ഹിരോഷിമയുടെ പൊള്ളുന്ന സ്മരണ ഇന്ന് ലോകം പുതുക്കുന്നത് സാമ്രാജ്യത്വത്തിന്റെ മനുഷ്യരാശിക്കെതിരായ തുടരുന്ന യുദ്ധഭീകരതയ്ക്കിടയിലാണ്. തങ്ങള്‍ക്കനഭിമതരായ രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും ഡിപ്ലിറ്റേഡ് യുറേനിയം ബോംബുകളും ജൈവരാസായുധങ്ങളും ഉപയോഗിച്ച് കൊന്നുകുട്ടുന്നതാണ് ഇറാഖിലും സിറിയയിലും ലിബിയയിലുമെല്ലാം ലോകം കണ്ടത്.
വീണ്ടുമൊരു ഹിരോഷിമ ദിനം കടന്നു പോകുന്നത് ഗസയിലെ 23 ലക്ഷത്തോളം വരുന്ന ഫലസ്തീനികളെ ഉന്മൂലനം ചെയ്യുന്ന ഇസ്രാഈല്‍ യുദ്ധഭീകരത തുടരുന്നതിനിടയിലാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ത്ഥനകളെയും യു.എന്‍ പ്രമേയങ്ങളെയും അവഗണിച്ചു കൊണ്ടാണ് യു.എസ് സഹായത്തോടെ ഫലസ്തീനികള്‍ക്കെതിരായ കൂട്ടക്കൊലകള്‍ തുടരുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 7ന് ആരംഭിച്ച സയണിസ്റ്റാക്രമണങ്ങള്‍ക്ക് പിറകില്‍ ഫലസ്തീനിനെ ഇല്ലാതാക്കി പശ്ചിമേഷ്യക്കകത്ത് ഇസ്രാഈലിനെ ഉപയോഗിച്ച് ആധിപത്യമുറപ്പിക്കാനുള്ള സാമ്രാജ്യത്വതാത്പര്യങ്ങളാണ്.
നാറ്റോയുടെ സൈനികാധിപത്യത്തിലേക്ക് ഭൂഖണ്ഡങ്ങളെയാകെ കുരുക്കിയെടുത്ത് തങ്ങളുടെ ലോകാധിപത്യം യാഥാര്‍ത്ഥ്യമാക്കാനുള്ള സാമ്രാജ്യത്വത്തിന്റെ നരമേധങ്ങള്‍ക്കിടയിലാണ് ഹിരോഷിമയുടെ ക്രൂരസ്മരണകള്‍ കടന്നുപോകുന്നത്.
സംശയരഹിതമായും പറയാം ഉക്രൈന്‍ ഉള്‍പ്പെടെയുള്ള യുദ്ധങ്ങളിലൂടെ അമേരിക്ക നാറ്റോ വിപുലനമാണ് ലക്ഷ്യം വെക്കുന്നത്. യുറോപ്പിനും റഷ്യക്കുമിടയിലെ വിഭവങ്ങളും വാണിജ്യ പാതകളും ഇന്ധന വിപണിയും ലക്ഷ്യം വെച്ചുള്ള അമേരിക്കന്‍ അധിനിവേശ മോഹങ്ങളാണ് ഉക്രൈനില്‍ ചോര വീഴ്ത്തുന്നത്, നരഹത്യകള്‍ നടത്തുന്നത്.
അതേസമയം തന്നെ ഒരു സാമ്പത്തിക സൈനികശക്തിയെന്ന നിലയില്‍ അമേരിക്കയുടെ ലോകാധിപത്യത്തിനും നവലോകക്രമത്തിനും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ചൈന നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രങ്ങളുടെ ശക്തികബന്ധങ്ങളില്‍ തന്നെ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ സംബന്ധിച്ച ചര്‍ച്ചകളും ഉയരുന്നുണ്ട്.
ഇറാന്‍ ഉള്‍പ്പെടെയുള്ള മധ്യപൂര്‍വദേശരാഷ്ട്രങ്ങളും സൗദി അറേബ്യയും പുതിയ കരാറുകളിലേക്കും ബന്ധങ്ങളിലേക്കും നീങ്ങുന്നതും ഉക്രൈന്‍ യുദ്ധവും ലോക ഇന്ധന വിപണിക്കുമേല്‍ അമേരിക്കയുടെ പങ്കും വിതരണവും നേരിടുന്ന പ്രതിസന്ധിയും ലോക വ്യാപാരത്തില്‍ ചൈന നേടുന്ന മേല്‍ക്കൈയും ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ഫലസ്തീന്‍ പ്രശ്‌നത്തില്‍ ചൈന നടത്തിയ ഇടപെടല്‍ യു.എസ് സാമ്രാജ്യത്വത്തെ വലിയ രീതിയില്‍ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
ഹമാസും ഫത്താ പാര്‍ടിയും ഉള്‍പ്പടെ 14 ഫലസ്തീന്‍ സംഘടനകളെ ബീജിങ്ങിലേക്ക് വിളിച്ചു വരുത്തിയതും യുണൈറ്റഡ് ഫലസ്തീന്‍ രൂപീകരിക്കണമെന്ന നിര്‍ദേശവും പരിഹാരമില്ലാതെ തുടരുന്ന പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയനത്തിനും ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുന്നതിനുമുള്ള നിര്‍ണായക നീക്കമായിട്ടാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ കാണുന്നത്.
