| Friday, 26th May 2023, 5:05 pm

ഐ.എസ്.ആര്‍.ഒ തലവന്‍; മോദിക്കൊത്ത സംഘിശാസത്രജ്ഞന്‍

കെ.ടി. കുഞ്ഞിക്കണ്ണന്‍

വേദങ്ങളില്‍ നിന്നും സംസ്‌കൃത ഭാഷയില്‍ നിന്നുമാണ് ശാസ്ത്രങ്ങളും ബഹിരാകാശ കണ്ടുപിടുത്തങ്ങളുമുണ്ടായതെന്ന ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ സോമനാഥിന്റെ പ്രസ്താവന ആര്‍.എസ്.എസിന്റെ ബൗദ്ധിക പ്രമുഖരെ കുറിച്ചറിയാവുന്ന ആരെയും വിസ്മയപ്പെടുത്തുന്നതല്ല.

സാമ്രാജ്യത്വ അധികാരത്തിന്റെ സൗകര്യങ്ങളില്‍ വളര്‍ന്നു വന്ന മത-വംശീയ പ്രസ്ഥാനങ്ങളും അതിന്റെ ബൗദ്ധികാചാര്യരും ഭൂതകാല ജീര്‍ണതകളുടെ സനാതന മഹത്വത്തെ കുറിച്ചുള്ള കപട പ്രചരണങ്ങളിലാണ് എന്നും അഭിരമിച്ചു പോന്നത്.

പാശ്ചാത്യ ഓറിയന്റലിസ്റ്റ് പഠനങ്ങളില്‍ നിന്നും കിഴക്കിന്റെ ആദര്‍ശവത്കരണ സിദ്ധാന്തങ്ങളിലുമാണ് കൊളോണിയല്‍ കാലം മുതല്‍ ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ഊന്നിയത്. അതായത് തങ്ങളുടെ ജന്മകാലം മുതല്‍ ബ്രാഹ്മണ വൈദികകാലത്തെ ആദര്‍ശവത്ക്കരിക്കുകയും പുനരുജ്ജീവിച്ചെടുക്കുകയുമാണ് ഹിന്ദുത്വവാദികള്‍ ചെയ്തു പോന്നത്.

ശാസ്ത്രവിരുദ്ധവും യുക്തിരഹിതവുമായ വിദൂര ഭൂതകാലത്തിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ശാസ്ത്രവും ചരിത്രവുമൊക്കെയായി അവതരിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ് ആര്‍.എസ്.എസ് വിജ്ഞാനഭാരതി എന്ന സംഘടന തന്നെ ഉണ്ടാക്കിയത്.

വിജ്ഞാനഭാരതിയിലെ സംഘ് ബുദ്ധിജീവികളും വിദഗ്ധന്മാരുമാണിന്ന് ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുള്‍പ്പെടെ രാജ്യത്തിന്റെ അക്കാദമിക് രംഗത്തെ ഭരിക്കുന്നത്. അങ്ങനെയൊരാളാണ് ഐ.എസ്.ആര്‍.ഒയുടെ മേധാവിയായിരിക്കുന്നത്.

ഐ.എസ്.ആര്‍.ഒ മേധാവി സോമനാഥ് മോദിക്കൊത്ത സംഘിശാസ്ത്രജ്ഞന്‍ തന്നെയെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

102ാമത് സയന്‍സ് കോണ്‍ഗ്രസില്‍ ഗണപതി ഭഗവാനെ ഉദാഹരരിച്ച് പ്ലാസ്റ്റിക് സര്‍ജറി ഇന്ത്യയില്‍ പൗരാണിക കാലം മുതലേ ഉണ്ടായിരുന്നുവെന്ന വിവരക്കേട് തള്ളിയ ആളാണല്ലോ മോദി. അമേരിക്കക്കാര്‍ ജനിതകശാസ്ത്രം വികസിപ്പിക്കും മുമ്പേ ഇന്ത്യയില്‍ കാണ്ഡകോശശാസ്ത്രം വികസിച്ചിരുന്നുവെന്നാണല്ലോ മഹാഭാരതത്തില്‍ വ്യാസന്‍ പറഞ്ഞ നൂറ്റുവരുടെ ഭാവനാത്മകമായ ജനനകഥ ഉദ്ധരിച്ച് മോദി തട്ടിവിട്ടത്.

വിജ്ഞാനവിരോധത്തിന്റെയും ശാസ്ത്രവിരോധത്തിന്റെയും ഫാസിസ്റ്റ് നായകര്‍ എല്ലായിടത്തും ജനങ്ങളുടെ യുക്തിയെ തകര്‍ക്കുന്ന മിത്തുകളെയും ഇതിഹാസങ്ങളെയും ശാസ്ത്രവും ചരിത്രവുമൊക്കെയാക്കി കളയുന്നതാണ് ചരിത്രത്തില്‍ നമ്മള്‍ കണ്ടിട്ടുള്ളത്.

വൈദിക, സംസ്‌കൃതപാരമ്പര്യമെന്നത് ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയാണ്. മനുഷ്യ ഉല്പത്തിയെ പുരുഷസൂക്തത്തിലെ വിരാട്പുരുഷ സങ്കല്പമനുസരിച്ചാണ് വേദപാരമ്പര്യം വിശദീകരിക്കുന്നത്.

റൊമീല ഥാപ്പുറുടെയും ആര്‍.എസ്. ശര്‍മയുടെയുമൊക്കെ പ്രാചീന ഇന്ത്യയെയും വേദസാഹിത്യത്തെയും സംസ്‌കൃതപാരമ്പര്യത്തെയുമൊക്കെ പറ്റിയുള്ള പഠനങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.

യുക്തിയുടെ തകര്‍ക്കലിലൂടെയാണ് ഫാസിസം അതിന്റെ പ്രത്യയശാസ്ത്രത്തെ നിര്‍മിച്ചെടുക്കുന്നതെന്ന് ജോര്‍ജ് ലൂകാച്ച് നിരീക്ഷിക്കുന്നുണ്ട്.

ദാര്‍ശനികമായി യുക്തിരഹിത്യത്തെ പുനരുത്ഥാനം ചെയ്‌തെടുക്കുകയാണ് ഫാസിസ്റ്റുകള്‍ ചെയ്യുന്നത്. അതിനാവശ്യമായ രീതിയില്‍ ഭൂതകാലത്തെയും പാരമ്പര്യത്തെയുമൊക്കെ സംബന്ധിച്ചമാനം മിഥ്യാഭിമാനം സൃഷ്ടിച്ചെടുക്കാനുള്ള കപട പ്രചരണങ്ങളാണ് അവര്‍ അഴിച്ചുവിടുന്നത്.

ചരിത്ര പഠനത്തിലും പാഠപുസ്തകങ്ങളിലും കപടശാസ്ത്രത്തെ ശാസ്ത്രമായി അവതരിപ്പിക്കുന്നു. ഭൂതകാലത്തെ ആദര്‍ശവല്‍ക്കരിച്ച് വര്‍ത്തമാനത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഭൂതകാലത്തിന്റെ പുനരായമാണെന്ന് വരുത്തുന്നു.

Content Highlight: KT Kunjikkannan about ISRO Chairman’s statement.

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more