അൻവർ കണ്ടവരുടെ വണ്ടിയിൽ കയറില്ല; പിന്നിൽ ജമാഅത്താണെന്ന് കരുതുന്നില്ല: കെ.ടി. ജലീൽ
Kerala News
അൻവർ കണ്ടവരുടെ വണ്ടിയിൽ കയറില്ല; പിന്നിൽ ജമാഅത്താണെന്ന് കരുതുന്നില്ല: കെ.ടി. ജലീൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd October 2024, 7:53 pm

വളാഞ്ചേരി: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്ന് കരുതില്ലെന്ന് തവനൂര്‍ എം.എല്‍.എയായ കെ.ടി. ജലീല്‍. അന്‍വര്‍ അങ്ങനെ കണ്ടവരുടെ വണ്ടിയില്‍ കേറുന്ന ഒരാളാണെന്ന് തോന്നുന്നില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു. വളാഞ്ചേരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

അന്‍വറിന്റെ പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നാണ് പറഞ്ഞതെന്നും എന്നാല്‍ അവര്‍ ഇതിനും ഇതിനപ്പുറവും ചെയ്യുമെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

തനിക്കെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്. അതിലൊന്ന് നിയമസഭയുടെ ഉള്ളിലുണ്ടായ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. മറ്റു രണ്ട് കേസുകളും ജമാഅത്തെ ഇസ്‌ലാമി കൊടുത്ത കേസുകളാണെന്നും കെ.ടി. ജലീല്‍ ചൂണ്ടിക്കാട്ടി.

സിവില്‍-ക്രിമിനല്‍ കേസുകളാണ് തനിക്കെതിരെ ജമാഅത്തെ ഇസ്‌ലാമി നൽകിയിരിക്കുന്നത്. മീഡിയ വണ്‍ ചാനലിനെ താനൊരിക്കല്‍ ഐ.എസ് സ്പോണ്‍സേര്‍ഡ് ചാനലാണെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ജമാഅത്തെ ഇസ്‌ലാമി പരാതി നല്‍കിയതെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

എന്നാല്‍ അവര്‍ കേസ് കൊടുത്തത് ഐ.എസ്-ഐ.എസ് എന്നുപറഞ്ഞുകൊണ്ടാണെന്നും താന്‍ പറഞ്ഞത് ഐ.എസ്സെന്നാണെന്നും കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഐ.എസ് എന്നാല്‍ ഇസ്‌ലാമിക സേവകര്‍ എന്നാണല്ലോ, അങ്ങനെയാണല്ലോ ജമാസത്തെ ഇസ്‌ലാമിക്കാര്‍ സ്വയം വിശേഷിപ്പിക്കുകയെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

ഇസ്‌ലാമിക് സെര്‍വന്റ്‌സ് എന്ന അര്‍ത്ഥത്തിലാണ് താന്‍ സംസാരിച്ചതെന്നും എന്നാല്‍ അതിനെതിരെ അവര്‍ പരാതി നല്‍കിയതെന്നും കെ.ടി. ജലീല്‍ ചൂണ്ടിക്കാട്ടി. പക്ഷെ മകന്‍ വക്കീലായതുകൊണ്ട് ഈ കേസുകളെല്ലാം അധികച്ചെലവില്ലാതെ നടത്താന്‍ കഴിയുന്നുണ്ടെന്നും ജലീല്‍ പരിഹസിച്ചു.

അന്‍വറിന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെന്നും കെ.ടി. ജലീല്‍ വ്യക്തമാക്കി. അന്‍വറുമായുള്ള സൗഹൃദം തുടരുമെന്നും എന്നാല്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള നിലപാടില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ സഹയാത്രികനായി പ്രവര്‍ത്തിക്കുമെന്നും ഇടതുപക്ഷത്തിന്റെ ഭാഗമായും സാമൂഹിക പ്രവര്‍ത്തകനായും മുന്നോട്ടുപോകുമെന്നും കെ.ടി. ജലീല്‍ അറിയിച്ചു.

Content Highlight: KTJaleel said does not think Jamaat e Islami behind PVAnvar