| Monday, 17th January 2022, 9:20 pm

കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം; രണ്ടാം വിമോചന സമരത്തിന്റെ കാഹളം

കെ.ടി. കുഞ്ഞിക്കണ്ണന്‍

കേരള സര്‍ക്കാറിന്റെ കെ റെയിലുള്‍പ്പെടെയുള്ള വികസനപദ്ധതികള്‍ കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിനിധീകരിക്കുന്ന നിയോലിബറല്‍ നയങ്ങള്‍ക്കുള്ള ഇടതുപക്ഷത്തിന്റെ ബദല്‍ വികസന വീക്ഷണത്തിലധിഷ്ഠിതമാണ്. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്തെ രാഗേഷ് മോഹന്‍ കമ്മിറ്റി മുതല്‍ മോദി സര്‍ക്കാറിന്റെ ബിബേക് ദിബ്രോയ് കമ്മിറ്റി വരെ മുന്നോട്ടുവെച്ച ശിപാര്‍ശകള്‍, ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവല്‍ക്കരണ പ്രക്രിയയിലൂടെ ബഹുദൂരം മുന്നോട്ട് കൊണ്ടുപോയി സാധാരണക്കാര്‍ക്ക് സേവനങ്ങള്‍ അപ്രാപ്യമാക്കിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന കടുത്ത സ്വകാര്യവല്‍ക്കരണം റെയില്‍വെ വികസനത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 18ഓളം ഹോള്‍ഡിംഗ് കമ്പനികള്‍ക്ക് കീഴിലായിരിക്കുന്നു ഏഷ്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ! ടിക്കറ്റ് വില്‍പന മുതല്‍ സിഗ്‌നല്‍ സിസ്റ്റം വരെ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കമ്പനിവല്‍ക്കരിച്ച് കഴിഞ്ഞു. സര്‍ക്കാര്‍ റെയില്‍വെ രംഗത്ത് ഒരു നിക്ഷേപത്തിന് തയ്യാറല്ല.

റെയില്‍വെ സമ്പദ്ഘടനക്ക് വലിയ ഭാരമായിത്തീരും, എന്നാണ് ദിബ്രോയ് കമ്മിറ്റി സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് ന്യായമായി പറഞ്ഞിരിക്കുന്നത്. കേരളത്തിന്റെ പ്രത്യേക റെയില്‍വെ സോണുള്‍പ്പെടെ ഒരാവശ്യവും പരിഗണിക്കപ്പെടുന്നില്ല. ഈയൊരു പശ്ചാത്തലത്തില്‍ നിന്ന് വേണം കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ രൂപീകരണത്തെയും കേരളത്തിന്റെ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന കെ റെയില്‍ പദ്ധതിയെയും അതിനെതിരായി ഉയര്‍ന്നുവരുന്ന ആഗോളവല്‍ക്കരണവാദികളുടെയും മതതീവ്രവാദികളുടെയും ആക്രമണങ്ങളെയും പരിശോധനക്ക് വിധേയമാക്കേണ്ടത്.

കേരള സര്‍ക്കാറിന്റെ വികസനപദ്ധതികള്‍ക്കെതിരെ ബി.ജെ.പി, യു.ഡി.എഫ്, ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചരണങ്ങളുടെ തുടര്‍ച്ചയാണ് കെ റെയിലിനെതിരായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരവേലകളും. സംസ്ഥാന സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ക്കെതിരായി, ബി.ജെ.പി, യു.ഡി.എഫ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങി വികസനവിരുദ്ധരും വര്‍ഗീയവാദികളും കേവല പരിസ്ഥിതിവാദികളും പ്രച്ഛന്ന ഇടതുവായാടികളുമെല്ലാം ചേര്‍ന്ന് ഇടതുപക്ഷ സര്‍ക്കാറിനെതിരായി ആരംഭിച്ചിരിക്കുന്ന രണ്ടാം വിമോചനസമരത്തിന്റെ അശ്ലീലകരമായ ആക്രോശങ്ങളാണ് കെ റെയിലിനെ മുന്‍നിര്‍ത്തി ഇപ്പോള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. 

