മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിയില്‍ പ്രതികരണവുമായി പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി.
നീണ്ട കാലത്തെ പോരാട്ടം ഫലം കണ്ടുവെന്നും അവഗണിക്കപ്പെട്ട യുവത്വത്തിന് വലിയൊരു ആശ്വാസമാണ് ജലീലിന്റെ രാജിയെന്നും സഹീര്‍ കാലടി പറഞ്ഞു.
ജലീല്‍ മറ്റു വഴികള്‍ ഇല്ലാത്തത് കൊണ്ടാണ് രാജി വെച്ചത്. ഇത് നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച്ചയാണ് മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചത്.
ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമുള്ള ലോകായുക്തയുടെ വിധിക്ക് പിന്നാലെയായിരുന്നു ജലീലിന്റെ രാജി.
ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് വിധി വന്നിരിക്കുന്നത്. മന്ത്രിയുടെ ബന്ധുവീയ കെ. ടി അദീപിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തുവെന്നാണ് പരാതി.
2016ല്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് സഹീര്‍ കാലടി അപേക്ഷ നല്‍കിയിരുന്നു. അന്ന് സഹീര്‍ പൊതുമേഖലാ സ്ഥാപനമായ മാല്‍കോ ടെക്സിലെ ഫിനാന്‍സ് മാനേജരായിരുന്നു.
ടെക്‌സില്‍ 20 വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെയാണ് സഹീര്‍ രാജിവെച്ചത്. യോഗ്യതകളെല്ലാം തനിക്കുണ്ടായിരുന്നെന്നും മന്ത്രി ജലീല്‍ പിന്നീട് ബന്ധുവായ അദീബിനായി യോഗ്യതയില്‍ തിരുത്തല്‍ വരുത്തിയെന്നുമായിരുന്നു സഹീറീന്റെ പരാതി.
അഴിമതി ചൂണ്ടിക്കാണിച്ചതോടെ താന്‍ അധികൃതരുടെ കണ്ണിലെ കരടായി മാറിയെന്നും സഹീര്‍ പറഞ്ഞു. തനിക്ക് നീതി ലഭിക്കണമെന്നും മാല്‍കോ ടെക്‌സിലെ അഴിമതിയില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും സഹീര്‍ ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