യൂറോപ്പിലും അമേരിക്കയിലും നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച് തീവ്രവലതുപക്ഷശക്തികള്‍ അധികാരത്തിലെത്തുന്ന പ്രവണതയാണ് സമീപനാളുകളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ജനജീവിതം തകര്‍ക്കുന്ന രാജ്യങ്ങളുടെ പരമാധികാരത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ക്ക് ബദല്‍ശക്തിയായി ഇടതുപക്ഷം വളര്‍ന്നുവരാത്ത എല്ലായിടങ്ങളിലും മതവംശീയ അടിസ്ഥാനമുള്ള തീവ്രവലതുപക്ഷശക്തികള്‍ മേല്‍ക്കൈ നേടുകയാണ്.
ഫ്രാന്‍സിലും ബ്രിട്ടനിലും ജര്‍മ്മനിയിലും അമേരിക്കയിലുമെല്ലാം തീവ്രവലതുപക്ഷ നിലപാടുകളെ പുല്‍കിക്കൊണ്ടാണ് ബൂര്‍ഷ്വാ പാര്‍ടികള്‍ അധികാരത്തിലെത്തിയിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഓസ്ട്രിയയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നവഫാസിസ്റ്റ് ശക്തികളും കരുത്ത് നേടുന്നതിന്റെ സൂചനയാണ്.
നവഫാസിസ്റ്റ് കക്ഷിയായ ഫ്രീഡംപാര്‍ടി (പി.എഫ്.ഒ) വലതുപക്ഷ സെബാസ്റ്റ്യന്‍കുര്‍സ്‌സര്‍ക്കാരിന്റെ ഭാഗമാകുന്നത് യൂറോപ്യന്‍ രാഷ്ട്രീയചരിത്രത്തിലെ പ്രധാന വഴിത്തിരിവായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ പശ്ചിമ യൂറോപ്പില്‍ നവഫാസിസ്റ്റുകള്‍ അധികാരത്തിലെത്തുന്ന ആദ്യ സര്‍ക്കാരായിരിക്കും ഓസ്ട്രിയയിലേത്. കുടിയേറ്റവിരുദ്ധ ഇസ്ലാംവിരുദ്ധ നിലപാടുള്ള നവഫാസിസ്റ്റ് കക്ഷിയാണ് എഫ്.പി.ഒ. തീവ്രവംശീയവാദികളാണവര്‍.
ഒക്‌ടോബര്‍ 15-ന് നടന്ന തെരഞ്ഞെടുപ്പില്‍ കുര്‍സിന്റെ പീപ്പിള്‍സ് പാര്‍ടി ഏറ്റവും വലിയ കക്ഷിയായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്തതിനെതുടര്‍ന്നാണ് മൂന്നാം കക്ഷിയായ എഫ്.പി.ഒയുമായി സഖ്യം സ്ഥാപിക്കാന്‍ തയ്യാറായത്. ബ്രിട്ടനില്‍ തെരേസോമ തീവ്രവംശീയവാദികളായ ഐറിഷ് യൂണിയനിസ്റ്റ് പാര്‍ടിയുടെ പിന്തുണ തേടുകയുണ്ടായല്ലോ. ഓസ്ട്രിയയില്‍ ഇരു പാര്‍ടികളും തമ്മിലുള്ള കരാറനുസരിച്ച് സെബാസ്റ്റ്യന്‍കുര്‍സായിരിക്കും ചാന്‍സലര്‍. എഫ്.പി.ഒ നേതാവ് ഹെയ്ന്‍സ് ക്രിസ്ത്യന്‍ സ്ട്രാഷേയായിരിക്കും വൈസ്ചാന്‍സലര്‍.
