ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ശതാബ്ദിവര്‍ഷമാണിത്. ഈ ലേഖനത്തില്‍ ഇന്ത്യന്‍ കമ്യണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതുവായ ചരിത്രവും മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും അത് മുന്നോട്ടുവെച്ച കൊളോണിയല്‍തിസീസ് ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ ചെലുത്തിയ സ്വാധീനവും സാമാന്യമായി പ്രതിപാദിക്കുകമാത്രമാണ് ചെയ്യുന്നത്.
1920 ഒക്ടോബര്‍ 17-നാണ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്‌ബെക്കിസ്ഥാന്‍ സംസ്ഥാനത്തെ താഷ്‌കന്റ് നഗരത്തില്‍ ഒത്തുകൂടിയ ഇന്ത്യന്‍ വിപ്ലവകാരികള്‍ പ്രഥമ കമ്യൂണിസ്റ്റ് ഘടകത്തിന് രൂപം നല്‍കുന്നത്. സ:എം.എന്‍.റോയ് മുന്‍കൈയെടുത്താണ് താഷ്‌കന്റില്‍ യോഗം വിളിച്ചുചേര്‍ത്തത്. എം.എന്‍.റോയ്, എവ്‌ലിന്റോയ്, അബനിമുഖര്‍ജി, റോസാഫിറ്റിന്‍, മുഹമ്മദലി, മുഹമ്മദ്‌ഷെഫീഖ് സിദ്ദിഖി, എം.പി.ബി.ടി.ആചാര്യ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സ:മുഹമ്മദ്‌ഷെഫീഖ് സിദ്ദിഖി സെക്രട്ടറിയായി കമ്യൂണിസ്റ്റുപാര്‍ട്ടിപാര്‍ട്ടിയുടെ പ്രഥമഘടകം രൂപീകരിക്കുകയായിരുന്നു.
1925 ഡിസംബര്‍മാസം 26 മുതല്‍ 28 വരെ കാണ്‍പൂരില്‍ നടന്ന കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സമ്മേളനവും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെയും കൂടിച്ചേരലായിരുന്നു കാണ്‍പൂര്‍ സമ്മേളനം.
സത്യഭക്ത എന്നൊരാള്‍ അച്ചടിച്ച് വിതരണം ചെയ്ത ഒരു ലഘുലേഖയിലൂടെയാണ് വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളിലെ പ്രവര്‍ത്തകരെ കാണ്‍പൂരിലെത്തിച്ചത്. ഹസ്രത്‌മൊഹലാനിയായിരുന്നു സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷന്‍. ബ്രിട്ടീഷ് കമ്യൂണിസ്റ്റ്പാര്‍ട്ടി നേതാവായിരുന്ന സക്ലത്‌വാലയുടെ അധ്യക്ഷതയില്‍ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന് എത്താന്‍ കഴിയാതെപോയി.
500-ഓളം പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഭൂരിപക്ഷവും കര്‍ഷകരും സാധാരണ തൊഴിലാളികളുമായിരുന്നു. ആ സമ്മേളനമാണ് ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ’ എന്ന പേര് സ്വീകരിച്ചത്. മദ്രാസിലെ ശിങ്കാരവേലുചെട്ടിയാരുടെ നേതൃത്വത്തിലുള്ള ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍ ബോംബെയിലെയും കല്‍ക്കത്തയിലെയും ലാഹോറിലെയും കാണ്‍പൂരിലെയും വിവിധ ഗ്രൂപ്പുകള്‍ സംേയാജിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപംകൊണ്ടത്. പാര്‍ട്ടിയുടെ മുഖപത്രമായി ‘ലേബര്‍ ആന്റ് കിസാന്‍ ഗസറ്റ്’ (ഇത് ശിങ്കാരവേലുചെട്ടിയാരുടെ പാര്‍ട്ടിയുടെ പത്രമായിരുന്നു) മാറ്റാനും തീരുമാനിച്ചു.
പാര്‍ട്ടി കേന്ദ്രഓഫീസ് ബോംബെയില്‍ പ്രവര്‍ത്തിക്കാനും കല്‍ക്കത്ത, കാണ്‍പൂര്‍, മദ്രാസ്, ലാഹോര്‍ എന്നിവിടങ്ങളില്‍ റീജ്യണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാനും തീരുമാനമുണ്ടായി. ശിങ്കാരുവേലുചെട്ടിയാരെ പ്രസിഡന്റായും ആസാദ്‌ശോഭാനിയെ വൈസ്പ്രസിഡന്റായും എസ്.വി.ഘാട്ടെ, ജാനകിപ്രസാദ്ബാഗര്‍ഹട്ട എന്നിവരെ ജനറല്‍സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
പെഷവാര്‍ ഗൂഢാലോചനകേസ്, മീററ്റ് ഗൂഢാലോചനകേസ്, കാണ്‍പൂര്‍ ഗൂഢാലോചനകേസ് തുടങ്ങി അത്യന്തം ഭീകരമായ ഭരണകൂട വേട്ടയാടലുകള്‍ നേരിട്ടുകൊണ്ടാണ് തുടര്‍ച്ചയായ നിരോധനങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി മുന്നോട്ടുപോയത്.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് പുതിയ ദിശാബോധവും ബഹുജനപിന്തുണയും രൂപപ്പെടുത്തുന്നതില്‍ താഷ്‌കന്റില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടല്‍ പ്രധാനപങ്കുവഹിച്ചു. ആധുനിക ദേശരാഷ്ട്രസങ്കല്‍പവും ഇന്ത്യന്‍ സാഹചര്യങ്ങളെ അഭിസംബോധനചെയ്യാന്‍ കഴിയുന്ന കാര്യപരിപാടിയും രൂപപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്ത് പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റുകാര്‍ നിര്‍ണായകമായ ഇടപെടലുകളാണ് നടത്തിയത്. ഹിന്ദുമുസ്‌ലീം മതരാഷ്ട്രവാദത്തെ പ്രതിരോധിച്ചുകൊണ്ട് ഇന്ത്യയെന്ന സങ്കല്‍പവും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് നേതൃത്വം കൊടുക്കുന്നവരുടെ വര്‍ഗപരമായ പരിമിതിയെ മറികടക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു ബഹുജനരാഷ്ട്രീയ പ്രസ്ഥാനമായി ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ മാറ്റിയെടുക്കാനാണ് താഷ്‌കന്റില്‍ രൂപംകൊണ്ട പാര്‍ട്ടിയുടെ നേതാക്കള്‍ ശ്രമിച്ചത്. ഇതിന്റെ പ്രത്യക്ഷമായ സൂചനയായിരുന്നു 1921-ലെ അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തില്‍ വിതരണം ചെയ്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു മാനിഫെസ്റ്റോ എന്ന ലഘുലേഖ.
