| Friday, 17th September 2021, 5:16 pm

ബിഷപ്പുമാര്‍ മറന്നുകളയുന്ന സംഘപരിവാറിന്റെ ക്രിസ്ത്യന്‍ വേട്ടയെക്കുറിച്ച് ചിലത്

കെ.ടി. കുഞ്ഞിക്കണ്ണന്‍

ക്രിസ്തുവിന്റെ മനുഷ്യ സ്നേഹപരവും ത്യാഗപൂര്‍ണവുമായ ജീവിതം മാതൃകയാക്കുന്ന ആര്‍ക്കും സംഘപരിവാറില്‍ രക്ഷകനെ തേടാനാവില്ല. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് പഠിപ്പിച്ച ക്രിസ്തുവിന്റെ സുവിശേഷങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും അപര വിദ്വേഷത്തിന്റെ വിഷച്ചാലുകളില്‍ പ്രജനനം ചെയ്ത സംഘ പരിവാറിന്റെ വിദ്വേഷ കാമ്പയിനുകള്‍ക്ക് ഓശാന പാടാനാവില്ല.

ഇല്ലാത്ത ലൗജിഹാദ് ഭീഷണി പറഞ്ഞ് ആശങ്ക പരത്തുന്നവര്‍ മനസ്സിലാക്കേണ്ടത്, ഹിന്ദുത്വ വാദികള്‍ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കണ്ട് ഉന്മൂലനം ചെയ്യണമെന്ന് വിശ്വസിക്കുന്ന ഇന്ത്യന്‍ ഫാസിസ്റ്റുകളെന്നതാണ്. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ദളിതരെയും പൗരന്മാരായി പോലും അംഗീകരിക്കാത്ത ഹിന്ദുത്വത്തിന്റെ ദേശീയതയെയും വിചാരധാരകളെയും സംബന്ധിച്ച അജ്ഞതയില്‍ നിന്നാണോ കേരളത്തിലെ ചില ക്രൈസ്തവ മതമേലധ്യഷന്മാര്‍ ആര്‍.എസ്.എസിന്റെ വിദ്വേഷ കാമ്പയിനുകള്‍ ഏറ്റെടുത്ത് സ്വയം നാശത്തിന് വഴിമരുന്നിടുന്നതെന്ന് സംശയിക്കേണ്ട നിര്‍ഭാഗ്യകരമായ സാഹചര്യമാണിന്നുള്ളത്.

ലൗജിഹാദും ഘര്‍വാപസിയുമെല്ലാം സംഘികള്‍ മുസ്ലിം ക്രിസ്ത്യന്‍ വേട്ടയ്ക്കായി രൂപപ്പെടുത്തിയ വര്‍ഗീയ വിദ്വേഷ അജണ്ടയാണ്. വേട്ടക്കാരുടെ അജണ്ടയില്‍ കുടുങ്ങി ഇരകളായവര്‍ തന്നെ മറ്റൊരു ജനസമൂഹത്തിനെതിരെ വസ്തുതാ ബന്ധമില്ലാത്ത വിദ്വേഷ കാമ്പയിനുകള്‍ ഏറ്റെടുക്കുന്നത് ആത്മഹത്യാപരമാണ്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ തന്നെ കേരളത്തില്‍ ലൗജിഹാദ്, പ്രണയങ്ങളിലൂടെ പെണ്‍കുട്ടികളെ വശീകരിച്ച് മതപരിവര്‍ത്തനം നടത്തിക്കുന്ന കേസുകള്‍ ഇല്ലായെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഐ.എസ്. ശൃംഖലകളിലേക്ക് കേരളത്തില്‍ നിന്നും യുവതീ യുവാക്കള്‍ റിക്രൂട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിക്കേണ്ട ആവശ്യമില്ലെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ തന്നെ നിരീക്ഷിച്ചിട്ടുള്ളത്. തീവ്രവാദത്തെയും മയക്കുമരുന്ന് വ്യാപനത്തെയും സാമൂഹ്യ വിപത്തായും ഭീകര, മാഫിയാ പ്രവര്‍ത്തനമായും കാണുന്നതിന് പകരം ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തി കാണുന്നത് ഒരിക്കലും ശരിയായൊരു സമീപനമല്ല.

