബശ്രീയുടെ കഫേ. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ അംഗങ്ങളാണ് ഫുഡ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.
മലപ്പുറം ജനതാ കഫേയിലെ കരിഞ്ചീരക കോഴി ഇതിനകം തന്നെ രുചി പ്രേമികളുടെ ഇഷ്ടം നേടിയെടുത്തു കഴിഞ്ഞു. കരിഞ്ചീരകവും അയമോദകവും ഉള്‍പ്പെടെ 12 ആയുര്‍വേദ മസാലക്കൂട്ടുകള്‍ ചേര്‍ത്താണ് കരിഞ്ചീരക കോഴി തയ്യാറാക്കുന്നത്.
കേരളത്തിന് പുറത്തെ മേളകളിലും കരിഞ്ചീരക കോഴി ഇഷ്ട വിഭാവങ്ങളുടെ പട്ടികയില്‍ ഇടപിടിച്ചെന്ന് ജനതാ കഫേയിലെ നുസ്രത്തും ഖയറുന്നീസയും ഗീതയും ഒരേ സ്വരത്തില്‍ പറയുന്നു.
കോംബോ ഓഫറുകളാണ് കോഴിക്കോട് നിന്നുള്ള സൗപര്‍ണികാ ഗ്രൂപ്പ് ഭക്ഷണ പ്രേമികള്‍ക്ക് മുന്നില്‍ വെക്കുന്നത്. ചിക്കനും ബീഫും ഉള്‍പ്പെടുന്ന കോംബോകള്‍. ചിക്കന്‍ പൊട്ടിത്തെറിച്ചതിനൊപ്പം പത്തിരിയും ബട്ടൂരയും ചപ്പാത്തിയും സലാഡും. ബീഫിനൊപ്പവും ഇതെല്ലാം ലഭിക്കും.
ബീഫും പഴംപൊരിയും, ചിന്നമുട്ടയും കപ്പ ബിരിയാണിയും തേടി ആളുകള്‍ കൂടുതലായി എത്തുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. വിവിധ തരം പായസങ്ങളും ഡയറ്റ് ജ്യൂസുകളും ഭക്ഷ്യമേളയിലെത്തിയാല്‍ ആസ്വദിക്കാം. ഉന്നക്കായ ഉള്‍പ്പെടെയുള്ള മലബാറിന്റെ തനത് വിഭവങ്ങളും മേളയിലുണ്ട്.
Content Highlight: Kudumbasree Kafe in Escalera