DISCOURSE
കണ്ടംകുളം ഹാള്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരകമായാലെന്ത്; സംഘിക്കെന്ത് ചരിത്രബോധം
കെ.ടി. കുഞ്ഞിക്കണ്ണന്‍
2023 Apr 24, 03:15 pm
Monday, 24th April 2023, 8:45 pm
കോഴിക്കോടിന്റെയും കേരളത്തിന്റെയും വീരപുത്രനായ അബ്ദുറഹിമാന്‍ സാഹിബിന്റെ നാമം സ്വാതന്ത്ര്യ ജൂബിലി ഹാളിന് നല്‍കുന്നത് ഇസ്‌ലാമികവല്‍ക്കരണമെന്ന് പറയാനുള്ള ചരിത്രബോധമില്ലായ്മയും ഹൃദയശൂന്യതയും ആര്‍.എസ്.എസിനെ പോലുള്ള സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്ത അഞ്ചാം പത്തികള്‍ക്ക് ജന്മസിദ്ധമായിട്ടുള്ളതാണ്.

കോഴിക്കോട് തളിക്ഷേത്രത്തെ മുന്‍നിര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ നടത്തി കൊണ്ടിരിക്കുന്ന വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ സാമുദായിക വിഭജനമുണ്ടാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഹീനമായ നീക്കമാണ്. അപകടകരമായ വര്‍ഗ്ഗീയക്കളിയാണ്.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി അംഗങ്ങളുള്‍പ്പെടെ ഏകകണ്‌ഠേന എടുത്ത തീരുമാനമാണ് ജൂബിലി ഹാളിന് സ്വാതന്ത്ര്യസമര സേനാനി മുഹമദ് അബ്ദുറഹിമാന്റെ പേര് നല്‍കുക എന്നത്.

കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദും, മന്ത്രി മുഹമ്മദ് റിയാസും

എന്നാല്‍ തങ്ങള്‍ കൂടി പങ്കാളിയായ തീരുമാനത്തെ ഒരു മനസാക്ഷിക്കുത്തുമില്ലാതെ നിഷ്ഠൂരമായ വര്‍ഗീയ പ്രചരണത്തിന് ഉപയോഗിച്ച് സമൂഹത്തില്‍ വിഭജനവും വിദ്വേഷവും പടര്‍ത്തുകയാണവരിപ്പോള്‍. മന്ത്രി മുഹമ്മദ് റിയാസും ഡെപ്യൂട്ടി മേയര്‍ മുസാഫറും ചേര്‍ന്നുള്ള ഇസ്‌ലാമികവല്‍ക്കരണമാണ് അബ്ദുറഹിമാന്‍ സാഹിബിന്റെ പേര് നല്‍കുന്നത് എന്നൊക്കെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ സംഘികളുടെ ദുഷ്ട ബുദ്ധിയുടെയും ക്ഷുദ്ര വികാരങ്ങളുടെയും പൊട്ടിയൊലിക്കലാണ്.

തങ്ങളുടെ പുണ്ണ് പിടിച്ച വര്‍ഗീയ മസ്തിഷ്‌ക്കങ്ങളിലെ ചോരയും ചലവുമൊഴുക്കി സമൂഹ ശരീരത്തെയാകെ വൃത്തികേടാക്കാനുള്ള കളിയാണിത്. തളിക്ഷേത്രവും മിഷ്‌ക്കാല്‍ പള്ളിയുമൊക്കെ കോഴിക്കോട്ടെ മതസൗഹാര്‍ദ്ദ ജീവിതത്തിന്റെ പ്രതീകങ്ങളാണ്. സംഘപരിവാറുകാര്‍ തളിക്ഷേത്ര പരിസരത്തെ ഇസ്‌ലാമികവല്‍ക്കരിക്കുകയാണെന്ന നുണ പ്രചരണമാണ് നടത്തി കൊണ്ടിരിക്കുന്നത്.

കോഴിക്കോടിന്റെയും കേരളത്തിന്റെയും വീരപുത്രനായ അബ്ദുറഹിമാന്‍ സാഹിബിന്റെ നാമം സ്വാതന്ത്ര്യ ജൂബിലി ഹാളിന് നല്‍കുന്നത് ഇസ്‌ലാമികവല്‍ക്കരണമെന്ന് പറയാനുള്ള ചരിത്രബോധമില്ലായ്മയും ഹൃദയശൂന്യതയും ആര്‍.എസ്.എസിനെ പോലുള്ള സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്ത അഞ്ചാം പത്തികള്‍ക്ക് ജന്മസിദ്ധമായിട്ടുള്ളതാണ്.

ഉപ്പ് സത്യാഗ്രഹ സമരത്തില്‍ ബ്രിട്ടീഷധികാരത്തെ വിറപ്പിച്ച, കോഴിക്കോട് കടപ്പുറത്തെ മണല്‍ തരികളെ പോലും ആവേശം കൊള്ളിച്ച അബ്ദുറഹിമാന്‍ സാഹിബ് എന്ന പോരാളിയെ ഇന്നും ബ്രിട്ടീഷ് ഏജന്‍സിപണിയെടുത്ത ആര്‍.എസ്.എസുകാര്‍ എന്ത് മാത്രം ഭയപ്പെടുന്നുവെന്നാണ് അവരുടെ ദുഷ്ട പ്രചരണങ്ങള്‍ കാണിക്കുന്നത്.

