| Monday, 17th July 2023, 1:32 pm

ഖദീജ മുംതാസിന്റെ പരാമര്‍ശം ഖേദകരം; സംഘി ഉടമസ്ഥതയുള്ള ഏഷ്യാനെറ്റ് സി.പി.ഐ.എമ്മിനെതിരെ തിരിയുന്നു: കെ.ടി. കുഞ്ഞിക്കണ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏക സിവില്‍ കോഡിനതിരെ സി.പി.ഐ.എം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന എഴുത്തുകാരി ഖദീജ മുംതാസിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പങ്കെടുത്ത ഖദീജ മുംതാസ് മാത്രമല്ല, ആരും സംസാരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

മഹിള അസോസിയേഷന്റെ അഖിലേന്ത്യ അധ്യക്ഷ പി.കെ. ശ്രീമതി ഉള്‍പ്പെടെ പങ്കെടുത്ത ഒരു പരിപാടിയെക്കുറിച്ചാണ് സ്ത്രീ പ്രാതിനിത്യമുണ്ടായില്ലെന്ന ആക്ഷേപങ്ങള്‍ ഖദീജ മുംതാസിനെപോലെയുള്ള ഒരാള്‍ ഉന്നയിക്കുന്നതെന്നും അത് അത്യന്തം ഖേദകരമാണെന്നും കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഖദീജ മുംതാസ് ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ഏറ്റുപിടിച്ചുകൊണ്ട് മറുനാടന്‍, ജന്മഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ ഹിന്ദുത്വാനുകൂല മാധ്യമങ്ങള്‍ സി.പി.ഐ.എമ്മിനെതിരെ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘കോഴിക്കോട് സെമിനാറിലും സംഘാടകസമിതിയിലും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ അവസരമുണ്ടായില്ല, മുസ്‌ലിം സ്ത്രീ പ്രാതിനിധ്യമുണ്ടായില്ല എന്ന രീതിയില്‍ ഡോ.ഖദീജ മുംതാസ് ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ഏറ്റുപിടിച്ചുകൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മറുനാടന്‍, ജന്മഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ ഹിന്ദുത്വാനുകൂല മാധ്യമങ്ങള്‍ സി.പി.ഐ.എമ്മിനെതിരെ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

എളമരം കരീം എം.പിയും പി.മോഹനന്‍ മാഷുമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ മൂന്നിന് നടക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കുശേഷം കൃത്യമായ പരിപാടികളിടാമെന്ന ധാരണയില്‍ ജൂലൈ ആറിന് ഭരണഘടനാസംരക്ഷണസമിതിയുടെ ഒരു യോഗം കോഴിക്കോട് യാഷ് ഇന്റര്‍നാഷണലില്‍ വിളിച്ച്‌ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്.

അതിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷപാര്‍ട്ടികളെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സംഘടനകളെയുമൊക്കെ സംഘടിപ്പിച്ചു കൊണ്ടുള്ള സെമിനാറിനുള്ള സംഘാടക സമിതി യോഗം ജൂലായ് ആറിന് നടക്കുന്നത്. അതില്‍ പങ്കെടുക്കേണ്ട എല്ലാവരുമായി നേരത്തെ തന്നെ ഏകസിവില്‍കോഡിനെതിരായ സെമിനാര്‍ സംഘടിപ്പിക്കുന്ന കാര്യം ധാരണയെത്തുകയും ചെയ്തിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് സംഘാടക സമിതി രൂപീകരണ യോഗം നടന്നത്. ആ യോഗത്തില്‍ പ്രസംഗിക്കാന്‍ അനുവദിച്ചില്ല എന്ന ആരോപണമാണ് ഖദീജ മുംതാസ് ആദ്യം ഉന്നയിച്ചത്. അത് വളരെ നിര്‍ഭാഗ്യകരമായിപോയി എന്നുപറയട്ടെ.

