| Monday, 30th April 2012, 9:23 am

കൂടങ്കുളം: സമാധാനപരമായ സമരത്തെ അടിച്ചമര്‍ത്തരുതെന്ന് പ്രധാനമന്ത്രിയോട് ആനംസ്റ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൂടങ്കുളം ആണവനിലയത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമാധാനപരമായ പോരാട്ടത്തെ അടിച്ചമര്‍ത്തരുതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നിലയത്തിനെതിരെ സമരം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിക്കണമെന്നും ആംനസ്റ്റി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

രാജ്യാന്തര നിയമങ്ങളനുസരിച്ച് സമാധാനപരമായി സംഘടിക്കാനും സ്വന്തം വികാരങ്ങള്‍ പ്രകടിപ്പിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആണവനിലയവുമായി ബന്ധപ്പെട്ട ജനങ്ങളുടെ സുരക്ഷാ ആശങ്കകള്‍ക്ക് തൃപ്തികരമായ മറപടി നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും ആനംസ്റ്റി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനപരമായ പ്രക്ഷോഭങ്ങളെയും പ്രക്ഷോഭകരെയും അടിച്ചമര്‍ത്തുന്നത് ഉടന്‍ അവസാനിപ്പിക്കണം സ്വിറ്റ്‌സര്‍ലാന്റിലെ പീറ്റര്‍ കേറ്റന്‍ ഉള്‍പ്പെടെ മുതിര്‍ന്ന ആംനസ്റ്റി അംഗങ്ങള്‍ ഒപ്പുവെച്ച കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് കൂടങ്കുളം ആണവനിലയത്തിനെതിരെ സമരം നടത്തുന്ന പീപ്പ്ള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജിക്കും അയച്ചിട്ടുണ്ട്.

കൂടങ്കുളം സമരവുമായി ബന്ധപ്പെട്ട് കള്ളക്കേസ് ചുമത്തി ജയിലിലടച്ച 180 പേരെ ഉടന്‍ വിട്ടയക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണം. സമരത്തിന് നേതൃത്വം നല്‍കിയ എസ്.പി ഉദയകുമാറിന്റെ വീട് റെയ്ഡ് ചെയ്തതിലും സമരക്കാരെ പിന്തുണയ്ക്കുന്ന കടയുടമകളെ ഭീഷണിപ്പെടുത്തിയതിലും ആനംസ്റ്റി ഭീതി രേഖപ്പെടുത്തി.

കഴിഞ്ഞ മാസം നടന്ന അനിശ്ചിതകാല നിരാഹാരവുമായി ബന്ധപ്പെട്ട് ജയിലിലടച്ച 180 പേരില്‍ 25 പേര്‍ ഒഴികെയുള്ളവര്‍ ജാമ്യത്തിലിറങ്ങി. രാജ്യദ്രോഹം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. കൂടങ്കുളം സമരവുമായി ബന്ധപ്പെട്ട് ഇതുവരെ 55,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more