സഖാക്കള്‍ അബനിമുഖര്‍ജിയുടെയും എം.എന്‍.റോയിയുടെയും പേരുവെച്ചായിരുന്നു മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്. സാമ്രാജ്യത്വത്തോടൊപ്പം ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയില്‍ അടിത്തറയൊരുക്കുന്ന ജന്മിനാടുവാഴിത്തത്തിനെതിരായിട്ടുള്ള സമരവും കൃഷിഭൂമി കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനാവശ്യമായ ഭൂപരിഷ്‌കരണ മുദ്രാവാക്യങ്ങളും കോണ്‍ഗ്രസ് മുന്നോട്ടുവെക്കണമെന്ന് കമ്യൂണിസ്റ്റുകാര്‍ വാദിച്ചു. പൂര്‍ണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യമുയര്‍ത്തണമെന്ന പ്രമേയവും എ.ഐ.സി.സി സമ്മേളനത്തില്‍ കമ്യൂണിസ്റ്റുകാര്‍ അവതരിപ്പിച്ചു.
ഇന്ത്യയിലെ ബഹുദേശീയപ്രശ്‌നങ്ങളെയും ജാതി അടിച്ചമര്‍ത്തലിന്റെ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടേ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ കഴിയൂ എന്ന നിലപാട് സ്വാതന്ത്ര്യസമര സേനാനികളിലേയ്ക്ക് എത്തിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അവസാന ഘട്ടത്തില്‍ ഹിന്ദുമഹാസഭയും മുസ്‌ലീംലീഗും വലിയരീതിയില്‍ വര്‍ഗീയത സൃഷ്ടിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ‘ഹിന്ദുമുസ്ലീം പ്രശ്‌നം’ എന്ന ലഘുലേഖയിലൂടെ ബ്രിട്ടീഷ്‌കാരുടെ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രത്തെ തുറന്നുകാണിക്കുകയും ഹിന്ദുമുസ്ലീം മൈത്രിയുടെയും മതനിരപേക്ഷയുടെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുകയും ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഹിന്ദുമഹാസഭയോട് ആഭിമുഖ്യം പുലര്‍ത്തുന്ന നേതാക്കന്മാരുടെ നിലപാടുകള്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണെന്ന് കമ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടി.
മാര്‍ക്‌സിസം ഇന്ത്യന്‍ സാഹചര്യത്തില്‍
19-ാം നൂറ്റാണ്ടിന്റെ പകുതിയില്‍ തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളും തൊഴിലാളിവര്‍ഗ വിമോചന ചിന്തകളും ഇന്ത്യന്‍ സമൂഹത്തിലേക്ക് കടന്നുവരുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യത്തിലെ മാര്‍ക്‌സിസമെന്നത് മാര്‍ക്‌സ് മുന്നോട്ടുവെച്ച ലോകവീക്ഷണത്തിന്റെയും സാമൂഹ്യസമീപനത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ച, അതിന്റെ വളര്‍ച്ചയും പരിണാമവും വര്‍ത്തമാനവും സംബന്ധിച്ച പഠനവും പ്രയോഗവുമാണ്. മാര്‍ക്‌സിസത്തിന്റെ രീതിശാസ്ത്രമെന്നത് തൊഴിലാളിവര്‍ഗ കാഴ്ചപ്പാടില്‍ നിന്ന് ഭൗതിക പ്രപഞ്ചത്തെയും സമൂഹത്തെയും പൊതുവായി പരിശോധിക്കുകയും അപഗ്രഥിക്കുകയും ചെയ്യുകയെന്നതാണ്. മാര്‍ക്‌സിസത്തിന്റെ രീതിശാസ്ത്രം വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിലധിഷ്ഠിതവുമാണ്.
തൊഴിലാളിവര്‍ഗത്തിന്റെ ദാര്‍ശനികപദ്ധതി എന്നനിലയിലാണ് മാര്‍ക്‌സും ഏംഗല്‍സും തങ്ങളുടെ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചത്. വര്‍ഗസമരത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റെയും ശാസ്ത്രീയ സോഷ്യലിസത്തിന്റെയും കാഴ്ചപ്പാടുകളാണ് അവരുടെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനം. 19-ാം നൂറ്റാണ്ടിലെ മുതലാളിത്ത വളര്‍ച്ചയുടെയും ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെയും ഭൗതിക പരിസരത്തില്‍ നിന്നാണ് മാര്‍ക്‌സിസം ഉദയം ചെയ്തത്.
അതായത് ജ്ഞാനോദയ വിപ്ലവങ്ങളുടെയും നവോത്ഥാനത്തിന്റെയും ആധുനിക ജനാധിപത്യ വിപ്ലവങ്ങളുടെയും ചിന്താധാരകെളയും അറിവുകളെയും സ്വാംശീകരിച്ചുകൊണ്ടാണ് തൊഴിലാളിവര്‍ഗത്തിന്റെ സിദ്ധാന്തവും പ്രയോഗവുമെന്ന രീതിയില്‍ മാര്‍ക്‌സിസം ഉയര്‍ന്നുവന്നത്. തൊഴിലാളിവര്‍ഗ വീക്ഷണത്തിന്റെ അവിഭാജ്യഘടകമാണ് പ്രപഞ്ചത്തെയും സമൂഹത്തെയും എല്ലാം സംബന്ധിച്ച ശാസ്ത്രീയമായ വിശകലനം. വിവിധ ശാസ്ത്രശാഖകളില്‍ രൂപപ്പെട്ടുവന്ന അറിവുകളെ ക്രോഡീകരിച്ചും സ്വാംശീകരിച്ചുമാണ് മാര്‍ക്‌സും എംഗല്‍സും പിന്നീട് ലെനിനും തൊഴിലാളിവര്‍ഗത്തിന്റെ പ്രപഞ്ചവീക്ഷണമെന്ന നിലയില്‍ മാര്‍ക്‌സിസം വികസിപ്പിച്ചെടുത്തത്.
