| Saturday, 29th January 2022, 12:37 pm

ഇടതുപക്ഷ വിരുദ്ധതയുടെ ഒതളങ്ങാ വര്‍ത്തമാനം മാത്രമാണ് കാരശ്ശേരി

കെ.ടി. കുഞ്ഞിക്കണ്ണന്‍

വിമര്‍ശനങ്ങള്‍ സംവാദാത്മകമാവുന്നത് വസ്തുതകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സംസാരിക്കുമ്പോഴാണ്. തര്‍ക്കിക്കാനും തോല്‍പിക്കാനുമല്ലാതെ അറിയാനും അറിയിക്കാനുമായി വാദപ്രതിവാദങ്ങള്‍ ഉന്നയിക്കുമ്പോഴാണ് ആരോഗ്യകരമായ രാഷ്ട്രീയ സംവാദങ്ങളിലേക്ക് കടക്കാനാവുക, ശരിയായ വികസന-പരിസ്ഥിതി വ്യവഹാരങ്ങളിലേക്ക് സമൂഹത്തെ നയിക്കാനാവുക.

എന്നാല്‍ ആരും പിടിച്ച് കെട്ടില്ലെന്ന വിശ്വാസത്തില്‍, ഏത് വിഷയത്തിലും എവിടെയും ഓടിക്കയറിയും ആര്‍ക്കെതിരെയും കൊമ്പു കൂര്‍പ്പിക്കുന്ന വിശുദ്ധകാളകളാണ് തങ്ങളെന്ന് ധരിച്ച് വെച്ചിരിക്കുന്ന സ്വതന്ത്രനിരീക്ഷകര്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസില്‍, കെ റെയിലിനെതിരായ തന്റെ എതിര്‍പ്പിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്ന കാരശ്ശേരി മാഷിന്റെ വാദങ്ങള്‍ കേട്ടപ്പോള്‍ പുച്ഛത്തെക്കാളേറെ സങ്കടമാണ് തോന്നിയത്. ആരാലും ഓഡിറ്റ് ചെയ്യപ്പെടില്ലെന്ന ധൈര്യത്തില്‍ അസ്പഷ്ട ധാരണകളും ആരെല്ലാമോ പറഞ്ഞുകേട്ട പൊട്ട വിവരങ്ങളും ആധികാരിക വസ്തുതകളാണെന്ന നിലയില്‍ ചിരിച്ചും കഥകള്‍ ഉദ്ധരിച്ചും വിളമ്പുകയാണല്ലോ മാഷ്. ഒരു ഇടതുപക്ഷവിരുദ്ധന്റ ഒതളങ്ങാ വര്‍ത്തമാനമെന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയുക?

വസ്‌തുനിഷ്ഠതയുടെയും സത്യാന്വേഷണത്തിന്റെയും വ്യവഹാര മണ്ഡലമാണ് മാധ്യമ പ്രവര്‍ത്തനത്തിന്‍റേതെന്ന് എന്നോ മറന്നുപോയ കുത്തകമാധ്യമങ്ങള്‍ ആവശ്യപ്പെടുന്നതെന്തും സമ്മതിച്ച് കൊടുക്കുന്നവരായി സ്വയം അധ:പതിച്ചു പോയവരാണ് നമ്മുടെ അന്തിചര്‍ച്ചക്ക് എത്തുന്ന സ്വതന്ത്രനിരീക്ഷക കേസരികള്‍. ഇടതുപക്ഷ വിരുദ്ധമായ പൊതുബോധ നിര്‍മിതിക്കുള്ള കരുക്കളായിട്ടാണ് മാധ്യമങ്ങള്‍ ഇക്കൂട്ടരെ ചാനല്‍ മുറികളിലിരുത്തുന്നത്.

വികസിതവും നീതിപൂര്‍വവുമായ ഒരു ഭാവി സമൂഹത്തിന് വേണ്ടിയുള്ള സമരമാണ് പലതായ സാമൂഹ്യ രാഷ്ട്രീയ ചിന്താപദ്ധതികള്‍ക്കും തത്വസംഹിതകള്‍ക്കും ജന്മം നല്‍കിയിട്ടുള്ളതെന്നൊന്നും മനസിലാക്കിയിട്ടില്ലാത്ത, കമ്യൂണിസ്റ്റ് വിരോധം മൂലധനമാക്കിയവരാണിവര്‍.

പുരോഗതിക്ക് തടസം നില്ക്കുന്ന ഭൗതിക ബന്ധങ്ങളെ ശാശ്വതീകരിച്ച് നിര്‍ത്തുന്ന എല്ലാ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കും മൂല്യവ്യവസ്ഥകള്‍ക്കും സാധൂകരണം ചമക്കുന്നവര്‍. ഇത്തരം വലതുപക്ഷ വാമനന്മാര്‍ക്കെതിരായിട്ട് കൂടിയുള്ള വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളിലൂടെ മാത്രമെ മാറ്റവും മെച്ചപ്പെട്ട ജീവിതവും മലയാളികള്‍ക്ക് സ്വായത്തമാക്കാനാവൂ…

ഭിന്നവര്‍ഗങ്ങളും സാമൂഹ്യശക്തികളും വിഭാഗങ്ങളും തമ്മിലുള്ള കടുത്ത സമരത്തിലൂടെ തന്നെയാണ് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രശ്‌നങ്ങള്‍ പരമപ്രധാനമായി തീരുന്നത്. വിധി നിര്‍ണായകമായൊരു ചരിത്രപ്രക്രിയയില്‍ ആരും സ്വതന്ത്രരും നിരീക്ഷകരുമല്ലായെന്നതാണ് പരമപ്രധാനമായ സത്യം. ഈയൊരു യാഥാര്‍ത്ഥ്യത്തെയാണ് ആഗോളവല്‍ക്കരണകാലത്തെ മാധ്യമങ്ങളും അവയുടെ പരിലാളനയില്‍ മുളച്ചുപൊങ്ങുന്ന ബുദ്ധിജീവികളും അജ്ഞതയില്‍ നിര്‍ത്തുന്നത്.

ഫൈനാന്‍സ് മൂലധനത്തിന്റെ സംരക്ഷകരായ വലതുപക്ഷ രാഷ്ട്രീയത്തിന് സംഭവിക്കുന്ന അപചയത്തെ ഇടതുപക്ഷത്തിനെതിരായ അപവാദ പ്രചരണങ്ങളിലൂടെ മറച്ചുപിടിക്കാനുള്ള കൗശലബുദ്ധിയുടെ ദാതാക്കളാണ്, നമ്മള്‍ മാധ്യമങ്ങളില്‍ കാണുന്ന ഈ സ്വതന്ത്ര രാഷ്ടീയ നിരീക്ഷകരായി പ്രത്യക്ഷപ്പെടുന്നവരില്‍ ഭൂരിഭാഗമാളുകളും.

വ്യക്തിപരമായി ഒരു ധാര്‍മികതയും സൂക്ഷിക്കേണ്ടതില്ലെന്നും ഒരു സോഷ്യല്‍ ഓഡിറ്റിംഗിനും വിധേയരാവേണ്ടതില്ലെന്നും ചിന്തിക്കുന്ന വിശുദ്ധകാളകളാണ് തങ്ങളെന്ന് സ്വയം ധരിച്ച് വെച്ചിരിക്കുന്നവരാണവര്‍.


Content Highlight: KT Kunjikkannan reply to MN Karassery on K rail issue

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more