കോഴിക്കോട്: തൃശൂര്‍ പൂരത്തിന്റെ ചമയ പ്രദര്‍ശനത്തില്‍ സവര്‍ക്കറുടെ ചിത്രമുള്ള കുട പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍. രാജ്യദ്രോഹികളെ സ്വാതന്ത്ര്യ സമരസേനാനികളാക്കുന്ന സംഘികളുടെ സത്യാനന്തര കാലലീലകളൊന്നും കേരളത്തില്‍ നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ.ടി. കുഞ്ഞിക്കണ്ണന്റെ പ്രതികരണം.
‘ദേശീയവഞ്ചകനും ഗാന്ധിവധകേസില്‍ പ്രതിയുമായ
ഒരാളെ നവോത്ഥാന സ്വാതന്ത്ര്യ സമരസേനാനികളുടെ നിരയിലേക്ക് ഉയര്‍ത്തിക്കാട്ടാനുള്ള ബുദ്ധി കാണിച്ച, പൂരാഘോഷകമ്മിറ്റിക്കകത്ത് അതിനായി പണിയെടുത്തത് ആരാവാം?
തിരുമന്തന്‍ സംഘികളുടെ അമ്മാതിരി ഏര്‍പ്പാടൊന്നും കേരളമനുവദിക്കാന്‍ പോകുന്നില്ലായെന്ന് വ്യക്തമായല്ലോ. രാജ്യദ്രോഹികളെ സ്വാതന്ത്ര്യ സമരസേനാനികളാക്കുന്ന സംഘികളുടെ സത്യാനന്തര കാലലീലകളൊന്നും കേരളത്തില്‍ നടക്കില്ല,’ കുഞ്ഞിക്കണ്ണന്‍ എഴുതി.
ചരിത്രവും ഇന്ത്യയുടെ ആത്മാവുമെന്തെന്നറിയാത്ത സംഘികള്‍ അന്തമാനിലെ സെല്ലുലോര്‍ ജയിലില്‍ നിന്ന്
ആറ് തവണ മാപ്പപേക്ഷ എഴുതി ഒറ്റുകാരനായി പ്രവര്‍ത്തിച്ചു കൊള്ളാമെന്ന് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ഉറപ്പ് കൊടുത്ത് പുറത്ത് വന്ന ഒരാളെയാണ് സ്വാതന്ത്ര്യ സമര സേനാനിയാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ബ്രിട്ടീഷുകാരുടെ പേറോളില്‍ ദേശീയ സ്വാതന്ത്ര്യ സമരത്തെ തകര്‍ക്കാനായി പണിയെടുത്ത ആളാണ് സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി മറ്റേ പണിയെടുത്ത സവര്‍ക്കറെ സ്വാതന്ത്ര്യ സമരസേനാനിയാക്കി പാര്‍ലമെന്റ് മന്ദിരത്തില്‍ ഫോട്ടോ പ്രതിഷ്ഠിച്ചത് വാജ്‌പേയ് സര്‍ക്കാരാണെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
2004ലും 2009ലും അധികാരത്തില്‍ വന്ന യു.പി.എ സര്‍ക്കാരുകളോട് സവര്‍ക്കറുടെ ഫോട്ടോ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് എടുത്തു മാറ്റണമെന്ന് സി.പി.ഐ.എമ്മും സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളും ആവര്‍ത്തിച്ചാവശ്യപ്പെട്ടതാണ്. എന്നിട്ടുമവര്‍ അതിന് തയ്യാറായില്ല.
ചരിത്രത്തെ വളച്ചൊടിക്കുന്നത് പോലെ കുറ്റകരമാണ് അതിനോട് മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തില്‍ പാറമേക്കാവ് വിഭാഗത്തിന്റെ സവര്‍ക്കറുടെ ചിത്രം വെച്ച കുട പിന്‍വലിച്ചിരുന്നു. വി.ഡി. സവര്‍ക്കറുടെ ചിത്രമുള്ള കുട പാറമേക്കാവ് പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് കുട പിന്‍വലിച്ചത്.
ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിശദീകരണം.
CONTENT HIGHLIGHTS: KT Kunhikannan Naidu lashed out at Savarkar for displaying an umbrella at a Thrissur Pooram pageant