ആഗോള ഡ്രഗ് ട്രാഫിക്കിംഗിനും ബിസിനസിനും പിറകില്‍ അമേരിക്കന്‍ സി.ഐ.എ യാണെന്ന വസ്തുതാപരമായ വിവരങ്ങള്‍ ലോകത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ ലാറ്റിനമേരിക്കയിലെ ക്രൈസ്തവസഭകള്‍ കാണിച്ച മുന്‍കൈകളെ കുറിച്ച് നാര്‍ക്കോട്ടിക് ജിഹാദ് എന്നൊക്കെ ആക്ഷേപിക്കുന്നവര്‍ അറിയുമോയെന്നറിയില്ല. ബൈബിളിന്റെ വിമോചനാത്മകമായ ദര്‍ശനങ്ങളില്‍ നിന്നാവേശം കൊണ്ട പുരോഹിതരായിരുന്നല്ലോ എല്‍ സാല്‍വദോര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അമേരിക്കന്‍ പാവ സ്വേച്ഛാധിപത്യ ഭരണ കൂടങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അമേരിക്കന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടക്കൊലകളെ നേരിട്ടു കൊണ്ടാണ് ആ പുരോഹിതര്‍ പ്രതിവിപ്ലവ ശക്തികള്‍ക്കെതിരെ പൊരുതിയത്.

നിക്കാരഗ്വായിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ക്വാണ്ട കലാപകാരികളെ പരിശീലിപ്പിക്കാനും പ്രതിവിപ്ലവം സംഘടിപ്പിക്കാനും സി.ഐ.എ പണം കണ്ടെത്തിയത് മയക്കുമരുന്നു കച്ചവടത്തിലൂടെയായിരുന്നുവത്രേ. 1980കളില്‍ അമേരിക്കയിലെ ലോസ് ആഞ്ചലോസിലെ യുവാക്കക്കള്‍ക്കിടയില്‍ പടര്‍ന്ന ക്രാക്ക് എന്ന ബിസ്‌ക്കറ്റ് രൂപത്തിലുള്ള മയക്കുമരുന്നിന്റെ ഉപയോഗത്തെ കുറിച്ചുള്ള പഠനങ്ങള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് കൊണ്ടുവന്നത്.

അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് അനുകൂല സര്‍ക്കാറിനെ അട്ടിമറിക്കാനായി സി.ഐ.എ പാക്കിസ്ഥാനിലും അഫ്ഘാനിലും മുജാഹീദിന്‍, താലിബാന്‍ പ്രതിവിപ്ലവസേനകളെ ഉണ്ടാക്കാനും പണം കണ്ടെത്തുന്നതിനായി മയക്കുമരുന്ന് കച്ചവടം നടത്തി. അക്കാലത്തെ സി.ഐ.എ മേധാവിയായിരുന്ന വില്യം ക്വാസി തന്നെ അതിന് നേതൃത്വം നല്‍കി. അമേരിക്കയും സാമ്രാജ്യത്വ ശക്തികളും നടത്തുന്ന മയക്കുമരുന്ന് ബിസിനസ്സിനെയും അതിന്റെ ഭാഗമായി ലോകമാകെ ഡ്രഗ് മാര്‍ക്കറ്റുകള്‍ വികസിക്കുന്നതിനെയും കാണാതെ നാര്‍ക്കോട്ടിക് ജിഹാദ് എന്നൊക്കെ വിളിച്ചു പറഞ്ഞ് അപരമതവിദ്വേഷം പടര്‍ത്തുന്നത് ശരിയാണോയെന്നാണ് വിവേകമുള്ളവര്‍ ആലോചിക്കേണ്ടത്.