ഇന്നത്തെ കേരളത്തിന്റെ സാമൂഹ്യപുരോഗതിക്കും വികസനത്തിനും അടിത്തറയിട്ട 1957ലെ ഇ.എം.എസ് സര്‍ക്കാരിനെതിരെ, അമേരിക്കന്‍ സി.ഐ.എയുടെ പണം പറ്റി വിമോചനസമരം നടത്തിയ അതേ വലതുപക്ഷശക്തികള്‍ തന്നെയാണ് കെ റെയിലിനെതിരെയും സംസ്ഥാന സര്‍ക്കാറിന്റെ മറ്റ് വികസന പദ്ധതികള്‍ക്കെതിരെയും വിവാദങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ ഇളക്കിവിടാന്‍ നോക്കുന്നത്. 1957ലെ ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌ക്കരണ ബില്‍, വിദ്യാഭ്യാസ ബില്‍ തുടങ്ങി കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നടപടികള്‍ക്കെതിരായി സമരം ചെയ്തവരുടെ പിന്തുടര്‍ച്ചക്കാര്‍ തന്നെയാണ് സില്‍വര്‍ ലൈനിനെതിരെയും വസ്തുതാബന്ധമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.

എങ്ങനെയും ഇടതുപക്ഷ സര്‍ക്കാറിനെ അട്ടിമറിക്കണമെന്നാഗ്രഹിക്കുന്ന ഒരു നവ വലതുപക്ഷ കൂട്ടുകെട്ടാണിതെന്ന് തിരിച്ചറിയേണ്ടതുണ്ട്. നവസമ്പന്നവര്‍ഗങ്ങളുടെ പിന്‍ബലത്തില്‍ അക്രമോത്സുകരായിരിക്കുന്ന ഹിന്ദുത്വവാദികളും രാഷ്ടീയ ഇസ്‌ലാമിസ്റ്റുകളുമെല്ലാം ചേര്‍ന്ന കമ്യൂണിസ്റ്റ്‌വിരുദ്ധ മുന്നണിയാണിത്.

ബി.ജെ.പിയും കോണ്‍ഗ്രസുമുള്‍പ്പെടെയുള്ള വലതുപക്ഷ രാഷ്ട്രീയശക്തികളും വര്‍ഗീയ-മതതീവ്രവാദികളും പ്രച്ഛന്ന ഇടതുവായാടികളും ചേര്‍ന്ന വിധ്വംസകസഖ്യം സര്‍വ വികസനപദ്ധതികളെയും വിവാദമാക്കി കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നും അതിന് പിറകിലുള്ള നിക്ഷിപ്ത താല്‍പര്യങ്ങളെന്തെന്നും സാധാരണ ജനങ്ങളിലേക്കെത്തിച്ചുകൊണ്ട് വികസന വിരുദ്ധരായ പ്രതിലോമകാരികളെ ഒറ്റപ്പെടുത്തേണ്ടത് ഇടതുപക്ഷത്തിന്റെയും കേരളത്തിന്റെ ഭാവിയിലും വികസനത്തിലും താല്‍പര്യമുള്ള എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അതിനായി കെ റെയില്‍ പദ്ധതിയുടെ നേരും നുണയും വേര്‍തിരിച്ച് ജനങ്ങളിലേക്കെത്തിക്കേണ്ടതുമുണ്ട്.

അതിലേക്ക് കടക്കും മുമ്പ് ഒരു കാര്യം വ്യക്തമായി തന്നെ ആവര്‍ത്തിച്ചു പറയെട്ട, ഇടതുപക്ഷ സര്‍ക്കാറിനുണ്ടായ ഭരണത്തുടര്‍ച്ചയില്‍ അസഹിഷ്ണുക്കളായ കോണ്‍ഗ്രസ്-ലീഗ് മുന്നണി ഹിന്ദുത്വവാദികളും രാഷ്ടീയ ഇസ്‌ലാമിസ്റ്റുകളുമായി ചേര്‍ന്നു നടത്തുന്ന അട്ടിമറി ശ്രമങ്ങളുടെ ഭാഗമാണ് കെ റെയിലിനെതിരായ നുണപ്രചരണങ്ങളും ജനങ്ങളില്‍ ഭീതി പടര്‍ത്തി ഇളക്കിവിടാനുള്ള നീക്കങ്ങളുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

കഴിഞ്ഞ കുറേക്കാലമായി സര്‍ക്കാരിന്റെ എല്ലാ വികസനപദ്ധതികളെയും സംബന്ധിച്ച് വിവാദമുണ്ടാക്കുകയും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയുമാണ് ഹിന്ദുത്വശക്തികളും യു.ഡി.എഫും മൗദൂദിസ്റ്റ് തീവ്രവാദിസംഘങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന് ഒരു വിഭാഗം കുത്തക മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായവുമുണ്ട്.

ദേശീയപാത വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍ തൊട്ട് കിഫ്ബിയും ലൈഫ് മിഷന്‍ പദ്ധതിയും വരെ വിവാദമാക്കാനും കേരളത്തിന്റെ സാമൂഹ്യപുരോഗതിക്കും വികസനത്തിനും അനിവാര്യമായ ഇത്തരം പദ്ധതികള്‍ക്കെല്ലാം തുരങ്കം വെക്കാനുമാണ് ബി.ജെ.പിയും കോണ്‍ഗ്രസും ജമാഅത്തെ ഇസ്‌ലാമിയും ചേര്‍ന്ന വിധ്വംസകസഖ്യം തുടര്‍ച്ചയായി ശ്രമിച്ചിട്ടുള്ളത്.

