കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍.
ഭരണഘടനയെയാണ് കോടതികള്‍ അടിസ്ഥാനമാക്കേണ്ടതെന്നും ഓരോ പൗരനും സാമൂഹ്യ വിഭാഗങ്ങള്‍ക്കും അവരുടെ സ്വത്വവും സംസ്‌കാരവും സംരക്ഷിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ എന്തുകൊണ്ടാകാം കര്‍ണാടക ഹൈക്കോടതിക്ക് കാണാന്‍ കഴിയാതെ പോയതെന്നും കുഞ്ഞിക്കണ്ണന്‍ ചോദിച്ചു.
വിശ്വാസപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെയും വ്യക്തികളുടെ ബഹുസ്വഭാവത്തെയും ഉള്‍ക്കൊള്ളാനാണ് മതനിരപേക്ഷ ജനാധിപത്യ തത്വങ്ങളിലധിഷ്ഠിതമായ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതെന്ന് എന്തുകൊണ്ടാവാം നമ്മുടെ ന്യായാധിപന്മാര്‍ക്ക് മനസിലാക്കാനാവാതെ പോകുന്നത്.
ഇസ്‌ലാമില്‍ ഹിജാബ് നിര്‍ബന്ധമാണോ ഹൈന്ദവദര്‍ശനങ്ങളില്‍ സീമന്തരേഖയില്‍ സിന്ദൂരമിടുന്നത് നിര്‍ബന്ധമാണോയെന്നൊക്കെ അന്വേഷിച്ചു പോകുന്നവര്‍ ഇന്ത്യക്കൊരു ഭരണഘടനയുണ്ടെന്ന കാര്യമാണ് മറന്നുകളയുന്നതെന്നും കുഞ്ഞിക്കണ്ണന്‍ വിമര്‍ശിച്ചു.
‘മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ വിവേചനങ്ങളൊന്നും പാടില്ലെന്ന് അനുശാസിക്കുന്നതും ഓരോ ജനവിഭാഗങ്ങള്‍ക്കും അവരുടെ മതപരമായ വിശ്വാസവും സ്വത്വവും അതിന്റെ ഭാഗമായ ആചാരാനുഷ്ഠാനങ്ങളും സൂക്ഷിക്കാന്‍ അവകാശം നല്‍കുന്നതുമാണ്
നമ്മുടെ ഭരണഘടനയും അതിലെ വ്യവസ്ഥകളും. അത് മറന്നുപോകുന്ന പോറ്റിമാരുടെ കോടതികളില്‍ നിന്നും എങ്ങനെ നീതി ലഭിക്കും…?,’ കെ.ടി. കുഞ്ഞിക്കണ്ണന്‍ ചോദിച്ചു.
ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പറഞ്ഞായിരുന്നു ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയത്.