പ്രണയത്തിലും ജീവിതത്തിലും പെണ്‍കുട്ടികളുടെ നിര്‍ണയാവകാശങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന പുരുഷാധികാരബോധമാണ് പ്രണയനൈരാശ്യത്തിന്റെ പേരില്‍ ആവര്‍ത്തിക്കപ്പെടുന്ന ക്രൂരകൊലപാതകങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
സ്ത്രീ-പുരുഷ ബന്ധങ്ങളിലെ ജനാധിപത്യത്തെയും പങ്കാളികളുടെ നിര്‍ണയാവകാശങ്ങളെയും അംഗീകരിക്കാനാവാത്ത ആണധികാരത്തിന്റെ ഹിംസാത്മകതയെ മനസ്സിലാക്കാതെ, ആണിന്റെ വിവേകമില്ലായ്മയായി ഇത്തരം സംഭവങ്ങളെ ലഘൂകരിച്ച് കാണുന്നത് ഗുരുതരമായിക്കഴിഞ്ഞിരിക്കുന്ന പുരുഷാധികാര പ്രയോഗങ്ങള്‍ക്കെതിരായ ശക്തമായ പ്രതിരോധങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണ്.
പ്രണയം നിരസിക്കുന്നത് ചതിയായി ചിത്രീകരിച്ചാണ് പ്രണയപ്പകയെന്നൊക്കെ പേരിട്ട് ഇത്തരം നിഷ്ഠൂരതകള്‍ക്ക് സാമൂഹ്യമായ സാധൂകരണമുണ്ടാക്കുന്നത്. തിക്കോടിയിലെ നിഷ്ഠൂരമായ കൊലപാതകത്തെ, പെണ്‍കുട്ടി അവനോട് ചെയ്ത ചതിയുടെ സ്വാഭാവിക പ്രതികരണമായി ലഘൂകരിച്ച് കൊലക്ക് ന്യായം ചമക്കാനും കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും അവരുടെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനും സംഘി ഓണ്‍ലൈന്‍ ചാനലായ കര്‍മന്യൂസ് വീഡിയോ ഇറക്കിയിരിക്കുകയാണ്.
കൃഷ്ണപ്രിയയുടെ ദാരുണമായ മരണം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചാരിത്ര്യപ്രസംഗവുമായി കര്‍മന്യൂസ് രംഗത്തുവന്നത്.
മാത്രമല്ല തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എത്തിയ ചാനലുകളോട്, കൊലപാതകത്തിന് കാരണം പെണ്‍കുട്ടി അവനെ ചതിച്ചത് കൊണ്ടാണെന്ന് സംഘികള്‍ വിളിച്ചുപറയാന്‍ കാണിച്ച ഉത്സാഹവും ഒരുപാട് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കേവലമായ പ്രണയപ്പകക്കപ്പുറം സമര്‍ത്ഥമായ ഒരു സംഘി ആസൂത്രണവും സഹായവും ഈ കൊലക്ക് പിറകിലുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ആര്‍.എസ്.എസിന്റെ സ്ത്രീവിരുദ്ധമായ ഫാസിസ്റ്റ് ആശയസ്വാധീനം സൃഷ്ടിച്ച ക്രൂരമായ ആണ്‍കോയ്മാ ബോധമാണ് തിക്കോടിയില്‍ കൃഷ്ണപ്രിയ എന്ന 22 വയസുകാരിയുടെ ജീവനവസാനിപ്പിച്ചത്.
ഒരു പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയെ, തന്നെ ചതിച്ചവളെന്ന് ചിത്രീകരിച്ച് പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞ നന്ദു, ആര്‍.എസ്.എസ് ശാഖകളിലെ പരിശീലനങ്ങളിലൂടെ ‘സ്ത്രീവിരുദ്ധമായ സദാചാര പൊലീസിങ്ങാണ് പ്രണയ’മെന്നും, തന്റെ പങ്കാളി താന്‍ വരക്കുന്ന ലക്ഷ്മണരേഖക്കകത്ത് മാത്രം ചലിക്കേണ്ടവളാണെന്നും തെറ്റിദ്ധരിച്ച് പോയ ക്രിമിനലായിരിക്കാം.
പ്രണയത്തിന്റെ അര്‍ത്ഥവും ആര്‍ദ്രതയുമെന്തെന്നറിയാത്ത ആര്‍ഷസംസ്‌കാരവാദികള്‍ വഴിതെറ്റിച്ച ഒരു യുവാവിന് പ്രണയം പെണ്ണിന്മേല്‍ അധികാരപ്രയോഗം നടത്താനും അവളെ വരുതിയില്‍ നിര്‍ത്താനുള്ള ആണ്‍കോയ്മയുടെ കടിഞ്ഞാണ്‍ മാത്രമായിരിക്കാം.
താന്‍ പെട്ട കെണി തിരിച്ചറിഞ്ഞതോടെയാവാം കൃഷ്ണപ്രിയ നന്ദുവിന്റെ വിലക്കുകളെയും സമ്മര്‍ദ്ദങ്ങളെയും ചോദ്യംചെയ്യാന്‍ തുടങ്ങിയത്, അവനില്‍ നിന്നകലാന്‍ തുടങ്ങിയത്. അതില്‍ പ്രകോപിതനായിട്ടാണ് കൃഷ്ണപ്രിയയെ അവന്‍ കത്തിച്ചുകളഞ്ഞത്.
പ്രണയത്തിലും വിവാഹജീവിതത്തിലും പെണ്‍കുട്ടികളുടെ നിര്‍ണയാവകാശങ്ങളെ അംഗീകരിക്കാന്‍ സമൂഹത്തെ പഠിപ്പിക്കാതെ, നാം സ്വയം പഠിക്കാതെ പുരുഷാധികാരത്തിന്റെ ഹിംസാത്മകതയില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കാനാവില്ല. പ്രണയനൈരാശ്യത്തിന്റെ പേരില്‍ നാട്ടില്‍ സംഭവിക്കുന്ന കഴുത്തറുത്തും പെട്രോളൊഴിച്ച് കത്തിക്കലും അവസാനിപ്പിക്കാനുമാവില്ല…
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: KT Kunjikkannan writes about the brutal murder in Thikkodi