| Wednesday, 11th December 2024, 1:38 pm

പശ്ചിമേഷ്യയെ രക്തക്കളമാക്കുന്ന സാമ്രാജ്യത്വ-സയണിസ്റ്റ്-രാഷ്ട്രീയ ഇസ്‌ലാമിസ്റ്റ് അട്ടിമറി

കെ.ടി. കുഞ്ഞിക്കണ്ണന്‍

ശ്ചിമേഷ്യയില്‍ സാമ്രാജ്യത്വത്തിനും മതതീവ്രവാദത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് പൊരുതിനിന്ന സിറിയയിലെ ബാഷര്‍ അസദ് ഭരണകൂടത്തെ സാമ്രാജ്യത്വവും സയണിസ്റ്റുകളും രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളും ചേര്‍ന്ന് അട്ടിമറിച്ചിരിക്കുകയാണ്. അല്‍ ഖ്വയ്ദയുടെയും ഐ.എസിന്റെയും സിറിയന്‍ അവശിഷ്ടങ്ങളില്‍ നിന്നുയര്‍ന്നുവന്ന മുഹമ്മദ് അല്‍ ജുലാനിയുടെ നേതൃത്വത്തിലുള്ള ഹയാത് തഹ്‌രിര്‍ അല്‍ഷാം എന്ന ഭീകരവാദ സംഘടനയാണ് അട്ടിമറിക്ക് പിറകിലുള്ളത്.

അസദ് ഭരണകൂടത്തിന്റെ പതനം ഡമാസ്‌കസിലെ ഭീകരവാദികള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളും അമേരിക്കന്‍ മാധ്യമങ്ങളും വലിയ ആഘോഷമാക്കുകയാണ്. യു.എസ് – ഇസ്രാഈല്‍ – തുര്‍ക്കി ഭരണകൂടങ്ങളുടെ പിന്തുണയോടെ നടത്തിയ അട്ടിമറിയെ സിറിയന്‍ ജനതയുടെ സ്വാതന്ത്ര്യമായി അവതരിപ്പിക്കുകയാണ് രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളും അമേരിക്കന്‍ ഭരണകൂടവും.

ഹയാത് തഹ്‌രിര്‍ അല്‍ഷാമിന്‍റെ പതാക

സാമ്രാജ്യത്വത്തിനെതിരെ പൊരുതിനിന്ന ഒരു ഭരണാധികാരിയെ അധികാരഭൃഷ്ടനാക്കി പശ്ചിമേഷ്യന്‍ മണ്ണിനെ അമേരിക്കക്കും ഇസ്രാഈലിനും തുര്‍ക്കിക്കും അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ് ഹയാത് തഹ്‌രിര്‍ അല്‍ഷാം. സദ്ദാം ഹുസൈന്റെ അന്ത്യത്തിന് ശേഷവും പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്കും ഇസ്രാഈലിനുമെതിരായ പോരാട്ടത്തിന്റെ കുന്തമുന ഉയര്‍ത്തിപ്പിടിച്ചത് സിറിയയും ഇറാനുമായിരുന്നു.

ബാഷര്‍ അല്‍ അസദിന്റെ പതനത്തോടെ സംഭവിച്ചിരിക്കുന്നത് പശ്ചിമേഷ്യയിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഒരു കേന്ദ്രം നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണ്. സിറിയയിലെ സംഭവവികാസങ്ങള്‍ ലോകമെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധ ദേശീയശക്തികളെയും മതനിരപേക്ഷരും സമാധാനകാംക്ഷികളുമായ ജനങ്ങളെയും അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണ്.

ബാഷര്‍ അല്‍ അസദ്

ഇറാഖില്‍ സദ്ദാം ഹുസൈനെ അമേരിക്കന്‍ സാമ്രാജ്യത്വം ഇല്ലാതാക്കിയതിന് ശേഷമുള്ള ഏറ്റവും നിര്‍ണായകമായ സാമ്രാജ്യത്വ അട്ടിമറിയാണ് അബു മുഹമ്മദ് ജുലാനിയെയും അദ്ദേഹത്തിന്റെ ഭീകരസംഘമായ ഹായത് തഹ്‌രിര്‍ അല്‍ഷാമിനെയും വെച്ച് അമേരിക്കയും ഇസ്രാഈലും തുര്‍ക്കിയും നടത്തിയിരിക്കുന്നത്.

