| Thursday, 5th April 2012, 12:24 pm

ആണവവിരുദ്ധസമരങ്ങളെ സി.പി.ഐ.എം. പിന്തുണയ്ക്കണം: കാരാട്ടിന് തുറന്ന കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്തോ-അമേരിക്കന്‍ ആണവക്കരാറിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യു.പി.എ. ഗവണ്മെന്റിനുള്ള പിന്തുണ പിന്‍വലിച്ച സി.പി.ഐ.എം.,  ഇന്ത്യയിലെ എല്ലാ ആണവനിലയങ്ങളെയും എതിര്‍ക്കാന്‍ തയ്യാറാകണമെന്ന് കൂടംകുളം ആണവനിലയവിരുദ്ധസമര ഐക്യദാര്‍ഢ്യസമിതി സമിതി സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനയച്ച ഒരു തുറന്ന കത്തില്‍ ആവശ്യപ്പെട്ടു. അണുശക്തിയുടെ സംഹാരാത്മകമായ അപകടസാധ്യതയെക്കുറിച്ചും അതിന്റെ വ്യാപനം പതിനായിരക്കണക്കിന് വര്‍ഷങ്ങളില്‍ ജീവിലോകത്തിനും പരിസ്ഥിതിക്കുമുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും സി.പി.ഐ.എം. തിരിച്ചറിയണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ ജെയ്താപൂരിലും ആന്ധപ്രദേശിലെ കൊവാഡയിലും ആണവനിലയവിരുദ്ധസമരത്തെ സി.പി.ഐ.എം. പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ അതിശക്തമായ സമരം ഉയര്‍ന്നുവന്ന കൂടംകുളത്ത് നിലയം കമ്മീഷന്‍ ചെയ്യണമെന്നാണ് സി.പി.ഐ.എം തമിഴ്‌നാട് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെടുന്നത്. അണുശക്തി തദ്ദേശീയമായാലും വൈദേശികമായാലും അപകടകരമായ സാങ്കേതികവിദ്യയാണെന്ന് കത്തില്‍ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ മൂന്ന് ദശകക്കാലത്തിലേറെയായി വന്‍തോതില്‍ ആണവവൈദ്യുതിയെ ആശ്രയിക്കുന്ന ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങള്‍ സുരക്ഷിതബദലുകളായ സൗരവൈദ്യുതി, കാറ്റില്‍ നിന്നുള്ള വൈദ്യുതി, മറ്റ് പാരമ്പര്യേതര വൈദ്യുതസ്രോതസ്സുകള്‍ എന്നിവയെ ആശ്രയിച്ച് ആണവനിലയങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ ഇന്തോ-അമേരിക്കന്‍ ആണവക്കരാറിന്റെ ഭാഗമായി രാജ്യമെമ്പാടും ആണവപാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ഇന്ത്യാഗവണ്മെന്റ് മുമ്പോട്ടുപോവുകയാണ്. ജപ്പാനില്‍ നിലവിലുള്ള 54 റിയാക്റ്ററുകളില്‍ ഒന്ന് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ഇറക്കുമതി ചെയ്ത ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ ഉപയോഗിച്ച് 2032 ആകുമ്പോഴേക്കും 64000 മെഗാവാട്ട് വിദ്യുച്ഛക്തി ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യം രാജ്യത്തെ വന്‍കടക്കെണിയിലേക്കും അപരിഹാര്യമായ പാരിസ്ഥിതികആഘാതങ്ങളിലേക്കും ആണ് തള്ളിവിടുക. “അണുശക്തി സമാധാനപരമായ ആവശ്യങ്ങള്‍ക്ക്” എന്നത് ഒരു മിഥ്യയാണെന്നും അപകടങ്ങള്‍ അതിന്റെ കൂടപ്പിറപ്പാണെന്നും ഫുക്കുഷിമ ദുരന്തം സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവും പാരിസ്ഥിതികവും ആയ എത്രയേറെ ഗുരുതരവിപത്തുകളാണ് സൃഷ്ടിച്ചതെന്നും ഈയടുത്ത കാലത്ത് നാം തിരിച്ചറിഞ്ഞതാണ്. മുതലാളിത്തത്തിന്റെ ജിഹ്വയായി അറിയപ്പെടുന്ന ദ് എക്കണോമിസ്റ്റ് വാരിക പോലും ആണവോര്‍ജം ഒരു പരാജയപ്പെട്ടുകഴിഞ്ഞ സ്വപ്നം മാത്രമാണെന്ന് വിലയിരുത്തിക്കഴിഞ്ഞു.
രാജ്യത്തിന്റെ വികസനാവശ്യങ്ങള്‍ക്ക് വൈദ്യുതി ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മുതലാളിത്ത ഉല്‍പാദനം ലാഭക്കൊതിമൂത്ത് പരിസ്ഥിതിക്ക് താങ്ങാനാവാത്ത വികസനലക്ഷ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. പുതുക്കാവുന്ന സ്രോതസ്സുകളെ ആശ്രയിച്ചുള്ള വൈദ്യുതോല്‍പാദനം പ്രോത്സാഹിപ്പിച്ചും ഉപയോഗത്തിലിരിക്കുന്ന വൈദ്യുതോപകരണങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തിയും പ്രസരണവിതരണനഷ്ടങ്ങള്‍ കുറച്ചും ജനങ്ങളുടെ വികസനാവശ്യങ്ങള്‍ നിര്‍വഹിക്കാനാവും. സൗരോര്‍ജം, കാറ്റ് എന്നിവയെ വികേന്ദ്രീകൃതഊര്‍ജ ഉല്‍പാദനമാര്‍ഗങ്ങളായി മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് വൈദ്യുതിയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യവും നിറവേറ്റാം. രാജ്യത്തിന്റെ മൊത്തം വൈദ്യുതോല്‍പാദനത്തിന്റെ 2.54% മാത്രമാണ് ആണവമേഖലയുടെ പങ്ക്. അതേസമയം ബദല്‍സ്രോതസ്സുകളില്‍ നിന്നുള്ള ഉല്‍പാദനം 12%ത്തില്‍ കൂടുതലാണ്.

ലാഭകേന്ദ്രീകൃതവും ഉപഭോഗകേന്ദ്രീകൃതവുമായ മുതലാളിത്ത ഉല്‍പാദനത്തിന് ബദല്‍ അന്വേഷിക്കുന്ന സോഷ്യലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം മുതലാളിത്ത സാങ്കേതികവിദ്യയ്ക്ക് പകരം സോഷ്യലിസ്റ്റ് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്നും അതേറ്റെടുക്കാന്‍ സി.പി.ഐ.എം.  തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ആണവവിമുക്തമായ ഒരു ലോകത്തിനുവേണ്ടി ആണവനിലയങ്ങളുടെ വ്യാപനം തടയാന്‍ ഇന്ത്യയിലെ വിവിധപ്രദേശങ്ങളില്‍ നടക്കുന്ന ജനകീയപ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസ് തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 കത്തിന്റെ പൂര്‍ണ്ണരൂപം

We use cookies to give you the best possible experience. Learn more