ദേശീയ സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത് ബ്രിട്ടീഷ് അധിനിവേശത്തിന് പാദസേവ ചെയ്ത രാജ്യദ്രോഹിയായ സവര്‍ക്കര്‍ക്ക് ചരിത്രത്തില്‍ മിര്‍ ജാഫറുമായിട്ട് മാത്രമെ താരതമ്യം സാധ്യമാവൂ. ആരായിരുന്നു ചരിത്രത്തിലെ സവര്‍ക്കറുടെ വംശത്തിന് തുടക്കമിട്ട മിര്‍ ജാഫര്‍?
അതിദേശീയതയും മുസ്‌ലിം-കമ്യൂണിസ്റ്റ് വിരോധവും തിളപ്പിച്ച് വര്‍ഗീയത കാറിതുപ്പി നടക്കുന്ന സംഘികള്‍ക്ക് ചിലപ്പോള്‍ സ്വന്തം വംശചരിത്രമറിഞ്ഞു കൊള്ളണമെന്നില്ല. അവര്‍ പിന്തുടരുന്ന രാജ്യദ്രോഹികളുടെ വംശചരിത്രത്തെക്കുറിച്ചുള്ള അജ്ഞത സൃഷ്ടിച്ചാണല്ലോ സംഘികള്‍ തങ്ങള്‍ക്ക് അനഭിമതരായ ജനവിഭാഗങ്ങളെയും പ്രസ്ഥാനങ്ങളെയും രാജ്യദ്രോഹികളാക്കി മുദ്രകുത്തി വേട്ടയാടി കൊണ്ടിരിക്കുന്നത്.
ഇന്ത്യയില്‍ ബ്രിട്ടീഷ് അധികാരത്തിന് അടിത്തറയിട്ട പ്ലാസിയുദ്ധത്തില്‍ ബംഗാളിലെ നവാബായിരുന്ന സിറാജ് ദൗളയുടെ തലയരിഞ്ഞിടാന്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് സൗകര്യമൊരുക്കി കൊടുത്ത വഞ്ചകനായിരുന്നു മിര്‍ജാഫര്‍.
അതെ,സ്വന്തം നവാബിനെ ചതിയിലൂടെ വധിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് സൗകര്യമൊരുക്കി കൊടുത്ത സംഘികള്‍ക്ക് മാത്രം പഥ്യമായ വഞ്ചനയുടെയും ദേശദ്രോഹത്തിന്റെയും ചരിത്രത്തിന് തുടക്കമിട്ട ബ്രിട്ടീഷ് ഏജന്റ്. മിര്‍ജാഫര്‍ ബംഗാളിലെ നവാബായിരുന്ന സിറാജ് ദൗളയുടെ സേനാധിപനായിരുന്നു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെയും വ്യാപാരതന്ത്രങ്ങള്‍ക്കും ഉടമ്പടികള്‍ക്കും വഴങ്ങി കൊടുക്കാന്‍ വിസമ്മതിച്ച ദേശാഭിമാനിയായ നവാബിനെ നേരിട്ടുള്ള യുദ്ധത്തിലൂടെ കീഴടക്കാനാവാതെ ബ്രിട്ടീഷുകാര്‍ കുഴഞ്ഞ സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ സേനാധിപനായ മിര്‍ ജാഫറെ സ്വാധീനിക്കുന്നതും പ്രലോഭനങ്ങളിലൂടെ വശത്താക്കുന്നതും.
അങ്ങനെയാണ് നേരിട്ടുള്ള യുദ്ധത്തിലൂടെ തോല്പിക്കാനാവാത്ത സിറാജ് ദൗളയെ അവര്‍ പ്ലാസിയിലെ ചതുപ്പുനിലങ്ങളില്‍ അരിഞ്ഞിടുന്നത്. കല്‍ക്കത്ത ആസ്ഥാനമാക്കി ഇന്ത്യയാകെ അധിനിവേശ ഭരണത്തിന് കീഴിലാക്കുന്നത്.
സവര്‍ക്കറും അദ്ദേഹത്തിന്റെ ഹിന്ദുമഹാസഭയും പിന്നീട് അതിന്റെ സേനാദളമായി രൂപം കൊണ്ട ആര്‍.എസ്.എസും കൊളോണിയല്‍ അധികാരത്തെ ഇന്ത്യയില്‍ ശാശ്വതീകരിച്ചു നിര്‍ത്താനാവശ്യമായ ബ്രിട്ടീഷ് തന്ത്രങ്ങളുടെ കരുക്കങ്ങളായാണ് പ്രവര്‍ത്തിച്ചത്.
സവര്‍ക്കറും മുംഞ്ജയും ഹെഡ്‌ഗെവാറും ഗോള്‍വാക്കറും മിര്‍ജാഫറുടെ പാതയില്‍ സഞ്ചരിച്ചവരാണ്. അവരെന്നും കൊളോണിയില്‍ വിരുദ്ധ പോരാളികളെ അസഹിഷ്ണുതയോടെ മാത്രം കണ്ടവരാണ്.