വില്യം ക്വാസി

സംഘപരിവാര്‍ ഭരണത്തിന് കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയും ന്യൂനപക്ഷ സുരക്ഷയും എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന് ഇനിയും മനസിലാക്കാത്തവരാണോ ഇത്തരക്കാര്‍. ക്രിസ്മസും പെരുന്നാളും പ്രണയ ദിനവുമൊന്നും ദേശീയ സംസ്‌കാരത്തിന് യോജിച്ച ആഘോഷങ്ങളല്ലെന്നും അതെല്ലാം പാശ്ചാത്യമാണെന്നും ആക്ഷേപിച്ച് സംഘപരിവാര്‍ രാജ്യവ്യാപകമായി ആക്രമണമഴിച്ചുവിട്ടതും ഇത്തരം ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും അറിയാത്തവരാണോ പാലാ ബിഷപ്പുള്‍പ്പെടെയുള്ള അഭിവന്ദ്യ പിതാക്കന്മാര്‍.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണല്ലോ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം നടന്നത്. ഹിന്ദുത്വ ഭീകരവാദികളുടെ അസഹിഷ്ണുതയ്ക്കും അക്രമോത്സുകതക്കും ഇരയായി ന്യൂനപക്ഷങ്ങളും ദളിതുകളും സ്ത്രീകളും ബുദ്ധിജീവികളും വേട്ടയാടപ്പെടുന്ന നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംഘപരിവാര്‍ ഭരണത്തിന് കീഴില്‍ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ജനങ്ങളുടെ സ്വതന്ത്രമായ ജീവിതത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും നേരെ തുടര്‍ച്ചയായി കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നു.

ഝാന്‍സിയില്‍ ഹിന്ദുത്വതീവ്രവാദികളില്‍ നിന്നും രക്ഷപ്പെടാന്‍ കന്യാസ്ത്രികള്‍ക്ക് സഭാവസ്ത്രം പോലും ഒഴിവാക്കേണ്ടി വന്നേല്ലാ. ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും അവരുടെ കൂടെയുണ്ടായിരുന്നവരെയും മതപരിവര്‍ത്തനമാരോപിച്ചാണ് ക്രിമിനലുകളായ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ ഭാഗമായ ഡല്‍ഹി പ്രൊവിന്‍സിലെ 4 കന്യാസ്ത്രീകളാണല്ലോ ത്സാന്‍സിയില്‍ ആക്രമണത്തിനിരയായത്.

ത്സാന്‍സിയില്‍ ആക്രമണത്തിനിരയായ കന്യാസ്ത്രികള്‍

യു.പി. പൊലീസിന്റെ കൂടി സഹായത്തോടെയാണ് ഈ ഫാസിസ്റ്റ് സംഘങ്ങള്‍ അഴിഞ്ഞാടിയത്. മതം മാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടു പോകുന്നുവെന്നാരോപിച്ചാണ് ഹിന്ദുത്വ ഭീകരര്‍ കന്യാസ്ത്രീകളെ ട്രെയിനില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കി ബഹളം വെച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചിട്ടും പൊലീസ് മോശമായി പെരുമാറുകയും അക്രമികളുടെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുകയുമായിരുന്നു. രാജ്യമെമ്പാടും, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരായ ആക്രമണം കൂടി വരികയാണ്.

മതപരിവര്‍ത്തനമാരോപിച്ചാണ് ഒറീസ്സയിലും യു.പിയിലും എം.പിയിലുമെല്ലാം ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ സംഘപരിവാര്‍ സ്ഥിരം പരിപാടിയാക്കി മാറ്റിയത്. നിയമവാഴ്ച ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ് അക്രമികള്‍ക്കൊപ്പം ചേരുന്ന അവസ്ഥയാണുള്ളത്. ഭരണകൂട സംവിധാനങ്ങളുടെ ഒത്താശയോടെയാണല്ലോ മോഡി ഭരണത്തില്‍ ഗുജറാത്തില്‍ മുസ്ലിങ്ങള്‍ വംശഹത്യക്കിരയാക്കപ്പെട്ടത്.

ഇന്ത്യയുടെ ചരിത്രത്തിലെ നാസി വംശീയ ഉന്മൂലനങ്ങള്‍ക്ക് സമാനമായ ഫാസിസ്റ്റ് പ്രയോഗമായിരുന്നു ഗുജറാത്ത് വംശഹത്യ. ഒറീസ്സയില്‍ വെച്ചാണല്ലോ പുരോഹിതനും ആതുരശുശ്രൂഷകനുമായ ഗ്രഹാംസ്റ്റെയില്‍സിനെയും രണ്ട് കുട്ടികളെയും ചുട്ടുകൊന്നത്. കന്ദമഹലില്‍ ക്രിസ്ത്യാനികള്‍ക്കും പള്ളികള്‍ക്കും നേരെ നടന്ന ആക്രമണപരമ്പര രാജ്യത്തെ ഞെട്ടിച്ചതാണ്. ഹിന്ദുത്വ വാദികളുടെ ആക്രമണങ്ങളില്‍ ഓടിത്തളര്‍ന്ന ക്രിസ്തുമത വിശ്വാസികള്‍ക്ക് അഭയം നല്‍കിയതും സുരക്ഷ നല്‍കിയതും ഒറീസ്സയിലെ സി.പി.ഐ.എം ഓഫീസുകളും പ്രവര്‍ത്തകരുമായിരുന്നു.