യഥാര്‍ത്ഥത്തില്‍ ആ യോഗത്തില്‍ ഖദീജ മുംതാസ് മാത്രമല്ല പങ്കെടുത്ത മറ്റാരും പ്രസംഗിച്ചിരുന്നില്ല എന്നതാണ് വസ്തുത. പരിപാടിയുടെ വിശദീകരണത്തിനുശേഷം നേരിട്ട് സംഘാടക സമിതി രൂപീകരണത്തിലേക്ക് കടക്കുകയായിരുന്നു. വിവിധ സാമൂഹ്യ സംഘടനകളെയും അഭിഭാഷക അധ്യാപക സാംസ്‌കാരിക സംഘടനകളെയും പ്രതിനിധീകരിച്ച് നിരവധി പ്രമുഖര്‍ പങ്കെടുത്ത യോഗമായിരുന്നു അത്.

സെമിനാറിന്റെ അജണ്ട ഏകീകൃത സിവില്‍കോഡിനെതിരായ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ഏല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തവും അവരുടെ പ്രതിരോധത്തിന്റെ സാധ്യതയും ആരായുകയെന്നതായിരുന്നു.

സെമിനാര്‍ ഹിന്ദുത്വ അജണ്ടയില്‍നിന്നുള്ള ഏകസിവില്‍കോഡിനെതിരായ നിലപാട് മുന്നോട്ടുവെക്കുകയും വ്യക്തിനിയമ പരിഷ്‌കരണങ്ങള്‍ അതാത് വിഭാഗങ്ങളില്‍ നടക്കേണ്ട ചര്‍ച്ചയുടെയും സമവായത്തിന്റെയും പ്രശ്നമായിട്ടാണ് കണ്ടത്. ഈ കാര്യങ്ങളെല്ലാം ഖദീജ മുംതാസും കെ.അജിതയും അതുപോലുള്ള വ്യക്തിനിയമ പരിഷ്‌കരണങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളുമായി നേരത്തെതന്നെ സംസാരിച്ചിട്ടുള്ളതാണ്. ആ അര്‍ത്ഥത്തിലാണ് അവരുടെയെല്ലാം പങ്കാളിത്തവും പ്രാതിനിധ്യവും സെമിനാറിലേക്ക് ഉറപ്പാക്കിയത്,’ കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും അവരോടൊപ്പം സി.പി.ഐ.എം വിരുദ്ധത പങ്കിടുന്ന ചില കോണ്‍ഗ്രസ് നേതാക്കളും അധിക്ഷേപകരമായ വാദങ്ങളുയര്‍ത്തി സെമിനാറിനെ പൊളിക്കാനാണ് നോക്കിയതെന്നും അദ്ദേഹം പറഞ്ഞു.

‘മഹിള അസോസിയേഷന്റെ അഖിലേന്ത്യ അധ്യക്ഷ ശ്രീമതി ടീച്ചര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഒരു പരിപാടിയെക്കുറിച്ചാണ് സ്ത്രീ പ്രാതിനിത്യമുണ്ടായില്ല എന്നതരത്തിലുള്ള ആക്ഷേപങ്ങള്‍ ഖദീജ മുംതാസിനെപോലെയുള്ള ഒരാള്‍ ഉന്നയിക്കുന്നതെന്നത് അത്യന്തം ഖേദകരമാണെന്ന് പറയട്ടെ.

ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയുമൊക്കെയായി വ്യക്തികളെയും സ്ത്രീകളെയുമൊക്കെ കാണുന്ന ഒരു നിലപാടിലേക്ക് പരിമിതപ്പെട്ടുപോകുന്നത് എന്തുകൊണ്ടാകാമെന്നത് ഖദീജ മുംതാസിനെപോലുള്ള ആളുകളോട് വിശദീകരിച്ചുകൊടുക്കേണ്ടതില്ലല്ലോ.

തീവ്രഹിന്ദുത്വ അജണ്ടയില്‍ നിന്ന് ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുളള മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരായ പ്രതിരോധമെന്ന നിലയിലാണ് കോഴിക്കോട് സെമിനാര്‍ സംഘടിപ്പിച്ചത്. അത് മതനിരപേക്ഷ ജനാധിപത്യ നിലപാടില്‍ നിന്നുള്ള അധഃസ്ഥിത ആദിവാസി ന്യൂനപക്ഷ സമൂഹങ്ങളുടെ ഒരു വിശാലവേദിയാണ് സെമിനാര്‍ ലക്ഷ്യമിട്ടത്.

ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും അവരോടൊപ്പം സി.പി.ഐ.എം വിരുദ്ധത പങ്കിടുന്ന ചില കോണ്‍ഗ്രസ് നേതാക്കളും അധിക്ഷേപകരമായ വാദങ്ങളുയര്‍ത്തി സെമിനാറിനെ പൊളിക്കാനാണ് നോക്കിയത്. അവരുടെ രാഷ്ട്രീയം മനസ്സിലാക്കാവുന്നതേയുള്ളൂ.

ഏഷ്യാനെറ്റ് പോലുള്ള സംഘിയുടമസ്ഥതയിലുള്ള ചാനലുകള്‍ ഖദീജ മുംതാസിനെപോലുള്ള ആദരണീയരായ വ്യക്തികളെക്കൊണ്ട് സെമിനാറില്‍ മുസ്‌ലിം സ്ത്രീ പ്രാതിനിധ്യമുണ്ടായില്ല എന്ന രീതിയിലുള്ള ആരോപണങ്ങളുയര്‍ത്തുകയാണ്.

അവരുടെ വാദം പ്രധാനമായും മുസ്‌ലിം മത യാഥാസ്ഥിതികര്‍ക്കുവേണ്ടി സ്ത്രീകളെ വേദിയില്‍ നിന്ന് മാറ്റിനിര്‍ത്തി എന്നൊക്കെയാണ്.

ഖദീജ മുംതാസിനെപോലുള്ളവരുടെ പ്രതികരണങ്ങള്‍ മറുനാടനും ജന്മഭൂമിയും ഏഷ്യനെറ്റും ആഘോഷമാക്കി സെമിനാറിന്റെ വിജയത്തെയും ഏകീകൃത സിവില്‍കോഡിനെതിരായ വ്യത്യസ്ത ജനസമൂഹങ്ങളുടെ ഐക്യത്തെയും അപഹസിക്കുകയും ചെയ്യുമ്പോള്‍, മാധ്യമം പോലുള്ള പത്രങ്ങളും ഓണ്‍ലൈന്‍ മീഡിയകളും സെമിനാര്‍ വ്യക്തിനിയമപരിഷ്‌ക്കരണത്തിലൂന്നിയെന്നും ഇതിനെക്കുറിച്ച് എന്താണ് മുസ്‌ലിം മത സംഘടനാനേതാക്കള്‍ക്ക് പറയാനുള്ളത് എന്ന രീതിയിലാണ് കുത്തിത്തിരിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്,’ കെ.ടി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരെയുള്ള സെമിനാറില്‍ സംസാരിക്കാന്‍ അവസരം തന്നില്ലെന്നാണ് ഖദീജ മുംതാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സെമിനാറില്‍ മുസ്‌ലിം സ്ത്രീകളെ പങ്കെടുപ്പിക്കാത്തത് തെറ്റാണെന്നും മത നേതൃത്വങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പിണങ്ങുമെന്നുള്ള ഭയം ഉണ്ടാകാമെന്നും അവര്‍ പറഞ്ഞിരുന്നു. മുസ്‌ലിം സ്ത്രീകളെ ചൂണ്ടിക്കൊണ്ടാണ് മോദി സിവില്‍ കോഡ് വേണമെന്ന് പറയുന്നതെന്നും അതുകൊണ്ട് മുസ്‌ലിം സ്ത്രീയുടെ ഭാഗം കേള്‍ക്കേണ്ടതുണ്ടെന്നും ഖദീജ മുംതാസ് വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡോ.ഖദീജമുംതാസിനോട്
ഖേദപൂര്‍വ്വം ചില കാര്യങ്ങള്‍ പറയട്ടെ

കോഴിക്കോട് സെമിനാറിലും സംഘാടകസമിതിയിലും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ അവസരമുണ്ടായില്ല, മുസ്‌ലിം സ്ത്രീ പ്രാതിനിധ്യമുണ്ടായില്ല എന്ന രീതിയില്‍ ഡോ.ഖദീജ മുംതാസ് ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ഏറ്റുപിടിച്ചുകൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മറുനാടന്‍, ജന്മഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ ഹിന്ദുത്വാനുകൂല മാധ്യമങ്ങള്‍ സി.പി.ഐ.എമ്മിനെതിരെ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

അവരുടെ താല്‍പര്യം ഖദീജ മുംതാസിനെപോലുള്ള ഒരാള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. യഥാര്‍ത്ഥത്തില്‍ മോദിയുടെ ഭോപ്പാല്‍ പ്രസംഗത്തിനുശേഷം ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ ഖദീജ മുംതാസ് ഉള്‍പ്പെടെയുള്ള ഭരണഘടനാസംരക്ഷണസമിതിയുമായി ബന്ധപ്പെട്ട എല്ലാവരുമായും ഞാന്‍ നേരിട്ടുതന്നെ നടത്തിയിട്ടുണ്ട്.

