|

ചരിത്രവും ശാസ്ത്രവും പഠിച്ച് വളരേണ്ട കുട്ടികള്‍ സങ്കുചിത മത - ദേശീയ ബോധത്തിന്റെ ഉന്മാദങ്ങളില്‍ തളച്ചിടപ്പെടുമ്പോള്‍

കെ.ടി. കുഞ്ഞിക്കണ്ണന്‍

ഇന്ത്യയുടെ മതേതരഘടനയെ തകര്‍ത്ത് ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘപരിവാര്‍ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ ഓരോന്നായി അടിച്ചേല്‍പിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് തങ്ങളുടെ പ്രത്യയശാസ്ത്ര അജണ്ടക്ക് ഭീഷണിയാവുന്ന സാമൂഹ്യ ശാസ്ത്രപാഠങ്ങള്‍ മാറ്റാനും ചരിത്രത്തെയും സംസ്‌കാരത്തെയും കാവിവല്‍ക്കരിക്കാനുമുള്ള നീക്കങ്ങള്‍ അവര്‍ നടത്തുന്നത്. പാഠപുസ്തകങ്ങളിലും സിലബസിലും മാറ്റമുണ്ടാക്കാനുള്ള നീക്കങ്ങളാണ് 2014 മുതല്‍ അവര്‍ നടത്തിയിട്ടുള്ളത്.

അക്കാദമിക് സമൂഹത്തിന്റെ എതിര്‍പ്പുമൂലം അതിലവര്‍ വിജയിച്ചിരുന്നില്ല. എന്നാലിപ്പോള്‍ കോവിഡിനെ സൗകര്യമാക്കി സി.ബി.എസ്.ഇ സിലബസില്‍ നിന്നും മതേതര ജനാധിപത്യ പാഠഭാഗങ്ങളവര്‍ എടുത്തു കളയുകയാണ്.

ആധുനിക പൗരത്വത്തെയും ദേശീയതയെയും സെക്കുലറിസത്തെയും സംബന്ധിച്ച അറിവുകളില്‍ നിന്നും നമ്മുടെ വിദ്യാര്‍ത്ഥികളെ തടയാനായി ഒമ്പതാം ക്ലാസ്സ് മുതല്‍ 12ാം ക്ലാസ്സ് വരെയുള്ള സാമൂഹ്യ ശാസ്ത്ര പാഠങ്ങള്‍ വെട്ടിമാറ്റിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആധുനിക ജനാധിപത്യത്തിന്റെ ആധാരശിലകളായ പൗരത്വത്തെയും സെക്കുലറിസത്തെയും മാത്രമല്ല, ദേശീയ വാദത്തിന്റെ ചാമ്പ്യന്മാരായ സംഘപരിവാര്‍ സര്‍ക്കാര്‍ ദേശീയതയെ കുറിച്ചുള്ള പാഠഭാഗങ്ങളും കുട്ടികള്‍ പഠിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു.

കോവിഡ് മഹാമാരി സൃഷ്ടിച്ച അടച്ചു പൂട്ടലില്‍ നഷ്ടമായ അധ്യയനദിനങ്ങള്‍ കണക്കാക്കി സി.ബി.എസ്.ഇ സിലബസ്സില്‍ 30% പാഠഭാഗങ്ങള്‍ വെട്ടികുറക്കുകയാണെന്ന ന്യായമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ മുന്നോട്ട് വെക്കുന്നത്. കോവിഡിനെ സുവര്‍ണാവസരമാക്കി കേന്ദ്ര സര്‍ക്കാര്‍ ആര്‍.എസ് .എസ് അജണ്ട ഓരോന്നായി നടപ്പാക്കുകയാണ്.

തങ്ങള്‍ വിഭാവനം ചെയ്യുന്ന സാംസ്‌കാരിക ദേശീയതയിലധിഷ്ഠിതമായ ഏകാത്മക ഭരണകൂടഘടന സാക്ഷാല്‍ക്കരിച്ചെടുക്കാനാണവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തങ്ങള്‍ വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാനാവശ്യമായ പ്രത്യയശാസ്ത്രവല്‍ക്കരണത്തിന് തടസ്സമാവുന്ന എല്ലാ ആശയങ്ങളെയും പാശ്ചാത്യമെന്ന് പറഞ്ഞു എതിര്‍ക്കുകയാണല്ലോ ആര്‍.എസ്.എസ്