ഇരുകക്ഷികളും തമ്മിലുള്ള കരാറിലെ ഏറ്റവും അപകടകരമായ കാര്യം പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങി ആറു പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് നവഫാസിസ്റ്റ് കക്ഷിയായ ഫ്രീഡംപാര്‍ടിയായിരിക്കുമെന്നതാണ്. എഫ്.പി.ഒ രണ്ടാം തവണയാണ് ഓസ്ട്രിയന്‍ ഗവണ്‍മെന്റിന്റെ ഭാഗമാകുന്നത്.
തൊഴിലാളികളുടെ ജോലി സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തോടെയാണ് സഖ്യകക്ഷി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. കടുത്ത സോഷ്യല്‍ ഡാര്‍വിനിസ്റ്റ് നിലപാടുകളാണ് ഇവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. സ്വകാര്യവല്‍ക്കരണവും സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പിന്‍മാറ്റവും പ്രധാന അജണ്ടയാണ്.
രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പിലെങ്ങും ഉയര്‍ന്നുവന്ന ഫാസിസ്റ്റ് വിരുദ്ധ ചിന്താഗതിയെ പുല്‍കുന്ന രാഷ്ട്രങ്ങളിലൊന്നായിരുന്നു ഓസ്ട്രിയ. ഹിറ്റ്‌ലേറിയന്‍ ഭരണത്തെയും അതിന്റെ ക്രൂരതകളെയും വംശീയവിദേ്വഷത്തെയും എതിര്‍ക്കുക എന്ന പൊതു രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു ഓസ്ട്രിയന്‍ ജനത. അവിടെയാണിപ്പോള്‍ ഹിറ്റ്‌ലറെയും മുസ്സോളിനിയെയും മാതൃകകളാക്കുന്ന, 1956-ല്‍ ഒരു നാസി നേതാവിനാല്‍ സ്ഥാപിക്കപ്പെട്ട നവഫാസിസ്റ്റ് കക്ഷി അധികാരത്തിന്റെ ഭാഗമാകുന്നത്.
ഓസ്ട്രിയയില്‍ ഇതാദ്യമായല്ല എഫ്.പി.ഒ ഗവണ്‍മെന്റില്‍ പങ്കാളിയാകുന്നത്. ഇപ്പോള്‍ എഫ്.പി.ഒയെ അധികാരത്തിലേക്ക് ക്ഷണിച്ച യാഥാസ്ഥിതിക വലതുപക്ഷ കക്ഷിയായ ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ടി തന്നെ 18 വര്‍ഷം മുമ്പ് ഇവരുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. അന്ന് വിവാദനായകനായ ജോര്‍ഗെഹൈദറായിരുന്നു എഫ്.പി.ഒ നേതാവ്.
ഇത്തരമൊരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെതിരെ പാശ്ചാത്യലോകത്തെങ്ങും അന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്നത്തെ ലോകബോധം ഫാസിസത്തിനും വംശീയതക്കും എതിരായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ അന്ന് ഓസ്ട്രിയക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. പല രാജ്യങ്ങളും ഓസ്ട്രയയുമായി വ്യാപാരബന്ധം ഉപേക്ഷിച്ചു.
എന്നാല്‍, 18 വര്‍ഷത്തിനുശേഷം സമാനമായ സര്‍ക്കാര്‍ ഓസ്ട്രിയയില്‍ രൂപം കൊണ്ടപ്പോള്‍ യൂറോപ്പിലെന്നല്ല ഒരിടത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നില്ലെന്നുമാത്രമല്ല, സര്‍ക്കാരിനെ യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാഷ്ട്രങ്ങള്‍പോലും അഭിനന്ദിക്കുകയും ചെയ്തു.