ഇക്കൂട്ടരുടെ എല്ലാ കുത്തിത്തിരുപ്പുകളെയും മറികടന്ന്, ജനങ്ങളുമായി ചര്‍ച്ച ചെയ്ത്, ഉചിതമായ നഷ്ടപരിഹാരവും പുനരധിവാസ പദ്ധതിയും ഉറപ്പുവരുത്തി ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയും ദേശീയപാതക്കുള്ള സ്ഥലമെടുപ്പ് ഒരെതിര്‍പ്പുമില്ലാതെ നടന്നുകൊണ്ടിരിക്കുകയുമാണ്. എന്തെല്ലാം നുണപ്രചരണങ്ങളാണ് ഗെയിലിനെതിരെ അഴിച്ചുവിട്ടത്. ഭൂഗര്‍ഭ ബോംബാണെന്ന് വരെ തട്ടിവിട്ട് ജനങ്ങളെ ഇളക്കിവിട്ട് കലാപം പടര്‍ത്തി പദ്ധതിയെ തടയാനായിരുന്നല്ലോ ലീഗും മൗദൂദിസ്റ്റുകളും പോപ്പുലര്‍ ഫ്രണ്ടും കോണ്‍ഗ്രസും ബി.ജെ.പിയുമെല്ലാം ചേര്‍ന്ന് അക്കാലത്ത് നോക്കിയത്.

ഒന്നാം പിണറായി സര്‍ക്കാര്‍ നവകേരള നിര്‍മിതിക്കായി നടപ്പിലാക്കിയ അഭൂതപൂര്‍വമായ അടിസ്ഥാനസൗകര്യരംഗത്തെ വികസനപദ്ധതികളും ക്ഷേമപദ്ധതികളുമാണ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാക്കിയത്. കേന്ദ്രസര്‍ക്കാറിന്റെ നവഉദാരവല്‍ക്കരണ പരിഷ്‌കാരങ്ങള്‍ക്ക് ബദലായ ക്ഷേമോന്മുഖവും വികസനോന്മുഖവുമായ നയങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

നിപയും പ്രളയങ്ങളും കൊവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കുന്നതില്‍ ഈ സര്‍ക്കാര്‍ കാണിച്ച ആസൂത്രണവൈഭവവും ഇച്ഛാശക്തിയും ആഗോളതലത്തില്‍തന്നെ ശ്ലാഘിക്കപ്പെട്ടിട്ടുള്ളതാണ്.

എല്ലാ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ നിന്നും ഉല്‍പാദന-സേവന മേഖലകളില്‍ നിന്നും സര്‍ക്കാറുകള്‍ പിന്മാറുന്ന നിയോലിബറലിസത്തിന്റെ കാലത്ത്, ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ജനങ്ങള്‍ക്കാശ്വാസകരമായ ഇടപെടലും വികസനപദ്ധതികളും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ത്തന്നെ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. ഇത് കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയശക്തികളെയും അവര്‍ക്ക് പിറകിലുള്ള, ആഗോളവല്‍ക്കരണത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് തടിച്ചുകൊഴുക്കുന്ന, സമ്പന്നവിഭാഗങ്ങളെയും ബിസിനസ് ഗ്രൂപ്പുകളെയും അതൃപ്തരും പ്രകോപിതരുമാക്കിയിട്ടുണ്ട്.

നഷ്ടത്തിലാണെന്ന് പറഞ്ഞ് യു.ഡി.എഫ് സര്‍ക്കാര്‍ വില്‍പനക്ക് വെച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാരുടമസ്ഥതയില്‍ ലാഭകരമാക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. കോര്‍പറേറ്റുകളുടെ ലാഭമോഹങ്ങള്‍ക്കും പൊതുസമ്പത്ത് തട്ടിയെടുക്കാനുള്ള നീക്കങ്ങള്‍ക്കുമെതിരായി ശക്തമായ നില പാടുകളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് നയങ്ങളുടെ ഭാഗമായി വിറ്റഴിക്കപ്പെടുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളസര്‍ക്കാര്‍ തന്നെ വാങ്ങിയെടുത്തതും, തിരുവനന്തപുരം വിമാനത്താവളം ഗൗതം അദാനിക്ക് വില്‍ക്കുന്നതിനെതിരെ സര്‍ക്കാര്‍ പരസ്യമായി രംഗത്തുവന്നതും എല്ലാ നവലിബറല്‍ വാദികളെയും പ്രകോപിപ്പിച്ചിട്ടുണ്ട്.