കോഴിക്കോടിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അപമാനിക്കും വിധം തളിക്ഷേത്രത്തെ മുന്‍നിര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ നടത്തി കൊണ്ടിരിക്കുന്ന വര്‍ഗീയ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവരോട് ഈ സന്ദര്‍ഭത്തില്‍ പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. അവര്‍ എന്തിലും മതവും വര്‍ഗീയതയും കണ്ടെത്തുന്നവരാണ്.

പുതുക്കിപ്പണിയുന്നതിന് മുമ്പുള്ള കണ്ടംകുളം ജൂബിലി ഹാള്‍

കണ്ടംകുളത്തെ ജൂബിലി ഹാളിന് മുഹമദ് അബ്ദ റഹിമാന്റെ പേര് നല്‍കുന്നത്, ഇസ്‌ലാമിവല്‍ക്കരണമായി കാണാന്‍ വര്‍ഗീയവിദ്വേഷത്തിന്റെ തിമിരം ബാധിച്ച മതാന്ധര്‍ക്കല്ലേ കഴിയൂ. ഹിന്ദു മുസ്ലിം മൈത്രിക്കായി എല്ലാവിധ വര്‍ഗീയ ശക്തികള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ചരിത്രവും പാരമ്പര്യവുമാണ് മുഹമ്മദ് അബ്ദുറഹിമാന്റത്.

സ്വസമുദായത്തിലെ വര്‍ഗീയ വാദികള്‍ നിരന്തരം വേട്ടയാടിയ ചരിത്രം കൂടിയാണ് അബ്ദുറഹിമാന്‍ സാഹിബിന്റേത്. കേളപ്പനും മുഹമ്മദ് അബ്ദുറഹിമാനും കൃഷ്ണപിള്ളയുമെല്ലാം തളി ക്ഷേത്രത്തിനടുത്തുള്ള വേര്‍കോട്ട് ഹൗസിലിരുന്നാണ് മലബാറിലെ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയതെന്ന കാര്യം സ്വാതന്ത്ര്യസമരത്തില്‍ നിന്നും മുഖം തിരിഞ്ഞ് നിന്ന ഹിന്ദുത്വവാദികളുടെ പിന്മുറക്കാര്‍ക്കറിയില്ലായിരിക്കാം.

ചരിത്രബോധമുള്ള തളിയിലെയും കോഴിക്കോട്ടെയും ജനങ്ങള്‍ക്കതറിയാം. കോഴിക്കോടിന്റെ പാരമ്പര്യം ഹിന്ദു മുസ്‌ലിം മൈത്രിയുടെയും കൊളോണിയല്‍ ശക്തികള്‍ക്കെതിരായ ഒന്നിച്ചു നിന്ന പോരാട്ടത്തിന്റെതുമാണ്. സാമൂതിരിയും സയ്യിദ് മഖ്ദൂമും നായര്‍ പടയും മരക്കാര്‍സേനയും ഒന്നിച്ച് നിന്ന് നടത്തിയ പോരാട്ടത്തിന്റെ ചരിത്രമാണ് കോഴിക്കോടിന്റെ പാരമ്പര്യം.

1930ല്‍ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നടന്ന നിയമലംഘനസമരങ്ങള്‍ക്ക് ബ്രിട്ടീഷ് പോലീസിനെ വെല്ലുവിളിച്ചു കൊണ്ട് നേതൃത്വം നല്‍കിയവരില്‍ മുന്നില്‍ നിന്നത് മുഹമ്മദ് അബ്ദുറഹിമാനായിരുന്നു. കോഴിക്കോടും പയ്യന്നൂരും നടന്ന ഉപ്പ് സത്യാഗ്രഹ സമരങ്ങളില്‍ ബ്രിട്ടീഷ് പോലീസിന്റെ മര്‍ദ്ദനങ്ങളേറ്റുവാങ്ങിയ വീരപുത്രന്റെ നാമം സ്വാതന്ത്യസമര ജൂബിലി ഹാളിന് നല്‍കുന്നത് എന്തുകൊണ്ടും ഉചിതമായ നടപടിയാണെന്ന്‌ എല്ലാ ജനാധിപത്യ മതേതര ശക്തികളും തിരിച്ചറിയുന്നുണ്ട്.

കോഴിക്കോട് തളി ക്ഷേത്രം

അവരെല്ലാം ഒരുമിച്ച് ഈ വര്‍ഗീയ പ്രചരണത്തെ പ്രതിരോധിക്കേണ്ടതുണ്ട്. തളിക്ഷേത്ര  പൈതൃക സംരക്ഷണ പദ്ധതികള്‍ വളരെ ശുഷ്‌ക്കാന്തിയോടെ ഏറ്റെടുത്ത് നിര്‍വഹിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. എ പ്രദീപ് കുമാര്‍ എം.എല്‍.എയും ഇപ്പോള്‍ മന്ത്രി മുഹമ്മദ് റിയാസും പ്രതിബദ്ധതയോടെ ഏറ്റെടുത്ത് നിര്‍വഹിച്ചവരാണെന്ന കാര്യം തളിയിലെ വിശ്വാസി സമൂഹത്തിനാകെ അറിയാം.

തളിയെ തീര്‍ത്ഥാടന ടൂറിസത്തിന്റെ കേന്ദ്രമാക്കുന്ന പദ്ധതികളാണ് യാഥാര്‍ത്ഥ്യമാക്കി കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ വിഷം പരത്തുന്ന ദുഷ്ടശക്തികളെ കോഴിക്കോട്ടെയും തളിയിലെയും എല്ലാ വിശ്വാസ സമൂഹങ്ങളിലുംപെട്ട ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.

content highlights ; KT Kunhikannan writes on the controversy surrounding the naming of the Kandamkulam Jubilee Hall after Muhammad Abdurrahiman Sahib

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