തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകള്‍ വിദ്യാ സമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുര്‍മു.
ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളമെന്നും സാക്ഷരത നേടിയവരില്‍ നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് മുര്‍മു പറഞ്ഞു. കുടുംബശ്രീ കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച ഉദാഹരണമാണെന്നും അവര്‍ പറഞ്ഞു.
കേരളത്തിലേത് എപ്പോഴും തിളക്കമാര്‍ന്ന ശാക്തീകരണ പദ്ധതികളാണെന്നും മുര്‍മു പറഞ്ഞു.
കുടുംബശ്രീയുടെ 25ാമത് വാര്‍ഷികത്തിന്റെ ഭാഗമായി സി.ഡി.എസ് അംഗങ്ങള്‍ എഴുതുന്ന കുടുംബശ്രീ ചരിത്രമായ ‘ചുവടിന്റെ’ ലോഗോ പ്രകാശനം ചെയ്താണ് കുടുംബശ്രീയുടെ മികവിനെ അവര്‍ ചൂണ്ടിക്കാട്ടിയത്.
കൂടാതെ സംസ്ഥാന അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ചീഫ് പി.ടി. ഉഷയും ഏവര്‍ക്കും അഭിമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ എല്ലാ വനിതകള്‍ക്കും പ്രചോദനമാണ് നഞ്ചിയമ്മയെന്നും അവര്‍ പറഞ്ഞു.
രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി കഴിഞ്ഞ ദിവസമാണ് കേരളത്തിനെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് മുര്‍മുവിനെ സ്വീകരിച്ചത്. രാഷ്ട്രപതിയായ ശേഷം ദ്രൗപതി മുര്‍മുവിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.
content highlight: Kudumbashree is a model for the country; Nanjiamma Inspiration for Women: Draupadi Murmu