| Tuesday, 21st January 2020, 1:51 pm

ഹൈന്ദവ വംശീയവാദത്തിന്റെ മാപ്പുസാക്ഷികള്‍; ആര്യാടന്‍ മുഹമ്മദിന് കെ.ടി കുഞ്ഞിക്കണ്ണന്റെ മറുപടി

കെ.ടി. കുഞ്ഞിക്കണ്ണന്‍

കോണ്‍ഗ്രസ് നേതാവ് ബഹുമാനപ്പെട്ട ആര്യാടന്‍ മുഹമ്മദിന്റെ ഒരു പ്രസംഗം ഓണ്‍ലൈനില്‍ കേള്‍ക്കാനിടയായി. അദ്ദേഹം ഹൈന്ദവ വംശീയവാദത്തിന്റെ മാപ്പുസാക്ഷിയെപ്പോലെയാണ് സംസാരിക്കുന്നത്. ഹൈന്ദവ വംശാവലിയില്‍പ്പെട്ടവരാണ് മുസ്‌ലിങ്ങളെന്ന് ആര്യാടനെപ്പോലൊരു രാഷ്ട്രീയ നേതാവിന് സംസാരിക്കേണ്ടിവരുന്ന സാഹചര്യത്തെ മനസ്സിലാക്കാവുന്നതേയുള്ളൂ.

അദ്ദേഹത്തിന്റെ വാദങ്ങള്‍ വിചിത്രവും പൗരത്വത്തെ മതാടിസ്ഥാനത്തിലാക്കിയ ഹിന്ദുത്വവാദികളോടുള്ള മൃദുസമീപനം പുലര്‍ത്തുന്നതുമാണ്. ബ്രാഹ്മണാധികാരവും ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരും കാലാകാലങ്ങളിലായി അടിച്ചേല്‍പ്പിച്ച ആശയാധീശത്വമാണ് ആര്യാടനെപ്പോലുള്ളവരെ കൊണ്ടുപോലും ഇന്ത്യയിലെ ആദിമവംശം ഹിന്ദുക്കളാണെന്ന് പറയിപ്പിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യമെമ്പാടും അലയടിക്കുന്ന മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെയും ന്യൂനപക്ഷ ജനസമൂഹങ്ങളുടെയും സമരത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് ആര്യാടന്റെ നിരീക്ഷണങ്ങളെന്നു തോന്നുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തെ നിര്‍ണയിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെ ചെറിയൊരളവില്‍ ന്യായീകരിക്കാനുള്ള ശ്രമമാണോ ആര്യാടന്‍ നടത്തിയതെന്ന് പ്രസംഗം കേട്ടപ്പോള്‍ സംശയിച്ചുപോയി.

അദ്ദേഹം പറഞ്ഞത് മുസ്‌ലിങ്ങളുടേയെല്ലാം പൂര്‍വ്വികര്‍ ഹിന്ദുക്കളാണെന്നാണ്. വിശാലമായ ഒരര്‍ത്ഥത്തില്‍ ശരിയാണ്. ആധുനിക നരവംശശാസ്ത്രപഠനങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കറുത്തവരും വെളുത്തവരും ഒരേ വംശത്തില്‍പ്പെട്ടവരാണ്.

ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്യാടന്റെ വാദം പൊതുവെ കോണ്‍ഗ്രസ് നേതൃത്വം പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വീകരിക്കുന്ന ഒരു മൃദുസമീപനത്തിന്റെ പ്രതിഫലനമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പല കോണ്‍ഗ്രസ് നേതാക്കളും ഇതിന് സമാനമായ പ്രസ്താവനകള്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്. അതവിടെ നില്‍ക്കട്ടെ.

പേര്‍ഷ്യന്‍ അറബി സഞ്ചാരിയായ അല്‍ബറൂണിയാണ് സിന്ധുനദീതീരത്ത് താമസിച്ച ജനസമൂഹങ്ങളെ ഒന്നാകെ ഹിന്ദു എന്ന് പേരിട്ട് വിളിച്ചത്. സൈന്ധവ തീരത്തെ ബ്രാഹ്മണരും ശൂദ്രരും മുസല്‍മാന്‍മാരും എല്ലാമടങ്ങുന്ന ജനസഞ്ചയത്തെയാണ് അല്‍ബറുണീസ് ഇന്ത്യയില്‍ ഹിന്ദു എന്ന സംഞ്ജകൊണ്ട് അര്‍ത്ഥമാക്കിയത്. അത് ഒട്ടും ഇന്ന് വ്യവഹരിക്കുന്നതുപോലെ മതാത്മകമായ ഒരു വാക്കേ അല്ല.