എഫ്.പി.ഒ മുഖ്യധാര യൂറോപ്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചുവെന്നും അതും ജനാധിപത്യ മാര്‍ഗത്തിലൂടെയായതിനാല്‍ കുഴപ്പമൊന്നുമില്ലെന്നുമുള്ള രീതിയിലാണ് പൊതുവെ യൂറോപ്യന്‍ മാധ്യമങ്ങളുടെ പ്രതികരണം. പുതിയ ഭരണ സഖ്യത്തിന് ഒരു അവസരം നല്‍കുന്നതില്‍ എന്താണ് തെറ്റെന്ന ചോദ്യവും ഈ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍, അത്ഭുതകരമായ പ്രതികരണം ജര്‍മ്മനിയില്‍ നിന്നാണുണ്ടായത്. ഓസ്ട്രിയയിലെ പുതിയ സര്‍ക്കാരുമായി തുറന്ന ബന്ധത്തിന് ആഞ്ചല മെര്‍ക്കര്‍ ആഗ്രഹിക്കുന്നതായി അവരുടെ വക്താവ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.
ലോകം എന്തുമാത്രം വലത്തോട്ടുപോയിരിക്കുന്നുവെന്നതിന്റെ പേടിപ്പിക്കുന്ന സൂചനയാണ് ഈ പ്രതികരണങ്ങള്‍. യൂറോപ്പ് എന്തുമാത്രം ലിബറല്‍ ജനാധിപത്യ നിലപാടുകളില്‍ നിന്നും യാഥാസ്ഥിതിക വലതുപക്ഷ നിലപാടുകളിലേക്ക് അധപ്പതിച്ചിരിക്കുന്നുവെന്നതുകൂടിയാണ് ഓസ്ട്രിയന്‍ സംഭവങ്ങളും അതിനോടുള്ള പ്രതികരണങ്ങളും അടിവരയിട്ടുകാണിക്കുന്നത്.
എഫ്.പി.ഒ എന്ന കക്ഷി കൂടുതല്‍ മിതവാദനയത്തിലേക്ക് മാറിയതുകൊണ്ടൊന്നുമല്ല യൂറോപ്യന്‍ പ്രതികരണത്തില്‍ മാറ്റമുണ്ടായത്. യഥാര്‍ത്ഥത്തില്‍ ഹെയ്‌നസ് ക്രിസ്ത്യന്‍ സ്ട്രാഷേയുടെ നേതൃത്വത്തില്‍ കൂടുതല്‍ തീവ്രമായ പാതയിലേക്ക് എഫ്.പി.ഒ മാറിയെന്നതാണ് വാസ്തവം
യൂറോപ്പിലെ ബൂര്‍ഷ്വാ പാര്‍ടികളുടെയും സര്‍ക്കാരുകളുടെയും നയസമീപനങ്ങള്‍ക്ക് ഫാസിസവുമായി അടുപ്പം വരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ലോകത്തെല്ലായിടത്തുമുള്ള ബൂര്‍ഷ്വാ ഭരണവര്‍ഗങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമാണ്. എല്ലാ ലിബറല്‍ നിലപാടുകളും ഉപേക്ഷിച്ച് ബൂര്‍ഷ്വാ മൂലധനശക്തികള്‍ ചരിത്രത്തിലെ കാലഹരണപ്പെട്ട ശക്തികളുമായി സന്ധിചെയ്യുകയാണ്.
നിയോലിബറല്‍ യുക്തികളില്‍ നിന്ന് ഹീനമായ ഈ രാഷ്ട്രീയ അപചയത്തെ ന്യായീകരിക്കുകയാണ് മുതലാളിത്ത പണ്ഡിതകേന്ദ്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വംശീയവിദേ്വഷവും സങ്കുചിത ദേശീയവാദവും ജനാധിപത്യ അവകാശങ്ങളുടെ അടിച്ചമര്‍ത്തലും മറ്റും ബൂര്‍ഷ്വാ സര്‍ക്കാരുകളുടെയും മുഖമുദ്രയായി മാറിയ സാഹചര്യത്തിലാണ് നവ ഫാസിസ്റ്റ് കക്ഷികള്‍ അധികാരമേറുന്നതില്‍ എന്ത് തെറ്റാണുള്ളതെന്ന് യൂറോപ്യന്‍ ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷി നേതാക്കളും മാധ്യമങ്ങളും ചോദിക്കുന്നത്.
