എം.ടി വാസുദേവന്‍ നായരെ എം.ടി എന്ന രണ്ടക്ഷരത്തില്‍ മലയാളികള്‍ ഒതുക്കിയത് അദ്ദേഹത്തോടുള്ള ബഹുമാനക്കുറവുകൊണ്ടല്ലെന്നും സ്‌നേഹക്കൂടുതല്‍ കൊണ്ടാണെന്നുമാണ് കെ.ടി ജലീല്‍ പറയുന്നത്.
എം.ടിയുടെയും ബഷീറിന്റെയും രചനകള്‍ വ്യത്യസ്തമാകുന്നത് അവരുടെ രചനയുടെ ജനകതീയത കൊണ്ടാണെന്നും ഇരുവരെയും പോലെ ഇത്രത്തോളം ലോകോത്തരമായി വായിക്കപ്പെട്ട എഴുത്തുകാര്‍ വേറെ ഉണ്ടോ എന്നതില്‍ സംശയമാണെന്നും കെ.ടി ജലീല്‍ പറഞ്ഞു.
‘എം.ടിയുടെ ചിന്താസാഗരത്തെ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പേനത്തുമ്പിനാണ് നാവിന്‍ തുമ്പിനെക്കാള്‍ സാധിച്ചത്. കുറച്ചു മാത്രം സംസാരിച്ച എം.ടി അവസാന ശ്വാസം വരെയും തന്റെ കൈവിരലുകള്‍ ചലിപ്പിച്ചു. ആ തൂലികയില്‍ നിന്ന് പരന്നൊഴുകിയ അക്ഷരങ്ങളുടെ അരുവി പതിയെ തോടായും പിന്നെ പുഴയായും അവസാനം കടലായും മാറിയ അല്‍ഭുതമാണ് അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെ അക്ഷരപ്രേമികള്‍ കണ്ടത്, കെ.ടി ജലീല്‍ കുറിച്ചു.
എം.ടിയും ബഷീറും തമ്മില്‍ രൂപപ്പെട്ട രസതന്ത്രം സാഹിത്യലോകത്ത് ഇന്നും ഒരു സമസ്യയാണെന്നും എം.ടിയുടെ എഴുത്തുകള്‍ കാലത്തിനൊപ്പം പാകപ്പെടുത്തിയ സൃഷ്ടിയാണെന്നും ജലീല്‍ പറയുന്നു.
പുതിയ കാലത്തും വായനാലോകത്തെ തന്നിലേക്ക വഴി നടത്തുകയും ഭൂതത്തെയും വര്‍ത്തമാനത്തെയും കൂട്ടിയിണക്കാന്‍ എം.ടിക്കുണ്ടായ കഴിവ് അത്യപൂര്‍വമാണെന്നും വിരലിലെണ്ണാവുന്ന എഴുത്തുകാര്‍ക്ക് മാത്രമേ ഈ സിദ്ധി ലഭിച്ചിട്ടുള്ളൂവെന്നും കെ.ടി ജലീല്‍ കുറിച്ചു.
ഭരണകര്‍ത്താക്കള്‍ ചൂണ്ടുന്നിടത്തേക്ക് ഒരിക്കലും എം.ടി സഞ്ചരിച്ചിട്ടില്ലെന്നും അതിന് അദ്ദേഹം സന്നദ്ധനായിരുന്നില്ലെന്നും പറഞ്ഞ ജലീല്‍ അതുകൊണ്ട് സംഭവിച്ചേക്കാവുന്ന നഷ്ടത്തെ കുറിച്ച് ഒരിക്കലും അദ്ദേഹം ആശങ്കപ്പെട്ടിട്ടില്ലെന്നും ആരുടെയും കക്ഷത്തല്ല തന്റെ രചനയുടെ താക്കലോന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചുവെന്നും പറയുന്നു.