മുതലാളിത്തം പ്രാരംഭഘട്ടത്തിലുള്ളപ്പോഴാണ് മാര്‍ക്‌സ് മുതലാളിത്തത്തിന്റെ സവിശേഷ നിയമങ്ങളെ മനസ്സിലാക്കാനും ജനങ്ങളെ അത് ബോധ്യപ്പെടുത്താനും ശ്രമിച്ചത്. മാനിഫെസ്റ്റോവില്‍ മുതലാളിത്തം ചരിത്രപരമായി നിര്‍വ്വഹിച്ച കടമകളെ വിശദമാക്കിക്കൊണ്ട് അത് വികസിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളിലേക്ക് മാര്‍ക്‌സ് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.
മുതലാളിത്തം വികസിക്കുമ്പോള്‍ അത് പുതിയ കമ്പോളം തേടി രാജ്യാതിര്‍ത്തി മറികടന്ന് സഞ്ചരിക്കുമെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. ‘മൂലധന’-ത്തില്‍ മുതലാളിത്തത്തിന്റെ ഉദ്ഭവവും വളര്‍ച്ചയും അതിന്റെ അനിവാര്യമായ തകര്‍ച്ചയുമാണ് മാര്‍ക്‌സ് വിശകലനം ചെയ്യുന്നത്. കമ്പോളം തേടിയുള്ള മുതലാളിത്തത്തിന്റെ സഞ്ചാരഗതിയില്‍ അവ എങ്ങനെയാണ് കോളനികളെ സൃഷ്ടിക്കുന്നതെന്ന് മാര്‍ക്‌സ് വിശദീകരിക്കുന്നുണ്ട്. മൂലധനത്തിന്റെ പ്രാകൃതമായ സമാഹരണപ്രക്രിയ എങ്ങനെയാണ് കോളനികളുടെ കൊള്ളയിലൂടെ മുതലാളിത്തം നടത്തിയതെന്ന് മാര്‍ക്‌സ് വിശദമാക്കുന്നുണ്ട്.
സാമ്രാജ്യത്വമായി വികസിച്ച മുതലാളിത്ത കാലഘട്ടത്തിലെ തൊഴിലാളിവര്‍ഗവിപ്ലവത്തെ സംബന്ധിച്ച കാഴ്ചപ്പാടാണ് സഖാവ് ലെനിന്‍ തന്റെ വിഖ്യാതമായ ‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം’ എന്ന കൃതിയിലൂടെ മുന്നോട്ടുവെച്ചത്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗ വിപ്ലവങ്ങളെയും കോളനി രാജ്യങ്ങളിലെ ദേശീയ വിമോചനസമരങ്ങളെയും ലോകസോഷ്യലിസ്റ്റ്‌വിപ്ലവവുമായി കോര്‍ത്തിണക്കുകയാണ് ലെനിന്‍ ചെയ്തത്. ലെനിന്റെ കോളനിരാജ്യങ്ങളിലെ വിപ്ലവത്തെ സംബന്ധിച്ച സിദ്ധാന്തങ്ങളെ മാര്‍ക്‌സിന്റെ മുതലാളിത്ത പഠനങ്ങളുടെയും തൊഴിലാളിവര്‍ഗവിപ്ലവസിദ്ധാന്തങ്ങളുടെയും വിപുലനമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഒരര്‍ത്ഥത്തില്‍ മാര്‍ക്‌സിസത്തിന്റെ പുനര്‍നിര്‍മ്മിതിയായിരുന്നു അത്.
യൂറോപ്പിലെയും ഏഷ്യയിലെയും വിപ്ലവങ്ങള്‍ എങ്ങനെ പരസ്പരം വൈരുദ്ധ്യാത്മകമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് സാമ്രാജ്യത്വത്തെ സംബന്ധിച്ച സൈദ്ധാന്തിക വിശകലനങ്ങളിലൂടെ ലെനിന്‍ സ്ഥാപിച്ചത്. ഈയൊരു സൈദ്ധാന്തിക പരിസരത്തില്‍നിന്നുകൊണ്ടാവണം ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ ആഫ്രിക്കന്‍ നാടുകളിലെ വിമോചനപ്രസ്ഥാനങ്ങളെയും അതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്കിനെയും വിശകലന വിധേയമാക്കേണ്ടത്.
ഇന്ത്യയെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ നിരീക്ഷണങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം എങ്ങനെയാണ് ഇന്ത്യയെ ചൂഷണം ചെയ്യുന്നതെന്നും അതിന്റെ സവിശേഷതകളെന്ത് എന്നും വിശദമാക്കുന്നു. ധാന്യകൃഷിയെ ഇല്ലാതാക്കിയതും സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്കനുസരിച്ച് കൃഷി രീതികളില്‍ ഉണ്ടാക്കുന്ന മാറ്റവും അതിന്റെ പ്രത്യാഘാതമെന്നോണം തീക്ഷ്ണമാകുന്ന ക്ഷാമവും പട്ടിണിയുമെല്ലാം മാര്‍ക്‌സ് വിശകലനവിധേയമാക്കുന്നുണ്ട്.
ഇന്ത്യന്‍ സമൂഹത്തെ ഏഷ്യാറ്റിക് സൊസൈറ്റിയെന്നാണ് മാര്‍ക്‌സ് വിശേഷിപ്പിച്ചത്. അതിന്റെ സവിശേഷതകളെ ആഴത്തില്‍ പരിശോധിക്കുകയും ചെയ്തു. മൂലധന രചനക്കുമുമ്പുതന്നെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ സവിശേഷതകളെ വിലയിരുത്തുമ്പോള്‍ മാര്‍ക്‌സ് ഇന്ത്യന്‍ സമൂഹത്തെ ആഴത്തില്‍ തന്നെ പരിശോധിക്കുന്നുണ്ട്. ലണ്ടനില്‍ തനിക്ക് ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിശകലനം മാര്‍ക്‌സ് നടത്തിയത്. അത്തരം പരിമിതികള്‍ ഉള്ളപ്പോള്‍ തന്നെ ആ കാലഘട്ടത്തിലെ ഇന്ത്യയെക്കുറിച്ചുള്ള വിശദമായ പഠനങ്ങളില്‍ ഒന്നായി അതിനെ പരിഗണിക്കാവുന്നതാണ്.
ഇന്ത്യയുടെ സാമൂഹ്യപുരോഗതിക്ക് തടസ്സമായി നില്‍ക്കുന്ന ജാതിവ്യവസ്ഥയെ നിശിതമായി തന്നെ മാര്‍ക്‌സ് പരിശോധിക്കുന്നുണ്ട്. ജാതിവ്യവസ്ഥയുടെ അടിസ്ഥാനമായ ഇന്ത്യയിലെ ഫ്യൂഡല്‍ നാടുവാഴിത്ത ബന്ധങ്ങളുടെ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്നതാണ് മാര്‍ക്‌സിന്റെ നിരീക്ഷണങ്ങള്‍. മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യനേക്കാള്‍ പ്രാധാന്യം പശുവിന് ലഭിക്കുന്ന കടുത്ത ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും മാര്‍ക്‌സ് നിരീക്ഷിക്കുന്നുണ്ട്. മാര്‍ക്‌സിന്റെ ഈ നിരീക്ഷണങ്ങള്‍ ഇന്നും പ്രസക്തമാണ്.
