വലിയൊരു ആശങ്കയുടെ കാര്‍മേഘം ഒഴിഞ്ഞു പോയ ആശ്വാസത്തിലാണ് നാമെല്ലാം. യഹോവ വിശ്വാസികളുടെ
പ്രാര്‍ത്ഥനാ യോഗത്തിലുണ്ടായ സ്‌ഫോടനത്തിന് പിറകിലാരാണെന്ന ഭയപ്പെടുത്തുന്ന ആശങ്ക മതനിരപേക്ഷ മനസുകളാകെ പങ്കിട്ടിരുന്നു. നിര്‍ഭാഗ്യകരവും അത്യന്തം വേദനകരവുമായ ഒരു സംഭവത്തെ വിദ്വേഷവും വിഭജനവും സൃഷ്ടിക്കാനും വര്‍ഗീയാഗ്‌നി പടര്‍ത്താനുമായി ഉപയോഗിക്കാനുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ പദ്ധതിയെ മലയാളിയുടെ മതനിരപേക്ഷ ബോധം ഒന്നിച്ചു തന്നെ പ്രതിരോധിച്ചുവെന്നതാണ് ആശ്വാസകരമായത്.
സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ക്കപ്പുറം നമ്മുടെ മൈത്രിക്കും സഹോദര്യത്തിനും തീയിടാനുള്ള വര്‍ഗീയ വിഷജീവികളുടെ നീക്കത്തെ മതനിരപേക്ഷ കക്ഷികളെല്ലാം വാക്കുകളിലും പ്രസ്താവനകളിലും സൂക്ഷ്മത പുലര്‍ത്തി പ്രതിരോധിക്കുന്നതില്‍ ജാഗ്രത കാണിച്ചു.
ക്ഷീരമുള്ളൊരകിടില്‍ ചോട്ടിലും ചോര തേടുന്ന കൊതുകളെ പോലെ ചില ക്ഷുദ്രജീവികള്‍ സംഭവത്തെ ഒരു പ്രത്യേക വിഭാഗത്തിന് നേരെ തിരിച്ചുവിടാനാണ് നോക്കിയത്. ആ ക്ഷുദ്രപ്രചരണത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുതല്‍ ശശികലവരെയുള്ളവരുണ്ട്. പലസ്തീന്‍ ഐക്യദാര്‍ഢ്യകാമ്പയിനുകളാണ് കളമേശ്ശരി സ്‌ഫോടനത്തിന് കാരണമെന്നു വരെ ഈ വിഷജീവികള്‍ പ്രചരിപ്പിച്ചു.
ഇത്തരം വിഷജീവികളെ ഒറ്റപ്പെടുത്തുന്നതിലൂടെയും അവരുടെ നുണപ്രചരണങ്ങളെയും മുന്‍വിധികളോടെയുള്ള വിദ്വേഷ കാമ്പയിനുകളെയും ഇനിയും ഒന്നിച്ചു തന്നെ നമുക്ക് പ്രതിരോധിക്കേണ്ടതുണ്ട്.
വര്‍ഗീയ വിദ്വേഷ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഭൂരിപക്ഷ മാധ്യമങ്ങളും സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പുലര്‍ത്തിയ സൂക്ഷ്മതയും ജാഗ്രതയും നമ്മുടെ സാമൂഹ്യസൗഹാര്‍ദ്ദം തകരരുതെന്ന വ്യഗ്രതയോടെയായിരുന്നുവെന്നത് അഭിനനന്ദനീയമായ കാര്യമാണ്.
സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനും പിടികൂടാനുമുള്ള പോലീസിന്റെ ശ്രമകരമായ അന്വേഷണം നടക്കുന്നതിനിടയിലാണ് ഈ ക്ഷുദ്രജീവികള്‍ മതനിരപേക്ഷ കേരളത്തിന്റെ ഹൃദയത്തില്‍ വിഷം കുത്തിക്കയറ്റാനുള്ള നീചപ്രചരണങ്ങള്‍ നടത്തിയത്.
അവര്‍ക്കൊന്നും സ്വാധീനിക്കാനാവാത്ത മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും നന്മ ഹൃദയത്തിലേറ്റിയവരാണ് നാം മലയാളികള്‍.
വിഭജനവും വിദ്വേഷവും സൃഷ്ടിക്കുവാനായി മലെഗാവ്, സംജോത എക്‌സ്പ്രസ്സ്, മക്ക മസ്ജിദ് തുടങ്ങി എത്രയോ സ്‌ഫോടന പരമ്പരകള്‍ സൃഷ്ടിച്ച് മുസ്ലിങ്ങളുടെ പേരിലിട്ട വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ളവരാണ് ഈ ക്ഷുദ്രജീവികളെല്ലാം. അവരോട് ചേര്‍ന്ന് ഡൊമിനിക് മാര്‍ട്ടിന്‍ ദുബായില്‍ ചെന്ന് മതം മാറിയ ആളാണെന്നൊക്കെ ചാനല്‍ ചര്‍ച്ചയില്‍ വന്നു തട്ടിവിടുന്നവരൊ നാട് തിരിച്ചറിയാതിരിക്കില്ല.
content highlights; KT Kunhikannan writes about the hate campaigns in the Kalamassery blast