2019ഒക്ടോബര്‍ മാസത്തില്‍ ഐ.എസ് തലവനായിരുന്ന അബൂബക്കര്‍ ബാഗ്ദാദി ഒരു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ അദ്ദേഹം രൂപംകൊടുത്ത ഇസ്‌ലാമിക് സ്റ്റേറ്റ് ശിഥിലമാവുകയായിരുന്നു. കിഴക്കന്‍ സിറിയയിലെ ദേര്‍എസോള്‍ മുതല്‍ ഇറാഖിലെ മൊസൂള്‍ വരെ ഇസ്‌ലാമിക് സ്റ്റേറ്റിനെ വ്യാപിപ്പിച്ച അബൂബക്കര്‍ ബാഗ്ദാദി സ്ഥാപിച്ച ഖിലാഫത്ത് തകര്‍ക്കപ്പെടുകയായിരുന്നു.

ആരാണ് അബു മുഹമ്മദ് ജുലാനിയെന്നും അദ്ദേഹത്തിന്റെ ഹയാത് തഹ്‌രിര്‍ അല്‍ഷാം എന്ന ഭീകരവാദസംഘടന എന്താണെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് അസദ് ഭരണകൂടത്തിന്റെ അട്ടിമറിയെ സ്വേച്ഛാധിപത്യത്തിനുമേല്‍ നേടിയ ജനാധിപത്യത്തിന്റെ വിജയമായൊക്കെ സാമ്രാജ്യത്വ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.

അബു മുഹമ്മദ് ജുലാനി

2011ലാരംഭിച്ച വര്‍ഷങ്ങള്‍ നീണ്ടുനിന്ന അസദ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ഫ്രീ സിറിയന്‍ ആര്‍മിയുടെ രൂപാന്തരമാണ് ഹയാത് തഹ്‌രിര്‍ അല്‍ഷാം. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇറാഖും തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഭീകരവാദതാവളങ്ങളില്‍ നിന്ന് പെറുക്കികൂട്ടിയ അല്‍ ഖ്വയ്ദ – ഐ.എസ് ഭീകരരെ ചേര്‍ത്താണ് ജുലാനി തന്റെ ഹയാത് തഹ്‌രിര്‍ അല്‍ഷാം എന്ന ഭീകരസംഘടനയ്ക്ക് രൂപം കൊടുത്തത്.

1988ല്‍ ഡമാസ്‌കസിലെ മസെ ജില്ലയില്‍ ജനിച്ച ജുലാനി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് അല്‍ ഖ്വയ്ദയില്‍ ചേരുന്നത്. അക്കാലം തൊട്ടുതന്നെ ഡമാസ്‌കസ് കേന്ദ്രീകരിച്ച് ഇയാള്‍ രഹസ്യപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇറാഖില്‍ അല്‍ ഖ്വയ്ദയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കവെ പിടിയിലകപ്പെടുകയും അഞ്ച് വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു.

2011ല്‍ സിറിയയിലെത്തിയ ജുലാനി അല്‍ ഖ്വയ്ദയുടെ സിറിയന്‍ ഘടകമായ അല്‍ നുസ്റ ഫ്രണ്ട് രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കി. അല്‍ നുസ്റ ഫ്രണ്ടും ഇറാഖിലെ മൊസൂളില്‍ നിന്ന് സിറിയയിലേക്ക് നീങ്ങിയ ഇസ്‌ലാമിക് സ്റ്റേറ്റും ചേര്‍ന്നാണ് ഫ്രീ സിറിയന്‍ ആര്‍മി രൂപപ്പെടുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ സമ്പൂര്‍ണ പിന്തുണയോടുകൂടിയാണ് അസദ് ഭരണകൂടത്തിനെതിരെ ഫ്രീ സിറിയന്‍ ആര്‍മി കലാപം ആരംഭിക്കുന്നത്.

ഫ്രീ സിറിയന്‍ ആര്‍മിയുടെ ചിഹ്നം

സിറിയയുടെ ഒട്ടുമിക്ക നഗരങ്ങളിലും ഫ്രീ സിറിയന്‍ ആര്‍മി അഴിഞ്ഞാടുകയായിരുന്നു. സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ശൃംഖലയെ നയിക്കാന്‍ അതിന്റെ സ്ഥാപകനായ അബൂബക്കര്‍ ബാഗ്ദാദി നിയോഗിച്ച മിലിറ്റന്റ് ആണ് അബു മുഹമ്മദ് അല്‍ ജുലാനി.

