| Thursday, 6th July 2023, 8:16 pm

'ഭരണകൂട ഭീകരതയുടെ ഇരയെ കണ്ടു'; മഅ്ദനിയെ സന്ദര്‍ശിച്ച് കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തി കെ.ടി. ജലീല്‍ എം.എല്‍.എ സന്ദര്‍ശിച്ചു. മഅ്ദനിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥ മറികടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലായ വാര്‍ത്ത കേട്ടതുമുതല്‍ മഅ്ദനിയുടെ മുഖ്യസഹായികളില്‍ ഒരാളായ റജീബുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നിരുന്നെന്നും ജലീല്‍ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെ പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസം മഅ്ദനിയുടെ മനസിനെ തളര്‍ത്തിയിട്ടേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെത്തിയ അബ്ദുള്‍ നാസര്‍ മഅ്ദനി നാളെ ബെംഗളൂരുവിലേക്ക് മടങ്ങാനിരിക്കുകയാണ്. സുപ്രീം കോടതി നേരത്തെ നല്‍കിയ ഇളവിന്റെ കാലാവധി ജൂലൈ എട്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മടക്കയാത്ര.

ജാമ്യകാലാവധിയില്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പിതാവിനെ കാണാനാണ് മഅ്ദനി കേരളത്തിലേക്ക് വന്നിരുന്നത്. എന്നാല്‍ പിതാവിനെ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഈ വിഷയത്തെക്കുറിച്ചും ജലീല്‍ തന്റെ കുറിപ്പില്‍ വിശദമായി എഴുതുന്നുണ്ട്.

കെ.ടി. ജലീലിന്റെ വാക്കുകള്‍

അവശനായി രോഗശയ്യയില്‍ കഴിയുന്ന തന്റെ വന്ദ്യനായ പിതാവിനെ കാണാനും പരലോകം പൂകിയ പ്രിയ മാതാവിന്റെ ഖബറിടം സന്ദര്‍ശിക്കാനുമാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ അനുവാദത്തോടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഅ്ദനി കേരളത്തില്‍ എത്തിയത്.
വീട്ടിലേക്കുള്ള യാത്രാമധ്യെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്ത കേട്ടതു മുതല്‍ മഅ്ദനിയുടെ മുഖ്യസഹായികളില്‍ ഒരാളായ റജീബുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. കുറച്ചൊരു ആശ്വാസമായപ്പോള്‍ റജീബ് അറിയിച്ചു. വന്നാല്‍ ദൂരെ നിന്നൊന്ന് കാണാന്‍ പറ്റുമോ എന്ന് തിരക്കി. റജീബിന്റെ മറുപടി മനമില്ലാ മനസോടെയായിരുന്നു. എന്നാലും പോകാന്‍ തന്നെ തീരുമാനിച്ചു.
അല്‍പം ദൂരെയിരുന്നാണ് ഭരണകൂട ഭീകരതയുടെ ഇരയെ കണ്ടത്.

ശരീരത്തെ ക്ഷീണം വരിഞ്ഞ് മുറുക്കിയിട്ടുണ്ട്. കണ്ണുകളില്‍ ജ്വലിക്കുന്ന പ്രകാശത്തിളക്കത്തിന് ഒട്ടും കുറവു വന്നിട്ടില്ല. രക്തത്തിലെ ക്രിയാറ്റിന്റെ അളവ് അപകടകരമാംവിധം ഉയര്‍ന്നു നില്‍ക്കുകയാണ്. ഞാനെത്തിയ വിവരമറിഞ്ഞ മഅ്ദനി സാഹിബ് എനിക്കഭിമുഖമായി ചെരിഞ്ഞ് കിടന്നു. ഏതാനും സമയം ഒന്നും മിണ്ടാതെ ഞങ്ങള്‍ മുഖാമുഖം നോക്കി. മൗനത്തിന് വിടചൊല്ലി ഞാനാണ് സംസാരത്തിന് തുടക്കമിട്ടത്. പറഞ്ഞതെല്ലാം അദ്ദേഹം സശ്രദ്ധം കേട്ടു. ഒന്നോ രണ്ടോ വാക്കുകളില്‍ പ്രതികരിച്ചു. സലാം പറഞ്ഞ് അഭിവാദ്യം ചെയ്ത് മടങ്ങി.

മഅ്ദനി(ഫയൽ ചിത്രം)

അപ്പോള്‍ അവിടെയെത്തിയ മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അഡ്വ: വി.കെ ബീരാന്‍ സാഹിബുമായും പി.ഡി.പി നേതാക്കളുമായും വേദനയും ആശങ്കയും പങ്കുവെച്ചു. അബ്ദുല്‍ നാസര്‍ മഅ്ദനി ബെംഗളൂരിലെ വീട്ടുതടങ്കലിലേക്ക് ഉടന്‍ തിരിച്ചു പോകും. കോടതി നല്‍കിയ ദിവസങ്ങള്‍ കഴിഞ്ഞു. ബാപ്പയെ ഒരുനോക്കു കാണാനാകാത്ത വിഷമവും ഉമ്മയുടെ ഖബറിടം തൊട്ട് രണ്ടിറ്റ് കണ്ണീര്‍ വാര്‍ത്ത് പ്രാര്‍ത്ഥിക്കാന്‍ കഴിയാത്ത മനോവേദനയും പേറിയാണ് നീതി നിഷേധത്തിന്റെ പ്രതീകമായ അദ്ദേഹം മടങ്ങുന്നത്.

വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസം മഅദനിയുടെ മനസിനെ തളര്‍ത്തിയിട്ടേയില്ല. കോയമ്പത്തൂര്‍ കേസില്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും കോടതി കുറ്റവിമുക്തനാക്കി. കുടകിലെ ഗൂഢാലോചന കേസിലും സമാന വിധിയല്ലാതെ മറ്റൊന്നും വരാന്‍ ഇടയില്ല. അതുകൊണ്ടാകുമോ വിചാരണയുടെ അനന്തമായ ഈ നീളല്‍!
ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏര്‍പ്പാട് അത്യന്തം ഖേദകരമാണ്! മുഹമ്മദ് നബിയെ പ്രവാചകനായി അംഗീകരിച്ചതിന്റെ പേരില്‍ ശത്രുക്കളുടെ ക്രൂരമര്‍ദനങ്ങള്‍ക്ക് ഇരയായ യാസറിന്റെ മകന്‍ അമ്മാറിനോടും കുടുംബത്തോടും നബി തിരുമേനി വിളിച്ചു പറഞ്ഞ വാക്കുകള്‍ അവിടം മുഴുവന്‍ പ്രതിദ്ധ്വനിക്കുന്നത് പോലെ തോന്നി; ‘യാസിര്‍ കുടുംബമേ ക്ഷമിക്കുക. നിങ്ങളുടെ വാഗ്ദത്ത സ്ഥലം സ്വര്‍ഗമാണ്’.

Content Highlight: KT. Jaleel visited MLA PDP Chairman Abdul Nasser Madani

We use cookies to give you the best possible experience. Learn more