കന്ദമഹലില്‍ ക്രൈസ്തവര്‍ക്ക് നേരെ സംഘപരിവാര്‍ നടത്തിയ കലാപത്തില്‍ നിന്നുള്ള ദൃശ്യം

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പൗരന്മാര്‍ക്ക് അവകാശം ഉറപ്പ് നല്‍കുന്ന രാജ്യമാണ് ഇന്ത്യ. മതത്തില്‍ വിശ്വസിക്കാനും മതം മാറാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും പൗരന്മാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന ഭരണഘടനാ അവകാശങ്ങളെയാണ് പ്രാചീനതയുടെ കൂരിരുട്ടില്‍ കഴിയുന്ന മനുവാദികള്‍ വെല്ലുവിളിക്കുന്നത്. ക്രിസ്തുമതം സ്വീകരിക്കുന്നതോ ഇസ്‌ലാം മതം സ്വീകരിക്കുന്നതോ ഹിന്ദുമതം സ്വീകരിക്കുന്നതോ ഒരു കുറ്റകൃത്യമായ ഇന്ത്യന്‍ ഭരണഘടനയും നമ്മുടെ ക്രിമിനല്‍ നടപടി നിയമങ്ങളും കാണുന്നില്ല. ക്രിസ്മസും പെരുന്നാളും പ്രണയ ദിനവുമെല്ലാം ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും അഭികാമ്യമായ ആഘോഷങ്ങളല്ലാ എന്നൊക്കെയുള്ള പ്രചരണങ്ങളാണവര്‍ നടത്തി കൊണ്ടിരിക്കുന്നത്.

ക്രിസ്മസ് കരോള്‍ ആഘോഷങ്ങള്‍ക്ക് നേരെ പോലുമവര്‍ ആക്രമണങ്ങള്‍ പതിവാക്കി. യു.പിയില്‍ ഹിന്ദു ജാഗരണ്‍ മഞ്ച് സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വിലക്ക് കല്‍പിച്ച്‌ ഭീഷണി മുഴക്കി. പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണവര്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. രാജസ്ഥാനിലെ പ്രതാപ് ഗഡ് ജില്ലയില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് നേരെ സംഘപരിവാര്‍ അഴിഞ്ഞാടുന്ന സ്ഥിതിയാണുള്ളത്. ബജ്റംഗ്ദളും വി.എച്ച്.പിയും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ തടയാന്‍ പൊലീസോ സംസ്ഥാന സര്‍ക്കാരോ നടപടികള്‍ സ്വീകരിക്കുന്നില്ല.

രാജ്യത്തിന്റെ പ്രതിഛായയ്ക്കും മതസഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ് ദളിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായി കൊണ്ടിരിക്കുന്നതെന്ന് ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ തിരിച്ചറിയുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണമാണിത്. ഇന്ത്യയുടെ ബഹുസ്വരതക്കും ജനാധിപത്യത്തിനും എതിരായ ആക്രമണം. ഹിന്ദു യുവവാഹിനിയും ആന്റി റോമിയോ സ്‌ക്വാഡുകളും ഉണ്ടാക്കി ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രണയിനികള്‍ക്കും നേരെ ഹിന്ദുത്വവാദികള്‍ നടത്തിയ സംഘടിതമായ ആക്രമണങ്ങളെ കാണാതെ ഇവിടെ ഇല്ലാത്ത ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും പറഞ്ഞ് സമൂഹ മൈത്രിയും സൗഹാര്‍ദവും തകര്‍ക്കരുതെന്നാണ് എല്ലാ മതവിശ്വാസികളും ഒന്നിച്ച് പറയേണ്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KT Kunhikkannan writes on Sanghparivar attacks against Christians

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

Latest Stories

We use cookies to give you the best possible experience. Learn more