| Wednesday, 27th September 2023, 5:58 pm

മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇ.ഡി ഇടപെടലുകളും ഹിന്ദുത്വവാദികളുടെ വിദ്വേഷപ്രചരണവും

കെ.ടി. കുഞ്ഞിക്കണ്ണന്‍

മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്ക് വഴിയൊരുക്കുകയെന്നതാണ് കോര്‍പ്പറേറ്റ് ഹിന്ദുത്വ സര്‍ക്കാരിന്റെ ആയുധമായി മാറിയ ഇ.ഡി കേരളത്തില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സഹകരണബാങ്കുകളിലെ നിക്ഷേപകരില്‍ അവിശ്വാസം പടര്‍ത്തി നിക്ഷേപങ്ങളെല്ലാം മള്‍ട്ടിസ്റ്റേറ്റ്സംഘങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള ഹിന്ദുത്വവാദികളുടെ താല്‍പര്യങ്ങളെ കാണാതെ ഇ.ഡിയും സുരേഷ്ഗോപിയും ചേര്‍ന്ന് എന്തോ അഴിമതിവിരുദ്ധയുദ്ധം നയിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കുന്ന മാധ്യമങ്ങളുടെയും വലതുപക്ഷ രാഷ്ട്രീയക്കാരുടെയും നിലപാടുകള്‍ അത്ര നിഷ്‌കളങ്കമല്ലെന്ന് കാര്യഗൗരവമുള്ള എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള സഹകരണസ്ഥാപനങ്ങളില്‍ ഉണ്ടായിരിക്കുന്ന ക്രമക്കേടുകളും തട്ടിപ്പുകളും മാപ്പര്‍ഹിക്കുന്നതല്ല. പാവപ്പെട്ടവരുടെ നിക്ഷേപങ്ങള്‍ പലമാര്‍ഗങ്ങളിലൂടെ കവര്‍ന്നെടുത്തവരും അതിന് കൂട്ടുനിന്നവരും ഒരുകാരണവശാലും രക്ഷപ്പെട്ടുകൂട എന്ന കാര്യത്തിലും ഒരു തര്‍ക്കവും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കില്ല.

എന്നാല്‍ കരുവന്നൂര്‍ബാങ്ക് തട്ടിപ്പുകളെ നിമിത്തമാക്കി കേരളത്തിലെ സഹകരണമേഖലയെയാകെ തകര്‍ക്കാനും മള്‍ട്ടിസ്റ്റേറ്റ് കോര്‍പ്പറേറ്റുകള്‍ക്കും വഴിയൊരുക്കുന്ന തരത്തില്‍ കേരളത്തിലെ സഹകരണസ്ഥാപനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനുമുള്ള നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍നിന്ന് ജനാധിപത്യ മതനിരപേക്ഷവാദികള്‍ക്ക് മാറിനില്‍ക്കാനാവില്ല. പലരുടെയും അന്ധമായ സി.പി.ഐ(എം) വിരോധവും താല്‍ക്കാലികമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കായുള്ള ത്വരയും കേരളത്തിന്റെ നട്ടെല്ലായ സഹകരണമേഖലയെ കയ്യടക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്ക് സഹായകരമായിക്കൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ സാമൂഹ്യപുരോഗതിയിലും സമ്പദ്ഘടനയിലും നിര്‍ണ്ണായക സ്വാധീനമാണ് സഹകരണമേഖലക്കുള്ളത്.