തന്നെ കുറിച്ച് ഉത്തമബോധ്യമുള്ള തന്റേടികള്‍ക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂവെന്നും എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുകയും എന്നാല്‍ ആരോടും വിധേയപ്പെടാതെയാണ് കണ്ണടയും വരെ അദ്ദേഹം തന്റെ വ്യക്തിത്വത്തിന്റെ പ്രഭ സൂക്ഷിച്ചതെന്നും കെ.ടി ജലീല്‍ പറഞ്ഞു.
തന്റെ കൃതികളിലൂടെ വള്ളുവനാടിന്റെ ഉള്‍ഗ്രാമങ്ങളെയും കുട്ടിക്കാലത്തെയും സിനിമയാക്കുകയും മലാളത്തിന്റെ അഭിനേതാക്കള്‍ അവയ്ക്ക് ജീവന്‍ നല്‍കിയതിനെ കുറിച്ചുമെല്ലാം ജലീല്‍ പറയുന്നു.
ഇന്ന് കാണുന്ന തുഞ്ചന്‍ പറമ്പ് എം.ടിയുടെ സ്വപ്‌ന സാക്ഷാത്കാരമാണെന്നും തുഞ്ചന്‍ പറമ്പിന് വേണ്ടിയുള്ള എം.ടിയുടെ ഇടപെടല്‍ അങ്ങേയറ്റം പ്രശംസനീയമാണെന്നും അവിടെയുള്ള ഓരോ മണല്‍ തരിക്കും അദ്ദേഹം പ്രിയപ്പെട്ടവനാണെന്നും കെ.ടി ജലീല്‍ കുറിച്ചു.
വ്യക്തിപരമായും തനിക്ക് എം.ടിയോട് നല്ല ബന്ധമായിരുന്നുവെന്നും മന്ത്രിയായിരിക്കുന്ന സമയത്ത് പിറന്നാള്‍ ആശംസകള്‍ നേരാന്‍ വീട്ടില്‍ പോയിരുന്നതായും തുഞ്ചന്‍പറമ്പില്‍ വെച്ച് പലതവണ എം.ടിയെ കണ്ടിട്ടുണ്ടെന്നും പറഞ്ഞ ജലീല്‍ അദ്ദേഹത്തിന്റെ ഓരോ പ്രതികരണങ്ങളും തനിക്ക് അവാര്‍ഡുകളായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
എം.ടി യെ പോലുള്ള മഹാപ്രതിഭകളെ മുന്നില്‍ കണ്ടാണ് അക്കാദമിക് യോഗ്യതയുടെ മതില്‍ ഭേദിച്ച് വിസിറ്റിങ് പ്രൊഫസര്‍മാരെ നിയമിക്കാന്‍ സര്‍വകലാശാലകള്‍ക്ക് അനുവാദം നല്‍കുന്ന ഉത്തരവ് ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കെ താന്‍ പുറപ്പെടുവിച്ചതെന്നും അതേ തുടര്‍ന്ന് മലയാള സര്‍വകലാശാല ആദ്യമായി എം.ടിയെ വിസിറ്റിങ് പ്രൊഫസറാക്കിയതായും മറ്റു യൂണിവേഴ്‌സിറ്റികള്‍ പ്രസ്തുത ഉത്തരവ് മറ്റാരുടെ കാര്യത്തിലും ബാധകമാക്കിയില്ലെന്നത് ഖേദകരമാണെന്നും ജലീല്‍ പറഞ്ഞു.
’91-ാം വയസ്സില്‍ തന്റെ ജീവിത ദൗത്യം പൂര്‍ത്തിയാക്കി എം.ടി മടങ്ങുമ്പോള്‍ മരണത്തിലും അദ്ദേഹം വിജയിയാവുകയാണ്. ‘വിജയം’ എന്ന വാക്കിനെ എം.ടി എന്ന രണ്ടക്ഷരത്തിന്റെ പര്യായപദമാക്കി നമ്മോട് വിടചൊല്ലിയ മഹാആല്‍മരത്തിന്റെ തണല്‍ യുഗാന്തരങ്ങള്‍ മലയാളഭാഷയെ പരിപോഷിപ്പിക്കും. അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍, ‘ കെ.ടി ജലീല്‍ കുറിച്ചു.