പശുവിന്റെ പേരില്‍ അനുദിനം നരഹത്യകള്‍ വര്‍ദ്ധിക്കുകയാണ്. ജാതിവ്യവസ്ഥ ദൃഢീകരിക്കപ്പെടുകയും ഒരാധുനിക സിവില്‍ സമൂഹമായി മാറാനുള്ള എല്ലാ ശ്രമങ്ങളെയും ജാതിഹിന്ദുത്വം തടസ്സപ്പെടുത്തുകയുമാണ്. ഹൈന്ദവേതര വിഭാഗങ്ങളെയും ഹൈന്ദവരില്‍ തന്നെ ദളിതരെയും പീഢിപ്പിച്ച് അടിച്ചമര്‍ത്തുന്ന അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇന്ത്യയിലെ തദ്ദേശീയ വ്യാവസായിക വളര്‍ച്ചയെ, തുണി നെയ്ത്ത് വ്യവസായത്തെ എങ്ങനെയാണ് കൊളോണിയലിസം തകര്‍ത്തതെന്ന് മാര്‍ക്‌സ് പരിശോധിക്കുന്നുണ്ട്.
ബ്രിട്ടനിലെ ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനം (8 മണിക്കൂര്‍ ജോലിക്കും വിശ്രമത്തിനും വിനോദത്തിനും വേണ്ടിയുള്ള ബ്രിട്ടീഷ് തൊഴിലാളിവര്‍ഗത്തിന്റെ ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനം) സജീവമായ ഘട്ടത്തില്‍ തന്നെ ബംഗാളിലെ പലഗ്രൂപ്പുകളും അതിന് പിന്തുണയേകുന്നുണ്ട്. യങ്ങ് ബംഗാള്‍ പ്രസ്ഥാനത്തിന്റെ മുഖപത്രമായ ‘ദി ബംഗാള്‍ സ്‌പെക്‌ടേറ്റര്‍’ ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
യങ്ങ് ബംഗാള്‍ പ്രസ്ഥാനത്തിന്റെ നേതാവായ രാധാനാഥ് സര്‍ക്കാര്‍ അവകാശസമരങ്ങളില്‍ തൊഴിലാളികളോട് ഐക്യപ്പെടാന്‍ ഇന്ത്യന്‍ ജനതയോട് ഇത്തരം ലേഖനങ്ങളിലൂടെ ആഹ്വാനം ചെയ്തു. അക്കാലഘട്ടത്തില്‍ യൂറോപ്പില്‍ ഉദയം ചെയ്ത സോഷ്യലിസ്റ്റ് ആശയങ്ങളെ പരിചയപ്പെടുത്തുന്ന ലേഖനം ‘ഹിന്ദുപാട്രിയോടിക്’ പ്രസിദ്ധീകരിച്ചു. 1858 ജൂലായ് 13-ന്റെ ലക്കത്തിലായിരുന്നു ‘ഇംഗ്ലീഷ് സ്‌ട്രൈക്‌സ് ആന്റ് ബംഗാളി ധരംഘട്ട്’ എന്ന തലക്കെട്ടില്‍ പത്രാധിപര്‍ ഹരീഷ്ചന്ദ്രമുഖര്‍ജി എഴുതിയ ലേഖനം വന്നത്.
1864-ല്‍ രൂപംകൊണ്ട ഒന്നാം ഇന്റര്‍നാഷണലിന്റെ (ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് മെന്റ്‌സ് അസോസിയേഷന്‍) കാലത്താണ് ലോകത്തെല്ലായിടത്തും തൊഴിലാളിവര്‍ഗ പാര്‍ട്ടിയെയും വിപ്ലവപ്രസ്ഥാനത്തെയും സംബന്ധിച്ച ആശയങ്ങള്‍ ശക്തമായി എത്തുന്നത്. ഒന്നാം ഇന്റര്‍നാഷണലിന്റെ ഒരു ഘടകം കല്‍ക്കത്തയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒരു കത്ത് പാരീസ് കമ്യൂണ്‍ കാലത്ത് ഇന്ത്യയില്‍ നിന്ന് ഇന്റര്‍നാഷണലിന് ലഭിക്കുന്നുണ്ട്. 1871-ലെ പാരീസ് കമ്യൂണിന്റെ കാലത്ത് ലണ്ടനിലുണ്ടായിരുന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന ദാദാഭായ്‌നവ്‌റോജി ബ്രിട്ടനിലെ തൊഴിലാളിവര്‍ഗവിപ്ലവകാരികളുമായി ബന്ധം പുലര്‍ത്തിയിരുന്നു.
ഇന്ത്യയിലെ കൊളോണിയല്‍ വിരുദ്ധസമരത്തിന് പുതിയ ദിശാബോധം നല്‍കുന്ന ആശയങ്ങള്‍ ദാദാഭായ് നവ്‌റോജിയിലൂടെയാണ് ഇന്ത്യന്‍ വിപ്ലവകാരികള്‍ സ്വീകരിക്കുന്നത്. ബ്രിട്ടീഷ് കമ്യൂണിസ്റ്റുകളുമായുള്ള ദാദാഭായ്‌നവ്‌റോജിയുടെ ബന്ധത്തിന്റെ ഫലമാണ് അദ്ദേഹത്തിന്റെ ‘ദാരിദ്ര്യവും ബ്രിട്ടീഷിതരവുമായ ഇന്ത്യന്‍ ഭരണവും’ എന്ന പുസ്തകം.
