Advertisement
Kerala News
പറയാനുള്ളത് ഫേസ്ബുക്കില്‍ പറയും; മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട് കെ. ടി ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 13, 11:53 am
Sunday, 13th September 2020, 5:23 pm

മലപ്പുറം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ ഉണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ തിരുവനന്തപുരത്തേക്ക് യാത്രതിരിച്ച് മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്തെ വീട്ടില്‍ നിന്നാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഫേസ്ബുക്കില്‍ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് സുരക്ഷയോടെയാണ് മന്ത്രി യാത്ര തിരിച്ചത്. യാത്രക്കിടെ മന്ത്രിയെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ കരിങ്കൊടി കാണിച്ചു. വളാഞ്ചേരിയിലെ വീടിന് സമീപത്തും ചങ്ങരം കുളത്തും പെരുമ്പിലാവിലും മന്ത്രിക്കെതിരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍.ഐ.എയും കസ്റ്റംസും മന്ത്രി കെ. ടി ജലീലിനെ ചോദ്യം ചെയ്യും. നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങള്‍ കൊണ്ട് വന്നതിനെക്കുറിച്ചാണ് അന്വേഷണം.

കഴിഞ്ഞ ദിവസം രണ്ടര മണിക്കൂര്‍ കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അതേസമയം ചോദ്യം ചെയ്യലിനെ സംബന്ധിച്ച് മന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ തനിക്ക് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ലെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. ഫേസ്ബുക്കലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം”, കെ.ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മന്ത്രി കെ.ടി ജലീല്‍ മാധ്യമങ്ങളോട് മറച്ചുവെച്ചതും ഇ.ഡി ഓഫീസില്‍ ജലീല്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പോയതുമെല്ലാം ചര്‍ച്ചയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KT Jaleel went to trivandrum from his home and said will explain everything on facebook