| Wednesday, 11th October 2023, 1:08 pm

പറയുന്നതെല്ലാം പച്ചക്കള്ളം; തെലങ്കാനയില്‍ അമിത് ഷാ പരിഹാസപാത്രമായി മാറിയിരിക്കുന്നു: കെ.ടി.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആദിലബാദില്‍ നടന്ന പൊതുയോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാചകങ്ങള്‍ പച്ചക്കള്ളമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകനും ഭാരത് രാഷ്ട്ര സമിതി നേതാവ് കെ.ടി. രാമറാവു. കെ.സി.ആറിനെതിരെ അമിത് ഷാ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ആദിലാബാദ് പൊതുയോഗത്തിലെ അമിത് ഷായുടെ പ്രസ്താവനകള്‍ പച്ചക്കള്ളങ്ങളാണ്. തെലങ്കാനയില്‍ അമിത് ഷാ ഹാസ്യ കഥാപാത്രമായി മാറിയിരിക്കുന്നു,’ കെ.ടി.ആര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് തന്റെ മകന്‍ ജയ് ഷാ എവിടെയാണ് ക്രിക്കറ്റ് കളിച്ചതെന്നോ പരിശീലനം നല്‍കിയതെന്നോ ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ആദിലാബാദ് ജില്ലയില്‍ നടത്തിയ പ്രസംഗത്തില്‍ സിമന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ പുനരുജ്ജീവിപ്പിക്കുമെന്ന് അമിത് ഷാ പ്രതിജ്ഞയെടുത്തു. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ തെലങ്കാനയെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയുടെ പ്രാരംഭത്തിന് ശേഷം ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും അനുവദിച്ചിട്ടില്ലെന്നും കെ.ടി.ആര്‍ വ്യക്തമാക്കി.

തെലങ്കാനയെക്കാള്‍ വികസനമുള്ള ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനം കാണിക്കാന്‍ സധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ചൊവ്വാഴ്ച ആദിലാബാദില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കെ.ടി.ആറിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ആദിലാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അമിതാ ഷാ കെ.സി.ആറിനെ വിമര്‍ശിച്ചത്. കെ.സി.ആറിന് ഒറ്റ ലക്ഷ്യമേയുള്ളൂ, തന്റെ മകന്‍ കെ.ടി.ആറിനെ മുഖ്യമന്ത്രിയാക്കുക. ഒരു വശത്ത് തന്റെ മകനെയും മകളെയും കുറിച്ച് ചിന്തിക്കുന്ന കെ.സി.ആര്‍ സര്‍ക്കാരും മറുവശത്ത് പാവങ്ങളെയും ആദിവാസികളെയും കുറിച്ച് ചിന്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരുമാണുള്ളത്. തെലങ്കാനയിലെ ജനങ്ങള്‍ തങ്ങള്‍ക്ക് അനുയോജ്യരായവരെ തെരഞ്ഞെടുക്കണമെന്നും അമിത് ഷാ പറഞ്ഞു.

Content Highlights: KTR against Amith Shah

We use cookies to give you the best possible experience. Learn more