1871-ല്‍ തന്നെ കല്‍ക്കത്തയില്‍ നിന്നുള്ള വിപ്ലവകാരികളുടെ ഒരു സംഘം മാര്‍ക്‌സിനെ ബന്ധപ്പെടുകയും മൂന്നാം ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ ഘടകം രൂപീകരിക്കാനും ശ്രമം നടത്തുകയും ചെയ്തു. 1872-ല്‍ ബ്രഹ്മസമാജ പ്രവര്‍ത്തകനായിരുന്ന ശശിപാദബാനര്‍ജി ഭാരത് ശ്രമജീവി സംഘ് എന്നപേരിലൊരു തൊഴിലാളി സംഘടനയും ഭാരത് ശ്രമജീവി സംഘ് എന്നപേരില്‍ ഒരു മാസികയും ആരംഭിക്കുന്നുണ്ട്. ഇതേ കാലഘട്ടത്തില്‍ ദ്വാരകനാഥ്ഗാംഗുലിയും ശിബനാഥ്ശാസ്ത്രിയും ആസാമിലെ തേയില തോട്ടങ്ങളിലെ ചൂഷണത്തെയും അടിമത്തത്തെയും സംബന്ധിച്ച ലേഖനപരമ്പര പ്രസിദ്ധീകരിക്കുന്നുണ്ട്. സഞ്ജീവനി എന്ന പ്രസിദ്ധീകരണത്തില്‍ 1879-ല്‍ ബങ്കിംഗ്ചന്ദ്രചതോപാധ്യായ എഴുതിയ സ്വകാര്യസ്വത്തില്ലാത്ത സോഷ്യലിസ്റ്റ് വ്യവസ്ഥയെക്കുറിച്ചുള്ള ലേഖനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. സാമ്യ എന്നായിരുന്നു ലേഖനത്തിന്റെ ശീര്‍ഷകം.
ഇതേകാലത്ത് ആദാര്‍ചന്ദ്രദാസ്, അഭയചരണ്‍ദാസ് എന്നിവരും വര്‍ഗ രഹിത സമൂഹത്തെക്കുറിച്ചുള്ള ചിന്തകള്‍ അവതരിപ്പിക്കുന്നുണ്ട്. കാള്‍മാര്‍ക്‌സിനെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ഇന്ത്യയില്‍ തുടക്കമിടുന്നത് ബാലഗംഗാധരതിലകനായിരുന്നുവെന്ന് കരുതുന്നു.
1881 മെയ് 1-ന് ‘മറാത്ത’യില്‍ തിലകന്‍ മാര്‍ക്‌സിന്റെ ദര്‍ശനങ്ങളെ വിശകലനം ചെയ്ത് എഴുതുകയുണ്ടായി. 1912 മാര്‍ച്ചില്‍ രാമാനന്ദചതോപാധ്യായുടെ പത്രാധിപത്യത്തില്‍ കല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘മോഡേണ്‍ റിവ്യൂ’വില്‍ ലാലാഹര്‍ദയാല്‍ ‘കാള്‍മാര്‍ക്‌സ് എ മോഡേണ്‍ ഋഷി’ എന്ന ലേഖനം പ്രസിദ്ധീകരിച്ചു. മാര്‍ക്‌സിന്റെ സംഭാവനകളെ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ലേഖനമായിരുന്നു ഇത്. ഇതേ വര്‍ഷം ആഗസ്റ്റില്‍ മലയാളത്തില്‍ സ്വദേശാഭിമാനി കെ.രാമകൃഷ്ണന്‍പിള്ള മാര്‍ക്‌സിന്റെ ലഘുജീവചരിത്രവും പ്രസിദ്ധീകരിച്ചു. കുന്ദംകുളത്തുനിന്ന് ഇറങ്ങുന്ന ‘ആത്മപോഷിണി’യില്‍ സ്വദേശാഭിമാനിസോഷ്യലിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്ന ലേഖനപരമ്പരയും പ്രസിദ്ധീകരിച്ചു.
1879-ല്‍ ഒന്നാം ഇന്റര്‍നാഷണല്‍ പിരിച്ചുവിടുകയും തുടര്‍ന്ന് രണ്ടാം ഇന്റര്‍നാഷണല്‍ രൂപീകരിക്കുകയും ചെയ്തു. രണ്ടാം ഇന്റര്‍നാഷണലിനകത്ത് നടന്ന രൂക്ഷമായ ആശയസമരങ്ങളുടെ തുടര്‍ച്ചയിലാണ് ഒക്‌ടോബര്‍വിപ്ലവം യാഥാര്‍ത്ഥ്യമാകുന്നത്. ബേണ്‍ഷ്‌ടൈന്റെയും കൗട്‌സ്‌കിയുടെയും വര്‍ഗസഹകരണനിലപാടുകളെ തുറന്നുകാട്ടിക്കൊണ്ടാണ് ലെനിന്‍ മാര്‍ക്‌സിസത്തിന്റെ വിപ്ലവസത്ത ഉയര്‍ത്തിപ്പിടിക്കുന്നത്. ലെനിന്‍ യൂറോപ്യന്‍ തൊഴിലാളിപ്രസ്ഥാനത്തിന്റെ വിപ്ലവപ്രയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സൈദ്ധാന്തികമായ ഉത്തരങ്ങള്‍ നല്‍കിയതോടൊപ്പം തന്നെ മര്‍ദ്ദിത രാഷ്ട്രങ്ങളുടെ ദേശീയ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട വിപ്ലവപ്രയോഗങ്ങളുടെ രാഷ്ട്രീയ സൈദ്ധാന്തിക നിലപാടുകളും വികസിപ്പിച്ചുകൊണ്ടാണ് മൂന്നാം ഇന്റര്‍നാഷണല്‍ രൂപീകരിക്കുന്നത്.
അതായത് സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റേതുമായ ഒരു ചരിത്രഘട്ടത്തെ സംബന്ധിച്ച കൃത്യമായ സൈദ്ധാന്തിക നിലപാടുകളില്‍ നിന്നുമാണ് മൂന്നാം ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മാര്‍ക്‌സും എംഗല്‍സും യൂറോപ്യന്‍ സാഹചര്യങ്ങളിലെ തൊഴിലാളിവര്‍ഗവിപ്ലവങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ് പ്രധാനമായി കേന്ദ്രീകരിച്ചതെങ്കിലും കോളനി രാജ്യങ്ങളിലെ വിപ്ലവപ്രശ്‌നങ്ങളെ സംബന്ധിച്ച് അവര്‍ ഗൗരവാവഹമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെന്ന് അവരുടെ കൃതികള്‍ പരിശോധിക്കുമ്പോള്‍ കാണാം. ന്യൂയോര്‍ക്ക് ഡെയ്‌ലിയില്‍ (1853 ആഗസ്റ്റ് 2) എഴുതിയ ലേഖനത്തില്‍ മാര്‍ക്‌സ് എഴുതിയത്;
”ഒന്നുകില്‍ ബ്രിട്ടനില്‍ തൊഴിലാളിവര്‍ഗം അധികാരത്തില്‍വരണം. അല്ലെങ്കില്‍ ഇന്ത്യക്കാര്‍ ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ മുഖം വലിച്ചെറിയാന്‍ കരുത്തുപ്രാപിക്കണം. ഇതിലേതെങ്കിലും ഒന്ന് നടക്കാത്തിടത്തോളം ബ്രിട്ടീഷ് മുതലാളിത്തം ഇന്ത്യയില്‍ വിതറിയ സമൂഹത്തിന്റെ പുത്തന്‍ ഘടകങ്ങളുടെ ഫലം കൊയ്യാന്‍ ഇന്ത്യക്കാവില്ല.”