പേര്‍ഷ്യന്‍ അറബിയില്‍ ‘സ’കാരത്തിന് പകരം ‘ഹ’കാരമാണ് ഉപയോഗിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ന് ഹിന്ദുമതമെന്ന് വിവക്ഷിക്കുന്ന മതം ഇന്തോളജിസ്റ്റുകളായ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ രൂപപ്പെടുത്തിയതാണ്. ചാതുര്‍ വര്‍ണ്യത്തില്‍ അധിഷ്ഠിതമായ ബ്രാഹ്മണാധികാരമാണ് ഹിന്ദു എന്ന് വിവക്ഷിക്കുന്ന മതംകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ത്രൈവര്‍ണികര്‍ക്ക് താഴെ ശൂദ്രനും പിന്നോക്കക്കാരനും ദളിതനും മനുഷേ്യാചിതമായ ഒരു പരിഗണനയും നല്‍കാത്ത അതീവ പ്രതിലോമകരമായ വ്യവഹാര പദ്ധതിയാണത്. ആര്യന്‍വംശ സങ്കല്‍പത്തിലധിഷ്ഠിതമായ ശുദ്ധാശുദ്ധങ്ങളുടേതായ ധര്‍മ്മശാസ്ത്രമാണ് ഹിന്ദുത്വമെന്നത്.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലേക്ക് കടന്നുവന്ന ആര്യവംശമാണ് ബ്രാഹ്മണാധികാരത്തില്‍ അധിഷ്ഠിതമായ അത്യന്തം ക്രൂരമായ ജാതി ഉച്ചനീചത്വങ്ങളുടേതായ ഒരു സാമൂഹ്യവ്യവസ്ഥക്ക് അടിത്തറയിട്ടത്. അവര്‍ ഹാരപ്പയിലെയും മോഹന്‍ജൊദാരോവിലെയുമൊക്കെ ഇന്ത്യയിലെ തദ്ദേശീയമായ സംസ്‌കാരത്തെയും ജനതയെയും തകര്‍ത്തും കീഴടക്കിയുമാണ് തങ്ങളുടെ മേധാവിത്വം സ്ഥാപിച്ചത്.

സംസ്‌കൃതം, ഗ്രീക്ക്, ലാറ്റിന്‍, കെല്‍ടിക്, ട്യൂട്ടോണിക്, ഇറാനിയന്‍ തുടങ്ങിയ ഭാഷ സംസാരിക്കുന്നവരെല്ലാം ചേര്‍ന്നാണ് ആര്യന്‍വംശം രൂപപ്പെട്ടതെന്ന് കരുതുന്നു.

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയ ജനങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയും അടിമകളാക്കുകയും ചെയ്ത അവര്‍ ഇന്ത്യന്‍ ജനതയെ ശ്രേഷ്ഠരായ ആര്യന്മാരും മ്ലേച്ഛരായ അനാര്യന്മാരുമായി വേര്‍തിരിക്കുകയായിരുന്നു, ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

ബ്രാഹ്മണര്‍ ആര്യന്‍ വംശശുദ്ധിയുടെ സംരക്ഷകരും പ്രതിനിധികളുമായിട്ടാണ് പരിഗണിക്കപ്പെട്ടത്. ഇന്ത്യയില്‍ ശൂദ്രര്‍ തൊട്ട് താഴോട്ടുള്ള എല്ലാ ജാതിവിഭാഗങ്ങളും ന്യൂനപക്ഷ സെമറ്റിക്മതങ്ങളും അനാര്യന്മാരായി അടിച്ചമര്‍ത്തപ്പെടുകയാണുണ്ടായത്. അതായത് ദ്രാവിഡന്മാരെയും ആദിമഗോത്രവിഭാഗങ്ങളെയും അനാര്യന്മാരായി കാണുന്ന ഉച്ചനീചത്വങ്ങളുടേതായ വ്യവസ്ഥയാണ് ആര്യന്‍ വംശമഹിമാ സിദ്ധാന്തം. യൂറോപ്പില്‍ സെമറ്റിക് മതങ്ങളെയാണ് അനാര്യന്മാരായി കണ്ട് അടിച്ചമര്‍ത്തിയത്. വിശിഷ്യാ ജൂതര്‍.

സംഘ്പരിവാര്‍ ബുദ്ധിജീവികള്‍ കൊട്ടിഘോഷിക്കുന്ന ഇന്ത്യന്‍ ദേശീയതാ സിദ്ധാന്തവും ഹൈന്ദവ വംശീയ സിദ്ധാന്തവും ചരിത്രവിരുദ്ധവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. വിദേശികളായ ആര്യന്മാരെ ദേശീയ വംശമായി അവതരിപ്പിക്കുകയാണ് ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരുടെ ചുവടുപിടിച്ച് സവര്‍ക്കറും ഗോള്‍വാള്‍ക്കറുമെല്ലാം ചെയ്തത്.

സംഘ്പരിവാറിന്റെ ആശയാധീശത്വമാണ് ആര്യാടനെപ്പോലുള്ള ആളുകളെക്കൊണ്ട് ആദിമ ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന് പറയിപ്പിക്കുന്നത്. ഇന്ത്യയില്‍ ജീവിക്കുന്നവരും താമസിക്കുന്നവരുമായ എല്ലാവരും ഇന്ത്യന്‍ വംശജരാണെന്ന ശരിയായ ദേശീയതാ സങ്കല്‍പത്തെയും പൗരത്വസങ്കല്‍പത്തെയുമാണ് ആര്യശ്രേഷ്ഠവാദത്തിന്റെ വക്താക്കളെല്ലാം എതിര്‍ക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more