പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ ഫിഡലിന്റെ നാട്ടില്‍ നിന്നുള്ള വിദഗ്ധന്‍ കേരളത്തില്‍
Kerala
പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ ഫിഡലിന്റെ നാട്ടില്‍ നിന്നുള്ള വിദഗ്ധന്‍ കേരളത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2013, 1:31 am

[]തിരുവനന്തപുരം: കേരളത്തില്‍ പകര്‍ച്ചപ്പനിയും, ഡെങ്കിപ്പനിയും പടരുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കാനായി ക്യൂബന്‍ വിപ്ലവകാരി ഫിഡല്‍ കാസ്‌ട്രോയുടെ നാട്ടില്‍ നിന്നും ഉപദേശം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.[]

കാലവര്‍ഷം വ്യാപിച്ചതോടെ കേരളത്തില്‍ പകര്‍ച്ചപ്പനിയും, ഡെങ്കിപ്പനിയും ബാധിച്ച് നിരവധി പേരാണ് അടുത്തിടെയായി മരിച്ചത്. ഇതിനെ തുടര്‍ന്നാണ് ക്യൂബയില്‍ നിന്നുള്ള ആരോഗ്യ വിഗദ്ദന്റെ ഉപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ച് ഡോ അല്‍ഫ്രഡ വെയ്‌റ എസ്ട്രാഡ ഇന്നലെ രാത്രി തിരുവനന്തപുരതെത്തി.

വൈറല്‍പ്പനികളില്‍ ചികിത്സിക്കുന്നതിലെ വിദഗ്ദനാണ് എസ്ട്രാഡ. ഈ വിഷയത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
നേരത്തെ അയല്‍ രാജ്യമായ ശ്രീലങ്കയിലും ഡെങ്കിപ്പനി വ്യാപിച്ചപ്പോഴും ഈ ക്യൂബന്‍ വിദഗ്ദന്റെ സേവനം തേടിയിരുന്നു.

തിരുവനന്തപുരത്തെ കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുളള മാസ്ക്കറ്റ് ഹോട്ടലിലാണ് അദ്ദേഹത്തിന് താമസമൊരുക്കിയിരിക്കുന്നത്. ക്യൂബയിലെ ഇന്ത്യന്‍ എംബസിയുടെ ആവശ്യപ്രകാരമാണ് എസ്ട്രാഡ സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായെത്തിയത്.

അജന്താ ടാസ്‌ക് ഫോഴ്‌സാണ് എസ്ട്രാഡോയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംസ്ഥാന ആരോഗ്യവകുപ്പിന് വിവരം നല്‍കിയത്. തുടര്‍ന്ന് എസ്ട്രാഡോയുടെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് പരിശോധിച്ച ശേഷമാണ് ക്ഷണിച്ചത്. ഇന്നലെയാണ് എസ്ട്രാഡോയെ സര്‍ക്കാര്‍ അതിഥിയായി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്.

ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്ത്യോനേഷ്യയിലും എസ്ട്രാഡ  സേവനമനുഷ്ടിച്ചിട്ടുണ്ട്.  ക്യൂബയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലാബിയോഫ് എന്ന സംഘടനയുടെ പ്രധാന പ്രവര്‍ത്തകനാണ് എസ്ട്രാഡ.

ഇന്നലെ രാത്രി തിരുവനന്തപുരതെത്തിയ എസ്ട്രാഡ സംസ്ഥാന ആരോഗ്യ വകുപ്പിലെ ഉന്നതരുമായി ചര്‍ച്ച നടത്തും.  നാലുദിവസം തലസ്ഥാനത്ത് തങ്ങുന്ന അദ്ദേഹം പനി കൂടുതലായുളള പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇതിന് ശേഷം 14ന് ക്യൂബയിലേക്ക് തിരികെ മടങ്ങും.