സോവിയറ്റ് യൂണിയന്റെ തിരോധാനത്തിന് ശേഷം യു.എസ് സയണിസ്റ്റ് കൂട്ടുകെട്ടിനെതിരായ ശക്തമായൊരു നീക്കമാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
ഇതിനെയെല്ലാം മറികടക്കാന്‍ ക്വാഡ് എന്ന ചൈനാവിരുദ്ധ ചതുര്‍ രാഷ്ട്ര സൈനിക സഖ്യത്തെ ശക്തിപ്പെടുത്താനുള്ള ആലോചനകളും നീക്കങ്ങളും അമേരിക്കയും കൂട്ടാളികളും സജീവമാക്കിയിട്ടുണ്ട്.
നാറ്റോയുടെ സൈനിക വിപുലനം ശക്തിപ്പെടുത്തുവാനും പുതിയ യുദ്ധ മുഖങ്ങള്‍ തുറക്കുവാനുമാണ് അമേരിക്ക നിരന്തരം നോക്കുന്നത്. ആണവബോംബിട്ട് സ്വന്തം രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരെ കൂട്ടക്കൊല ചെയ്ത, ഹിരോഷിമയും നാഗസാക്കിയും സൃഷ്ടിച്ച അമേരിക്കയുടെ ക്വാഡിലും നാറ്റോ സഖ്യത്തിലും ജപ്പാനും അംഗമായിരിക്കുകയാണെന്ന വിപര്യയങ്ങളും ഇതിനിടയില്‍ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്.
എന്തൊരു വിരോദാഭാസമാണിത്! ഭരണഘടനാപരമായി തന്നെ സൈനികവത്കരണം പാടില്ലെന്ന വ്യവസ്ഥ അംഗീകരിച്ച ജപ്പാന്‍ അതിന്റെ പ്രഖ്യാപിത നിലപാട് തള്ളി സൈനികവത്കരണത്തിനുള്ള ഭരണഘടനാഭേദഗതി കൊണ്ടുവരികയാണ്.
ജപ്പാന്‍ ഹിരോഷിമയുടെയും നാഗസാക്കിയുടെയും ക്രൂരാനുഭവങ്ങള്‍ മറന്നു നാറ്റോയുടെ ഭാഗമാവുന്നു.
ഹിരോഷിമയും നാഗസാക്കിയും ആണവാഗ്‌നിയില്‍ ലോകത്തെ വിറപ്പിച്ച അമേരിക്കയുടെ ലോകാധിപത്യ പ്രഖ്യാപനമായിരുന്നു….
പരാജയപ്പെട്ട ജപ്പാനുമേല്‍ അണുബോംബ് വര്‍ഷിച്ച് ഹിരോഷിമാ നഗരത്തില്‍ രണ്ടര ലക്ഷം മനുഷ്യരെയാണ് കൂട്ടക്കൊല ചെയ്തത്.
ഒരു നഗരമാകെ വെന്തു വെണ്ണീറായി….
ആഗസ്ത് 9ന് നാഗസാക്കിയിലും ഈ മഹാപാതകം ആവര്‍ത്തിച്ചു. ഒന്നര ലക്ഷത്തോളം മനുഷ്യര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. അണുപ്രസരണം സൃഷ്ടിച്ച മാറാവ്യാധികളും ജനിതക വൈകല്യങ്ങളും പേറി തലമുറകള്‍….
ലോകം ആണവ ഭീകരതയുടെ സ്മരണ പുതുക്കുമ്പോള്‍ മാരകമായ യുദ്ധോപകരണങ്ങളും അതിനെക്കാള്‍ മാരകമായ വര്‍ഗീയ, വംശീയ ബോംബുകളും നിര്‍മിച്ച് മനുഷ്യരാശിക്ക് നേരെ മരണഭീഷണി തുടരുകയാണ് സാമ്രാജ്യത്വ അധിനായകന്മാരും അവരുടെ സാമന്തന്മാരും.
Content Highlight: KT Kunjikkannan writes about Hiroshima Day