കോഴിക്കോട്: കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ വഴി ലോകമെമ്പാടും വില്‍പ്പനക്കെത്തുകയാണ്. പരീക്ഷണാര്‍ത്ഥമുള്ള ഡിസ്‌പ്ലേ ആമസോണ്‍ വെബ്‌സൈറ്റില്‍ തുടങ്ങി. വാഷിംഗ് പൗഡര്‍, സോപ്പ്, എണ്ണകൂട്ട് മുതല്‍ സാനിറ്ററി നാപ്കിന്‍ വരെ ഇരുപത് ഉല്‍പ്പന്നങ്ങളാണ് ആമസോണില്‍ വില്‍പ്പനക്കുള്ളത്. ഹിമാചല്‍ പ്രദേശ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്ന് കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഡറും സ്വീകരിച്ചു തുടങ്ങി.
ഓണ്‍ലൈന്‍ വിപണിയുടെ സാധ്യതകള്‍ മനസിലാക്കികൊണ്ട് കുടുംബശ്രീ ബസാര്‍.കോം എന്ന പേരില്‍ കുടുംബശ്രീയുടെ സ്വന്തം വെബ്‌സൈറ്റ് കഴിഞ്ഞ വര്‍ഷം തന്നെ കേരളത്തില്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ, പ്രതീക്ഷിച്ച രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കുടുംബശ്രീ പ്രൊജക്ട് സ്റ്റാഫും സോഷ്യല്‍ ഡെവലപ്പ്‌മെന്റ് സ്‌പെഷ്യലിസ്റ്റുമായ ബിനു ആനമങ്ങാട് പറയുന്നു.
“ആമസോണ്‍ വഴി കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഭാഷക്കും ദേശത്തിനുമപ്പുറം ലോകോത്തര മാര്‍ക്കറ്റിലേക്കെത്തിക്കുന്നത് വളരെ പോസിറ്റീവ് ആയിട്ടുള്ള കാര്യമാണ.് എന്നാല്‍ കുടുംബശ്രീ വെബ്‌സൈറ്റിനെ ഉയര്‍ത്തികൊണ്ടുവരേണ്ടത് അനിവാര്യതയാണ്. കുടുംബശ്രീ വെബ്‌സൈറ്റിനെ കുറിച്ച് പലര്‍ക്കും അറിയില്ല. 43 ലക്ഷം സ്ത്രീകളാണ് കുടുംബശ്രീയില്‍ അംഗങ്ങളായുള്ളത്. അതില്‍ തന്നെ 500 ലധികം സ്റ്റാഫുകളുണ്ട്. അതില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ മാത്രം വിചാരിച്ചാല്‍ കുടുംബശ്രീ ബസാറിനെ സജീവമാക്കാന്‍ കഴിയും. ജോലി എന്നതിനപ്പുറം ഇതിനോട് ഒരു സാമൂഹിക പ്രതിബദ്ധത ഉണ്ടാവേണ്ടതുണ്ട്. കുടുംബശ്രീ അംഗങ്ങളും പ്രാജക്ട് സ്റ്റാഫുകളും ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ ബസാറില്‍ നിന്നും വാങ്ങിക്കും എന്ന തീരുമാനമെടുത്താല്‍ തന്നെ കുടുംബശ്രീ വെബ്‌സൈറ്റിനെ മെച്ചപ്പെടുത്താന്‍ എളുപ്പത്തില്‍ സാധിക്കും. നമ്മള്‍ വാങ്ങിക്കുകയും മറ്റുള്ളവരെ കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ വലിയൊരു മുന്നേറ്റം ഉണ്ടാക്കാം.” ബിനു ആനമങ്ങാട് പറയുന്നു.
കുടുംബശ്രീയുടെ വെബ്‌സൈറ്റ് തുടങ്ങിയപ്പോള്‍ മികച്ച രീതിയില്‍ പരസ്യം ചെയ്യാന്‍ അതിന് കഴിഞ്ഞിട്ടില്ലെന്നും വെബ്‌സൈറ്റിന് മതിയായ മാര്‍ക്കറ്റിംഗ് കിട്ടാത്തതുകൊണ്ടാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങില്‍ കുടുംബശ്രീ പിന്നോട്ട് പോയതെന്നും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരി കിഷോര്‍ പറയുന്നു.
