| Sunday, 19th June 2022, 3:06 pm

'യു.എ.ഇയില്‍ നിരോധനം ഭയന്ന് കള്ളവാര്‍ത്തകളുടെ സംപ്രേക്ഷണം ചാനലുകള്‍ നിര്‍ത്തിയത്രെ': കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ പേരില്‍ വാര്‍ത്ത കൊടുത്ത മലയാള മാധ്യങ്ങളെ പരിഹസിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍.

‘യു.എ.ഇ യില്‍ നിരോധനം ഭയന്ന് ഗള്‍ഫ് ഭരണാധികാരികളെ കുറിച്ച് സംഘികള്‍ രചിച്ച കഥക്കും തിരക്കഥക്കും പശ്ചാതല സംഗീതം നല്‍കി കള്ളവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും മലയാള പത്രങ്ങളും ചാനലുകളും നിര്‍ത്തിയത്രെ,’ എന്ന് പറഞ്ഞായിരുന്നു കെ.ടി. ജലീലിന്റെ പരിഹാസം.

ഇസ്‌ലാമിക് ഹിസ്റ്ററി പഠിച്ച വിവരമില്ലാത്ത യു.എ.ഇക്കാര്‍ കണ്ണുരുട്ടിയപ്പോഴേക്ക് ഏഷ്യാനെറ്റും ഏഷ്യാനെറ്റിലെ അല്‍പ്പന്‍മാരുടെ അവതാരക തലതൊട്ടപ്പനും ദുബായിയില്‍ ചിലരുടെ കാലില്‍ വീണ് മെഴുകിയെന്നും കരക്കമ്പിയുണ്ടയെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ജലീല്‍ പങ്കുവെച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് വിരുദ്ധതയും മനസ്സിലെ വര്‍ഗീയ വിഷവും തീര്‍ത്ത ഉന്‍മാദത്തില്‍ കോട്ടിട്ട് അട്ടഹസിക്കുമ്പോള്‍ ഓര്‍ത്തില്ല അവനവന്റെ കഞ്ഞിയില്‍ തന്നെയാണ് സ്വയം പൂഴി വാരിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കെ.ടി. ജലീലിനെതിരെ ആരോപണങ്ങളുമായി സ്വപ്‌ന സുേരഷ് രംഗത്തെത്തിയിരുന്നു. ബിനാമി ആരോപണമാണ് കെ.ടി. ജലീലിനെതിരെ സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നത്. ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവന്‍ വാര്യരാണ് ജലീലിന്റെ ബിനാമിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്.

മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞതായും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നുണ്ട്. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന ആരോപിക്കുന്നു.

അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജും പി.സി. ജോര്‍ജുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സ്വപ്ന സുരേഷ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ജലീല്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Content Highlights: kt Jalil says That news related to the gold smuggling case was mocked by the Malayalam channel

We use cookies to give you the best possible experience. Learn more