അവരെല്ലാം ചേര്‍ന്നാണ് ഇപ്പോള്‍ കെ റെയിലിനെതിരായ നുണപ്രചരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ ഇളക്കിവിടാനുള്ള ഗൂഢാലോചനാപരമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പുരോഗമനശക്തികളും ബഹുജനങ്ങളാകെയും തിരിച്ചറിയണം. വര്‍ഗീയശക്തികളുടെയും യു.ഡി.എഫിന്റെയും അജണ്ട മനസ്സിലാക്കാതെ കേവലവും അശാസ്ത്രീയവുമായ പരിസ്ഥിതിവാദമുയര്‍ത്തി, വികസന പദ്ധതികള്‍ക്കെതിരെ ജനങ്ങളെ തിരിച്ചുവിടാന്‍ ശ്രമിക്കുന്നവര്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മാപ്പുസാക്ഷികളായി സ്വയം അധഃപതിക്കുകയാണെന്ന് തിരിച്ചറിയണം.

വര്‍ത്തമാന ലോകയാഥാര്‍ത്ഥ്യങ്ങള്‍ക്കകത്ത് നിന്നുകൊണ്ടും ഒരു സംസ്ഥാന സര്‍ക്കാറിന്റെ പരിമിതിക്കകത്ത് നിന്നുകൊണ്ടും കേരളം നേരിടുന്ന വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഇടപെടലുകളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. റെയില്‍വെ വികസനം ഉള്‍പ്പെടെ എല്ലാ ജനോപകാരപ്രദമായ സേവനമേഖലകളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറിക്കൊണ്ടിരിക്കുന്ന കടുത്ത സ്വകാര്യവല്‍ക്കരണ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എന്ന കമ്പനി രൂപീകരിച്ചിരിക്കുന്നതും പരിസ്ഥിതിസൗഹൃദപരമായ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കുന്നതും.

പദ്ധതിക്കെതിരെ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണവുമായി രംഗത്തിറങ്ങിയിരിക്കുന്നവര്‍ നിയോലിബറല്‍ നയങ്ങളുടെ വക്താക്കളും അതിന്റെ ഗുണഭോക്താക്കളായ മൂലധന ശക്തികളുമാണ്.

ഹിന്ദുത്വ വര്‍ഗീയവാദികളും ന്യൂനപക്ഷവര്‍ഗീയ-തീവ്രവാദി സംഘങ്ങളുമായി ഒരുപോലെ ബന്ധം പുലര്‍ത്തുന്ന, രാജ്യത്തിനകത്തും പുറത്തും വേരുകളുള്ള മൂലധനശക്തികളും വലതുപക്ഷ രാഷ്ട്രീയക്കാരുമാണ് കെ റെയില്‍ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ വികസന പദ്ധതികള്‍ക്കെതിരെ ജനങ്ങളെ തിരിച്ചുവിടാന്‍ ഗൂഢാലോചനാപരമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ ഭീമമായ എണ്ണ മാര്‍ക്കറ്റും ഓട്ടോമൊബൈല്‍ മാര്‍ക്കറ്റും കെ റെയില്‍ വരുന്നതോടെ തങ്ങള്‍ക്ക് നഷ്ടപ്പെടുമോയെന്ന് ഭയപ്പെടുന്ന പെട്രോളിയം കുത്തകകളും ഓട്ടോമൊബൈല്‍ കുത്തകകളും ഈ പദ്ധതി മുടക്കാന്‍ ശ്രമിക്കുന്നുണ്ടാകാമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമായാല്‍ പ്രതിദിനം റോഡ് ഉപയോഗിക്കുന്നവരില്‍ 43,000 പേര്‍ ഇതിലേക്ക് മാറുമെന്നാണ് കെ റെയിലിന് വേണ്ടിയുള്ള വിശദപഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 13,000ഓളം വാഹനങ്ങള്‍ ആദ്യവര്‍ഷം തന്നെ റോഡില്‍ നിന്നും ഒഴിവാകും. അതോടെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.

