തൃശൂര്‍: ടോള്‍ നിരക്കുകുറക്കണമെന്നാവശ്യപ്പെട്ട് പാലിയേക്കരയിലെ ടോള്‍പ്ലാസയില്‍ സി.പി.ഐ.എം നടത്തുന്ന സമരം ടോള്‍ കമ്പനിയെ സഹായിക്കാനാണെന്ന് ദേശീയപാത കുടിയിറക്ക് സ്വകാര്യവത്ക്കരണ വിരുദ്ധസമിതി. ഇപ്പോള്‍ തുടരുന്ന ടോള്‍പിരിവ് നിയമവിരുദ്ധമാണെന്ന് വ്യക്തമാവുകയും കമ്പനിയും സര്‍ക്കാരും ഏതുനിമിഷവും പിരിവ് നിര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുകയുമാണെന്നും സമിതി പ്രസ്താവിച്ചു. []
ഈ സമയത്ത് ജനപ്രതിനിധികളുടെയും നേതാക്കളുടെയും പടയെ അണിനിരത്തി നിരക്കുകുറക്കാനാവശ്യപ്പെട്ട് സമരരംഗത്തുവരുന്നത് സര്‍ക്കാര്‍ ഒത്താശയോടെ നിയമവിരുദ്ധമായി തുടരുന്ന ടോള്‍ പിരിവിനെ വെള്ള പൂശാനാണ്. ഇത് ജനവഞ്ചനയാണ്. ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ നടക്കുന്ന സമരത്തോട് സഹകരിക്കാന്‍ സി.പി.ഐ.എമ്മും ജനപ്രതിനിധികളും തയ്യാറാവണമെന്നും സമിതി പറഞ്ഞു.
2011 ഡിസംബര്‍4 ന് ഇന്‍ഡിപെന്‍ഡന്റ് കണ്‍സള്‍ട്ടന്‍സി നല്‍കിയ പ്രൊവിഷണല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ടോള്‍പിരിവ് തുടങ്ങിയത്. പഞ്ച് ലിസ്റ്റ് പ്രകാരമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 120 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഇതില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇതൊന്നും കമ്പനി ചെയ്യാത്തതിനാല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 2012 ഏപ്രില്‍ 4 ന് 120 ദിവസ കാലാവധി കഴിഞ്ഞ ശേഷമുള്ള ടോള്‍പിരിവ് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ സി.പി.ഐ.എം ഉം ജനപ്രതിനിധികളും നിലപാട് വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
റോഡിലുടനീളം സര്‍വ്വീസ് റോഡുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. കരാറില്‍ ഇല്ലാത്ത സ്ഥലങ്ങളിലടക്കം സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുമെന്നും അതിന്റെ പണി 6 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഫെബ്രുവരി 1 ന് തിരുവനന്തപുരത്തുചേര്‍ന്ന സമരസമിതിയും ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ മാധ്യമങ്ങളോടും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും ഇത് വ്യക്തമാക്കിയിരുന്നു. പിന്നീട് സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണമൊന്നും നടന്നിട്ടില്ല.
ആഗസ്റ്റ് 1 ന് 6 മാസകാലാവധി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് ടോള്‍പിരിവ് നിര്‍ത്തിവെക്കേണ്ടതാണ്. റോഡിന്റെ നിര്‍മ്മാണം 65 ശതമാനമേ ആയിട്ടുള്ളുവെന്നും തെരുവുവിളക്കുകളും ഡ്രയിനേജും ക്രോസിങ്ങുകളും ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികളൊന്നും എടുത്തിട്ടില്ല. അപകടങ്ങള്‍ ഏറ്റവും കൂടുതലുള്ളത് മണ്ണുത്തി-ഇടപ്പള്ളി റോഡിലാണ്. ഈ റോഡിന്റെ സുരക്ഷാ ഓഫീസറായിരുന്ന ഉപേന്ദ്രനാരായണന്‍ തന്നെ റോഡ് സുരക്ഷിതമല്ലെന്നും നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെന്നും ടോള്‍പിരിവ് തുടരുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ബി.ഒ.ടി. നിയമമനുസരിച്ച് ഒരു കമ്പനിക്ക് 2 ല്‍ അധികം കരാറുകള്‍ നല്‍കാനാവില്ല. എന്നാല്‍ ഹൈദ്രാബാദ് ആസ്ഥാനമായ കെ.എം.സി. കമ്പനി ഒരേ ഓഫീസില്‍ നിന്ന് പല പേരുകളില്‍ കേരളത്തിലെ റോഡ് കരാറുകള്‍ മുഴുവന്‍ എടുത്തിരിക്കുകയാണ്. ഹൈവേ അതോറിറ്റിയുമായി എല്ലാകരാറുകളും ഒപ്പിട്ടിരിക്കുന്നത് ഒരാളാണ്. ഇത് വ്യക്തമായും നിയമവിരുദ്ധവും അഴിമതിയുമാണ്.
ദേശീയപാത നയരേഖ അനുസരിച്ച് എല്ലാവിഭാഗം ജനങ്ങള്‍ക്കും ഉപയോഗി ക്കാന്‍ കഴിയുന്നതായിരിക്കണം ദേശീയപാത. മണ്ണുത്തി -ഇടപ്പള്ളി റോഡ് നിര്‍മ്മാണം അപ്രകാരമല്ല. അതുകൊണ്ടുതന്നെ ഈ കരാര്‍ റദ്ദാക്കേണ്ടതാണെന്നും സമിതി ആവശ്യപ്പെട്ടു.