അസദ് ഭരണകൂടം ശക്തമായിതന്നെ ഫ്രീ സിറിയന്‍ ആര്‍മിയെ പ്രതിരോധിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തു. ഡമാസ്‌കസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജൈവ രാസായുധങ്ങള്‍ വരെ ഫ്രീ സിറിയന്‍ ആര്‍മി ഉപയോഗിച്ചു. എന്നിട്ട് അതെല്ലാം ചെയ്തത് അസദ് ഭരണകൂടമാണെന്ന തെറ്റായ പ്രചാരണങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വഴി നടത്തി.

അമേരിക്കന്‍ ഭരണകൂടം പശ്ചിമേഷ്യയിലെ തങ്ങളുടെ നിതാന്തശത്രുവായ അസദിനെ ഒതുക്കാന്‍ ഫ്രീസിറിയന്‍ ആര്‍മിയെ ഉപയോഗിക്കുകയും അവര്‍ സിറിയയില്‍ ചെയ്ത പാതകങ്ങളെല്ലാം അസദ് ഭരണകൂടത്തിന്റെ പേരില്‍ ആരോപിച്ച് മാധ്യമങ്ങളിലൂടെ അസദിനെതിരെ തെറ്റായ പ്രചരണം നടത്തുകയായിരുന്നു.

യു.എന്‍ സമിതി തന്നെ ഡമാസ്‌കസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്ന ജൈവരാസായുധ പ്രയോഗങ്ങള്‍ക്ക് പിറകില്‍ ഫ്രീ സിറിയന്‍ ആര്‍മിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അല്‍ ഖ്വയ്ദയുടെയും ഇസ്‌ലാമിക് സ്റ്റേറ്റിന്റെയും സംയോജനത്തിലൂടെയുണ്ടായ ഫ്രീ സിറിയന്‍ ആര്‍മി വെറുക്കപ്പെട്ടതോടെയാണ് അമേരിക്കന്‍ സാമ്രാജ്യത്വം ജുലാനിയെ ഉപയോഗിച്ച് ഹയാത് തഹ്‌രിര്‍ അല്‍ഷാം രൂപീകരിച്ചത്.

സിറിയന്‍ നഗരമായ ഇദ്‌ലിബില്‍ ഹയാത് തഹ്‌രിര്‍ അല്‍ഷാം സിവിലിയന്‍ ഭരണകൂടം തന്നെ രൂപീകരിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളെല്ലാം യുദ്ധകുറ്റങ്ങളാണെന്ന കണ്ടെത്തല്‍ യു.എന്‍ തന്നെ നിരവധി തവണ നടത്തിയിട്ടുണ്ട്.

സിറിയ പോലെ വ്യത്യസ്ത ജനസമൂഹങ്ങളും സംസ്‌കാരങ്ങളും നിലനില്‍ക്കുന്ന ഒരു സമൂഹത്തിനകത്ത് പാന്‍ ഇസ്‌ലാമിസത്തിന്റെ തീവ്രവാദപരമായ രാഷ്ട്രീയ പ്രയോഗങ്ങള്‍ക്കാണ് ഹയാത് തഹ്‌രിര്‍ അല്‍ഷാം മുതിര്‍ന്നത്.

ക്രിസ്ത്യന്‍ ഉള്‍പ്പെടെ ന്യൂനപക്ഷവിഭാഗങ്ങളെയെല്ലാം അടിച്ചമര്‍ത്തി അലൈപോ ഉള്‍പ്പെടെയുള്ള പലമേഖലകളിലും തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുകയാണ് ഈ ഭീകരസംഘം ചെയ്തത്.

2016 മുതല്‍ സിറിയയില്‍ പ്രവര്‍ത്തനമാരംഭിച്ച ഹയാത് തഹ്‌രിര്‍ അല്‍ഷാം 8 വര്‍ഷം കൊണ്ടാണ് സിറിയയില്‍ അസദ് ഭരണം അവസാനിപ്പിച്ച് സൈനികനീക്കത്തിലൂടെ അധികാരം പിടിച്ചെടുത്തത്. 2020ല്‍ അലൈപോയില്‍ നിന്നും റഷ്യയുടെ സഹായത്തോടെ ബാഷര്‍ അല്‍ അസദ് തുരത്തിയ സംഘടനയാണിത്.

