കാട്ടുക്കോഴിക്കെന്ത് സംക്രാന്തിയെന്ന് ചോദിക്കുന്നത് പോലെ സംഘിക്കെന്ത് മിത്ത്; സ്പീക്കര്‍ക്കെതിരായ പരാതിയില്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍
Kerala News
കാട്ടുക്കോഴിക്കെന്ത് സംക്രാന്തിയെന്ന് ചോദിക്കുന്നത് പോലെ സംഘിക്കെന്ത് മിത്ത്; സ്പീക്കര്‍ക്കെതിരായ പരാതിയില്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th July 2023, 5:39 pm

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ വിശ്വഹിന്ദു പരിഷത്ത് നല്‍കിയ പരാതിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍. ഷംസീറിനെ ഹിന്ദുവിരുദ്ധനും ഹിന്ദുദൈവങ്ങളെ അപമാനിച്ച ആളുമായി വരുത്തി തീര്‍ക്കാനുമുള്ള പ്രചാരണതന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം പരാതിയും കേസുമെല്ലാമെന്ന് അദ്ദേഹം പറഞ്ഞു.

‘ഷംസീറിനെ ഹിന്ദുവിരുദ്ധനും ഹിന്ദുദൈവങ്ങളെ അപമാനിച്ച ആളുമായി വരുത്തി തീര്‍ക്കാനുമുള്ള പ്രചാരണതന്ത്രത്തിന്റെ ഭാഗമാണ് ഇമ്മാതിരി അടിസ്ഥാനമില്ലാത്ത പരാതിയും കേസുമെല്ലാം. അതൊക്കെ മുസ്‌ലിം വിരുദ്ധതയുടെ വംശീയവൈരത്തില്‍ നിന്നും വരുന്ന സംഘിഭ്രാന്താണെന്ന് കാര്യ വിവരമുള്ളവര്‍ക്കറിയാം.

ഷംസീര്‍ ഒരു ഹൈന്ദവത്തെയും അപമാനിച്ചിട്ടില്ല. മിത്തുകളെ സംബന്ധിച്ച ചരിത്രബോധത്തെ കുറിച്ചൊക്കെ അജ്ഞരായ സംഘികളുടെ ഹെയ്റ്റ് ക്യാംമ്പയിന് ഷംസീറിന്റെ പ്രസംഗവും ഉപയോഗിക്കാമോയെന്ന വൃത്തികെട്ട, ഗോള്‍വാക്കര്‍ പണ്ട് പറഞ്ഞ മറ്റേപണിയാണിത്,’ കെ.ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മിത്ത് എന്ന പ്രയോഗം എങ്ങനെയാണ് ദൈവത്തെ അപമാനിക്കല്‍ ആകുകയെന്നും അദ്ദേഹം ചോദിച്ചു.

‘സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ ഹൈന്ദവദൈവങ്ങളെ മിത്താക്കി അപമാനിച്ചുവെന്ന് ആരോപിച്ച് ഒരു സംഘി കേസ് കൊടുത്തതായി അറിഞ്ഞു. മിത്ത് എന്ന പ്രയോഗം എങ്ങനെയാണപ്പാ ദൈവത്തെ അപമാനിക്കലാവുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലല്ലോ സംഘികളെ? ഓ, നിങ്ങള്‍ പഠിച്ച സകൂളില്‍ അല്ലല്ലോ നമ്മളൊക്കെ പഠിച്ചത്. അതെ, കാട്ടുകോഴിക്കെന്ത് സംക്രാന്തിയെന്ന് ചോദിക്കുന്നത് പോലെ സംഘിക്കെന്ത് മിത്ത്? എന്ത് ദൈവം ?