ട്രാഫിക് പഠനമനുസരിച്ച് 2010-11 കാലത്ത് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 6 ലക്ഷമാണ്. എന്നാല്‍ 2016- 18 ആകുമ്പോഴേക്കും അത് ഒരു കോടി 20 ലക്ഷമായി വര്‍ധിച്ചു. വാഹനസാന്ദ്രതക്കും റോഡപകടങ്ങള്‍ക്കും പരിഹാരമാകുന്ന സില്‍വര്‍ ലൈന്‍ പദ്ധതി സമ്പൂര്‍ണ്ണമായൊരു ഹരിത പദ്ധതിയാണ്. 530 കോടി രൂപയുടെ പെട്രോള്‍, ഡീസല്‍ ഇന്ധനം പ്രതിവര്‍ഷം ലാഭിക്കുന്ന ഈ പദ്ധതി വന്‍തോതില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പരിഹാരമുണ്ടാക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിയാണ്. എന്നാല്‍ റിലയന്‍സ്, എസ്സാര്‍ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള എണ്ണ കമ്പനികള്‍ക്കും ഓട്ടോമൊബൈല്‍ കമ്പനികള്‍ക്കും ഈ പദ്ധതി വലിയ ചേതമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

പ്രതിവര്‍ഷം 530 കോടി രൂപയുടെ പെട്രോളും ഡീസലും ഒഴിവാക്കാന്‍ കഴിയുന്ന കെ റെയില്‍ പോലൊരു പദ്ധതി കാര്‍ബണ്‍ ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള ബൃഹത്തായൊരു പദ്ധതിയായിരിക്കുമെന്ന കാര്യം എന്തുകൊണ്ടാണ് പരിസ്ഥിതിക്ക് വേണ്ടി സംസാരിക്കുന്നവര്‍ എന്ന് കരുതുന്ന പലര്‍ക്കും അംഗീകരിക്കാന്‍ കഴിയാതെ പോകുന്നത്? വിശദമായ പഠന റിപ്പോര്‍ട്ട് അനുസരിച്ച്, പദ്ധതി പൂര്‍ത്തിയായി ആദ്യത്തെ ഒരു വര്‍ഷം കൊണ്ട് 2,80,000 ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയും. 2030 ആകുമ്പോഴേക്കും 3,51,940 ടണ്‍ കാര്‍ബണ്‍ പുറംതള്ളലും 2053 ആകുമ്പോഴേക്കും 5,94,536 ടണ്‍ കാര്‍ബണ്‍ പുറന്തള്ളലും കുറക്കാനാവും.

അമേരിക്കയില്‍ എന്തുകൊണ്ടാണ് ഹൈസ്പീഡ് റെയില്‍പാത വികസനം നടക്കാത്തത്, എന്ന ചോദ്യത്തിന് ഒരു വിദഗ്ധന്‍ നല്‍കിയ മറുപടി വളരെ പ്രസക്തമാണ്. അമേരിക്കന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഓട്ടോമൊബൈല്‍ ഭീമന്‍ ജനറല്‍ മോട്ടേഴ്‌സും എണ്ണ ഭീമന്മാരായ എക്‌സ്സോണ്‍മോബിന്‍ പോലുള്ള കോര്‍പറേറ്റുകളുമാണ്. അവരുടെ വയറ്റത്തടിക്കുന്ന ഒന്നും അമേരിക്ക ചെയ്യില്ലല്ലോ, എന്നായിരുന്നു മറുപടി. പൊതുഗതാഗതമെന്ന നിലയില്‍ റെയില്‍ ഗതാഗത വികസനത്തിന് ഓട്ടോമൊബൈല്‍-എണ്ണക്കമ്പനികള്‍ എന്നും തടസമായിരിക്കുമെന്ന് അമേരിക്കന്‍ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മൂലധന താല്‍പര്യങ്ങളും വര്‍ഗീയ വലതുപക്ഷവും ചേര്‍ന്ന് ഇടതുപക്ഷ സര്‍ക്കാറിനെതിരെ രണ്ടാം വിമോചനസമരം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമോയെന്ന കുടില പരീക്ഷണങ്ങളിലേര്‍പ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ്, എന്നാണ് തിരിച്ചറിയേണ്ടത്. 1957ലെ ഇ.എം.എസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കുപ്രസിദ്ധമായ വിമോചനസമരം നടത്തിയവരുടെ പിന്തുടര്‍ച്ചക്കാര്‍ തന്നെയാണ് കാലം മാറിയതും നാടും പുതുതലമുറയും എങ്ങനെ ചിന്തിക്കുന്നുവെന്നതും മനസിലാക്കാതെ, വികസന പദ്ധതികള്‍ക്കെതിരെ കലാപഭീഷണി മുഴക്കി സ്വയം പരിഹാസ്യരായിക്കൊണ്ടിരിക്കുന്നത്. കെ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരെ സര്‍ക്കാറിനെതിരെ ഇളക്കിവിട്ട് കലാപമുണ്ടാക്കാമെന്നുള്ള അവരുടെ കണക്കുകൂട്ടലുകള്‍ നടക്കാന്‍ പോകുന്നില്ല.

