കോഴിക്കോട്: എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍. ആര്‍.എസ്.എസുകാരനായ സുകുമാരന്‍നായരുടെ ഗണപതിയാരാധനക്ക് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസിന്റെ പന്തിയിലിരുന്നുള്ള കളിയാണ് ശാസ്ത്രം- മിത്ത് പരാമര്‍ശത്തില്‍ സുകുമാരന്‍ നായര്‍ നടത്തുന്നതെന്നും കുഞ്ഞക്കണ്ണന്‍ പറഞ്ഞു. വിഷയത്തില്‍ ഹിന്ദുത്വത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മീന്‍പിടിക്കാനിറങ്ങുന്ന കോണ്‍ഗ്രസുകാരെ ഓര്‍ത്ത് മതനിരപേക്ഷ കേരളം ലജ്ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലൊരു സംഘി അജണ്ടയില്‍ കളിച്ച് കളിച്ചാണ് അസമിലും മണിപ്പൂരിലും മേഘാലയയിലും മിസോറാമിലും ത്രിപുരയിലും ഗോവയിലും യു.പിയിലുമെല്ലാം കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയായതെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘പതിനെട്ട് വര്‍ഷം ദണ്ഡും പിടിച്ച് നടന്ന ഒരു ആര്‍.എസ്.എസുകാരനായ സുകുമാരന്‍നായരുടെ ഗണപതിയാരാധനക്ക് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്ന് കേരളത്തിലെ ഹിന്ദുമത വിശ്വാസികളുള്‍പ്പെടെയുള്ള മതനിരപേക്ഷ സമൂഹത്തിന് മനസിലാക്കാവുന്നതേയുള്ളൂ.
വിഭജനവും വിദ്വേഷവുമാണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയില്‍
ആ നായരുടെയുള്ളം തിളക്കുന്നത് സ്വാഭാവികം. സുകുമാരന്‍ നായരുടേത് വരേണ്യജാതിവര്‍ഗീയബോധത്തിന്റെ പുളിച്ചു തികട്ടലുകളാണെന്ന് ഏത് നായര്‍ക്കും തിയ്യനും പുലയനും മാപ്പിളക്കും മനസിലാവും.
മന്നത്ത് പത്മനാഭന്‍ ഉള്‍പ്പെടെയുള്ള സമുദായപരിഷ്‌ക്കരണവാദികള്‍ അസഹനീയവും അശ്ലീലവുമായി കാണുകയും എതിര്‍ക്കുകയും ചെയ്ത ബ്രാഹ്മണാധികാരത്തിന്റെ പ്രത്യയശാസ്ത്ര പുനരുജ്ജീവനവുമായി നടക്കുന്ന ആര്‍.എസ്.എസിന്റെ അജണ്ടയിലാണ് സുകുമാരന്‍ നായര്‍ കയറി പിടിച്ചിരിക്കുന്നത്.
ആര്‍.എസ്.എസിന്റെ പന്തിയിലിരുന്നുള്ള കളിയാണിത്. അതറിഞ്ഞോ അറിയാതെയോ ഷംസീറിനെതിരെ നിറഞ്ഞാടുന്ന കോണ്‍ഗ്രസുകാര്‍ ശബരിമല വിവാദക്കാലത്തെന്ന പോലെ ഹിന്ദുത്വത്തിന്റെ വര്‍ഗീയധ്രുവീകരണത്തിന് തീ ഊതി പിടിപ്പിക്കുകയാണ്.
സുകുമാരന്‍നായരെ ഓര്‍ത്തല്ല ഹിന്ദുത്വത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മീന്‍പിടിക്കാനിറങ്ങുന്ന കോണ്‍ഗ്രസുകാരെ ഓര്‍ത്താണ് മതനിരപേക്ഷ കേരളം ലജ്ജിക്കേണ്ടത്. അവരെയാണ് ഭയപ്പെടേണ്ടത്.
ഇങ്ങനെ സംഘി അജണ്ടയില്‍ കളിച്ച്, കളിച്ചാണ് ആസാമിലും മണിപ്പൂരിലും മേഘാലയയിലും മിസോറാമിലും ത്രിപുരയിലും ഗോവയിലും യു.പിയിലുമെല്ലാം കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയായത്. യു.പിയില്‍ റീത്തബഹുഗുണ
മുതല്‍ അസമില്‍ ഹിമന്ത് ബിശ്വ ശര്‍മ്മ വരെ. മണിപ്പൂരില്‍ ഗോത്ര- ക്രൈസ്തവ ജനതയുടെ രക്തം കുടിച്ച് മരണനൃത്തമാടുന്ന ബീരേന്‍ സിങ് 2016 വരെ കോണ്‍ഗ്രസ് നേതാവായിരുന്നല്ലോ,’ കെ.ടി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
അതേസമയം, സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ നിലപാട് കടുപ്പിക്കുകയാണ് എന്‍.എസ്.എസ്. ഷംസീര്‍ ഹൈന്ദവ സമൂഹത്തോട് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു.
ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനമായി എന്‍.എസ്.എസ് ആചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചങ്ങനാശ്ശേരിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പ്രത്യേക സമുദായത്തില്‍പ്പെട്ടയാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ പ്രസ്താവന നിന്ദ്യവും അപമാനമാനവുമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ശാസ്ത്രമല്ല, വിശ്വാസമാണ് വലുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.