മൂന്ന് ലക്ഷം കോടിയോളം നിക്ഷേപമുള്ള കേരളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന സഹകരണമേഖലയെ തകര്‍ത്താലെ തങ്ങളുടെ മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്കും നിധി സ്ഥാപനങ്ങള്‍ക്കും ഇവിടെ വേരുപിടിപ്പിക്കാനാവൂ എന്നതാണ് സംഘപരിവാറും കേന്ദ്രസഹകരണമന്ത്രാലയവും കാണുന്നത്. അതിനാവശ്യമായ രീതിയില്‍ കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പിനെയും അതുമൂലം നിക്ഷേപകര്‍ക്കുണ്ടായ വൈഷമ്യങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കടന്നുകയറ്റമാണ് ഇ.ഡിയെ ഉപയോഗിച്ച് ഹിന്ദുത്വവാദികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒരുകാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കട്ടെ, ഒരര്‍ത്ഥത്തിലും കരുവന്നൂര്‍ബാങ്കിലും അതിനുസമാനമായ രീതിയില്‍ മറ്റ് സ്ഥാപനങ്ങളിലും നടന്നിട്ടുള്ള ഒരുതരം ക്രമക്കേടുകളെയും തട്ടിപ്പുകളെയും കുറച്ചുകാണുക എന്നത് ഈ ലേഖനത്തിന്റെ ഉദ്ദേശമല്ല. സഹകരണസ്ഥാപനങ്ങളെ തകര്‍ക്കുന്ന പുഴുക്കുത്തുകള്‍ക്കെതിരായി നിര്‍ദ്ദയമായ നടപടികള്‍ സ്വീകരിച്ചുപോകണമെന്ന ഉറച്ച നിലപാടില്‍നിന്നുകൊണ്ടുതന്നെ കേരളത്തിന്റെ സഹകരണമേഖലയെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ അജണ്ടയെ പ്രതിരോധിക്കേണ്ടതുണ്ട്.

അമിത്ഷാ, മോഡി

സഹകരണമേഖലയിലെ ഹിന്ദുത്വവാദികളുടെ അജണ്ട എന്തെന്ന് മനസ്സിലാക്കാന്‍ ഗുജറാത്തിലെ ക്ഷീരസംഘങ്ങളെയും വിശ്വവിഖ്യാതമായ അമൂല്‍പ്രസ്ഥാനത്തെയുമൊക്കെ പിടിച്ചെടുക്കുകയും കോര്‍പ്പറേറ്റ്വല്‍ക്കരിക്കുകയും ചെയ്ത മോഡി – അമിത്ഷാ ഇടപെടലുകളുടെ ചരിത്രമൊന്നറിഞ്ഞിരിക്കണം.

വര്‍ഗീസ് കുര്യന്‍

വര്‍ഗീസ് കുര്യനെ ക്രിസ്ത്യന്‍ വര്‍ഗീയവാദിയും മതപരിവര്‍ത്തനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളുമായിവരെ അപവാദപ്രചരണം നടത്തിയാണ് ക്ഷീരസഹകരണപ്രസ്ഥാനങ്ങളെ ബി.ജെ.പി കയ്യടക്കിയത്.

തൃശൂരില്‍ സുരേഷ്ഗോപിയെ രംഗത്തിറക്കി കേന്ദ്രസര്‍ക്കാരും ഇ.ഡിയും കളിക്കുന്ന വര്‍ഗീയരാഷ്ട്രീയം മള്‍ട്ടിസ്റ്റേറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപം തട്ടിയെടുക്കാനുള്ള ഹിന്ദുത്വവാദികളുടെ അജണ്ടയില്‍ നിന്ന് ആസൂത്രണം ചെയ്യപ്പെട്ടതാണ്. ഇത് വ്യക്തമാക്കുന്നതാണ് സംഘികളുടെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍.

ടി.ജി.മോഹന്‍ദാസിനെപോലുള്ള ബി.ജെ.പി വക്താക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വര്‍ഗീയവിദ്വേഷം ഇളക്കിവിടുന്ന രീതിയില്‍ സഹകരണബാങ്കുകള്‍ക്കെതിരായി പ്രചാരണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. സഹകരണബാങ്കുകള്‍ വഴി ഹൈന്ദവദേവാലയങ്ങളുടെ സമ്പത്ത് സി.പി.ഐ(എം) കവര്‍ന്നെടുക്കുകയാണെന്നൊക്കെയാണ് വെറുപ്പിന്റെ വക്താവായ ടി.ജി. മോഹന്‍ദാസ് ഒരു വീഡിയോവിലൂടെ തട്ടിവിടുന്നത്!