എളമരം കരീം എം.പിയും പി.മോഹനന്‍ മാഷുമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് 3ന് നടക്കുന്ന പാര്‍ട്ടി സംസ്ഥാനകമ്മറ്റിക്കുശേഷം കൃത്യമായ പരിപാടികളിടാമെന്ന ധാരണയില്‍ ജൂലായ് 6ന് ഭരണഘടനാസംരക്ഷണസമിതിയുടെ ഒരു യോഗം കോഴിക്കോട് യാഷ് ഇന്റര്‍നാഷണലില്‍ വിളിച്ച്‌ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്.

അതിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷപാര്‍ട്ടികളെയും സാമൂഹ്യസാംസ്‌കാരികരംഗത്തെ സംഘടനകളെയുമൊക്കെ സംഘടിപ്പിച്ചുകൊണ്ടുള്ള സെമിനാറിനുള്ള സംഘാടകസമിതിയോഗം ജൂലായ് 6ന് നടക്കുന്നത്. അതില്‍ പങ്കെടുക്കേണ്ട എല്ലാവരുമായി നേരത്തെതന്നെ ഏകസിവില്‍കോഡിനെതിരായ സെമിനാര്‍ സംഘടിപ്പിക്കുന്ന കാര്യം ധാരണയെത്തുകയും ചെയ്തിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് സംഘാടകസമിതി രൂപീകരണയോഗം നടന്നത്. ആ യോഗത്തില്‍ പ്രസംഗിക്കാന്‍ അനുവദിച്ചില്ല എന്ന ആരോപണമാണ് ഖദീജ മുംതാസ് ആദ്യം ഉന്നയിച്ചത്. അത് വളരെ നിര്‍ഭാഗ്യകരമായിപോയി എന്നുപറയട്ടെ.

യഥാര്‍ത്ഥത്തില്‍ ആ യോഗത്തില്‍ ഖദീജ മുംതാസ് മാത്രമല്ല മറ്റാരും പ്രസംഗിച്ചിരുന്നില്ല എന്നതാണ് വസ്തുത. പരിപാടിയുടെ വിശദീകരണത്തിനുശേഷം നേരിട്ട് സംഘാടകസമിതി രൂപീകരണത്തിലേക്ക് കടക്കുകയായിരുന്നു. വിവിധ സാമൂഹ്യസംഘടനകളെയും അഭിഭാഷക അധ്യാപക സാംസ്‌കാരികസംഘടനകളെയും പ്രതിനിധീകരിച്ച് നിരവധി പ്രമുഖര്‍ പങ്കെടുത്ത യോഗമായിരുന്നു അത്.

സെമിനാറിന്റെ അജണ്ട ഏകീകൃതസിവില്‍കോഡിനെതിരായ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ഏല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തവും അവരുടെ പ്രതിരോധത്തിന്റെ സാധ്യതയും ആരായുകയെന്നതായിരുന്നു.

സെമിനാര്‍ ഹിന്ദുത്വ അജണ്ടയില്‍നിന്നുള്ള ഏകസിവില്‍കോഡിനെതിരായ നിലപാട് മുന്നോട്ടുവെക്കുകയും വ്യക്തിനിയമ പരിഷ്‌കരണങ്ങള്‍ അതാത് വിഭാഗങ്ങളില്‍ നടക്കേണ്ട ചര്‍ച്ചയുടെയും സമവായത്തിന്റെയും പ്രശ്നമായിട്ടാണ് കണ്ടത്. ഈ കാര്യങ്ങളെല്ലാം ഖദീജ മുംതാസും കെ.അജിതയും അതുപോലുള്ള വ്യക്തിനിയമ പരിഷ്‌കരണങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളുമായി നേരത്തെതന്നെ സംസാരിച്ചിട്ടുള്ളതാണ്. ആ അര്‍ത്ഥത്തിലാണ് അവരുടെയെല്ലാം പങ്കാളിത്തവും പ്രാതിനിധ്യവും സെമിനാറിലേക്ക് ഉറപ്പുവരുത്തിയത്.

