| Monday, 19th February 2018, 11:14 pm

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; ഇ-കൊമേഴ്സ് പോര്‍ട്ടല്‍ ഉടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴിയും വാങ്ങാം. ഇ-കൊമേഴ്സ് പോര്‍ട്ടല്‍ സംവിധാനം ഉപയോഗപ്പെടുത്തി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ കഴിയുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കും. കുടുംബശ്രീ ബസാര്‍ ഡോട്ട് കോം എന്ന വെബ് സൈറ്റിലാണ് ഈ സേവനം ലഭ്യമാവുക.

ലേബലിങ്, പായ്ക്കിങ് എന്നിവയില്‍ പുതുമയും ആകര്‍ഷണീയതയും ഉള്‍കൊള്ളിച്ച് മികച്ച ഗുണനിലവാരമുള്ള ഇരുനൂറോളം ഉല്‍പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ കഴിയുക. ഉല്‍പന്നങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, യൂണിറ്റിന്റെ പേര്, ഫോണ്‍നമ്പര്‍ എന്നിവ വെബ്സൈറ്റില്‍ ലഭ്യമാക്കും. വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ഓര്‍ഡറുകള്‍ക്കനുസരിച്ച് ഉല്‍പന്നങ്ങള്‍ തപാല്‍ ഓഫിസ് വഴി ഉപഭോക്താവിന് സുരക്ഷിതമായി എത്തിച്ചു കൊടുക്കുന്നതിനായി കുടുംബശ്രീ തപാല്‍ വിഭാഗവുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.

കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് കുടുംബശ്രീ വ്യാപിപ്പിക്കുന്നത്. പോര്‍ട്ടല്‍ ആരംഭിക്കുന്നതിനായുള്ള സാങ്കേതിക സഹായം നല്‍കുന്നത് സംസ്ഥാന സ്റ്റാര്‍ട്ടപ് മിഷനാണ്. മനോരമയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

We use cookies to give you the best possible experience. Learn more