മലപ്പുറം: പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനാല്‍ മുഖ്യമന്ത്രിയോടോ സി.പി.ഐ.എമ്മിനോടോ ഒരു തരത്തിലുമുള്ള ബാധ്യതയോ കടപ്പാടോ ഇല്ലെന്ന് മുന്‍ മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍. പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്നും ഒരു തരത്തിലുള്ള സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് വൈകീട്ട് 4.30ന് വ്യക്തമാക്കുമെന്നും വളാഞ്ചേരിയില്‍ മാധ്യമങ്ങളെ കാണവെ ജലീല്‍ പറഞ്ഞു. പി.വി.അന്‍വറിന്റെ ചില അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പും എന്നാല്‍ ചില കാര്യങ്ങളോട് ശക്തമായ വിയോജിപ്പുമുണ്ട് എന്ന കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.
പാര്‍ട്ടി പറയുന്നത് വരെ സി.പി.ഐ.എം സഹയാത്രികനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അധികാരമില്ലാത്ത ഒരു ജനസേവന പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും, അതാണ് ഞാന്‍ താത്പര്യപ്പെടുന്നത്. മലപ്പുറം ജില്ലയില്‍ നിന്ന് 20 വര്‍ഷം തുടര്‍ച്ചയായി ജയിക്കുന്ന ആദ്യത്തെ ഇടതുപക്ഷ പ്രതിനിധിയാണ് ഞാന്‍. പാര്‍ലമെന്ററി രാഷ്ട്രീയ പ്രവര്‍ത്തനത്തിനപ്പുറം മറ്റുപല കാര്യങ്ങളും ചെയ്യാനുണ്ട്.
ഞാന്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞാല്‍ എനിക്ക് താത്പര്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ്. എനിക്ക് ഇനി ഒരു ബോര്‍ഡ് ചെയര്‍മാന്‍ പോലും ആകേണ്ട.
ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. ഭാവിയില്‍ ഒരാളുടേയും പിന്തുണയോ സഹായമോ വേണ്ടാത്ത ഒരാളാണ് ഞാന്‍. അങ്ങനെ പറയുന്ന ഒരാള്‍ക്ക് യാതൊരു ബാധ്യതയും കടപ്പാടും ഉണ്ടാകേണ്ട കാര്യമില്ല. മുഖ്യമന്ത്രിയോടോ സി.പി.ഐ.എമ്മിനോടോ മുസ്‌ലിം ലീഗിനോടോ കോണ്‍ഗ്രസിനോടോ ബി.ജെ.പിയോടോ ആരോടും തന്നെ ബാധ്യതയും കടപ്പാടും ഉണ്ടാകേണ്ട കാര്യമില്ല.
എന്റെ നിലപാടുകളാണ് ഞാന്‍ പറയുക. എന്റെ ബോധ്യങ്ങളാണ് ഞാന്‍ നാലര മണിക്ക് വെളിപ്പെടുത്തുക. പി.വി.അന്‍വറിന്റെ ചില അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പുണ്ട് എന്ന കാര്യം ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില അഭിപ്രായങ്ങളോട് ശക്തമായ വിയോജിപ്പ് ഉണ്ട് എന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്,’ ജലീല്‍ പറഞ്ഞു.
എന്നാല്‍ അന്‍വറിനെ പിന്തുണയ്ക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content highlight: KT Jalil said that he does not have any liability or obligation to the Chief Minister or the CPI(M) as he is ending the parliamentary activities.