വിദ്യാഭ്യാസത്തെ ചരിത്രത്തിലെല്ലാകാലത്തും എല്ലായിടത്തും ഫാസിസ്റ്റുകള്‍ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രബോധനത്തിനുള്ള ഉപാധിയാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള പഠനങ്ങളും പാഠ്യപദ്ധതികളും ഫാസിസവല്‍ക്കരിച്ചാണ് ഹിറ്റ്‌ലറും മുസോളിനിയുമെല്ലാം അപരവംശ വിരോധത്തിലധിഷ്ഠിതമായ അതിദേശീയതയുടേതായ രാഷ്ട്രീയ പ്രത്യയശാസ്ത്രം വളര്‍ത്തിയെടുത്തതും ഉപയോഗിച്ചതും.

ബിസ്മാര്‍ക്കിന്റെ ജര്‍മന്‍ ഏകീകരണത്തില്‍ നിന്നും ജൂലിയസ് സീസറിന്റെയും അഗസ്ത്യാസ് സീസറിന്റെയും റോമാസാമ്രാജ്യത്തില്‍ നിന്നും ആവേശം കൊള്ളുന്ന ജനതകളെ സൃഷ്ടിച്ച പ്രത്യയശാസ്ത്ര പ്രവര്‍ത്തനങ്ങളിലൂടെയാണല്ലോ ഹിറ്റ്‌ലറും മുസോളിനിയും ഫാസിസ്റ്റ് രാഷ്ടിയം വളര്‍ത്തിയെടുത്തത്. അതി ദേശീയതയുടെ ഭീകരത വിതച്ചത്. ഹിന്ദുത്വപ്രത്യയശാസ്ത്രത്തിനും ഇന്ത്യയുടെ ബഹുത്വത്തെ നിഷേധിക്കുന്ന സാംസ്‌കാരിക ദേശീയതക്കും എതിരാവുന്ന വിചിന്തനങ്ങളെയും സംവാദാത്മകമായ പാഠഭാഗങ്ങളെയും ഇല്ലാതാക്കുക എന്ന ആസൂത്രിത അജണ്ടയുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കങ്ങളെന്ന് കാണാം.

കോവിഡ് പാക്കേജിന്റെ മറവില്‍ പ്രതിരോധമേഖല ഉള്‍പ്പെടെയുള്ള മര്‍മ്മ പ്രധാന മേഖലകളിലും വിദേശ മൂലധനശക്തികള്‍ക്ക് നിരുപാധികവും വ്യവസ്ഥാരഹിതവുമായ നിക്ഷേപ സൗകര്യമൊരുക്കി കൊടുക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തത്. നാടിന്റെ പരമാധികാരവും സ്വാശ്രയത്വവും നഷ്ടപ്പെടുത്തിയാണവര്‍ സ്വാശ്രയ ഭാരതം കെട്ടിപ്പടുക്കാന്‍ നോക്കുന്നത്. തൊഴില്‍ നിയമങ്ങള്‍, പരിസ്ഥിതി നിയമങ്ങള്‍, കമ്പനി നിയമങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ തുടങ്ങി നമ്മുടെ ദേശീയ സമ്പദ്ഘടനക്കും തൊഴിലെടുക്കുന്നവര്‍ക്കും പരിരക്ഷയാവുന്ന എല്ലാ നിയമങ്ങളും ഭേദഗതി ചെയ്യുകയോ അവയെ മറികടക്കാന്‍ ഓര്‍ഡിനന്‍സുകള്‍ ഇറക്കുകയോ ചെയ്തു.

ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങളെ കുഴിച്ചുമൂടി കൊണ്ട് സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സാമ്പത്തിക വരുമാനങ്ങളെയും കവര്‍ന്നെടുക്കയും അധികാരകേന്ദ്രീകരണം തീവ്രമിക്കുകയും ചെയ്തു. കല്‍ക്കരിപ്പാടങ്ങളും എണ്ണ ഖനികളും ധാതു വിഭവ സ്രോതസുകളും നാടനം വിദേശീയുമായ കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതുന്ന രാജ്യദ്രോഹനടപടികള്‍ക്കുള്ള അവസരമാക്കി കോവിഡു കാലത്തെ മാറ്റുകയാണ് ഹിന്ദു രാഷ്ട്രവാദികളുടെ സര്‍ക്കാര്‍.

ഇപ്പോളവര്‍ തങ്ങളുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനാവശ്യമായ രീതിയില്‍ സി.ബി.എസ്.ഇ പാഠഭാഗങ്ങളില്‍ മാറ്റം വരുത്തുകയാണ്. കേന്ദ്ര ഭരണാധികാരം ഉപയോഗിച്ചു ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ സെക്കുലറും ആധുനികദേശിയതയിലധിഷ്ഠിതവുമായ മൂല്യങ്ങളെയും പാഠഭാഗങ്ങളെയും വെട്ടിമാറ്റുകയും കാവി വല്‍ക്കരണത്തിന് വേഗം കൂട്ടുകയുമാണ്. ചരിത്രത്തില്‍ നെഹറുവിന് പകരം പട്ടേലിനെയും പതുക്കെ പട്ടേലിനെ മാറ്റി സവര്‍ക്കറെയും സ്ഥാപിച്ചെടുക്കാനുള്ള സമര്‍ത്ഥമായ പ്രത്യയശാസ്ത്ര ബോധനമാണ് സംഘികള്‍ ആരംഭിച്ചിരിക്കുന്നത്.

ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും ആശയങ്ങളെ പാഠഭാഗങ്ങളില്‍ നിന്നും ഒഴിവാക്കി ഏകീകരണത്തിന്റെയും ബലപ്രയോഗത്തിന്റെയും ആശയങ്ങള്‍ സ്ഥാപിച്ചെടുക്കാനാണവര്‍ നോക്കുന്നത്.

അതിനായി ഇന്ത്യന്‍ വിദ്യാഭ്യാസത്തെ അടിമുടി മാറ്റിയെഴുതണമെന്നാണ് ആര്‍.എസ.്എസിന്റ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ മേധാവിയായ ദീനനാഥ് ബത്ര ആവശ്യപ്പെടുന്നത്. 2014ലോടെ തങ്ങള്‍ക്ക് കൈവന്ന ദേശീയാധികാരത്തെ ഇതിനായി ഉപയോഗിക്കാനാണവര്‍ ശ്രദ്ധിച്ചത്. പാശ്ചാത്യമായതിനെ വര്‍ജിക്കുന്ന ഹിന്ദുത്വത്തോട് പ്രതിബദ്ധതയുള്ളവരും ദേശീയ വാദികളുമായ ഒരു തലമുറയെ വളര്‍ത്തിയാലേ ഹിന്ദുരാഷ്ട്രം സാക്ഷാല്‍ക്കരിക്കാനാവൂ, അതിനായി ലിബറല്‍ ജനാധിപത്യ പാഠഭാഗങ്ങള്‍ സാമൂഹ്യ ശാസ്ത്രത്തില്‍ നിന്നും ഒഴിവാക്കണമെന്നാണ് ബത്ര പറഞ്ഞു കൊണ്ടിരിക്കുന്നത്.

ചരിത്രത്തെ മാറ്റണം ഐതിഹ്യങ്ങളും കെട്ടുകഥകളും ചരിത്രമാക്കണം, ഗുജറാത്തില്‍ മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 42000 ഓളം വരുന്ന അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി സ്‌കുളുകളില്‍ ഈ ദിശയില്‍ ബത്ര പാഠപുസ്തങ്ങള്‍ തയ്യാറാക്കുകയും പഠിപ്പിക്കുകയും ചെയ്തു. തേജോമയ് ഭാരത് എന്ന പരമ്പരയില്‍ പെട്ട ഈ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ചരിത്രം, ശാസ്ത്രം, മതം എന്നിവ പഠിപ്പിക്കുന്നത്. കാണ്ഠ കോശസിദ്ധാന്തവും ഗണപതി ഭഗവാന്റെ പ്ലാസ്റ്റിക് സര്‍ജറിയും ഗോമൂത്ര ചാണക മാഹാത്മ്യവുമെല്ലാം ഇത്തരം പാഠപുസ്തകങ്ങളിലൂടെയാണ് പുതിയ തലമുറകളിലേക്ക് കുത്തിവെക്കുന്നത്. ശാസ്ത്ര ബോധവും യുക്തി ചിന്തയും നഷ്ടപ്പെടുത്തി കുട്ടികളെ ആര്യവംശാഭിമാനത്തിന്റെതായ വൈദിക പാരമ്പര്യത്തിലേക്കും സങ്കുചിത ദേശീയബോധത്തിന്റെ ഉന്മാദങ്ങളിലേക്കും തളച്ചിടുകയെന്ന ഫാസിസ്റ്റ് അജണ്ടയാണ് സംഘികളുടേത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