അമേരിക്കയുടെയും ഇസ്രാഈലിന്റെയും തുര്‍ക്കിയുടെയും പ്രത്യക്ഷവും പരോക്ഷവുമായ സഹായങ്ങളിലൂടെയാണ് അസദ് ഭരണകൂടത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഈ ഭീകരസംഘം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നത്.

ഇപ്പോള്‍ ഏകദേശം 30000ലേറെ സൈനികരുള്ള കമാന്‍ഡാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കകം അലൈപോയിലെ പ്രധാന പ്രവിശ്യകളെല്ലാം ഇവര്‍ പിടിച്ചടക്കുകയായിരുന്നു. വടക്ക് പടിഞ്ഞാറന്‍ അലൈപോയിലെ പ്രധാന പ്രവിശ്യകളെല്ലാം പിടിച്ചെടുക്കുകയും ഡമാസ്‌കസിലേക്ക് ഇരച്ച് കയറുകയുമാണ് ഹയാത് തഹ്‌രിര്‍ അല്‍ഷാം ചെയ്തിരിക്കുന്നത്.

പശ്ചിമേഷ്യയില്‍ സിറിയന്‍ ഭരണകൂടത്തിന്റെ സഹായികളായ ലെബനനിലെ ഹിസ്ബുല്ല ഗവണ്‍മെന്റും ഇറാനും അമേരിക്കക്കും ഇസ്രാഈലിനുമെതിരായി നടത്തുന്ന ജീവന്‍മരണപോരാട്ടങ്ങളുടെയും റഷ്യയുടെ ഉക്രൈന്‍ യുദ്ധത്തിന്റെയും സാഹചര്യമാണ് സിറിയന്‍ സൈനികശേഷിയെ കീഴ്പ്പെടുത്താന്‍ ഹയാത് തഹ്‌രിര്‍ അല്‍ഷാമിന് തുണയായത്.

ഐക്യരാഷ്ട്രസഭയുടെ ഭീകരവാദ പട്ടികയില്‍പ്പെട്ട സംഘടനയാണ് ഹയാത് തഹ്‌രിര്‍ അല്‍ഷാം. കേരളത്തില്‍ ഹയാത് തഹ്‌രിര്‍ അല്‍ഷാമിന്റെ സിറിയന്‍ വിജയത്തില്‍ ആവേശം കൊള്ളുന്ന രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകള്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വിജയത്തിലും വിസ്മയം കൊണ്ടവരും രോമാഞ്ചമണിഞ്ഞവരുമാണ്.

സിറിയയിലെ അരാജകമായ സാഹചര്യത്തെ മുതലെടുത്തുകൊണ്ട് അമേരിക്കയും ഇസ്രാഈലും അങ്ങോട്ട് കടന്നുകയറാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ആയുധ സംഭരണകേന്ദ്രങ്ങളിലേക്കെന്നപേരില്‍ സിറിയന്‍ കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുകയാണ്.

യുദ്ധോപകരണങ്ങള്‍ വിമതര്‍ക്ക് ലഭിക്കരുതെന്ന് ഉറപ്പാക്കാനാണ് ഇത്തരം ആക്രമണങ്ങളെന്നാണ് ഇസ്രാഈല്‍ വിദേശകാര്യമന്ത്രാലയം പറയുന്നത്. ഐ.എസ് ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ എന്ന പേരില്‍ അമേരിക്കയും സിറിയന്‍ മേഖലകളില്‍ വ്യോമാക്രമണം നടത്തുന്നു.

അമേരിക്കയുടെയും ഇസ്രാഈലിന്റെയും വ്യോമാക്രമണങ്ങളെ തടയാന്‍ അബു മുഹമ്മദ് ജുലാനി തയ്യാറല്ല. ഈ ഭീകരവാദിയുടെ മൗനം ഈ മേഖലയിലെ അമേരിക്കന്‍ ഇസ്രാഈല്‍ താത്പര്യങ്ങള്‍ക്കൊപ്പമാണ് ഹയാത് തഹ്‌രിര്‍ അല്‍ഷാം എന്നതാണ് കാണിക്കുന്നത്.