ഭരണവര്‍ഗ കക്ഷികള്‍ തീവ്രവലതുപക്ഷത്തേക്ക് അതിവേഗം നീങ്ങുകയാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ഓസ്ട്രിയയിലെ സഖ്യകക്ഷി സര്‍ക്കാരിനെ കാണാം. അവിടത്തെ യാഥാസ്ഥിതിക വലതുപക്ഷമാണ് അധികാരത്തില്‍ തുടരാന്‍ തീവ്ര വലതുപക്ഷത്തിന്റെ പിന്തുണ തേടുന്നത്.
ഇരുവിഭാഗവും തമ്മിലുണ്ടായിരുന്ന അതിര്‍വരമ്പ് നേര്‍ത്തുവരികയാണെന്ന് സാരം. ഫ്രാന്‍സില്‍ നവനാസികക്ഷിയായ നാഷണല്‍ഫ്രണ്ടിന്റെ നേതാവ് മരീന്‍ലേപെന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 34% വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തിയതും ജര്‍മ്മനിയില്‍ ആദ്യമായി തീവ്രവലതുപക്ഷ അര്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡെമോക്രസി 13% വോട്ട് നേടി ജര്‍മ്മന്‍ പാര്‍ലമെന്റായ ബുന്ദേ സ്റ്റാഗില്‍ ഇടം നേടിയതും നെതര്‍ലന്റിലെ ഫ്രീഡം പാര്‍ടി മാര്‍ച്ചില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയതും ഇറ്റലി, ഗ്രീസ്, സ്വീഡന്‍, ബള്‍ഗേറിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ നവനാസികക്ഷികള്‍ വന്‍ മുന്നേറ്റം നടത്തുന്നതും ഈ ഒരു ലോകസാഹചര്യത്തിലാണ്.
ഫാസിസത്തെ നിശ്ചയദാര്‍ഢ്യത്തോടെ എതിര്‍ക്കുന്ന ശക്തമായ ഇടതുപക്ഷത്തിന്റെ അഭാവവും നവഫാസിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് സഹായകമാവുകയാണ്. നവലിബറല്‍ നയങ്ങള്‍ക്കും അതിന്റെ അധിനിവേശ രൂപങ്ങള്‍ക്കുമെതിരെ നയപരമായ നിലപാടുകള്‍ എടുക്കാന്‍ ബൂര്‍ഷ്വാ ജനാധിപത്യശക്തികള്‍ കാണിക്കുന്ന അലംഭാവങ്ങളില്‍ നിന്നാണ് തീവ്രവലതുപക്ഷശക്തികള്‍ ശക്തിസംഭരിക്കുന്നത്. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും ഭീഷണി ഉയര്‍ത്തുന്ന നവഫാസിസ്റ്റ് പ്രത്യയശാസ്ത്രം ജനങ്ങളില്‍ എത്തിക്കുന്നത് നവലിബറലിസം സൃഷ്ടിക്കുന്ന ദുരന്തപൂര്‍ണമായ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ്.
1930-കളിലെ ഫാസിസത്തിന്റെ മുന്നേറ്റം തടയാന്‍ വിസമ്മതിച്ച പാശ്ചാത്യ ബൂര്‍ഷ്വാ പാര്‍ടികള്‍ അതേ നിലപാട് ഇപ്പോഴും തുടരുകയാണ്. ഫാസിസത്തെയും ബോള്‍ഷെവിസത്തെയും ഇരട്ടസന്തതികളെന്നാക്ഷേപിച്ച് മുസ്സോളിനിയുടെയും ഹിറ്റ്‌ലറുടെയും പിറകിലുള്ള കോര്‍പ്പറേറ്റുകളെ സ്വാന്തനപ്പെടുത്തിയവരാണ് നാസിസത്തിന്റെയും ഫാസിസത്തിന്റെയും കടന്നുവരവിന് സൗകര്യമൊരുക്കിക്കൊടുത്തത്.