അപരമതവിരോധത്തിന്റെ ഉന്മാദാത്മകമായ വിദ്വേഷത്തില്‍ പെട്ടുപോയവര്‍ക്ക് മിത്തും ദൈവവും അവ തമ്മിലുള്ള ബന്ധവും, അതൊക്കെ രൂപപ്പെട്ടു വന്ന ചരിത്രത്തെയും സംസ്‌കാരത്തെയുമൊക്കെ സംബന്ധിച്ച് അറിയണമെന്നില്ല. ചാണകത്തില്‍ പ്ലൂട്ടോണിയവും പൗരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക്‌സര്‍ജറിയും കാണ്ഡകോശസിദ്ധാന്തവും ഉണ്ടായിരുന്നെന്ന് പാടിനടക്കുന്നവരാണല്ലോ ഇക്കൂട്ടര്‍. ചരിത്രത്തെയും ശാസ്ത്രത്തെയും സംബന്ധിച്ച അജ്ഞതയുടെ തിരുമന്തന്‍ തലകളുമായി നടക്കുന്ന ഇവരോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഇവരുടെ ഇത്തരം പ്രചരണങ്ങളിലൂടെ പലരും തെറ്റി ധരിപ്പിക്കപ്പെടാം,’ അദ്ദേഹം പറഞ്ഞു.

ശാസ്ത്ര രംഗത്തെ നേട്ടങ്ങള്‍ക്ക് പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെ എ.എന്‍ ഷംസീര്‍ പറഞ്ഞിരുന്നത്. വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വകാലം മുതല്‍ക്കേ ഉണ്ടെന്ന് സ്ഥാപിക്കാനാണ് ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് ബ്രദേഴ്‌സ് എന്നായിരുന്നു താന്‍ പഠിച്ച കാലത്തെ ഉത്തരമെന്നും എന്നാല്‍ ആദ്യ വിമാനം പുഷ്പകവിമാനമെന്നാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ഇതിന് എതിരെയാണ് വിശ്വഹിന്ദു പരിഷത്ത് പരാതി നല്‍കിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ ഹൈന്ദവദൈവങ്ങളെ മിത്താക്കി അപമാനിച്ചുവെന്ന് ആരോപിച്ച് ഒരു സംഘി കേസ് കൊടുത്തതായി അറിഞ്ഞു!. മിത്ത് എന്ന പ്രയോഗം എങ്ങനെയാണപ്പാ ദൈവത്തെ അപമാനിക്കലാവുന്നതെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ലല്ലോ സംഘികളെ? ഓ, നിങ്ങള്‍ പഠിച്ച സ്‌കൂളില്‍ അല്ലല്ലോ നമ്മളൊക്കെ പഠിച്ചത്.

അതെ, കാട്ടുകോഴിക്കെന്ത് സംക്രാന്തിയെന്ന് ചോദിക്കുന്നത് പോലെ സംഘിക്കെന്ത് മിത്ത്? എന്ത് ദൈവം ? അപരമതവിരോധത്തിന്റെ ഉന്മാദാത്മകമായ വിദ്വേഷത്തില്‍ പെട്ടുപോയവര്‍ക്ക് മിത്തും ദൈവവും അവ തമ്മിലുള്ള ബന്ധവും, അതൊക്കെ രൂപപ്പെട്ടു വന്ന ചരിത്രത്തെയും സംസ്‌കാരത്തെയുമൊക്കെ സംബന്ധിച്ച് അറിയണമെന്നില്ല. ചാണകത്തില്‍ പ്ലൂട്ടോണിയവും പൗരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക്‌സര്‍ജറിയും കാണ്ഡകോശസിദ്ധാന്തവും ഉണ്ടായിരുന്നെന്ന് പാടിനടക്കുന്നവരാണല്ലോ ഇക്കൂട്ടര്‍. ചരിത്രത്തെയും ശാസ്ത്രത്തെയും സംബന്ധിച്ച അജ്ഞതയുടെ തിരുമന്തന്‍ തലകളുമായി നടക്കുന്ന ഇവരോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഇവരുടെ ഇത്തരം പ്രചരണങ്ങളിലൂടെ പലരും തെറ്റി ധരിപ്പിക്കപ്പെടാം.

ഷംസീറിനെ ഹിന്ദുവിരുദ്ധനും ഹിന്ദുദൈവങ്ങളെ അപമാനിച്ച ആളുമായി വരുത്തി തീര്‍ക്കാനുമുള്ള പ്രചാരണതന്ത്രത്തിന്റെ ഭാഗമാണ് ഇമ്മാതിരി അടിസ്ഥാനമില്ലാത്ത പരാതിയും കേസുമെല്ലാം. അതൊക്കെ മുസ്‌ലിം വിരുദ്ധതയുടെ വംശീയവൈരത്തില്‍ നിന്നും വരുന്ന സംഘിഭ്രാന്താണെന്ന് കാര്യ വിവരമുള്ളവര്‍ക്കറിയാം.