അതേപോലെ 1882 സെപ്തംബര്‍ 12-ന് എംഗല്‍സ് കൗട്‌സ്‌കിക് എഴുതിയത്; ”ഇന്ത്യ ഒരു പക്ഷെ വിപ്ലവം നടത്തിയേക്കാം… ഇതേ അവസ്ഥതന്നെ അള്‍ജിയേഴ്‌സിലും ഈജിപ്തിലും സംഭവിക്കുമെങ്കില്‍ നമ്മെ സംബന്ധിച്ചിടത്തോളം മഹത്തായ സംഭവമായിരിക്കുമത്.”
കൊളോണിയല്‍ തിസീസും ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരും
മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും കോളനിരാജ്യങ്ങളെയും വിപ്ലവങ്ങളെയും സംബന്ധിച്ച സമീപനത്തിന്റെ തുടര്‍ച്ചയും വിപുലനവുമെന്ന നിലയിലാണ് ലെനിന്റെ മുന്‍കൈയില്‍ മൂന്നാം ഇന്റര്‍നാഷണല്‍ വികസിപ്പിച്ച കൊളോണിയല്‍ തിസീസ് മുന്നോട്ടുവെക്കപ്പെടുന്നത്. ഏഷ്യന്‍ രാജ്യങ്ങളുടെ വിപ്ലവ അജണ്ടയില്‍ വികസിതമുതലാളിത്ത രാജ്യങ്ങളിലേതെന്നപോലെ ഏഷ്യന്‍ രാഷ്ട്രങ്ങളിലെ വിപ്ലവപ്രശ്‌നവും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഉത്തരവാദിത്തമായി മുന്നോട്ടുവെക്കുകയാണ് ചെയ്തത്.
1917-ലെ ഒക്ടോബര്‍ വിപ്ലവാനന്തരം ലോകമെമ്പാടും സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിക്കുകയും ശക്തിപ്പെടുകയും ചെയ്തു. അതിന്റെ ഫലമായി കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ വ്യാപകമായി രൂപംകൊണ്ടു. ഈയൊരു സാഹചര്യത്തിലാണ് ലണ്ടനിലും പാരീസിലും പ്രവര്‍ത്തിച്ചുവന്നിരുന്ന ഇന്ത്യന്‍ വിപ്ലവഗ്രൂപ്പുകളിലെ പ്രവര്‍ത്തകര്‍ പലവഴികളിലൂടെ റഷ്യയിലെത്തി ലെനിനെയും ട്രോട്‌സ്‌കിയെയും കാണുന്നത്. രണ്ടാം ഇന്റര്‍നാഷണലിന്റെ സ്റ്റട്ഗാര്‍ട്ട് കോണ്‍ഗ്രസില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധികള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും കൊളോണിയലിസത്തെയും എതിര്‍ത്ത് നടത്തിയ പ്രസംഗം ശ്രദ്ധേയമായി.
റഷ്യയിലെത്തിയ ഇന്ത്യന്‍ വിപ്ലവകാരികള്‍ക്ക് മാര്‍ക്‌സിസം ലെനിനിസം പഠിക്കാനും റഷ്യന്‍ വിപ്ലവത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാനും അവസരം ലഭിച്ചു. മൗലവി ബര്‍ക്കത്തുള്ള പേര്‍ഷ്യന്‍ ഭാഷയില്‍ ‘ബോള്‍ഷെവിസവും ഇസ്ലാമിക രാഷ്ട്രങ്ങളും’ എന്ന ലഘുലേഖ എഴുതി പ്രസിദ്ധീകരിച്ചു. ഇത് മധേ്യഷ്യയിലെയും ഇന്ത്യയിലെയും വിപ്ലവകാരികള്‍ക്ക് റഷ്യന്‍വിപ്ലവത്തെയും സോവിയറ്റ് യൂണിയനെയും സംബന്ധിച്ച വ്യക്തത ഉണ്ടാക്കിക്കൊടുക്കുകയും തൊഴിലാളിവര്‍ഗവിപ്ലവത്തില്‍ താല്‍പര്യം ജനിപ്പിക്കുകയും ചെയ്തു.
1920-ന്റെ തുടക്കത്തില്‍ അബ്ദുള്‍റബ്ബ്, എം.പി.ബി.ടി.ആചാര്യ എന്നീ വിപ്ലവകാരികളുടെ സ്വാധീനം മൂലം പഞ്ചാബ്പ്രവിശ്യയിലെ 18000-ത്തോളം മുഹാജീര്‍മാര്‍ സോവിയറ്റ് അഫ്ഗാന്‍ അതിര്‍ത്തി മുറിച്ചുകടന്ന് സോവിയറ്റ് യൂണിയനിലെത്തുകയുണ്ടായി. അവരില്‍ പലരും താഷ്‌കെന്റില്‍ ചെന്ന് അവിടെ ഇന്ത്യന്‍ വിപ്ലവ അസോസിയേഷന്റെ താഷ്‌കന്റ് ഘടകത്തിന് രൂപം നല്‍കി. ഇതിന്റെ പ്രതിനിധിയെന്ന നിലയിലാണ് എം.പി.ബി.ടി.ആചാര്യ 1920-ല്‍ നടന്ന കൊമിന്റേണിന്റെ രണ്ടാം കോണ്‍ഗ്രസില്‍ പങ്കെടുത്തത്. ഇതേ കാലത്ത് ബ്രിട്ടീഷ് സൈന്യത്തില്‍ നിന്ന് പേര്‍ഷ്യയിലെ ഖുറാസാനില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ ബാക്കുവില്‍ താമസം തുടങ്ങി. അവിടെയവര്‍ ഉറുദുഭാഷയില്‍ ‘ആസാദ് ഹിന്ദുസ്ഥാന്‍ അക്ബര്‍’ എന്ന പത്രം തുടങ്ങി.