സിറിയയിലെ ഭരണപരമായ അരക്ഷിതാവസ്ഥയെ മുതലെടുത്ത് പശ്ചിമേഷ്യയെ മുഴുവന്‍ രക്തക്കളമാക്കാനുള്ള നീക്കമാണ് അമേരിക്കയും ഇസ്രയേലും തുടങ്ങിയിരിക്കുന്നത്. അസദിനെ ഓടിച്ചതിനുശേഷം പ്രതിസന്ധിയിലായ സിറിയന്‍ സമൂഹം ഇസ്രാഈലിന്റെയും യു.എസിന്റെയും ആക്രമണങ്ങളില്‍ അരക്ഷിതരാവുകയാണ്.

അസദ് ഭരണകൂടത്തെ തകര്‍ത്തതോടെ സിറിയയിലെ തന്ത്രപ്രധാനമായ എല്ലാ മേഖലകളിലേക്കും ഇസ്രാഈല്‍ സൈന്യം കടന്നുകയറുകയാണ്. 1974ലെ ഉടമ്പടി പ്രകാരം സിറിയക്കുള്ളിലുണ്ടായ ബഫര്‍ സോണ്‍ ഇപ്പോള്‍ സിറിയന്‍ സൈന്യത്തിന്റെ പിന്മാറ്റത്തോടെ ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തിരിക്കുകയാണ്. മെസഹ് സൈനിക വിമാനത്താവളത്തിലും വ്യോമാക്രമണം നടക്കുന്നു.

ഐ.എസിനെ ലക്ഷ്യമിട്ട് സിറിയയിലെ 75ലധികം കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് യു.എസ് സെന്റര്‍ കമാന്‍ഡ് അവകാശപ്പെടുന്നത്. ഇസ്രാഈലിനും അമേരിക്കക്കും പിന്നാലെ എര്‍ദോഗന്റെ തുര്‍ക്കിയും സിറിയയില്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നു.

റജബ് തയ്യിബ് എര്‍ദോഗാന്‍

വടക്കന്‍ സിറിയയിലെ കുര്‍ദ് ഭൂരിപക്ഷപ്രദേശമായ റാഖാ നഗരത്തിലുണ്ടായ ആക്രമണങ്ങളില്‍ 11 പേരാണ് മരണപ്പെട്ടത്. ഇതില്‍ ആറ് കുട്ടികളാണ്. ഡമാസ്‌കസിലെ സെന്‍ട്രല്‍ ജയിലിലുള്ള മുഴുവന്‍ ഭീകരരെയും തുറന്നുവിടുകയാണ്.

ജയിലിലുള്ള തടവുകാരെ മോചിപ്പിച്ച ഭീകരര്‍ ഭൂമിക്കടിയിലെ രഹസ്യതടവറകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നു. അത്തരം രഹസ്യ തടവറകളൊന്നും സിറിയയിലെ ഭൂമിക്കടിയില്‍ ഇല്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൈനികാക്രമണവും ഭീകരവാദികളുടെ അഴിഞ്ഞാട്ടവും സിറിയയുടെ എല്ലാ ഭാഗങ്ങളിലും അഭയാര്‍ത്ഥി പ്രവാഹം സൃഷ്ടിച്ചിരിക്കുന്നു. യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം 3 ലക്ഷത്തിലേറെ പേരാണ് പലായനം ചെയ്തിരിക്കുന്നത്.

ഇറാറിലെ മൊസില്‍ എണ്ണ നിക്ഷേപം കണ്ടെത്തിയതോടെ അത് കയ്യടക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ നീക്കങ്ങളാണ് പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ന്നത്. ഫ്രഞ്ച്, ഡച്ച് ബ്രിട്ടീഷ് കമ്പനികളും റോക്ക്ഫെല്ലര്‍ ഉള്‍പ്പെടെയുള്ള എണ്ണ ഭീമന്മാരും ഈ മേഖലയിലെ എണ്ണ സമ്പത്ത് കയ്യടക്കാന്‍ നടത്തിയ നീക്കങ്ങളിലാണ് പശ്ചിമേഷ്യ സംഘര്‍ഷപൂര്‍ണമായത്.