ടി.ജി. മോഹന്‍ദാസ്

ദേവസ്വംബോര്‍ഡിന്റെ പണം നിക്ഷേപിച്ചിരിക്കുന്നത് സഹകരണബാങ്കുകളിലാണെന്നും ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിലെ പണം തട്ടിയെടുക്കലാണ് സഹകരണബാങ്കുകളിലൂടെ നടക്കുന്നത് എന്നുമാണ് മോഹന്‍ദാസിനെപോലുള്ളവര്‍ അടിച്ചുവിടുന്നത്.

യാതൊരുവിധ വസ്തുതാബന്ധവുമില്ലാത്ത ഇത്തരം ആരോപണങ്ങളിലൂടെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ക്കുമെതിരെ ക്ഷുദ്രവികാരം ഇളക്കിവിടുകയാണ്. മോഹന്‍ദാസ് ആ വീഡിയോയില്‍ സഹകരണബാങ്കുകളിലെ നിക്ഷേപകരോട് എത്രയുംവേഗം ആ നിക്ഷേപം പിന്‍വലിക്കാനാണ് ആവശ്യപ്പെടുന്നത്.

വിജയ് മല്യ

നീരവ്മോഡി

എന്നുമാത്രമല്ല ലക്ഷക്കണക്കിന് കോടികള്‍ വിജയമല്യമാരും നീരവ്മോഡിമാരും തട്ടിയെടുത്ത വാണിജ്യബാങ്കുകളെ ആദര്‍ശവല്‍ക്കരിക്കുകയുമാണ് മോഹന്‍ദാസിനെ പോലുള്ളവര്‍. ബി.ജെ.പി ഭരണകാലത്ത് പൊതുമേഖലാ ബാങ്കുകളില്‍ കോര്‍പ്പറേറ്റുകള്‍ കിട്ടാക്കടമാക്കിമാറ്റി എഴുതിത്തള്ളിക്കുന്ന ലക്ഷക്കണക്കിന് കോടികള്‍ രാഷ്ട്രസമ്പത്തിന്റെ കവര്‍ച്ചയാണെന്ന സത്യം ജനങ്ങള്‍ക്കറിയില്ലെന്ന അഹന്തയിലാണ് ഇത്തരം വിദ്വേഷപ്രചരണങ്ങള്‍ അഴിച്ചുവിടുന്നത്.

സഹകരണബാങ്കുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്ന സാധാരണക്കാരെ ക്യാന്‍വാസ് ചെയ്ത് മള്‍ട്ടികോര്‍പ്പറേറ്റ്സംഘങ്ങളിലേക്ക് കൊണ്ടുവരാന്‍ ഗുജറാത്തില്‍നിന്നും കര്‍ണാടകയില്‍നിന്നുമൊക്കെയുള്ള വന്‍കിട മള്‍ട്ടികോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഏജന്റുമാര്‍ ഇവിടെ കാത്തുകിടക്കുകയാണല്ലോ. അവര്‍ക്കുവേണ്ടിയാണല്ലോ മോഡി സര്‍ക്കാര്‍ ഇ.ഡിയെ ഇറക്കിവിട്ടിരിക്കുന്നത്.

മള്‍ട്ടി കോര്‍പ്പറേറ്റ് സംഘങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ സഹകരണനിയമങ്ങളുടെ പിന്‍ബലമില്ലെന്നും സംസ്ഥാന സഹകരണവകുപ്പിന്റെ നിയന്ത്രണമില്ലെന്നും മനസ്സിലാക്കണം.

ഇന്ത്യയിലെ സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രം പഠിക്കുന്നവര്‍ക്കറിയാം 1919-ലെ മൊണ്ടേഗൂ-ചെംസ്ഫോര്‍ഡ് കമ്മീഷന്‍ നിര്‍ദ്ദേശമനുസരിച്ചാണ് സഹകരണം ഒരു പ്രവിശ്യാവിഷയമായി മാറിയത്. അതിനുമുമ്പ് 1904-ലെ പ്രഥമ സഹകരണ നിയമമനുസരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച സഹകരണസംഘങ്ങള്‍ക്കെതിരായി ഉയര്‍ന്നുവന്ന പ്രവിശ്യാതലത്തിലുള്ള പ്രതിഷേധങ്ങളുടെ ഫലമായിട്ടാണ് സഹകരണത്തെ പ്രവിശ്യാവിഷയമാക്കിയത്.