                             കെ റെയിലിനെതിരായ സമരത്തില്‍ നിന്നുള്ള ദൃശ്യം

കേരളത്തിന്റെ വികസനത്തിനും സമാധാനത്തിനും ഭീഷണിയുയര്‍ത്തുന്ന ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ഹിന്ദുത്വതീവ്രവാദി സംഘങ്ങളെയും ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള മതതീവ്രവാദി സംഘങ്ങളെയും കൂട്ടുപിടിച്ച് യു.ഡി.എഫ് നടത്തുന്ന ഈ വിധ്വംസക നീക്കങ്ങള്‍ക്ക് അവര്‍ കേരളത്തിലെ ജനങ്ങളോട് ഉത്തരം പറയേണ്ടി വരും. സി.പി.ഐ.എം വിരോധികളായ കപട പരിസ്ഥിതിവാദികളെയും പ്രഛന്നവേഷധാരികളായ ഇടതുവായാടികളെയും അവര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ കേരളീയ സമൂഹം തള്ളിക്കളയുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അവരെല്ലാം ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചരണങ്ങളെ, വസ്തുതകളും വിവരങ്ങളും ജനങ്ങളിലെത്തിച്ചുകൊണ്ട് തുറന്നുകാട്ടാന്‍ എല്ലാ വിഭാഗത്തിലുംപെട്ട പുരോഗമനകാരികളും നാടിന്റെ വികസനമാഗ്രഹിക്കുന്നവരും ഒന്നിച്ച് ശ്രമിക്കേണ്ടതുണ്ട്.

തെറ്റായ രീതിയിലുള്ള പ്രചരണങ്ങളാണ് പദ്ധതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. കെ റെയില്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നും, വന്‍തോതില്‍ വീടുകളും കെട്ടിടങ്ങളും തകരുമെന്നും, കേരളത്തെ രണ്ടായി വിഭജിക്കുന്ന വന്‍മതിലാണെന്നുമൊക്കെയുള്ള നുണപ്രചരണങ്ങളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി ലോലപ്രദേശങ്ങളോ, വന്യജീവി സങ്കേതങ്ങളോ സില്‍വര്‍ലൈന്‍ പാത കടന്നുപോകുന്ന 540 കിലോമീറ്റര്‍ പ്രദേശങ്ങളില്ല.

പുഴകളുടെയോ, അരുവികളുടെയോ ഒഴുക്കിനെ ബാധിക്കുന്ന രീതിയിലല്ല പാത വിഭാവനം ചെയ്തിരിക്കുന്നത്. നെല്‍പാടങ്ങളില്‍ പാത കടന്നു പോകുന്നത് പാലങ്ങളിലൂടെയായതിനാല്‍ കൃഷിഭൂമിയെ കാര്യമായി ബാധിക്കില്ല. ഈ പദ്ധതിക്കാവശ്യമായി വരുന്നത് 15-25 മീറ്റര്‍ വരെ വീതിയിലുള്ള ഭൂമിയാണ്. 6 വരി പാത പണിയുവാന്‍ വേണ്ടി വരുന്ന ഭൂമിയുടെ വീതിയേക്കാള്‍ പകുതിയില്‍ കുറവ് ഭൂമി മാത്രം മതി.

ഇതിന് വേണ്ടിവരുന്ന കല്ല്, മണല്‍, മണ്ണ് എന്നിവ ദേശീയപാതാ നിര്‍മാണത്തിന് വരുന്നതിന്റെ പകുതിയോളം മാത്രമാകും. സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന 115 കിലോമീറ്റര്‍ പാടശേഖരങ്ങളില്‍ 88 കിലോമീറ്റര്‍ ആകാശപാതയിലൂടെയാണ് കടന്നുപോകുക. ജലാശയങ്ങളും, നീര്‍ത്തടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ പാലങ്ങളും കള്‍വര്‍ട്ടുകളും ഉണ്ടാവും. കേരളത്തെ രണ്ടായി വിഭജിക്കുമെന്നൊക്കെയുള്ള അതിശയകരമായ കഥകളാണ് കെ റെയില്‍ വിരുദ്ധര്‍ തട്ടിവിട്ട് കൊണ്ടിരിക്കുന്നത്.

എന്താണ് വസ്തുത? 530 കിലോമീറ്റര്‍ നീളമുള്ള ഈ പാതയുടെ 137 കിലോമീറ്റര്‍ ട്രാക്ക് തൂണുകളിലും തുരങ്കങ്ങളിലൂടെയുമാണ്. ഗ്രാമീണ റോഡുകളുള്‍പ്പെടെ നിലവിലുള്ള റോഡുകളിലും അടിപ്പാതകളോ മേല്‍പാലങ്ങളോ നിര്‍മിക്കും. ഓരോ 500 മീറ്ററിലും സ്വതന്ത്ര സഞ്ചാരത്തിന് സൗകര്യമുണ്ടാവും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലായതിനാല്‍ ഒരുക്കുന്ന സംരക്ഷണവേലിയെയാണ് ഇരുമ്പ് മതിലാവുമെന്നൊക്കെ പെരുപ്പിച്ച് ജനങ്ങളെ ആശങ്കപ്പെടുത്താന്‍ നോക്കുന്നത്.

