ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 57ാം ചരമ വാര്‍ഷിക ദിനമാണ്. 1964 മെയ് 27നാണ് ആ നവഭാരത ശില്പി നമ്മെ വിട്ടുപിരിയുന്നത്.
ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളുടെയും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും വക്താവും കാര്‍മ്മികനുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. ഇന്ത്യയുടെ സംസ്‌കാരത്തെയും ചരിത്രത്തെയും ആഴത്തില്‍ മനസിലാക്കുകയും മനുഷ്യപുരോഗതിക്കാവശ്യമായ രീതിയില്‍ മാറി വരുന്ന ലോകസംഭവഗതികളെ വിശകലന വിധേയമാക്കുകയും ചെയ്ത തത്വചിന്തകനും ചരിത്രകാരനുമായിരുന്നു നെഹ്‌റു. ഇന്ത്യയെ കണ്ടെത്തലും വിശ്വചരിത്രാവലോകനവുമെല്ലാം നെഹ്‌റുവിന്റെ ലോകവീക്ഷണത്തെയും ചരിത്ര സമീപനത്തെയും ധൈഷണിക ശക്തിയെയും വ്യക്തമാക്കുന്ന കൃതികളാണ്.
മനുഷ്യപുരോഗതിയ്ക്കും ജനതയുടെ സ്വാതന്ത്ര്യത്തിനും രാഷ്ട്രങ്ങളുടെ വിമോചനത്തിനും തടസ്സം നില്‍ക്കുന്ന സാമ്രാജ്യത്വത്തെയും ഫ്യൂഡല്‍ നാടുവാഴിത്ത ഭരണവ്യവസ്ഥകളെയും അവസാനിപ്പിക്കണമെന്നതായിരുന്നു നെഹ്‌റുവിന്റെ ധൈഷണിക ആഗ്രഹം. അതിനാവശ്യമായ സാമ്രാജ്യത്വ വിരുദ്ധ ദേശീയതയുടെയും മതനിരപേക്ഷ ജനാധിപത്യത്തിന്റെയും രാഷ്ട്രീയ മൂല്യങ്ങളെ ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന്റെ ആശയ പദ്ധതിയും പ്രായോഗിക പരിപാടിയുമാക്കാനാണ് നെഹ്‌റു അശാന്തം പരിശ്രമിച്ചത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ സമൂഹമാക്കി പരിവര്‍ത്തനപ്പെടുത്താനും പരമാധികാരവും സ്വാശ്രയത്വവുമുള്ള ഒരു രാഷ്ട്രമാക്കി നിര്‍മ്മിച്ചെടുക്കാനുമാണ് നെഹ്‌റു ആഗ്രഹിച്ചത്. അതിനായി പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കെന്ന നിലയില്‍ മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ലക്ഷ്യം വെക്കുന്ന ഭരണഘടന അംഗീകരിക്കുന്നതും നെഹ്‌റുവിന്റെ അനിഷേധ്യമായ ഇടപെടലിലൂടെയാണ്.
അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് മോഹങ്ങളാണ് സോവിയറ്റ് യൂണിയന്റെ പൊതുമേഖലയെയും ആസൂത്രണത്തെയും പഞ്ചവത്സര പദ്ധതികളെയുമെല്ലാം സ്വതന്ത്ര ഇന്ത്യയുടെ വികസന മാതൃകയായി സ്വീകരിക്കുന്നതിലേക്കെത്തിച്ചത്.
രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിഭവസമ്പത്തിന്റെയും വ്യവസായങ്ങളുടെയും മേഖലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിര്‍ത്തിയതും നാടനും വിദേശിയുമായ സ്വകാര്യ മൂലധനശക്തികളെ അകറ്റി നിര്‍ത്തിയതും നെഹ്‌റുവിന്റെ ശക്തമായ ഇടപെടലും സ്വാധീനവും മൂലമായിരുന്നു. കോണ്‍ഗ്രസ്സിലെ യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് ഹിന്ദുകോഡ് നിയമനിര്‍മ്മാണമടക്കമുള്ള ആധുനിക സിവില്‍ സമൂഹ നിര്‍മ്മിതിക്കുള്ള വിപ്ലവകരമായ നിയമനിര്‍മ്മാണണങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയത്.
കോണ്‍ഗ്രസിലെ വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തോട് എന്നും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട് നെഹ്‌റുവിന്. മതരാഷ്ട്രവാദികളായ ഹിന്ദുമഹാസഭയെയും മുസ്‌ലിം ലീഗിനെയും ഒരു പോലെ എതിര്‍ത്തു പോന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ നിലപാടുകളുടെ തുടര്‍ച്ചയായിരുന്നു നെഹ്‌റുവിന്റെ രാഷ്ട്രീയ നിലപാടുകള്‍.
ഹിന്ദുത്വത്തോട് മൃദുസമീപനം സ്വീകരിക്കുന്ന യാഥാസ്ഥിതികര്‍ അന്നും ഇന്നും കോണ്‍ഗ്രസില്‍ നിര്‍ണായക സ്വാധീനം പുലര്‍ത്തുന്നുണ്ട്. അവരോട് ഏറ്റുമുട്ടിക്കൊണ്ടാണ് നെഹ്‌റുവിയന്‍ നിലപാടുകള്‍ മതനിരപേക്ഷതക്ക് എന്നും കരുത്ത് പകര്‍ന്നത്. 1991 ഓടെ ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നരസിംഹറാവു സര്‍ക്കാര്‍ ഇന്ത്യയെ രൂപപ്പെടുത്തിയ നെഹ്‌റുവിയന്‍ നയങ്ങള്‍ക്ക് ഔപചാരികമായി തന്നെ വിട നല്‍കുകയായിരുന്നു. നെഹ്‌റുവിന്റെ കമാന്റ് സോഷ്യലിസത്തിന് പകരം വികസനത്തിന്റെ കമ്പോള മാര്‍ഗം പുല്‍കുകയായിരുന്നു.
നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ദര്‍ശനങ്ങളും 1930 കളിലെ ഫാസിസ്റ്റ് വിരുദ്ധ സമരാനുഭവങ്ങളും ഇന്ത്യയെന്ന ആധുനിക രാഷ്ട്രനിര്‍മ്മിതിയില്‍ പ്രധാനപ്പെട്ട ആശയബലമായി തീര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തേണ്ട സമയമാണിത്. ബാബറി പള്ളിയില്‍ അതിക്രമിച്ചു കടന്ന് ഹിന്ദുത്വവാദികള്‍ കൊണ്ടുപോയി വെച്ച രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ എടുത്ത് സരയൂ നദിയുടെ പ്രവാഹഗതിയിലേക്കെറിഞ്ഞുകളയാന്‍ ഗോവിന്ദ് വല്ലഭായ്പന്തിനോട് ആവശ്യപ്പെട്ട നെഹ്‌റുവിനെ കണ്ടത്തേണ്ട സമയമാണിത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി നെഹ്‌റുവിന്റെ ആശയങ്ങളെ ഉയര്‍ത്തിയെടുക്കേണ്ട മതിനിരപേക്ഷ ജനാധിപത്യത്തിന്റെ പ്രത്യുത്ഥാനം ആവശ്യപ്പെടുന്ന കാലം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: KT Kunhikkannan writes about Jawaharlal Nehru