ജര്‍മ്മനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ‘ലീഗ് എഗെയിന്‍സ്റ്റ് ഇംപീരിയലിസം’ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ബംഗാളില്‍ നിന്നും പഞ്ചാബില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള വിപ്ലവകാരികള്‍ സോവിയറ്റ് യൂണിയനിലെത്തി. ഇവരില്‍ പ്രമുഖരാണ് ചെമ്പകരാമന്‍പിള്ള എ.സി.എന്‍.നമ്പ്യാര്‍, സുഹാസിനി, അമീര്‍ഹൈദര്‍ഖാന്‍, ബി.ആര്‍.കാമ തുടങ്ങിയവര്‍. ഇവരുടെ മുന്‍കൈയിലാണ് ബാക്കുവില്‍ പൗരസ്ത്യരാജ്യങ്ങളിലെ മര്‍ദ്ദിതജനതകളുടെ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.
ഒക്‌ടോബര്‍ വിപ്ലവത്തിനുശേഷം 1918 നവംബര്‍ 23-ന് ഇന്ത്യന്‍ വിപ്ലവകാരികളായ അബ്ദുള്‍ജബ്ബാര്‍ഖൈരിയും അബ്ദുള്‍സത്താര്‍ഖൈരിയും (ഖൈരി സഹോദരങ്ങള്‍) ലെനിനെ സന്ദര്‍ശിക്കുന്നുണ്ട്. 1918 ഡിസംബറില്‍ പെട്രോഗാഡില്‍ നടന്ന ഇന്റര്‍നാഷണലിന്റെ സമ്മേളനത്തില്‍ ജബ്ബാര്‍ഖൈരി പങ്കെടുക്കുന്നുണ്ട്. 1919 മെയ് 7-ന് ഇന്ത്യന്‍ വിപ്ലവകാരികളുടെ മറ്റൊരു സംഘം രാജാമഹേന്ദ്രപ്രതാപന്റെ നേതൃത്വത്തില്‍ ലെനിനെ സന്ദര്‍ശിക്കുന്നുണ്ട്. സംഘത്തില്‍ എം.ബക്കര്‍ത്തുള്ള, ബി.ടി.ആചാര്യ, അബ്ദുള്‍റബ്ബ്‌പേഷവാരി, ദലീപ്‌സിംഗ്, ഇബ്രാഹിം എന്നീ വിപ്ലവകാരികളായിരുന്നു ഉണ്ടായിരുന്നത്. കാബൂളില്‍ മഹേന്ദ്രപ്രതാപ്, മുഹമ്മദ്‌ഷെഫീക്ക്, ബര്‍ക്കത്തുള്ള തുടങ്ങിയവര്‍ സ്വതന്ത്ര ഇന്ത്യയുടെ താല്ക്കാലിക ഗവണ്‍മെന്റ് രൂപീകരിച്ചു.
1920 ജൂലായ് 7 മുതല്‍ ആഗസ്റ്റ് 20 വരെ നടന്ന മൂന്നാം ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസാണ് കോളനി രാജ്യങ്ങളിലെ വിപ്ലവവിമോചന പ്രസ്ഥാനത്തെ സംബന്ധിച്ച രേഖ ചര്‍ച്ചചെയ്തത്. ഇന്ത്യന്‍ വിപ്ലവകാരി എം.എന്‍.റോയി സമ്മേളനത്തില്‍ പങ്കെടുത്തു. അദ്ദേഹം മെക്‌സിക്കന്‍പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്. ദേശീയ ബൂര്‍ഷ്വാസിയും കമ്യൂണിസ്റ്റുകാരും കൊളോണിയല്‍ ശക്തികള്‍ക്കെതിരെ യോജിച്ച സമരം നടത്തണമെന്ന നിലപാട് ലെനിന്‍ മുന്നോട്ടുവെച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ റോയ് ദേശീയ ബൂര്‍ഷ്വാസിക്കും കൊളോണിയലിസത്തിനുമെതിരായ സമരം എന്ന നിലപാടാണ് സ്വീകരിച്ചത്. കോളനി രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗത്തിന് ദ്വമുഖ കടമകളുണ്ടെന്നാണ് റോയ് വാദിച്ചത്. ലെനിന്‍ കോളനി-പിന്നോക്ക രാജ്യങ്ങളിലെ ബൂര്‍ഷ്വാ ദേശീയ ജനാധിപത്യ പ്രസ്ഥാനങ്ങളെ തൊഴിലാളിവര്‍ഗം പിന്തുണയ്ക്കണമെന്നും ഭാവിയില്‍ ഒരു കമ്യൂണിസ്റ്റ്പാര്‍ട്ടി ഉയര്‍ന്നുവരാനുള്ള സാധ്യത ഉറപ്പുവരുത്തണമെന്നുമുള്ള നിലപാട് ശക്തമായി അവതരിപ്പിച്ചു.
കിഴക്കന്‍ രാജ്യങ്ങളിലെ സാമ്രാജ്യത്വവിരുദ്ധ ഐക്യമുന്നണിയും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഐക്യ തൊഴിലാളിമുന്നണിയും എന്ന വിപ്ലവതന്ത്രം ലെനിന്‍ മുന്നോട്ടുവെച്ചു. 1925-ലെ മൂന്നാം ഇന്റര്‍നാഷണലിന്റെ അഞ്ചാം കോണ്‍ഗ്രസും സാമ്രാജ്യത്വവിരുദ്ധ ഐക്യമുന്നണിയെന്ന തന്ത്രം ആവര്‍ത്തിച്ച് അവതരിപ്പിക്കുകയും വര്‍ഗസഹകരണ പ്രവണതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
സാമ്രാജ്യത്വവിരുദ്ധ നിലപാടെടുക്കുന്നിടത്തോളം ദേശീയബൂര്‍ഷ്വാസിയെ പിന്തുണക്കുകയും സാമ്രാജ്യത്വത്തോട് സഹകരിക്കുമ്പോള്‍ അതിനെ തുറുന്നുകാട്ടുകയും ചെയ്യുകയെന്ന സമീപനം വ്യക്തതയോടെ മുന്നോട്ടുവെച്ചു. മൂന്നാം ഇന്റര്‍നാഷണല്‍ അംഗീകരിച്ച കൊളോണിയല്‍ തിസീസിന്റെ അന്തസത്ത ഇതാണ്. ഈയൊരു നിലപാടില്‍ നിന്നാണ് ഇന്ത്യയില്‍ കോണ്‍ഗ്രസിനോടും സ്വരാജ് പാര്‍ട്ടിയോടും കമ്യൂണിസ്റ്റുകാര്‍ സഹകരിച്ചുപ്രവര്‍ത്തിക്കണമെന്ന സമീപനം മുന്നോട്ടുവെക്കപ്പെട്ടത്.