ഈ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളില്‍ 9314 ഓളം കെട്ടിടങ്ങള്‍ നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. വീടുകളും കെട്ടിടങ്ങളും പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള അലൈയ്ന്‍മെന്റാണ് കെ റെയിലിനുവേണ്ടി തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടിലുള്ളത്. മാത്രമല്ല കെട്ടിടങ്ങള്‍ പരമാവധി ഒഴിവാക്കുന്നതും, വീടുകള്‍ പൊളിക്കാതെ മാറ്റി സ്ഥാപിക്കുന്നതുമുള്‍പ്പെടെയുള്ള സാങ്കേതികവിദ്യയും ഇതോടൊപ്പം ആസൂത്രണം ചെയ്തിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കല്‍ പരമാവധി കുറയ്ക്കാനായി കട്ട്& കവര്‍ നിര്‍മാണരീതി അവലംബിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭൂമി ഏറ്റെടുക്കുമ്പോള്‍, 2013ലെ ലാന്‍ഡ് അക്വിസേഷന്‍ നിയമമനുസരിച്ചുള്ള കൃത്യമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും പദ്ധതിപഠനരേഖ മുന്നോട്ടുവെച്ചിട്ടുണ്ട്. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും ഇന്നത്തെ വിലയില്‍ പുതിയ വീടും കെട്ടിടങ്ങളും പണിയാനുള്ള നഷ്ടപരിഹാരവും ഉറപ്പാക്കിയിട്ടുണ്ട്.

ഗ്രാമപ്രദേശങ്ങളില്‍ വിപണിവിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. സ്ഥലമേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി 13,265 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 1730 കോടി രൂപ പുനരധിവാസത്തിനും 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനുമായിട്ടാണ് നീക്കിവെച്ചിരിക്കുന്നത്.

                      കെ റെയിലിനെതിരെ നടന്ന മാര്‍ച്ചില്‍ നിന്നുള്ള ദൃശ്യം

പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഇല്ലാത്തതും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് സമ്പൂര്‍ണമായ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുവരുത്തുന്നതുമായ കെ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ടൂറിസം ഉള്‍പ്പെടെ നിരവധി ന്യൂജെന്‍ വ്യവസായങ്ങളും അതുവഴി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. നാല് മണിക്കൂര്‍ കൊണ്ട് കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേക്ക് എത്താന്‍ കഴിയുന്ന ഈ അര്‍ധ അതിവേഗ പാത, തൊഴില്‍, ബിസിനസ് രംഗങ്ങളിലുണ്ടാക്കാന്‍ പോകുന്ന വളര്‍ച്ച കേരളത്തിന്റെ സമ്പദ്ഘടനക്ക് വലിയ കുതിപ്പ് നല്‍കുന്നതാകും.

ഇതുവരെ നേടിയ നേട്ടങ്ങളെ സംരക്ഷിച്ചും അടിസ്ഥാന വിഭാഗങ്ങള്‍ക്കാവശ്യമായ ക്ഷേമപദ്ധതികള്‍ ഉറപ്പുവരുത്തിയും കേരളം ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയായി രൂപാന്തരപ്പെടുന്നതിന് കെ റെയില്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യരംഗത്തെ വികസനം അനിവാര്യമാണ്. അതിനായി ഇടതുപക്ഷസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന എല്ലാ വികസന പദ്ധതികള്‍ക്കും ശക്തമായ ജനപിന്തുണയുണ്ടാകണം.

വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത തെറ്റായ ആരോപണങ്ങള്‍ പദ്ധതിക്കെതിരെ ഉയര്‍ത്തി, ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വര്‍ഗീയ തീവ്രവാദസംഘങ്ങളെയും വലതുപക്ഷ രാഷ്ട്രീയക്കാരെയും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

ബജറ്റിന് പുറത്ത് പണം കണ്ടെത്തി അടിസ്ഥാനസൗകര്യ രംഗത്ത് വിസ്മയകരമായ കുതിപ്പുണ്ടാക്കിയ കിഫ്ബിക്കെതിരെ, കേരളം കടക്കെണിയിലാവുന്നുവെന്ന് ബഹളം വെച്ചവര്‍ തന്നെയാണ് കെ റെയിലിന് വായ്പ സ്വീകരിക്കുന്നതിനെതിരെയും ബഹളം വെച്ചുകൊണ്ടിരിക്കുന്നത്.

