കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാറും ഇടതുപക്ഷമുന്നണിയും അതിജീവിതക്കൊപ്പമാണെന്ന് സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍. അതിജീവിതക്ക് നീതി ലഭ്യമാക്കുക എന്ന സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലാണ് ദിലീപ് അറസ്റ്റിലാകാനുള്‍പ്പെടെയുള്ള അവസ്ഥ സൃഷ്ടിച്ചതെന്നും കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
‘ആരാണ് ദിലീപിന്റെ ഉറ്റവരും കൂട്ടാളികളുമെന്ന് എല്ലാവര്‍ക്കുമറിയാം.
ആലുവയിലെ കോണ്‍ഗ്രസ് എം.എല്‍.എ അന്‍വര്‍ സാദത്ത് ദിലീപിന്റെ അടുത്തയാളാണെന്ന കാര്യം വി.ഡി. സതീശനും വി.ടി. ബാലരാമന്മാര്‍ക്കുമറിയാത്തതാണോ. അന്‍വര്‍ സാദത്ത് ദിലീപിന്റെ ബിനാമി ആണെന്ന് വരെ പറയപ്പെടുന്നു.
വി.ഡി. സതീശന് തന്നെ ദിലീപുമായുള്ള ബന്ധത്തിന്റെ സംസാരിക്കുന്ന തെളിവുകള്‍ സോഷ്യല്‍ മീഡിയയില്‍ നാമെല്ലാം നിറയെ കണ്ടു കൊണ്ടിരിക്കുന്നതാണല്ലേ.
യു.ഡി.എഫ് ഭരിക്കുന്ന ആലുവ നഗരസഭ ഈയിടെ അതിന്റെ വാര്‍ഷികത്തിന്റെ ഉദ്ഘാടകനായി ക്ഷണിച്ചത് ദിലീപിനെയായിരുന്നുവല്ലോ. അന്ന് വേദിയില്‍ ദിലീപിനോടൊപ്പം സെല്‍ഫി എടുത്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെബി മേത്തറിന് രാജ്യസഭാ അംഗമായി പ്രമോഷന്‍ കൊടുക്കുകയാണല്ലോ ഉമ തോമസിന്റെ പാര്‍ടിയായ കോണ്‍ഗ്രസ് ചെയ്തത്.
ദിലീപ് ജയിലില്‍ കിടക്കുന്നിടത്തോളം കാലം താനും തറയില്‍ കിടന്നുറങ്ങുമെന്നുവരെ പറഞ്ഞ ധര്‍മജന്‍ ബോള്‍ഗാട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇങ്ങ് കോഴിക്കോട് വന്ന് ബാലുശ്ശേരിയില്‍ കെട്ടിയാടിയതൊന്നും ആരും മറന്നു പോയിട്ടില്ല കോണ്‍ഗ്രസുകാരെ,’ കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
തൃക്കാക്കര അജണ്ടയിലാണ് ഇനിയും സമര്‍പ്പിച്ചിട്ടില്ലാത്ത കുറ്റപത്രം കേസിനെ ദുര്‍ബലമാക്കുന്നതാണെന്നൊക്കെയുള്ള പ്രചരണങ്ങള്‍ യു.ഡി.എഫുകാരും അവരുടെ മൂടുതാങ്ങികളായ ചില മാധ്യമങ്ങളും നടത്തി കൊണ്ടിരിക്കുന്നത്.