പിന്നെ സ്ത്രീകളും ന്യൂനപക്ഷങ്ങളും ആദിവാസി പിന്നോക്കവിഭാഗങ്ങളും എല്ലാമടങ്ങുന്ന ജനസമൂഹങ്ങളെ ഉള്‍ക്കൊള്ളുകയെന്നതാണ് ഇടതുപക്ഷത്തിന്റെ പൊതുസമീപനമെന്നറിയാത്ത ആളല്ലല്ലോ ഖദീജമുംതാസ്. സെമിനാറില്‍ കേരളത്തിലെയും ഇന്ത്യയിലെയും ലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഒക്കെ ഉള്‍ക്കൊള്ളുന്ന സ്ത്രീകളുടെ പ്രാതിനിധ്യമാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള വനിതാ സംഘടനകള്‍ക്കുള്ളത്.

മഹിള അസോസിയേഷന്റെ അഖിലേന്ത്യ അധ്യക്ഷ ശ്രീമതി ടീച്ചര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഒരു പരിപാടിയെക്കുറിച്ചാണ് സ്ത്രീ പ്രാതിനിത്യമുണ്ടായില്ല എന്നതരത്തിലുള്ള ആക്ഷേപങ്ങള്‍ ഖദീജ മുംതാസിനെപോലെയുള്ള ഒരാള്‍ ഉന്നയിക്കുന്നതെന്നത് അത്യന്തം ഖേദകരമാണെന്ന് പറയട്ടെ.

ഹിന്ദുവും മുസ്‌ലീമും ക്രിസ്ത്യാനിയുമൊക്കെയായി വ്യക്തികളെയും സ്ത്രീകളെയുമൊക്കെ കാണുന്ന ഒരു നിലപാടിലേക്ക് പരിമിതപ്പെട്ടുപോകുന്നത് എന്തുകൊണ്ടാകാമെന്നത് ഖദീജ മുംതാസിനെപോലുള്ള ആളുകളോട് വിശദീകരിച്ചുകൊടുക്കേണ്ടതില്ലല്ലോ.

തീവ്രഹിന്ദുത്വ അജണ്ടയില്‍ നിന്ന് ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുളള മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരായ പ്രതിരോധമെന്ന നിലയിലാണ് കോഴിക്കോട് സെമിനാര്‍ സംഘടിപ്പിച്ചത്. അത് മതനിരപേക്ഷ ജനാധിപത്യ നിലപാടില്‍ നിന്നുള്ള അധഃസ്ഥിത ആദിവാസി ന്യൂനപക്ഷ സമൂഹങ്ങളുടെ ഒരു വിശാലവേദിയാണ് സെമിനാര്‍ ലക്ഷ്യമിട്ടത്.

രാജ്യവും കേരളവും ഈ ദിശയിലുള്ള യോജിച്ച മുന്നേറ്റങ്ങള്‍ക്ക് മുന്‍കൈയെടുക്കണമെന്നതാണ് സെമിനാര്‍ നല്‍കുന്ന സന്ദേശം. അത് സര്‍വ്വ ഹിന്ദുത്വാനുകൂല ശക്തികളെയും പ്രകോപിപ്പിച്ചിട്ടുണ്ട്. അതാണ് അവരുടെ പ്രതികരണങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും അവരോടൊപ്പം സി.പി.ഐ.എം വിരുദ്ധത പങ്കിടുന്ന ചില കോണ്‍ഗ്രസ് നേതാക്കളും അധിക്ഷേപകരമായ വാദങ്ങളുയര്‍ത്തി സെമിനാറിനെ പൊളിക്കാനാണ് നോക്കിയത്. അവരുടെ രാഷ്ട്രീയം മനസ്സിലാക്കാവുന്നതേയുള്ളൂ.