63,940.67 കോടി രൂപയാണ് പദ്ധതിക്ക് ചെലവായി കണക്കാക്കുന്നത്. ഇതില്‍ 6085 കോടി രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കേണ്ട നികുതി ഒഴിവാണ്. 975 കോടി രൂപ റെയില്‍വെയുടെ ഭൂമിയുടെ വിലയാണ്. കേന്ദ്ര റെയില്‍വെ വിഹിതം 2150 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം 3225 കോടി രൂപയും.

പൊതുജന ഓഹരി പങ്കാളിത്തത്തിലൂടെ 4,252 കോടി രൂപയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 33,700 കോടിയും സമാഹരിക്കും. വളരെ ചെറിയ പലിശക്ക് വായ്പ തരുന്ന എ.ഡി.ബി, ജൈക്ക ,എ.ഐ.ഐ.ബി, കെ.എഫ്.ഡബ്ല്യു എന്നീ ഏജന്‍സികളെ കേന്ദ്ര ധനകാര്യ മന്ത്രാലയം വഴി സമീപിച്ചു കഴിഞ്ഞു. 5 വര്‍ഷം വരെ തിരിച്ചടവുള്ള വായ്പയാണിത്. പലിശ വളരെ കുറഞ്ഞ നിരക്കിലുള്ള നിക്ഷേപ വായ്പകളാണിത്. ജൈക്കയുടെ പലിശ 2% മാണ്, എ.ഡി.ബിയുടേത് 1.5% മായിരിക്കും.

13,362 കോടി രൂപക്കായി (സ്ഥലമേറ്റെടുക്കുന്നതിനുള്ള കേരള സര്‍ക്കാര്‍ വിഹിതം) ഹഡ്‌കോ, കിഫ്ബി, ഇന്ത്യന്‍ റെയില്‍വെ, ഫിനാന്‍സ് കോര്‍പറേഷന്‍ എന്നിവയെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചു കഴിഞ്ഞു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിദേശവായ്പ സംബന്ധിച്ച് സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി പരിപാടി (2000ല്‍ പുതുക്കിയ) മുന്നോട്ട് വെച്ചിട്ടുള്ള സമീപന വ്യവസ്ഥകള്‍ക്കനുസൃതമായിട്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ മൂലധന സാങ്കേതികവിദ്യ രംഗങ്ങളിലെ നിക്ഷേപത്തിനായി വായ്പ എടുക്കുന്നതെന്ന് വലതുപക്ഷക്കാരുടെയും മതതീവ്രവാദികളുടെയും ഒക്ക ചങ്ങായിമാരായി അധ:പതിച്ച പ്രച്ഛന്ന ഇടതുവായാടികളോട് ഓതികൊടുത്തിട്ടൊരു കാര്യവുമില്ല. അവര്‍ ചെന്നായയുടെയും ആട്ടിന്‍കുട്ടിയുടെയും കഥയിലെ ചെന്നായയുടെ യുക്തിയില്‍ സി.പി.ഐ വിരോധം തീര്‍ത്തു കൊണ്ടിരിക്കുന്നവരാണ്.

മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സി.പി.ഐ.എം കേരളത്തില്‍ ഹൈ സ്പീഡ് നടപ്പാക്കുന്നതിലെ വൈരുധ്യാത്മകത പറഞ്ഞ് വലതുപക്ഷക്കാര്‍ തങ്ങളുടെ വികസന വിരുദ്ധ കുത്തിത്തിരിപ്പിന് ന്യായം ചമക്കുന്നുണ്ട്. എന്താണ് വസ്തുത? മഹാരാഷ്ട്രയിലെ മുംബൈ സബ് അര്‍ബനായ ജനസാന്ദ്രമായ നല്ലസോപ്പാറയില്‍ നഷ്ടപരിഹാരവും പുനരധിവാസവുമില്ലാതെ നടക്കുന്ന കുടിയൊഴിപ്പിക്കലിനെതിരെയാണ് കിസാന്‍ സഭയുടെയും സി.പി.ഐ.എമ്മിന്റെയും നേതൃത്വത്തില്‍ സമരം നടന്നത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമനുശാസിക്കുന്ന രീതിയിലെ കുടിയൊഴിപ്പിക്കല്‍ പാടുള്ളൂ, എന്ന നിലപാടാണ് മഹാരാഷ്ട്രയിലായാലും കേരളത്തിലായാലും സി.പി.ഐ.എമ്മിനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: KT Kunjikkannan writes about K Rail and the controversies

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more