അൻവറിനൊപ്പം നിൽക്കില്ല; ഇടതുമുന്നണിയോട് കടപ്പാടുണ്ട്: കെ.ടി. ജലീൽ
Kerala News
അൻവറിനൊപ്പം നിൽക്കില്ല; ഇടതുമുന്നണിയോട് കടപ്പാടുണ്ട്: കെ.ടി. ജലീൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd October 2024, 6:21 pm

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെന്ന് മുന്‍ മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍.

അന്‍വറുമായുള്ള സൗഹൃദം തുടരുമെന്നും എന്നാല്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള നിലപാടില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ സഹയാത്രികനായി പ്രവര്‍ത്തിക്കുമെന്നും കെ.ടി. ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഭാഗമായും സാമൂഹിക പ്രവര്‍ത്തകനായും മുന്നോട്ടുപോകുമെന്നും കെ.ടി. ജലീല്‍ അറിയിച്ചു.

ഇ.എന്‍. മോഹന്‍ദാസ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ്. അദ്ദേഹത്തെ സംബന്ധിച്ച് എതിര്‍ പക്ഷത്തുള്ളവര്‍ക്ക് പോലും മറ്റൊരു അഭിപ്രായം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ജലീല്‍ പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉണ്ടായേക്കാം, എന്നാല്‍ അദ്ദേഹം ഒരു ആര്‍.എസ്.എസുകാരനാണെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷ മുന്നണി തനിക്ക് നല്‍കിയ സ്‌നേഹത്തിന് വളരെയധികം കടപ്പാടുണ്ടെന്നും കെ.ടി. ജലീല്‍ പ്രതികരിച്ചു. എ.ഡി.ജി.പി അജിത് കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളില്‍ ചില ശരികളുണ്ടെന്ന് താന്‍ പറഞ്ഞിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും സി.പി.ഐ.എമ്മിനെയും തള്ളിപ്പറയില്ലെന്നും ജലീല്‍ പറഞ്ഞു. സി.പി.ഐ.എമ്മിനോടും ഇടത് മുന്നണിയോടും നന്ദികേട് കാണിക്കില്ലെന്നും അന്‍വറിനെതിരെ പാര്‍ട്ടി പറഞ്ഞാല്‍ പ്രചരണത്തിനിറങ്ങുമെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനാല്‍ മുഖ്യമന്ത്രിയോടോ സി.പി.ഐ.എമ്മിനോടോ ഒരു തരത്തിലുമുള്ള ബാധ്യതയോ കടപ്പാടോ ഇല്ലെന്ന് ജലീല്‍ പറഞ്ഞിരുന്നു. പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്നും ഒരു തരത്തിലുള്ള സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പി.വി.അന്‍വറിന്റെ ചില അഭിപ്രായങ്ങളോട് തനിക്ക് യോജിപ്പും എന്നാല്‍ ചില കാര്യങ്ങളോട് ശക്തമായ വിയോജിപ്പുമുണ്ടെന്ന കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞിരുന്നു.

താന്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞാല്‍ തനിക്ക് താത്പര്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ് അർത്ഥം. തനിക്ക് ഇനി ഒരു ബോര്‍ഡ് ചെയര്‍മാന്‍ പോലും ആകേണ്ടയെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: KTJaleel said that he would not agree with P.V.Anvar’s political views