“കുടുംബശ്രീക്ക് കീഴില്‍ ഇരുപതിനായിരത്തോളം വ്യവസായ സംരംഭങ്ങളുണ്ട്. ഇത്തരം സംരഭങ്ങളിലൂടെ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ വിറ്റഴിക്കാന്‍ പല സാധ്യതകളും കുടുംബശ്രീ ഉപയോഗപ്പെടുത്തുന്നുമുണ്ട്. എല്ലാം തന്നെ മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും നൂതനമായ രീതിയാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്. കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കിയെടുക്കുകയാണ് ഇതിലുടെ ലക്ഷ്യമാക്കുന്നത്.
കുടുംബശ്രീ വെബ്‌സൈറ്റ് തുടങ്ങിയെങ്കിലും അതിനെ മാര്‍ക്കറ്റ് ചെയ്യാന്‍ കുടുംബശ്രീക്ക് പ്രാരംഭത്തില്‍ കഴിഞ്ഞില്ല.അത്തരം ഒരു വെബ്‌സൈറ്റിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
“ആമസോണ്‍പോലുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ ബിഗ് ബജറ്റിലുള്ള പരസ്യങ്ങള്‍ നല്‍കി ആളുകള്‍ക്കിടയില്‍ ശ്രദ്ധേയമാണ്. അതുകൊണ്ടാണ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ കുടുംബശ്രീ ആമസോണിനെ തെരഞ്ഞെടുക്കുന്നത്. ആദ്യഘട്ടത്തില്‍ ഭക്ഷ്യവസ്തുക്കളല്ലാത്ത ഉല്‍പ്പന്നങ്ങളാണ് ആമസോണില്‍ വില്‍പ്പനക്ക് വെക്കുന്നത്. ആമസോണുമായി ചേര്‍ന്ന വില്‍പ്പന നടത്തുമ്പോള്‍ കുടുംബശ്രീ വലിയൊരു മാര്‍ക്കറ്റ് പ്രതീക്ഷിക്കുന്നുണ്ട്. ഫ്ലിപ്പ്കാര്‍ട്ട് വഴിയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ആമസോണ്‍ വഴി ഒരു ഉല്‍പ്പന്നത്തെ വിപണനം ചെയ്യുമ്പോള്‍ സ്വാഭാവികമായും അത് എല്ലാവരും വാങ്ങും.പരസ്യത്തിനുള്ള ബജറ്റ് കിട്ടിയാല്‍ മാത്രമേ കുടുംബശ്രീ വെബ്‌സൈറ്റിന് മാര്‍ക്കറ്റിംഗ് നല്‍കാനാവൂ.” ഹരി കിഷോര്‍ പറഞ്ഞു.
“കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതില്‍ വിപണന മേളകളടക്കം മറ്റ് സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത്തരം വിപണനമേളകള്‍ സംഘടിപ്പിക്കുന്നതിലും കുടുംബശ്രീ വിജയിച്ചിട്ടുണ്ട്. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, സംരഭകര്‍ തന്നെ വീടുകളില്‍ എത്തിച്ച് വിപണനം(ഹോം ഷോപ്പിംഗ്) നടത്തുന്നുണ്ട്. സുപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും ഹോര്‍ട്ടികോര്‍പ്പുകള്‍ വഴിയും മറ്റു കച്ചവടസ്ഥാപനങ്ങള്‍ വഴിയും കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. അടുത്ത വര്‍ഷം കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ മാത്രം ലഭ്യമാക്കുന്ന കടകള്‍ തുടങ്ങാനുള്ള പദ്ധതികളും നടത്തി വരികയാണ്.” ഹരി കിഷോര്‍ പറഞ്ഞു.
കുടുംബശ്രീ വെബ്‌സൈറ്റിനെ മികച്ച രീതിയില്‍ തിരിച്ചുകൊണ്ടു വരികയും ആമസോണിലുടെ ഉല്‍പ്പന്നങ്ങള്‍ ലോകോത്തര വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നതോടെ വനിതാ സംരഭകര്‍ക്ക് മികച്ച വരുമാനം നേടാന്‍ കഴിയുമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ.