| Monday, 23rd September 2019, 8:09 pm

കാശ്മീര്‍ പണ്ഡിറ്റുകളും ബി.ജെ.പിയുടെ മുതലെടുപ്പ് രാഷ്ട്രീയവും

കെ.ടി. കുഞ്ഞിക്കണ്ണന്‍

കാശ്മീരിലെ ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികളെ ന്യായീകരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ എന്നും കാശ്മീരി പണ്ഡിറ്റുകളുടെ ദീന കഥകളാണ് പറയാറുള്ളത്. അനുഛേദം 370 റദ്ദ് ചെയ്ത് കാശ്മീരിനെ പട്ടാള ബൂട്ടുകള്‍ക്കിടയിലാക്കിയ മോദി -അമിത് ഷാ ഭരണകൂടം ചരിത്രത്തെയും കാശ്മീര്‍ പ്രശ്‌നത്തെയുംസങ്കീര്‍ണ്ണമാക്കിയ കോണ്‍ഗ്രസ്-ബി.ജെ.പി സര്‍ക്കാരുകളുടെ ഇടപെടലുകളെ സംബന്ധിച്ച് അജ്ഞത സൃഷ്ടിക്കുകയാണ്.

പ്രശസ്ത നിയമജ്ഞനും സാമൂഹ്യ ശാസ്ത്രജ്ഞനുമായ എ ജിനൂറാനി നിരീക്ഷിക്കുന്നത് ക്രമാനുഗതമായി കാശ്മീരിന്റെ സ്വയംഭരണാവകാശം വ്യവസ്ഥ ചെയ്യുന്ന അനുഛേദം 370 നെ ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കേന്ദ്രം നിര്‍മ്മിക്കുന്ന 97 നിയമങ്ങളില്‍ 93 ഉം കാശ്മീരിന് ബാധകമാക്കുന്ന രീതിയില്‍ അനുഛേദം 370 നെ ശോഷിപ്പിക്കുകയും 1987 ല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയും കാശ്മീരികളുടെ ജനകീയാഭിലാഷങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്തതോടെയാണ് പാക് കേന്ദ്രിത തീവ്രവാദി സംഘങ്ങള്‍ കാശ്മീര്‍ താഴ്‌വരയില്‍ സ്വാധീനമുണ്ടാക്കുന്നതും കാശ്മീര്‍ പണിറ്റുകള്‍ക്കെതിരായ ആക്രമണങ്ങള്‍ സംഭവിക്കുന്നതും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചരിത്രപരമായി കാശ്മീരി പണ്ഡിറ്റുകളും മുസ്ലിങ്ങളും തമ്മിലുള്ള ആത്മബന്ധത്തെ തകര്‍ത്തത് ഇസ്ലാമിക തീവ്രവാദികളും ഹിന്ദു വര്‍ഗീയ വാദികളും ഇരുപുറങ്ങളില്‍ നിന്ന് നടത്തിയ വിദ്വേഷ പ്രചരണങ്ങളും കലാപ നീക്കങ്ങളുമാണ്. അതിര്‍ത്തി കടന്നുവന്ന വീര്യം കൂടിയ ഇസ്ലാമിന്റെ സ്വാധീനമാണ് കാശ്മീര്‍ പണിറ്റുകള്‍ക്കെതിരായ സംഘടിത നീക്കങ്ങള്‍ക്ക് പ്രേരണയായത്.

കാശ്മീര്‍ ഗവര്‍ണറായിരുന്ന ജഗ് മോഹന്റെ നിലപാടുകള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു. കലാപം തുടങ്ങിയതോടെ 400 പണ്ഡിറ്റുകള്‍ വധിക്കപ്പെട്ടുവെന്നാണ് കാശ്മീരി പണ്ഡിറ്റ് സംഘര്‍ഷ സമിതി ഇറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 1990 അവസാനം ആകുമ്പോഴേക്കും 25,000 പണ്ഡിറ്റ് കുടുംബങ്ങള്‍ കാശ്മീര്‍ വിടേണ്ടി വന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയിലേക്കെത്തി. ജമ്മുനഗരത്തിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കവര്‍ തള്ളപ്പെട്ടു.

കേന്ദ്ര സര്‍ക്കാറും ജഗ് മോഹനനും നയതന്ത്രജ്ഞയോടെ കലാപം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുകയും കലാപകാരികള്‍ക്കെതിരായി നീങ്ങുന്നതിന് പകരം മൊത്തം ജനങ്ങള്‍ക്കെതിരായി സൈന്യത്തെ കയറൂരി വിടുകയും ചെയ്തു. ഇത് കാശ്മീരി ജനതയുടെ അന്യവല്‍ക്കരണത്തിനും ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ്, ലഷക്ര്‍ ഇ തോയ്ബ തുടങ്ങിയ ഭീകരസംഘങ്ങളുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവിനും സൗകര്യമൊരുക്കി.

1998-99 കാലത്തെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങളും ഇന്ത്യയില്‍ നിന്ന് കാശ്മീരിനെ പാകിസ്ഥാനോട് ചേര്‍ക്കണമെന്ന നിലപാട് സൂക്ഷിക്കുന്ന പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഹുറിയത് കൗണ്‍സിലിന്റെ ഇടപെടലുകളും എങ്ങിനെയാണ് വാജ്‌പേയ് സര്‍ക്കാര്‍ കൈകാര്യം ചെയ്തതെന്ന് മനസിലാക്കുമ്പോഴാണ് കാശ്മീര്‍ വിഷയത്തിലെ അവരുടെ കാപട്യം തിരിച്ചറിയാനാവുക. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ക്ലിന്റന്റെ നിര്‍ദ്ദേശാനുസരണം ഹിസ്ബുള്‍ മുജാഹിദീന്‍ നേതാക്കളുമായവര്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തി.

ഭീകരെ നേരിടുകയാണെന്ന വ്യാജേന ജനങ്ങള്‍ക്ക് നേരെ സൈനികാക്രമണമഴിച്ച് വിടുകയും തീവ്രവാദികള്‍ക്ക് പ്രവര്‍ത്തന സൗകര്യം ചെയ്തു കൊടുക്കുകയുമാണു് വാജ്‌പേയ് ചെയ്തത്. കാണ്ഢഹാര്‍ വിമാനറാഞ്ചലോടെ ഭീകരവാദികള്‍ ആവശ്യപ്പെട്ടതെല്ലാം സമ്മതിച്ചു കൊടുത്ത് ഇന്ത്യന്‍ ജയിലുണ്ടായിരുന്ന മസൂദ് അസര്‍ വരെയുള്ളവരെ വിട്ടുകൊടുത്ത ദേശാഭിമാനകവാത്തുകരാണ് സംഘികളെന്ന് നാം മറന്നു പോകരുത്.

സമൂഹത്തിന്റെ സ്മൃതി ഭ്രംശവും അജ്ഞതയുമാണ് എക്കാലത്തും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് മണ്ണൊരുക്കി കൊടുക്കുന്നത്. അധികാരത്തിലിരുന്ന നാളുകളിലൊന്നും പണ്ഡിറ്റുകളുടെ പ്രശ്‌നത്തിന് ഒരു പരിഹാര നടപടിയുമെടുക്കാത്തവരാണ് ബി.ജെ.പിക്കാരെന്ന് ഓര്‍ക്കണം. കാശ്മീര്‍ പണ്ഡിറ്റുകളെ എന്നും ഭൂരിപക്ഷ വര്‍ഗീയത ഇളക്കിയെടുക്കാനും മുസ്ലിം വിരുദ്ധത ഉല്പാദിപ്പിക്കാനുമുള്ള ഉപകരണമാക്കുകയാണവര്‍ ചെയ്തത്. മുതലെടുപ്പ് രാഷ്ടീയത്തിന്റെ ഇരകളായി പണ്ഡിറ്റു പ്രശ്‌നം നിലനിര്‍ത്തുകയാണ് ബി.ജെ.പി ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

5 ലക്ഷത്തോളം സൈനികരെ വിന്യസിച്ച് കാശ്മീരിന്റെ ഭരണഘടനാവകാശങ്ങള്‍ റദ്ദ് ചെയ്തവര്‍ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിനും ഇന്ത്യന്‍ യൂണിയന്‍ രൂപപ്പെടുത്തിയ ഫെഡറലിസത്തെയുമാണ് കശാപ്പ് ചെയ്യുന്നത്.

കാശ്മീര്‍ ജനതയാണ് കാശ്മീരിനെ ഇന്ത്യയോട് ചേര്‍ത്തതെന്നും അതിനവര്‍ക്ക് ഇന്ത്യ നല്‍കിയ ഉറപ്പാണ് അനുഛേദം 370 എന്നും സങ്കുചിത ദേശീയ ഉന്മാദങ്ങളില്‍പ്പെട്ട് നാംവിസ്മരിച്ചു കളയരുത്. കാശ്മീരിനെ എന്നും രക്തരൂക്ഷിതമായൊരു നാടാക്കി നിലനിര്‍ത്തണമെന്നത് ആഗോള മൂലധനശക്തികളുടെയും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ഭരണ വര്‍ഗങ്ങളുടെ താല്പര്യമാണ്.

സാധാരണക്കാരും തീവ്രവാദികളും സുരക്ഷാ സൈനികരും ഉള്‍പ്പെടെ 70000 ലേറെ പേരുടെ ജീവന്‍ ഇക്കാലയളവില്‍ കാശ്മീരില്‍ നഷ്ടപ്പെട്ടു. ആയിരങ്ങളാണ് കാണാതായവരുടെ പട്ടികയിലുള്ളത്. പെല്ലറ്റ് ഗണുകള്‍ ഉള്‍പ്പടെ മാരകാക്രമണങ്ങളില്‍ പതിനായിരങ്ങള്‍ക്കാണ് പരിക്ക് ഏറ്റത്.

WATCH THIS VIDEO:

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

Latest Stories

We use cookies to give you the best possible experience. Learn more