ഏഷ്യാനെറ്റ് പോലുള്ള സംഘിയുടമസ്ഥതയിലുള്ള ചാനലുകള്‍ ഖദീജ മുംതാസിനെപോലുള്ള ആദരണീയരായ വ്യക്തികളെക്കൊണ്ട് സെമിനാറില്‍ മുസ്‌ലിം സ്ത്രീ പ്രാതിനിധ്യമുണ്ടായില്ല എന്ന രീതിയിലുള്ള ആരോപണങ്ങളുയര്‍ത്തുകയാണ്.

അവരുടെ വാദം പ്രധാനമായും മുസ്‌ലിം മത യാഥാസ്ഥിതികര്‍ക്കുവേണ്ടി സ്ത്രീകളെ വേദിയില്‍ നിന്ന് മാറ്റിനിര്‍ത്തി എന്നൊക്കെയാണ്. മറുഭാഗത്ത് മാധ്യമം പോലുള്ള ദിനപത്രങ്ങള്‍ സെമിനാറിനെ വിശകലനം ചെയ്തുകൊണ്ട് സി.പി.ഐ(എം)നേതാക്കളുടെ പ്രസംഗങ്ങള്‍ വ്യക്തിനിയമപരിഷ്‌ക്കരണത്തില്‍ ഊന്നിയതായിരുന്നുവെന്നും, ഉദ്ഘാടകനായ യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ മുസ്‌ലിം സംഘടനാ നേതാക്കളെ വേദിയിലിരുത്തി തങ്ങളുടെ നിലപാട് ഉറപ്പിച്ചുപറയുകയായിരുന്നുവെന്നാണ് സ്ഥാപിക്കാന്‍ നോക്കിയത്.

ഖദീജ മുംതാസിനെപോലുള്ളവരുടെ പ്രതികരണങ്ങള്‍ മറുനാടനും ജന്മഭൂമിയും ഏഷ്യനെറ്റും ആഘോഷമാക്കി സെമിനാറിന്റെ വിജയത്തെയും ഏകീകൃത സിവില്‍കോഡിനെതിരായ വ്യത്യസ്ത ജനസമൂഹങ്ങളുടെ ഐക്യത്തെയും അപഹസിക്കുകയും ചെയ്യുമ്പോള്‍, മാധ്യമം പോലുള്ള പത്രങ്ങളും ഓണ്‍ലൈന്‍ മീഡിയകളും സെമിനാര്‍ വ്യക്തിനിയമപരിഷ്‌ക്കരണത്തിലൂന്നിയെന്നും ഇതിനെക്കുറിച്ച് എന്താണ് മുസ്‌ലിം മത സംഘടനാനേതാക്കള്‍ക്ക് പറയാനുള്ളത് എന്ന രീതിയിലാണ് കുത്തിത്തിരിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.

അറിഞ്ഞും അറിയാതെയും ഇവരെല്ലാം ഇന്ത്യയുടെ ബഹുസ്വരതയെയും വിശ്വാസാചാരവൈജാത്യങ്ങളെയും ഏകീകൃതസിവില്‍കോഡിലൂടെ ഇല്ലാതാക്കി ഹൈന്ദവ ദേശീയവല്‍ക്കരണത്തിനുവേണ്ടിയുള്ള അജണ്ടയെ സഹായിക്കുകയാണ് എന്നകാര്യം പറയാതിരിക്കാനാവില്ല. ഈയൊരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം മുന്‍നിര്‍ത്തിയാണ് സെമിനാറിനെ പൊളിക്കാന്‍ മുന്നിട്ടിറങ്ങിയ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും ബി.ജെ.പിയുടെ സ്ലീപ്പിംഗ് സെല്ലുകളായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടത്.

ആ പ്രതികരണത്തെയാണ് ഏഷ്യനെറ്റുകാര്‍ ഖദീജ മുംതാസ് ഉള്‍പ്പെടെയുള്ളവരെ ബി.ജെ.പിയുടെ സ്ലീപ്പിംഗ് സെല്ലായിട്ടാണ് വിശേഷിപ്പിച്ചതെന്ന് ആരോപിച്ച് അവരോട് അഭിപ്രായം തേടിയത്. അവരതില്‍ വീഴുകയായിരുന്നു.