ഇന്ത്യന്‍ വിപ്ലവപരിപാടി
1920 ഒക്‌ടോബര്‍ 17-ന് താഷ്‌കെന്റില്‍ എം.എന്‍.റോയ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തന്നെയാണ് ഇന്ത്യന്‍ വിപ്ലവപരിപാടിയെക്കുറിച്ചുള്ള ഗൗരവാവഹമായ ആലോചനകളും പാര്‍ട്ടി രൂപീകരണവും നടന്നത്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ തുര്‍ക്കിസ്ഥാന്‍ ബ്യൂറോയുടെ ചാര്‍ജ്ജ് വഹിച്ചിരുന്ന സഖാവായിരുന്നു റോയ്. യോഗത്തില്‍ പങ്കെടുത്ത അബ്ദുള്‍റബ്ബ്‌പെഷവാരി, എം.എന്‍.റോയി, അബനിമുഖര്‍ജി, റോസ്ഫിറ്റിന്‍ഗോവ്, മുഹമ്മദലി, മുഹമ്മദ്‌ഷെഫീക്ക്, ആചാര്യ എന്നിവര്‍ നാനാവിധമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വിപ്ലവകാരികളായിരുന്നു.
കമ്യൂണിസ്റ്റ് ഘടകത്തിന്റെ ആദ്യ സെക്രട്ടറിയായ മുഹമ്മദ്‌ഷെഫിക്ക് ബ്രിട്ടീഷ് ഭരണത്തിനെതിരായി അഫ്ഗാന്‍ കേന്ദ്രമായി സമാന്തര ഭരണം സ്ഥാപിക്കാന്‍ ശ്രമിച്ച വിപ്ലവകാരിയാണ്. മുഹമ്മദ്‌ഷെഫീക്കിനു പുറമെ പ്രഥമഘടകത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ റോയിയും ആചാര്യയും ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധപോരാട്ടങ്ങള്‍ക്ക് വരെ നേതൃത്വം കൊടുത്ത വിപ്ലവകാരികളാണ്. ബ്രിട്ടീഷ് ഭരണകൂടം വേട്ടയാടിയതിനെതുടര്‍ന്നാണ് ഇവരെല്ലാം വിദേശരാജ്യങ്ങളില്‍ അഭയം തേടേണ്ടിവന്നത്. അവിടെ അവര്‍ ഇന്ത്യക്കാരെ സംഘടിപ്പിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വ്യാപൃതരുമായിരുന്നു.
ഈയൊരു ഘട്ടത്തിലാണ് കൊളോണിയല്‍ ബൂര്‍ഷ്വാസിയും അതിന്റെ ഭാഗമായി ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ബൂര്‍ഷ്വാ വര്‍ഗങ്ങളെയും ഇന്ത്യയിലെ സാമ്രാജ്യത്വ ചൂഷണത്തിന്റെ സാമൂഹ്യാടിസ്ഥാനമായി വര്‍ത്തിക്കുന്ന ഫ്യൂഡല്‍ നാടുവാഴിത്ത ബന്ധങ്ങളെയും സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് പഠനങ്ങള്‍ നടക്കുന്നത്.
രജനിപാംദത്തും എം.എന്‍.റോയിയും ഇന്ത്യന്‍ സമൂഹത്തെയും കൊളോണിയല്‍ അധിനിവേശത്തെയും സംബന്ധിച്ച പഠനങ്ങള്‍ മുന്നോട്ടുവെച്ചു. ഇന്ത്യന്‍ ദേശീയസ്വാതന്ത്ര്യസമരത്തിന് തൊഴിലാളികളുടെയും കര്‍ഷകരുടെയും മറ്റിതര ബഹുജനങ്ങളുടെയും ശക്തമായ പിന്തുണ നേടിയെടുക്കാനാവശ്യമായ ഇടപെടലുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായി.
1921-ലെ അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തില്‍ വിതരണം ചെയ്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനൊരു മാനിഫെസ്റ്റോ എന്ന രേഖ ഈ ദിശയിലുള്ള ഇടപെടലായിരുന്നു. 1964-ല്‍ സി.പി.ഐ(എം) അംഗീകരിച്ച വിപ്ലവപരിപാടിയുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്നതും ഈ മാനിഫെസ്റ്റോവിലെ നിലപാടുകളാണ്.
ഇന്ത്യയുടെ ബഹുഭാഷാ ദേശീയപ്രശ്‌നങ്ങളെയും ജാതി പ്രശ്‌നത്തെയും ഗോത്രപ്രശ്‌നങ്ങളെയും മതന്യൂനപക്ഷ പ്രശ്‌നങ്ങളെയും അഭിസംബോധനചെയ്യാന്‍ ദേശീയ പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയത് കമ്യൂണിസ്റ്റുകാരായിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. ഫെഡറലിസത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ ‘നാഷണല്‍സ്റ്റേറ്റ്’ എന്ന സങ്കല്‍പം മുന്നോട്ടുവെക്കുന്നത് കമ്യൂണിസ്റ്റുകാരാണ്.
ഒരു ജനാധിപത്യ റിപ്പബ്ലിക്കിനാവശ്യമായ ഭരണഘടന രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതും അതിനായി പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതും ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിലെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷ വിഭാഗങ്ങളാണ്.
സാമ്രാജ്യത്വവിരുദ്ധ സമരത്തിലൂടെ ജനാധിപത്യ ദേശീയതക്കുവേണ്ടിയുള്ള ഇടപെടലാണ് സ്വാതന്ത്ര്യസമരത്തിലുടനീളം കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഗാന്ധിജി ഉയര്‍ന്നുവന്ന ഘട്ടത്തിലാണ് കമ്യൂണിസ്റ്റ്പാര്‍ട്ടിയും ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
അഖിലേന്ത്യാ കിസാന്‍സഭയും അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ സെന്ററും അഖിലേന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷനും രൂപീകരിക്കുന്നതിനും വര്‍ഗങ്ങളെയും ബഹുജനങ്ങളെയും ബ്രിട്ടീഷ് വിരുദ്ധസമരത്തില്‍ അണനിരത്തുന്നതിലും മുന്‍കൈ എടുത്തത് കമ്യൂണിസ്റ്റുകാരാണ്. അങ്ങനെ ആധുനിക ഇന്ത്യന്‍ ദേശീയതയുടെ നിര്‍മ്മിതിയുടെ ചാലകശക്തിയായി കമ്യൂണിസ്റ്റുകാര്‍ മാറുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