അറബ് ദേശീയതയെ തകര്‍ക്കാനായി സാമ്രാജ്യത്വശക്തികള്‍ തന്നെയാണ് രാഷ്ട്രീയ ഇസ്‌ലാമിസത്തെ സൃഷ്ടിച്ചെടുത്തതും ഈജിപ്തിലെയും ഇറാനിലെയുമൊക്കെ സാമ്രാജ്യത്വവിരുദ്ധ ദേശീയ മുന്നേറ്റങ്ങളെ അസ്ഥിരീകരിച്ചതും. ബ്രിട്ടനെ തുടര്‍ന്ന് ലോകാധിപത്യത്തിലേക്കുയര്‍ന്നുവന്ന അമേരിക്കയും അതിന്റെ സഖ്യശക്തികളും പശ്ചിമേഷ്യന്‍ മണ്ണില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചുനിര്‍ത്താനായി രണ്ട് മാര്‍ഗങ്ങളാണ് വളരെ തന്ത്രപരമായി സ്വീകരിച്ചത്.

ഒന്ന് ഫലസ്തീനില്‍ എന്തു വിലകൊടുത്തും ഇസ്രാഈലിനെ നിലനിര്‍ത്തുകയെന്നത് സയണിസ്റ്റ് രാഷ്ട്രത്തെ എണ്ണ സമ്പന്നമായ പശ്ചിമേഷ്യയിലേക്കുള്ള സാമ്രാജ്യത്വത്തിന്റെ ഔട്ട്പോസ്റ്റായി വളര്‍ത്തിയെടുക്കുകയായിരുന്നു. രണ്ടാമതായി പശ്ചിമേഷ്യക്കകത്തെ അറബ് നാടുകളുടെ ഐക്യത്തെ തകര്‍ത്തുകൊണ്ട് പാവ ഭരണകൂടങ്ങളെ അവരോധിക്കുകയെന്ന തന്ത്രം.

പശ്ചിമേഷ്യന്‍ ജനതയുടെ ഫ്യൂഡല്‍ വിരുദ്ധ സാമ്രാജ്യത്വവിരുദ്ധ വിമോചന സമരങ്ങളെയാകെ ചോരയില്‍ മുക്കിക്കൊല്ലാനാണ് അറബ് നാടുകളിലെ സ്വേച്ഛാധിപതികളെയും മതാധികാര ശക്തികെളയും കരുക്കളാക്കി യു.എസ് സാമ്രാജ്യത്വം കാലാകാലങ്ങളായി ശ്രമിച്ചത്. ഈ ഭൂമേഖലകളിലെ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാന്‍ ഇസ്‌ലാമിസത്തെയും സയണിസത്തെയും അമേരിക്കയും സഖ്യശക്തികളും വളര്‍ത്തിയെടുത്തത്.

അമേരിക്കന്‍ താത്പര്യങ്ങള്‍ക്കെതിരായി സാര്‍വദേശീയതലത്തില്‍ തന്നെ ഉയര്‍ന്നുവന്ന സോവിയറ്റ് സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും ചേരിചേരാ പ്രസ്ഥാനങ്ങളുടെയും പക്ഷത്ത് ഉറച്ചുനിന്ന രാജ്യമായിരുന്നു സിറിയ. സിറിയയിലെ അസദ് ഭരണകൂടം പശ്ചിമേഷ്യക്കകത്തെ ശക്തമായ സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിച്ച ഭരണകൂടമാണ്.

അതിനെ തകര്‍ക്കുകവഴി ഈ മേഖലയില്‍ അരക്ഷിതത്വം സൃഷ്ടിച്ച് ആധിപത്യം ഉറപ്പിക്കാനുള്ള തന്ത്രമാണ് അമേരിക്കയും ഇസ്രാഈലും ഇപ്പോള്‍ പരീക്ഷിക്കുന്നത്.

മധ്യപൂര്‍വദേശങ്ങളിലെ വ്യാപാരമേഖലകളില്‍ ചൈന നേടുന്ന സ്വാധീനവും നയതന്ത്രപരമായി ഇറാനും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയോടടുക്കുന്നതുമായ വര്‍ത്തമാനലോകസാഹചര്യത്തില്‍ നിന്നുവേണം സിറിയയിലെ അട്ടിമറിക്ക് പിറകിലെ താത്പര്യങ്ങളെയും രാഷ്ട്രീയത്തെയുമൊക്കെ വായിച്ചെടുക്കേണ്ടത്.

Content Highlight: KT Kunjikannan writes about the happenings in Syria

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more