ഏഷ്യനെറ്റ് പോലുള്ള സംഘി ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ അധമമായ മാധ്യമപ്രവര്‍ത്തനം ഹിന്ദുത്വത്തിനുവേണ്ടിയുള്ള വിടുവേലയെന്ന് മനസ്സിലാക്കാന്‍ ഖദീജ മുംതാസിനെപോലുള്ള ഒരാള്‍ക്ക് കഴിയേണ്ടതായിരുന്നു. ഇവിടെയാരും സി.പി.ഐ.എമ്മിനെ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നവരെ ബി.ജെ.പിയാക്കുന്നില്ല.

ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയോട് വിട്ടുവീഴ്ചാപരമായ സമീപനം സ്വീകരിക്കുകയോ ബില്ലുവരട്ടെ അപ്പോള്‍ ചര്‍ച്ചചെയ്യാം, സി.പി.ഐ.എം ഇപ്പോള്‍ ഏകീകൃതസിവില്‍കോഡ് ചര്‍ച്ചയാക്കുന്നത് ന്യൂനപക്ഷവോട്ടുകള്‍ക്ക് വേണ്ടിയാണ് എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ ഹിന്ദുത്വത്തിനെതിരായ പ്രതിരോധത്തിന്റെ ധാര്‍മ്മികതയെ ദുര്‍ബലപ്പെടുത്തുകയെന്ന കുടിലലക്ഷ്യത്തോടെയുള്ളതാണ്.

ഈ കാര്യമാണ് ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട സംവാദങ്ങളിലും ചര്‍ച്ചകളിലും പുരോഗമനനിലപാടുള്ള ആളുകള്‍ പരിഗണിക്കേണ്ടത്. അന്ധമായി ഏകീകൃതസിവില്‍കോഡിനെ എതിര്‍ക്കേണ്ടതില്ല എന്ന ഖദീജ മുംതാസിനെപോലുള്ളവരുടെ നിലപാടുകള്‍ രാജ്യമെത്തപ്പെട്ട ഭയാനകമായ ഹിന്ദുത്വഭീഷണിയെക്കുറിച്ചുള്ള അജ്ഞതയില്‍നിന്നോ അതിനെ ലഘൂകരിച്ചുകാണുന്നതില്‍നിന്നോ ഉണ്ടാവുന്നതാണ്.

വ്യക്തിനിയമങ്ങളിലെ ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള പരിഷ്‌ക്കരണങ്ങള്‍ അതാത് സാമൂഹ്യവിഭാഗങ്ങള്‍ക്കകത്തുനിന്നുതന്നെ ഉയര്‍ന്നുവരേണ്ടതാണ്. അതിനായി അവരെ സജ്ജമാക്കുകയെന്നതാണ് ജനാധിപത്യശക്തികളുടെ ഉത്തരവാദിത്വം. അല്ലാതെ ഒരു എക്സിക്യുട്ടീവ് നടപടിയിലൂടെ വ്യക്തിനിയമങ്ങളെ ഏകീകരിക്കുകയെന്നത് തികഞ്ഞ ഫാസിസമാണ്.

അതാത് സമൂഹങ്ങളില്‍ സമവായമുണ്ടാകാതെ വ്യക്തിനിയമങ്ങള്‍ പരിഷ്‌ക്കരിക്കാനാവില്ലയെന്നത് പ്രാഥമികമായൊരു ജനാധിപത്യധാരണയാണ്. 1954-ല്‍ ജവഹര്‍ലാല്‍ നെഹ്റുതന്നെ ഏകസിവില്‍കോഡ് നടപ്പാക്കുന്നതിലുള്ള വൈഷമ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയിട്ടുള്ള പ്രസംഗത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

1985-ല്‍ ഷബാനുകേസ് വിധിപ്രസ്താവനയില്‍ ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന നിര്‍ദ്ദേശത്തെ ആദ്യം സ്വാഗതം ചെയ്ത അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി പിന്നീട് ഏകസിവില്‍കോഡ് ഉണ്ടാക്കുകയെന്നത് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടല്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന്, അതിനെ സ്വാഗതം ചെയ്തുകൊണ്ട് 1985 ജൂലായ് 12 ന്റെ ദേശാഭിമാനിയില്‍ ഇ.എം.എസ് എഴുതിയ ലേഖനവും ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് അടിവരയിടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

content highlights: kt kunjikkannan against khadeeja mumthas

We use cookies to give you the best possible experience. Learn more