1935-ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിലും സഹകരണം പ്രവിശ്യാവിഷയമായാണ് വ്യവസ്ഥ ചെയ്തത്. ഇത് എന്തിനുവേണ്ടിയായിരുന്നു എന്ന കാര്യം ബ്രിട്ടീഷുകാരുടെ ഏജന്റുമാരായി നടന്നിരുന്ന ആര്‍.എസ്.എസ് നേതാക്കള്‍ക്ക് അറിയാനിടയില്ല.

പ്രവിശ്യാ സഹകരണനിയമങ്ങളെ മറികടന്ന്, പ്രവിശ്യകളുടെ അതിരുകടന്ന് സ്ഥാപിക്കപ്പെട്ട സംഘങ്ങളെ സംരക്ഷിക്കാനായിട്ടാണ് 1942-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് കൊണ്ടുവന്നത്. സ്വാതന്ത്ര്യാനന്തരം ദേശീയ സഹകരണനയത്തിന്റെ അനിവാര്യത നിലനിര്‍ത്തണമെന്ന ചര്‍ച്ചയുടെയും സമ്മര്‍ദ്ദത്തിന്റെയും ഫലമായിട്ടാണ് മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്ക് നിയമപരമായി നിലനില്‍ക്കാന്‍ അവകാശം നല്‍കിയത്.

ഉമ്മന്‍ചാണ്ടി

സഹകരണമേഖലയെ കോര്‍പ്പറേറ്റ് മൂലധനതാല്‍പര്യങ്ങള്‍ക്കാവശ്യമായ രീതിയില്‍ പുനഃസംവിധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യനാഥന്‍ കമ്മറ്റി ശുപാര്‍ശകള്‍ വരുന്നത്. അതിന്റെ അപകടങ്ങളെ മനസ്സിലാക്കിക്കൊണ്ടാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം കക്ഷിഭേദമില്ലാതെ വൈദ്യനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ നിലപാടെടുത്തത്. വൈദ്യനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനുളള തീരുമാനത്തിനെതിരായി ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആ തീരുമാനത്തില്‍നിന്ന് പിറകോട്ടുപോയത്.

വാജ്പേയ്

2002-ല്‍ വാജ്പേയ് സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കരിക്കപ്പെട്ട മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാജ്യമാകെ കറക്കുസംഘങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1500-ലേറെ മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്.

2022-ല്‍ റിസര്‍വ് ബാങ്ക് 9 സംസ്ഥാനങ്ങളിലെ 44 സംഘങ്ങളെ അഴിമതിയുടെ പേരില്‍ അടച്ചുപൂട്ടിച്ചിരുന്നു.

ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും പഞ്ചാബിലെയും രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും ഝാര്‍ഖണ്ഡിലെയും അടച്ചുപൂട്ടിയ സംഘങ്ങളുടെ പട്ടിക സഹകരണമന്ത്രി അമിത്ഷാ തന്നെയാണ് പാര്‍ലമെന്റിന്റെ മുമ്പില്‍വെച്ചത്. ഈ സംഘങ്ങള്‍ പതിനായിരം കോടിയിലേറെ രൂപയാണ് പൊതുജനങ്ങളില്‍നിന്ന് കവര്‍ന്നെടുത്തത്!

