വര്‍ഗീയ ചോരച്ചാലുകളില്‍ നിന്നും ഊര്‍ജം സംഭരിക്കുന്നവര്‍ക്ക് 1921 ലെ മാപ്പിള കര്‍ഷക കുടിയാന്മാരുടെ സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളുടെ യഥാര്‍ത്ഥ സാമൂഹ്യ സാമ്പത്തിക ചോദനകളെ തിരിച്ചറിയാന്‍ കഴിയില്ല
ആരാണ് ചരിത്രത്തിലെ നായകരും വില്ലന്മാരുമെന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍, സംശയരഹിതമായും നമുക്ക് പറയാന്‍ കഴിയും ബ്രിട്ടീഷുകാര്‍ക്കെതിരെ നാടിന്റെ സ്വാതന്ത്ര്യത്തിനും ജനതയുടെ ക്ഷേമത്തിനും വേണ്ടി പൊരുതിയവരാണ് ഇന്ത്യയുടെ ദേശീയതാ നിര്‍മ്മിതിയുടെ ചരിത്രത്തിലെ നായകന്മാര്‍. അവരാണ് ഇന്ത്യയെ നിര്‍മ്മിച്ചത്. ചരിത്രം സൃഷ്ടിച്ച അവരുടെ പോരാട്ടങ്ങളും ആത്മാര്‍പ്പണവുമാണ് ഇന്ത്യയെ രൂപപ്പെടുത്തിയത്.
വര്‍ഗീയത പടര്‍ത്തി സ്വാതന്ത്ര്യ സമരത്തെ ദുര്‍ബലപ്പെടുത്താനും അസ്ഥിരീകരിക്കാനും ശ്രമിച്ച വര്‍ഗീയവാദികളാണ് വില്ലന്മാരെന്ന് ചരിത്രബോധമുള്ളവര്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. എന്നാല്‍ മാപ്പെഴുതി കൊടുത്ത് ബ്രിട്ടീഷുകാരുടെ ഷൂ നക്കി നടന്നവരുടെ പിന്മുറക്കാരിപ്പോള്‍ അവര്‍ക്ക് കൈവന്ന ദേശീയാധികാരത്തിന്റെ ബലത്തില്‍ ചരിത്രത്തെ അപനിര്‍മ്മിച്ച് യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരസേനാനികളെയും ദേശാഭിമാന മുന്നേറ്റങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയാണ്.
അതാണ് കോഴിക്കോട് ഇന്നലെ സംഘികള്‍ സംഘടിപ്പിച്ച മലബാര്‍ കലാപത്തെ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ആര്‍.എസ്.എസ് നേതാവ് രാം മാധവിന്റെ പ്രസംഗത്തിലൂടെ പുറത്ത് വന്നത്. തങ്ങളുടെ വിദ്വേഷ ചരിത്രാപനിര്‍മ്മിതിക്കാവശ്യമായ വര്‍ഗീയ അജണ്ടയില്‍ സംഘടിപ്പിച്ചതുമാണല്ലോ ആ സെമിനാര്‍.
യഥാര്‍ത്ഥത്തില്‍ ചരിത്രത്തിലെ വില്ലന്മാര്‍ രാംമാധവ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വവാദികളാണ്. റായ് ബഹദൂര്‍ ലാലാചന്ദ് മുതല്‍ സവര്‍ക്കറും ഗോള്‍വാക്കറുമെല്ലാമുള്‍പ്പെടുന്ന ഹിന്ദുത്വ വാദികളാണ് യഥാര്‍ത്ഥ വില്ലന്മാരെന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹിന്ദുമഹാസഭയും മുസ്‌ലിം ലീഗും വര്‍ഗീയ സംഘടനകള്‍ മാത്രമല്ല രണ്ടും ദേശദ്രോഹ സംഘടനകളാണെന്ന് 1915ല്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോപാലകൃഷ്ണ ഗോഖലെ കോണ്‍ഗ്രസിലെ ഹിന്ദുമഹാസഭക്കാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
റായ് ബഹദൂര്‍ ലാലാചന്ദ്
ഹിന്ദുത്വവാദത്തിന് തുടക്കമിട്ടവരാണ് ഇന്ത്യന്‍ ജനതയുടെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്തവര്‍. സാധാരണ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ബൗദ്ധരും ജൈനരും മുസല്‍മാന്മാരും ക്രിസ്ത്യാനികളുമെല്ലാം അണിനിരന്ന ഇന്ത്യന്‍ ജനതയുടെ ദേശീയ മുന്നേറ്റങ്ങളെ അസ്ഥിരീകരിക്കുന്ന വിഭജനചിന്തകള്‍ കുത്തിപൊക്കിയെടുത്തത് അവരാണ്.
