Kerala News
സി.പി.ഐ.എം അവര്‍ക്കൊപ്പമാണ്, ഇസ്‌ലാമോഫോബിയയെ രാഷ്ട്രീയ തന്ത്രമാക്കുന്ന ലവ് ജിഹാദ് സംഘപരിവാര്‍ നിര്‍മിതി: കെ.ടി കുഞ്ഞിക്കണ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 13, 06:14 am
Wednesday, 13th April 2022, 11:44 am

കോഴിക്കോട്: സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം. തോമസിന്റെ ലവ് ജിഹാദ് പരാമര്‍ശത്തെ തള്ളി ഇടത് സഹയാത്രികനും സാമൂഹ്യനിരീക്ഷകനുമായ കെ.ടി. കുഞ്ഞിക്കണ്ണന്‍. ഡി.വൈ.എഫ്.ഐ നേതാവ് ഷെജിന്റെയും പങ്കാളി ജോയ്‌സനയുടെയും വിവാഹത്തിന് പിന്നാലെ ജോര്‍ജ് എം. തോമസ് നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയെന്ന നിലയിലാണ് കുഞ്ഞിക്കണ്ണന്‍ ഇക്കാര്യം പറയുന്നത്.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കുഞ്ഞിക്കണ്ണന്‍ ജോര്‍ജ് എം. തോമസിനോട് വിയോജിക്കുന്നത്.

സി.പി.ഐ.എം ഷെജിനും ജോയ്‌സനയ്ക്കുമൊപ്പമാണെന്നും അവരുടെ വിവാഹത്തില്‍ അസ്വഭാവികത ഒന്നും തന്നെയില്ലെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കിയതായും കുഞ്ഞിക്കണ്ണന്‍ പോസ്റ്റില്‍ പറയുന്നു.

‘വ്യത്യസ്ത മതസമൂഹങ്ങളില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങളെ പ്രശ്‌നവത്ക്കരിച്ച് സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നവരാണ് ലവ് ജിഹാദിന്റെ നിര്‍മാതാക്കള്‍.

വിവാഹം പങ്കാളികളുടെ വ്യക്തിപരമായ കാര്യമാണെന്നും അതിന് മതവും ജാതിയുമൊന്നും തടസ്സമായി കൂടെന്നുമാണ് ഒരാധുനിക ജനാധിപത്യ സമൂഹം കാണുന്നത്. ലവ് ജിഹാദ് സംഘപരിവാറിന്റെ നിര്‍മിതിയാണ്,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇസ്‌ലാമോഫോബിയയെ രാഷ്ട്രീയ തന്ത്രമാക്കുന്ന ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചരണത്തിനും സാമൂഹ്യ വിഭജനത്തിനുമുള്ള പ്രധാന ആയുധമാണ് ലവ് ജിഹാദെന്നതാണ് സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്നുള്ള കാര്യം യാഥാര്‍ത്ഥ്യമാണെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം. തോമസ് പറഞ്ഞത്. ഷെജിന്റെയും ജോയ്സനയുടെയും വിവാഹത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകളും ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലവ് ജിഹാദില്‍ കുടുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഷെജിന് ഇത്തരമൊരു പ്രണയമുണ്ടെങ്കില്‍ പാര്‍ട്ടിയോട് അറിയിക്കണമായിരുന്നെന്നും അടുത്ത സഖാക്കളോടോ പാര്‍ട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. ക്രൈസ്തവ സമുദായം വലിയ തോതില്‍ പാര്‍ട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജോര്‍ജ് എം തോമസിന്റെ പ്രസ്താവനയെ തള്ളി ഡി.വൈ.എഫ്.ഐ രംഗത്തുവന്നിരുന്നു. ലവ് ജിഹാദ് ഒരു നിര്‍മിത കള്ളമാണെന്നും സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് തങ്ങളുടേതെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

‘ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡി.വൈ.എഫ്.ഐയുടെ പ്രഖ്യാപിത നിലപാട്.

മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ്സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ. മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകള്‍ കാട്ടിത്തന്ന അനേകം നേതാക്കള്‍ ഡി.വൈ.എഫ്.ഐക്ക് കേരളത്തില്‍ തന്നെയുണ്ട്. ‘ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗമെന്നും ലവ് ജിഹാദ് കേരളത്തില്‍ ഇല്ല എന്നുള്ള കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കണക്കുകള്‍ നിരത്തി നിയമസഭയിലും പൊതുമധ്യത്തിലും ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യമാണെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതതീവ്രവാദം പിടി മുറുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് ഷെജിനും ജോയ്‌സ്നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമനബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയാണെന്നും ഇരുവര്‍ക്കും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.

തങ്ങളുടെ വിവാഹം ലവ് ജിഹാദല്ലെന്ന് ഷെജിനും ജോയ്‌സനയും വ്യക്തമാക്കിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തില്‍ സമുദായ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നും പല സംഘടനകളില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

വ്യക്തിപരമായ കാര്യമായതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നും ഇതില്‍ തനിക്ക് വീഴ്ച പറ്റിയെന്നും ഷെജിന്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: KT Kunhikannan against George M Thomas’s Love Jihad Statement