അഴിമതിയുടെയും തട്ടിപ്പിന്റെയും കാര്യത്തില്‍ സഹസ്രകണക്കിന് കരുവന്നൂരുകള്‍ സൃഷ്ടിക്കുകയാണ് ഇന്ത്യയിലെമ്പാടും ബി.ജെ.പി മുതലാളിമാരുടെ മള്‍ട്ടിസ്റ്റേറ്റ് കോര്‍പ്പറേറ്റുകള്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്ക് ഒരു നിയന്ത്രണവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കില്ല. ഒരു സംസ്ഥാനത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളില്‍ ഓപ്പറേറ്റ് ചെയ്യപ്പെടുന്ന ഇത്തരം സംഘങ്ങളുടെ ഭരണസമിതിയില്‍ ആരൊക്കെയാണ്, ഓഹരി ഉടമകള്‍ ആരൊക്കെയാണ് എന്നതിനെക്കുറിച്ചൊന്നും ഒരു വിവരവുമില്ല.

എന്നാല്‍ സംസ്ഥാന സഹകരണനിയമത്തിന്‍കീഴിലുള്ള സഹകരണസ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം സഹകരണ രജിസ്ട്രാറുടെ നിയന്ത്രണത്തിലാണവ പ്രവര്‍ത്തിക്കുന്നത്. ഓഡിറ്റിനും ഇന്‍സ്പെക്ഷനും പ്രത്യേക സംവിധാനങ്ങള്‍ തന്നെയുണ്ട്. ജനാധിപത്യപരമായാണ് അവയുടെ പ്രവര്‍ത്തനങ്ങള്‍.

ഓഹരിയുടമകളുടെ ജനറല്‍ബോഡി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇങ്ങനെ സുതാര്യമാണ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. അതില്‍ വീഴ്ചകളോ കാര്യക്ഷമതാ കുറവോ ഉണ്ടാകുമായിരിക്കും. അത് കണ്ടെത്താനും ആവശ്യമായ നടപടികളിലൂടെ തിരുത്താനും കഴിയുന്ന സ്ഥാപനങ്ങളാണ് നമ്മുടെ സഹകരണസ്ഥാപനങ്ങളും അതിന്റെ പരിശോധനാ ഭരണസംവിധാനങ്ങളും. എന്നാല്‍ മള്‍ട്ടിസ്റ്റേറ്റ് കോര്‍പ്പറേറ്റുകള്‍ വ്യവസ്ഥാരഹിതവും നിരുപാധികവുമായ പ്രവര്‍ത്തനങ്ങളിലൂടെ വന്‍കിടക്കാര്‍ക്ക് പാവപ്പെട്ട നിക്ഷേപകരുടെ പണം തട്ടിയെടുക്കാന്‍ കഴിയുന്ന കറക്കുകമ്പനികളാണെന്നതാണ് മനസ്സിലാക്കേണ്ടത്.

ഇത്തരം മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങളുടെ പിറകില്‍ വന്‍കിട കോര്‍പ്പറേറ്റുകളാണുള്ളത്.

കേരളത്തിലെ ഇത്തരം സംഘങ്ങളുടെ ഏജന്റുമാര്‍ വന്‍കിടക്കാരുടെ പേരുകള്‍ ഉപയോഗിച്ചാണ് നിക്ഷേപസമാഹരണത്തിനായി ആളുകളെ ക്യാന്‍വാസ് ചെയ്തുകൊണ്ടിരിക്കുന്നത്. നിക്ഷേപകര്‍ക്ക് 10 മുതല്‍ 12 വരെ ശതമാനം പലിശനിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു (സാധാരണ 5 മുതല്‍ 8% വരെയാണ് പലിശനിരക്ക്). ഉയര്‍ന്ന പലിശനിരക്ക് ഓഫര്‍ ചെയ്താണ് സാധാരണക്കാരെയും അഭ്യസ്ഥവിദ്യരായ ഇടത്തരക്കാരെയുമൊക്കെ മള്‍ട്ടിസ്റ്റേറ്റ് സംഘക്കാര്‍ വലയിലാക്കുന്നത്. ഏജന്റുമാര്‍ നല്‍കുന്ന സംഘത്തിന്റെ കാര്‍ഡ് ഇങ്ങനെയാണ്;