19-ാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളില്‍ പഞ്ചാബിലുയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭം ബ്രിട്ടീഷ് ഭരണത്തെയും സെമിന്ദാരി വ്യവസ്ഥയെയും പിടിച്ചുകുലുക്കിയപ്പോളാണല്ലോ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്‍ന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഫ്യൂഡല്‍ ബ്രാഹ്മണ പ്രമാണിയായ ലാലാ ലാല്‍ചന്ദിനെ പോലുള്ളവരെ രംഗത്തിറക്കി കളി തുടങ്ങിയത്. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണം ബ്രിട്ടീഷ് നികുതിനയങ്ങളും സെമിന്ദാരി സമ്പ്രദായവുമല്ല കൃഷിക്ക് ഉപയോഗിക്കുന്ന കന്നുകാലികളെ കൊന്നു തിന്നുന്ന മുസ്‌ലിങ്ങളാണെന്ന ക്ഷുദ്രവികാരം കുത്തിയിളക്കുന്ന പ്രചാരണങ്ങളാണല്ലോ ഹിന്ദുമഹാസഭയുടെ ഈ സ്ഥാപക നേതാവ് ആരംഭിച്ചത്.
പഞ്ചാബ് ഹിന്ദുമഹാസഭയിലൂടെയാണല്ലോ ഇന്ത്യയില്‍ രാഷ്ട്രീയ ഹൈന്ദവതക്ക് സംഘടനാരൂപം കൈവന്നത്. അവിഭക്ത പഞ്ചാബില്‍ സഹിഷ്ണുതയോടെയും പരസ്പര സൗഹൃദത്തോടെയും കഴിഞ്ഞു പോന്ന ഹിന്ദു, മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ വിഭജനവും ശത്രുതയും പടര്‍ത്തി ബ്രിട്ടീഷുകാര്‍ക്കെതിരായ കര്‍ഷക ദേശീയ മുന്നേറ്റങ്ങളെ തകര്‍ക്കുകയാണ് ഹിന്ദുത്വ വാദികള്‍ ചെയ്തത്.
വില്ലന്മാരായ ബ്രാഹ്മണ പണ്ഡിതരെയും ഹിന്ദുമഹാസഭയെയും ഉപയോഗിച്ച് ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രം പ്രയോഗിക്കുകയായിരുന്നു. വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിമരുന്നിടുകയായിരുന്നു. ഗോവധ രാഷ്ട്രീയം ഉയര്‍ത്തി ഹിന്ദുമഹാ സഭയുടെ സ്ഥാപകന്‍, പഞ്ചാബിലും മധ്യേന്ത്യയിലും പതിനായിരങ്ങളുടെ കൂട്ടക്കൊലകള്‍ സൃഷ്ടിക്കുകയായിരുന്നു. വര്‍ത്തമാന ഇന്ത്യയിലും ഗോവധം രാംമാധവന്മാര്‍ക്ക് നരഹത്യകള്‍ നടത്തി ആര്‍മാദിക്കാനുള്ള വിദ്വേഷവിഷയമായി തുടരുകയാണല്ലോ. ലാലാചന്ദ് എഴുതിയ സവര്‍ക്കര്‍ക്കും ഗോള്‍വാക്കര്‍ക്കും സൈദ്ധാന്തികമായി മാര്‍ഗ്ഗദര്‍ശനം നല്‍കിയ കൃതിയാണ് ‘Self Abnegation in Politics’
സവര്‍ക്കര്‍
ആ പുസ്തകത്തിന്റെ തുടര്‍ച്ചയെന്ന പോലെയാണ് സവര്‍ക്കറുടെയും ഗോള്‍വാക്കറുടെയും ഹിന്ദുത്വ രചനകള്‍ ഹിന്ദുരാഷ്ട്രവാദം എന്തുമാത്രം രാജ്യദ്രോഹകരമായ ബ്രിട്ടീഷ് സേവയുടെയും ചതുര്‍വര്‍ണ്യാധിഷ്ഠിത മൂല്യങ്ങളുടെയും അധീശത്വ പ്രത്യയശാസ്ത്രമാണെന്നറിയാന്‍ ലാലാ ലാല്‍ ചന്ദിന്റെ ഈയൊരു കൃതി മാത്രം വായിച്ചാല്‍ മതി. നാം ആദ്യം ഹിന്ദുക്കളാണെന്നും രണ്ടാമതേ ഇന്ത്യക്കാരാവുന്നുള്ളൂവെന്നും മുസ്‌ലിങ്ങള്‍ക്കെതിരായി സമരം നടത്തേണ്ട ഹിന്ദുക്കളുടെ ശക്തി ചോര്‍ത്തിക്കളയുന്ന ഏര്‍പ്പാടാണ് ബ്രിട്ടനെതിരായ സ്വാതന്ത്ര്യ സമരമെന്ന ആക്ഷേപമാണ് ലാലാ ലാല്‍ ചന്ദ് മുന്നോട്ട് വെച്ചത്.
