| Sunday, 23rd October 2016, 9:52 am

ആദിവാസികള്‍ക്കെതിരായ പരാമര്‍ശം: മന്ത്രി ബാലനെതിരെ സുനില്‍ പി. ഇളയിടവും കെ.ടി കുഞ്ഞിക്കണ്ണനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീകള്‍, ആദിവാസി ദളിത് വിഭാഗങ്ങങ്ങളെ തുല്യ പൗരരായി കാണാത്തവരേണ്യപുരുഷാധിപത്യ ധാരണകളുടെ തികട്ടലുകള്‍ സാധാരണ സംഭാഷണങ്ങളില്‍ മാത്രമല്ല നിയമസഭാപ്രസംഗങ്ങളില്‍ പോലും പ്രതിഫലിക്കപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് കെ.ടി കുഞ്ഞിക്കണ്ണന്‍ രംഗത്തെത്തിയത്.


കോഴിക്കോട്: ആദിവാസികളെ അധിക്ഷേപിക്കുന്ന തരത്തില്‍ നിയമസഭയില്‍ സംസാരിച്ച മന്ത്രി എ.കെ ബാലനെതിരെ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം കെ.ടി കുഞ്ഞിക്കണ്ണനും പ്രമുഖ ഇടതുപക്ഷ ചിന്തകന്‍ സുനില്‍ പി. ഇളയിടവും രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും മന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

സ്ത്രീകള്‍, ആദിവാസി ദളിത് വിഭാഗങ്ങങ്ങളെ തുല്യ പൗരരായി കാണാത്തവരേണ്യപുരുഷാധിപത്യ ധാരണകളുടെ തികട്ടലുകള്‍ സാധാരണ സംഭാഷണങ്ങളില്‍ മാത്രമല്ല നിയമസഭാപ്രസംഗങ്ങളില്‍ പോലും പ്രതിഫലിക്കപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് കെ.ടി കുഞ്ഞിക്കണ്ണന്‍ രംഗത്തെത്തിയത്. നമ്മുടെ ഭാഷയിലും പ്രേക്ഷണങ്ങളിലും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ വേണമെന്ന ഉപദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്.

ജനാധിപത്യത്തെ ഒരു ഔപചാരിക സംവിധാനം മാത്രമായി നവലിബറല്‍ ബൂര്‍ഷ്വാസി പരിമിതപ്പെടുത്തിക്കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ആദിവാസി സ്ത്രീകളുടെ ഗര്‍ഭഛിദ്രത്തിലും പട്ടണി മരണത്തിലും ഇടതുപക്ഷത്തിന് ഉത്തരവാദിത്തവും ധാര്‍മ്മിക ബാധ്യതയുമുണ്ടെന്ന് സുനില്‍ പി. ഇളയിടം ചൂണ്ടിക്കാട്ടുന്നു. നിയമസഭയിലെ ദുസ്സൂചനകള്‍ നിറഞ്ഞ ഫലതങ്ങളും ചിരികളുമായി അത് മാറിക്കൂടെന്നും സുനില്‍ പി. ഇളയിടം ഓര്‍മ്മിപ്പിക്കുന്നു.

നാം കാലങ്ങളായി മിഥ്യാഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചുപോരുന്ന കേരളീയ വികസന മാതൃകയുടെ ഇരകള്‍ കൂടിയാണ് ആദിവാസികളും ദളിതരും എന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

“സ്വാശ്രയ ഫീസിനെച്ചൊല്ലി കേരളത്തിലുണ്ടായ ചര്‍ച്ചകളുടെ പത്തിലൊന്നു പോലും ആദിവാസികളുടെ പട്ടിണി മരണമോ ഭൂപ്രശ്‌നമോ ഇവിടെ ഉളവാക്കിയിട്ടില്ല. ഒരു ജനതയെന്ന നിലയില്‍ കേരളീയരെയാകെ അപമാനത്തിലാഴ്‌ത്തേണ്ട ഒരു കാര്യമാണത്. നിര്‍ഭാഗ്യവശാല്‍ അതിനെച്ചൊല്ലിയാണ് നിയമസഭയില്‍ ഫലിതവും ചിരിയും മുഴങ്ങിയത്!” അദ്ദേഹം കുറ്റപ്പെടുത്തുന്നു.

മന്ത്രി ബാലനെ വിമര്‍ശിച്ച് കെ.എ ഷാജി നവമലയാളിയില്‍ എഴുതിയ “മന്ത്രി അറിയാന്‍: അട്ടപ്പാടിയിലെ ചില പ്രശ്‌നഗര്‍ഭങ്ങള്‍” എന്ന ലേഖനം സുനില്‍ ഇളയിടം തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more