അധിനിവേശ വിരുദ്ധപോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചകുഞ്ഞാലിമരക്കാര്‍ തൊട്ട് ഗാന്ധിജി വരെയുള്ള പാശ്ചാത്യ-സാമ്രാജ്യത്വത്തിനെതിരായി പോരാടിയ ദേശീയവാദികളെയവര്‍ ശത്രുതയോടെയാണെന്നും കണ്ടിട്ടുള്ളത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവന്‍ നല്‍കി പോരാടിയ ദേശാഭിമാനികളും സ്വാതന്ത്ര്യ സ്‌നേഹികളുമായ ടിപ്പുവിനെയും ആലി മുസലിയാരെയും വാരിയംകുന്നനെയുമെല്ലാമവര്‍ ഹിന്ദു വിരുദ്ധരായി ചിത്രീകരിച്ച് മഹത്തായ ദേശീയ സമരങ്ങളെയും രക്തസാക്ഷികളെയും അപമാനിക്കുകയും തങ്ങളുടെ മാപ്പര്‍ഹിക്കുന്ന സാമ്രാജ്യത്വ സേവയുടെ കുറ്റകരവും അപമാനകരവുമായ ചരിത്രത്തെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.
സവര്‍ക്കറുടെ കുപ്രസിദ്ധങ്ങളായി തീര്‍ന്ന 6 മാപ്പപേക്ഷകളും തന്നെ അന്തമാന്‍ ജയിലില്‍ നിന്നും വിട്ടയക്കാന്‍ കനിവുണ്ടാകണമെന്ന കേവലമായ ദയാഹര്‍ജികളായിരുന്നില്ലല്ലോ. അത് ബ്രിട്ടീഷ് ക്രൗണിന്റെ മഹാത്മ്യവര്‍ണ്ണനകളിലും വെള്ളക്കാരന്റെ ലോകാധികാരത്തെ കുറിച്ചുള്ള സ്തുതിവചനങ്ങളിലും അഭിരമിക്കുന്ന ഒരു ദേശദ്രോഹിയുടെ സാഹിത്യ പ്രകാശന രേഖയായിട്ടാണല്ലോ ഇന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് വായിച്ചെടുക്കേണ്ടി വരിക.
ദേശീയാധികാരം കയ്യാളുന്ന പാര്‍ട്ടിയുടെയും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും താത്വികാചര്യന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്തവനും മാപ്പെഴുതി കൊടുത്ത് ജയിലില്‍ നിന്നും പുറത്തു വന്ന് ബ്രിട്ടീഷുകര്‍ക്ക് പാദസേവ ചെയ്തവനുമാണെന്ന അപമാനകരവും അനിഷേധ്യവുമായ ചരിത്രം സംഘികളെ വല്ലാതെ അലട്ടുന്നുണ്ട്.
അതിനെ മറികടക്കാനുള്ള ചരിത്രത്തിന്റെ അപനിര്‍മ്മാണമാണ് യുക്തിരഹിതവും വസ്തുതാബലമില്ലാത്തതുമായ വാദങ്ങളിലൂടെ സംഘികള്‍ നടത്തി കൊണ്ടിരിക്കുന്നത്. വളരെ പരിഹാസ്യമാണ് ഇത്തരം ശ്രമങ്ങളാളെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന തന്നെ ഇപ്പോള്‍ തുറന്നു കാണിച്ചിരിക്കുന്നത്.
ഗാന്ധിജിയുടെ ഉപദേശമനുസരിച്ചായിരുന്നു സവര്‍ക്കറുടെ മാപ്പപേക്ഷയെന്നൊക്കെ തട്ടി വിട്ട് തങ്ങളുടെ ആചാര്യന്റ കൊളോണിയല്‍ സേവയുടെ ചരിത്രത്തെ വെളുപ്പിച്ചെടുക്കാന്‍ സംഘികള്‍ നടത്തുന്ന ശ്രമങ്ങള്‍ പിടിക്കപ്പെട്ട ഒരു കള്ളന്റെ ഒഴിവുകഴിവ് പറഞ്ഞു രക്ഷപ്പെടാനുള്ള പരിഹാസ്യമായ കൗശല പ്രയോഗങ്ങള്‍ മാത്രമായിട്ടേ സാധാരണ ഗതിയില്‍ കാണേണ്ടതുള്ളു.
പക്ഷെ,ഒരു നുണയന്‍ സമൂഹത്തിന്റെ പിച്ചും പേയും പറച്ചിലപ്പുറം ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അത് ചരിത്രത്തിന്റെ അപനിര്‍മ്മിതിയിലൂടെ ജനാധിപത്യദേശീയതക്കും പുരോഗമന ആശയങ്ങള്‍ക്കും എതിര്‍ദിശയില്‍ നിര്‍മ്മിച്ചെടുക്കുന്ന ഹിന്ദുത്വ ഫാസിസത്തിനാവശ്യമായ പ്രത്യയശാസ്ത്ര നിര്‍മ്മിതിയാണെന്നും തിരിച്ചറിയേണ്ടതുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: KT Kunjikkannan VD Savarkar Mir Jafar