അത് രാഷ്ടീയത്തിലെ ആത്മനിഷേധപരമായ പ്രവര്‍ത്തനമാണെന്നും വാദിച്ച ലാലാ ലാല്‍ ചന്ദാദികളുടെ രാജ്യദ്രോഹപരമായ ചരിത്രത്തിലഭിരമിക്കുന്നവര്‍ക്ക് 1921 ലെ മലബാര്‍ സമരമടക്കം ദേശാഭിമാനികളായ മാപ്പിളകുടിയാമാരുടെ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പുകളെ വില്ലത്തരമായി തോന്നുന്നത് സ്വാഭാവികം. അവര്‍ ചരിത്രം പഠിക്കുന്നത് ഈ നാടിനെ അടിമയാക്കി വെച്ച ബ്രിട്ടിഷ് രേഖകളില്‍ നിന്നാണല്ലോ. അവര്‍ക്ക് ചരിത്രമെന്നത് ഹിന്ദു മുസ്‌ലിം വര്‍ഗീയ സംഘര്‍ഷങ്ങളാണ്.
ബ്രിട്ടീഷ് കമ്പനി പട്ടാളത്തോട് വിട്ടുവീഴ്ചയില്ലാതെ യുദ്ധം ചെയ്ത് നിന്ന ബംഗാള്‍ നവാബ് സിറാജ് ദൗളയുടെ പാരമ്പര്യമല്ലല്ലോ സംഘികളെ നയിക്കുന്നത്. ആ ധീരദേശാഭിമാനിയെ ഒറ്റികൊടുത്ത് ബ്രിട്ടീഷുകാരുടെ കയ്യില്‍ കളിച്ച സേനാനായകനായ മിര്‍ ജാഫറുടെ പാരമ്പര്യമാണല്ലോ. തീര്‍ന്നില്ല, പോര്‍ച്ചുഗീസുകാര്‍ക്കെതിരെ അറബിക്കടലിലെ അലമാലകള്‍ കണക്ക് പൊരുതി കുഞ്ഞാലി മര്‍ക്കാര്‍മാരുടെ പാരമ്പര്യത്തെ വിലമതിക്കാത്ത സംഘികള്‍ പറങ്കികള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ച് പാണ്ടികശാലകള്‍ കെട്ടി കൊടുത്ത നാട്ടുരാജാക്കന്മാരില്‍ നിന്നാണല്ലോ ആവേശം കൊള്ളുന്നത്.
വര്‍ഗീയ ചോരച്ചാലുകളില്‍ നിന്നും ഊര്‍ജം സംഭരിക്കുന്നവര്‍ക്ക് 1921 ലെ മാപ്പിള കര്‍ഷക കുടിയാന്മാരുടെ സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളുടെ യഥാര്‍ത്ഥ സാമൂഹ്യ സാമ്പത്തിക ചോദനകളെ തിരിച്ചറിയാന്‍ കഴിയില്ല. വര്‍ഗീയവാദികള്‍ എന്നും ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോര കുടിക്കുന്നതില്‍ കൗതുകം പുലര്‍ത്തുന്നവരാണല്ലോ. ലെഫ്റ്റ് ലിബറലുകള്‍ക്കെതിരെ കുരച്ചുചാടുന്ന രാംമാധവുമാര്‍ ഇന്ത്യയെ രൂപപ്പെടുത്തിയ സാമ്രാജ്യത്വ വിരുദ്ധ ദേശീയതക്കും ആശയങ്ങള്‍ക്കുമെതിരെ ബ്രിട്ടന്റെയും നാട്ടുരാജാക്കന്മാരുടെയും പാദസേവ ചെയ്ത് ചരിത്രത്തില്‍ വില്ലന്‍ പണിയെടുത്തവരുടെ പിന്മുറക്കാര്‍ മാത്രമാണ്.
അവര്‍ ധീര ദേശാഭിമാനികളെ അപമാനിച്ചും ദേശീയതാ മുന്നേറ്റങ്ങളെ അപനിര്‍മ്മിച്ചും രാജ്യത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ച് നിര്‍ത്താനും കീഴ്‌പ്പെടുത്താനുമുള്ള നവ സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശ അജണ്ടയില്‍ കളിക്കുന്നവരാണ്.