കോഴിക്കോട്: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ദ്രൗപതി മുര്‍മുവിനെ ആഘോഷിക്കുന്നവര്‍ സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ മാപ്പുസാക്ഷികളാവുകയാണെന്ന് സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍.
ഹിന്ദുത്വവാദികളുടെത് ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ രാക്ഷസീയമായൊരു പ്രത്യയശാസ്ത്രമാണെന്ന് മനസിലാക്കാന്‍ സവര്‍ക്കറുടെയും ഗോള്‍വാക്കറുടെയും കൃതികളിലൂടെ കടന്നുപോയാല്‍ മതിയെന്ന് കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം സംഘപരിവാറിനൊപ്പം ചില ലിബറലുകളും ആഘോഷമാക്കുന്നുണ്ട്. വിശാല ഹിന്ദുത്വത്തിനായുള്ള രാംനാഥ് കോവിന്ദിനെയും ഇപ്പോള്‍ മിസിസ് മുര്‍മുവിനെയുംവെച്ചു കൊണ്ടുള്ള മനുവാദികളുടെ സോഷ്യല്‍ എഞ്ചിനീയറിങ് ദളിതരെ സംബന്ധിച്ചെടുത്തോളം ധൃതരാഷ്ട്രാലിംഗനമാണെന്ന് അറിയണം. ഇപ്പോള്‍ ചില സ്വത്വരാഷ്ട്രീയക്കാരായ ബുദ്ധിജീവികളും ഇത് മഹത്തായ തീരുമാനമാണെന്നൊക്കെ തട്ടിവിട്ട് ഹിന്ദുത്വവാദികളുടെ നാമജപ ഘോഷയാത്രക്ക് കൊഴുപ്പ് കൂട്ടികൊടുക്കുന്നുണ്ട്.
ഹിന്തുത്വ പ്രത്യയശാസ്ത്ര നിലപാടുകളില്‍ നിന്ന് ആര്‍.എസ്.എസ് നടത്തിയിട്ടുള്ള ന്യൂനപക്ഷഹിംസയുടെയും ദളിത് ഹിംസയുടെയും ചോരയൊലിക്കുന്ന ചരിത്രം നമ്മുടെ മുമ്പിലുണ്ട്.
അതേസമയം, എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ദ്രൗപതി മുര്‍മുവിനൊപ്പം പത്രികാ സമര്‍പ്പണത്തിനെത്തും. സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം ബിജു ജനതാദള്‍, വൈ.എസ്.ആര്‍.സി.പി തുടങ്ങിയ പാര്‍ട്ടികളില്‍നിന്നും പ്രതിനിധികളുണ്ടാകും.