രജിസ്ട്രേഡ് അണ്ടര്‍ എം.എസ്.സി.എസ് ആക്ട് 2002 പാസ്സ്ഡ് ബൈ. ഹോണറബിള്‍ പാര്‍ലമെന്റ് ഓഫ് ഇന്ത്യന്‍ യൂണിയന്‍ എന്ന് അച്ചടിച്ചിരിക്കും. പിന്നെ ബൈ സെന്‍ട്രല്‍ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്നും കാണും. പിന്നെ സെന്‍ട്രല്‍ രജിസ്ട്രാറുടെ വെബ്സൈറ്റിലെ പ്രസക്തഭാഗവും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് വെച്ചിട്ടുണ്ടാവും. ഇതോടെ ഇടപാടുകാരുടെ വിശ്വാസം ആര്‍ജിക്കാനാകുമല്ലോ. എന്നാല്‍ ഈ രജിസ്ട്രേഷനപ്പുറം ഒരു സംഘത്തിനും മുകളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് കേന്ദ്ര കൃഷി കര്‍ഷകമന്ത്രാലയത്തിന്റെ 2017 ജൂലൈ മാസത്തെ ആര്‍ 11017/19/2017/എല്‍ ആന്റ് എം സര്‍ക്കുലറില്‍ പറയുന്നു. അന്ന് സഹകരണവകുപ്പ് കേന്ദ്രകൃഷിമന്ത്രാലയത്തിനുകീഴിലായിരുന്നു. ഈ സര്‍ക്കുലര്‍ പ്രകാരം നാലു കാര്യങ്ങളാണ് അഡീഷണല്‍ കമ്മീഷണര്‍ (സഹകരണം) പി.സമ്പത്ത് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കേന്ദ്രസഹകരണ രജിസ്ട്രാര്‍ക്കോ അയാളുടെ ഓഫീസിനോ മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്ക് മുകളില്‍ കാര്യമായ ഒരു നിയന്ത്രണവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ കേന്ദ്രകൃഷി കര്‍ഷകക്ഷേമമന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്രസഹകരണ രജിസ്ട്രാര്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളാണെന്ന ധാരണ ഉണ്ടാക്കിയെടുത്താണ് ജനങ്ങളില്‍ വിശ്വാസം നേടാന്‍ നോക്കുന്നത്. തട്ടിപ്പും തരികിടയും കലയാക്കിയവരാണ് മള്‍ട്ടിസ്റ്റേറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് പിറകിലുള്ള മുതലാളിമാര്‍.

ഇന്ത്യയിലെ ആയിരക്കണക്കിന് മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപങ്ങള്‍ മടക്കിനല്‍കുന്നില്ലെന്ന പരാതി കേന്ദ്രമന്ത്രാലയത്തില്‍ എത്രയോ ലഭിച്ചിട്ടുണ്ട്. തനി തട്ടിപ്പുസംഘങ്ങളെപോലെയാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന വസ്തുതയാണ്, കേരളത്തില്‍ മള്‍ട്ടിസ്റ്റേറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് വഴിയൊരുക്കാനുള്ള അജണ്ടയില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങള്‍ക്കെതിരെ നുണപ്രചരണം നടത്തുന്നവര്‍ കൗശലപൂര്‍വ്വം മറച്ചുപിടിക്കുന്നത്.

സഹകരണമേഖലയിലാകെ കള്ളപ്പണം എന്ന പ്രതീതി സൃഷ്ടിക്കാനും ഈ മേഖല കൈവരിച്ച വിശ്വാസത്തെ തകര്‍ക്കാനുമാണ് ഹിന്ദുത്വവാദികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന കാര്യം താല്‍ക്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ആരോപണം ഉന്നയിക്കുന്നവര്‍ മനസ്സിലാക്കാതെപോകുകയാണ്. ബി.ജെ.പിയുടെ കേരള അജണ്ടയുടെ ഭാഗമാണ് നമ്മുടെ സമ്പദ്ഘടനയുടെ താങ്ങായി പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങളെ തകര്‍ക്കാനും മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്ക് വഴിയൊരുക്കാനുമുള്ള കുത്സിത നീക്കങ്ങള്‍.

content highlights: KT Kunchikannan writes on the involvement of Hindutvadis and ED in the Karuvannur Bank issue

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more