ഷംസീര്‍ ഒരു ഹൈന്ദവത്തെയും അപമാനിച്ചിട്ടില്ല. മിത്തുകളെ സംബന്ധിച്ച ചരിത്രബോധത്തെ കുറിച്ചൊക്കെ അജ്ഞരായ സംഘികളുടെ ഹെയ്റ്റ് കാമ്പയിന് ഷംസീറിന്റെ പ്രസംഗവും ഉപയോഗിക്കാമോയെന്ന വൃത്തികെട്ട ഗോള്‍വാക്കര്‍ പണ്ട് പറഞ്ഞ മറ്റേപണിയാണിത്.

ഗണപതി ഭഗവാന്‍ ഉള്‍പ്പെടെ വേദേതിഹാ കഥകളിലൂടെ അവതരിപ്പിക്കപ്പെട്ട എല്ലാ മിത്തുകളും പൗരാണിക ജനതയുടെ ദൈവങ്ങളായി തന്നെയാണ് അവതരിപ്പിക്കപ്പെട്ടത്. ഗണ ഗോത്രകാലത്തെ മനുഷ്യരുടെ ഭക്ഷണശേഖരരണം വനാന്തരങ്ങളില്‍ നിന്നുള്ള കായും കനികളുമായിരുന്നു. അതായത് പെറുക്കി തീനികാലഘട്ടം.ആ ഒരു ചരിത്ര കാലഘട്ടത്തില്‍ തങ്ങളുടെ ഭക്ഷണശേഖരണത്തിന് വിഘ്‌നം സൃഷ്ടിച്ച ആനകളെ ദൈവമാക്കി മനുഷ്യര്‍ മന്ത്രവാദപരമായ അനുഷ്ഠാനങ്ങളിലുടെ പ്രീതിപ്പെടുത്തി അതിജീവനത്തിന്റെ വഴികള്‍ തേടുകയായിരുന്നു. ഇന്ത്യയുടെയും ലോകത്തിന്റെയും പ്രാക് ചരിത്രകാരന്മാര്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമിയില്‍ പല ഭാഗങ്ങളിലായി സാമൂഹ്യ ജീവിതത്തിന്റെ ആദ്യചുവടുകള്‍ വെച്ചു തുടങ്ങിയ മനുഷ്യര്‍ തങ്ങളുടെ ജീവിതത്തിന് പ്രതികൂലമായ എല്ലാ പ്രകൃതി പ്രതിഭാസങ്ങളെയും ജന്തുക്കളെയും ദൈവങ്ങളാക്കി ആരാധിക്കുകയും അവ സൃഷ്ടിക്കുന്ന ഭയത്തെ അതിജീവിക്കാനുള്ള ദൈവ ചിന്താപദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയുമായിരുന്നു.

ഈ ഭൂമുഖത്ത് ഇച്ഛാശക്തിയോടെ ജീവിക്കാന്‍ ആദ്യകാല മനുഷ്യര്‍ക്ക് മതവും ദൈവ ചിന്താപദ്ധതികളുമെല്ലാമാണ് ആത്മവിശ്വാസം നല്‍കിയത് എന്നാണ് മാര്‍ക്‌സ് തന്നെ വ്യക്തമാക്കിയത്. ചരിത്രത്തെയും സംസ്‌കാരത്തെയും അതിന്റെ രുപീകരണത്തിന്റെയും പരിണാമ വികാസ പ്രക്രിയയുടെ അടിസ്ഥാനത്തില്‍ മനസിലാക്കാന്‍ കഴിയാത്ത മതരാഷ്ട്രവാദികളായ സംഘികളുടെ വിദ്വേഷ തികട്ടലാണ് ഇമ്മാതിരി കുത്തിതിരുപ്പുകളും കേസുകളുമൊക്കെ.

Content Highlight: KT Kunhikannan criticise hindu parishath